Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.വി അൻവറിനെ സർക്കാർ നിയമവിരുദ്ധമായി സഹായിക്കുന്നു; മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധം; എംഎ‍ൽഎയുടെ സഹോദരീ പുത്രനായ ഒന്നാം പ്രതി ദുബായിൽ പാട്ടുംപാടി നടക്കുന്നു; ലുക്കൗട്ട് നോട്ടീസിറക്കി പിടകൂടണമെന്ന കോടതി വിധി നടപ്പാക്കിയില്ല; മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് യൂത്ത് ലീഗ്

പി.വി അൻവറിനെ സർക്കാർ നിയമവിരുദ്ധമായി സഹായിക്കുന്നു; മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധം; എംഎ‍ൽഎയുടെ സഹോദരീ പുത്രനായ ഒന്നാം പ്രതി ദുബായിൽ പാട്ടുംപാടി നടക്കുന്നു; ലുക്കൗട്ട് നോട്ടീസിറക്കി പിടകൂടണമെന്ന കോടതി വിധി നടപ്പാക്കിയില്ല; മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് യൂത്ത് ലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരെ രക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിനെപ്പോലും തള്ളിക്കളഞ്ഞ് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കേണ്ടെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. എല്ലാവർക്കും തുല്യനീതി എന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തെയാണ് സർക്കാർ കാറ്റിൽപ്പറത്തുന്നതെന്നും മനാഫിന്റെ കുടുംബാംഗങ്ങൾക്കൊപ്പം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭരണഘടനയും നിയമവും അനുശാസിക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. 24 വർഷമായി ഒരു കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടത്തെ കണ്ടില്ലെന്നു നടിച്ച് മനാഫ് വധക്കേസിൽ കൊലയാളികൾക്കൊപ്പമാണ് സർക്കാർ.

മനാഫ് വധക്കേസിൽ ഒന്നാം പ്രതിയായ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ കഴിഞ്ഞ 24 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയാണ്. ലുക്ക് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ 2018 ജൂലൈ 25ലെ ഉത്തരവ് 14 മാസമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളെ ഇന്റർപോൾ സഹായത്തോടെ ഗൾഫിൽ നിന്നും അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച കേരളത്തിലാണ് കൊലപാതകക്കേസ് പ്രതിയായ എംഎ‍ൽഎയുടെ ബന്ധുവിനെ നീതിന്യായ വ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് സർക്കാർ സംരക്ഷിക്കുന്നത്. ദുബായിൽ ഒന്നാം പ്രതി പാട്ടുപാടി ആഘോഷിക്കുന്ന വീഡിയോയും ഫിറോസ് പുറത്തുവിട്ടു.

മനാഫ് വധക്കേസിൽ പി.വി അൻവർ എംഎ‍ൽഎയെ വെറുതെവിട്ട വിചാരണക്കോടതിവിധിക്കെതിരെ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലിക്കുമ്പോഴാണ് സർക്കാർ നിയമം ലംഘിച്ച് കൊലപാതകികൾക്ക് സംരക്ഷണം നൽകുന്നത്. സി. ശ്രീധരൻനായർ നായരായിരുന്നു മനാഫ് വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ. അദ്ദേഹം ഡയറക്്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി പോയതുകൊണ്ടാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ്് ഹൈക്കോടതി 45 ദിവസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ 20-5-2019തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡി.ജി.പി ശ്രീധരൻനായരിൽ നിന്നും എതിരായ റിപ്പോർട്ട് വാങ്ങിയാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്.

സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാതെ സ്വന്തം പണം മുടക്കി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന മനാഫിന്റെ കുടുംബം അറിയിച്ചത് നീതി ലഭിക്കണമെന്ന ആവശ്യം കൊണ്ടാണ്. മനാഫ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ നായർ. പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അൻവർ എംഎ‍ൽഎ അടക്കമുള്ള 21 പ്രതികളെയും വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് കുടുംബം ഉയർത്തുന്ന പരാതി. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചാണ് ഒത്തുകളിച്ചത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റുസാക്ഷികളുടെ മൊഴിയിൽ പ്രതികൾക്ക് ശിക്ഷ വാങ്ങികൊടുക്കാനോ പ്രോസിക്യൂഷൻ ശ്രമിച്ചില്ല.
സി. ശ്രീധരൻനായർ ഡി.ജി.പിയായതോടെ മനാഫ് വധകേസ് അട്ടിമറിക്കുന്നതായി കാണിച്ച് മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല.ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട അബ്ദുൾറസാഖ് കോടതിയെ സമീപിക്കുകയായിരുന്നു. നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനു ശേഷമാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്.

പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കെ നിയമത്തെ കബളിപ്പിച്ച് രണ്ടു പ്രതികൾ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയിൽ നിന്നും ജാമ്യം നേടുകയായിരുന്നു. നിയമത്തെ കബളിപ്പിച്ച പ്രതികൾക്ക് ഹൈക്കോടതി പിഴ ശിക്ഷ വിധിക്കുകയും വഴിവിട്ട് ജാമ്യം അനുവദിച്ച മഞ്ചേരി മുൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
പൊതുതാൽപര്യമില്ലെന്നും കേസിൽ പ്രതികളെ വെറുതെവിട്ടെന്നും പറഞ്ഞാണ് ഡി.ജി.പി സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന റിപ്പോർട്ട് നൽകിയത്. കേസിൽ ശ്രീധരൻ നായർ പ്രോസിക്യൂട്ടറായപ്പോൾ പൊതുതാൽപ്പര്യവും ശ്രീധരൻനായർ മാറിയപ്പോൾ പൊതുതാൽപര്യം ഇല്ലാതാവുകയും ചെയ്യുന്നതെങ്ങനെയാണെന്ന് സർക്കാർ വിശദീകരിക്കണം. പ്രതികളെ വെറുതെവിട്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സ്പെഷൽ പ്രോസിക്യൂട്ടർക്കാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.വി അൻവറിനു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫേസ്‌ബുക്കിലൂടെ വോട്ടുപിടിച്ചയാളാണ് ഡി.ജി.പി ശ്രീധരൻനായർ. ശ്രീധരൻനായരുടെ ഫോസ്ബുക്ക് പോസ്റ്റ് സഹിതം നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ശ്രീധരൻനായർക്കെതിരെ പൊലീസ് ഹൈടെക് സെൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ഭരണഘടനാവിരുദ്ധമായ ഉത്തരവ് പിൻവലിച്ച് മനാഫ് വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നിയമപോരാട്ടവും ജനകീയ പ്രക്ഷോഭവും ആരംഭിക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ മനാഫിന്റെ പിതൃസഹോദരൻ അബൂബക്കർ, സഹോദരങ്ങളായമൻസൂർ, റസാഖ്, സുബൈദ, ഫാത്തിമ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP