Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കണ്ടെയ്മെന്റ് സോണിലൂടെ യാത്ര ചെയ്താൽ പൊലീസ് പിടിക്കുമെന്ന് ഭയന്ന് യാത്ര നടത്തിയത് റെയിൽവേ ട്രാക്കിലൂടെ; രണ്ടു കിലോ മീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വില്ലനായത് റെയിൽവേ ഗേറ്റ് കീപ്പർ; തടഞ്ഞു നിർത്തി ആർ.പി.എഫിനെ വിളിച്ചപ്പോഴേക്കും സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു; കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ റെയിൽവേ പാളത്തിലൂടെ വാഹനമോടിച്ച യുവാക്കൾ പണി മേടിച്ച കഥ

കണ്ടെയ്മെന്റ് സോണിലൂടെ യാത്ര ചെയ്താൽ പൊലീസ് പിടിക്കുമെന്ന് ഭയന്ന് യാത്ര നടത്തിയത് റെയിൽവേ ട്രാക്കിലൂടെ; രണ്ടു കിലോ മീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വില്ലനായത് റെയിൽവേ ഗേറ്റ് കീപ്പർ; തടഞ്ഞു നിർത്തി ആർ.പി.എഫിനെ വിളിച്ചപ്പോഴേക്കും സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു; കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ റെയിൽവേ പാളത്തിലൂടെ വാഹനമോടിച്ച യുവാക്കൾ പണി മേടിച്ച കഥ

ആർ പീയൂഷ്

കൊല്ലം: കണ്ടെയ്മെന്റ് സോണായ പ്രദേശത്ത് റോഡുകൾ അടച്ചിരുന്നതിനാൽ റെയിൽവേ ട്രാക്ക് വഴി ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരെയാണ് കായംകുളം ആർ.പി.എഫ് കേസെടുത്തത്. അപകടകരമായി വാഹനം റെയിൽവേ പാളത്തിൽകൂടി ഓടിക്കുകയും അനധികൃതമായി റെയിൽവേയുടെ അതിസുരക്ഷാ മേഖലയായ ട്രാക്കിൽ പ്രവേശിച്ചതിനും ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും കായംകുളം റെയിൽവെ സ്റ്റേഷനും ഇടയിലാണ് സംഭവം. വവ്വാക്കാവ് റെയിൽവേ ഗേറ്റ് വഴി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുകയായിരുന്നു. ട്രാക്കിൽ കൂടി ബൈക്ക് വരുന്നുണ്ട് എന്നറിഞ്ഞ കനാൽ ഗേറ്റിലെ ഗേറ്റ്കീപ്പർ പാളത്തിൽ ഇറങ്ങി നോക്കിയപ്പോഴാണ് യുവാക്കൾ വരുന്നത് കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഇത് ചിത്രീകരിക്കുകയും യുവാക്കളെ തടഞ്ഞു നിർത്തുകയും ചെയ്തു. ബൈക്ക് പാളത്തിന് വെളിയിലിറക്കി വയ്ക്കാൻ പറഞ്ഞതിന് ശേഷം ഗേറ്റ് കീപ്പർ ആർ.പി.എഫിനെ അറിയിക്കാനായി ഫോൺ ചെയ്യാനായി റൂമിലേക്ക് കയറിയപ്പോൾ ഇവർ ഓടി രക്ഷപെട്ടു.

ഗേറ്റ്കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സിസി ചെയ്ത് മഹസർ എഴുതി കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്മന മേക്കാട് വഴുതയിൽ വടക്കതിൽ ദീപു എന്നയാളുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ബന്ധപ്പെടുകയും നാളെ വാഹനം ഓടിച്ചവരുമായ കായംകുളം ആർ.പി.എഫ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. റെയിൽവേ ആക്ട് 154, 147 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മൂന്ന് മണി സമയത്ത് തിരുവനന്തപുരം ഭാഗത്തേക്ക് ലോക്മാന്യ തിലക്, വേണാട് എക്സ്പ്രസ്, വർക്ക്മാൻ സ്പെഷ്യൽ ട്രെയിൻ എന്നിവ കടന്നു പോകേണ്ടതാണ്. ഈ ട്രാക്കിലൂടെയാണ് യുവാക്കൾ ബൈക്ക് ഓടിച്ചു പോയത്. ഗേറ്റ്കീപ്പർ തടഞ്ഞു നിർത്തിയപ്പോൾ മരുന്ന് മേടിക്കാൻ പോകുകയാണെന്നും റോഡിൽകൂടി പോയാൽ പൊലീസ് പിടികൂടുമെന്നുമാണ് പറഞ്ഞത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടായിരുന്നതായി ഗേറ്റ് കീപ്പർ ആർ.പി.എഫിന് മൊഴി നൽകിയിരുന്നു. കായംകുളം അർ.പി.എഫ് എഎസ്ഐ എസ്.ഷാജിയും ഹെഡ്കോൺസ്റ്റബിൾ എം.സി രഘുകുമാറുമാണ് ഗേറ്റിലെത്തി വാഹനം കസ്റ്റഡിയിലെടുത്തത്. കൊല്ലം സർക്കിൾ ഇൻസ്പെക്ടർ രജനി നായർക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലം റെയിൽവേ കോടതിയിൽ ഹാജരാക്കും.

കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങൾ കോവിഡ് വ്യാപനത്തെതുടർന്ന് കണ്ടെയ്മെന്റ് സോണുകളാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവാക്കൾ പൊലീസിനെ പേടിച്ച് റെയിൽവേ ട്രാക്ക് വഴി ബൈക്ക് ഓടിച്ചു പോയത്. രണ്ട് കിലോമീറ്ററിലധികം ഇവർ ട്രാക്കിലൂടെ സഞ്ചരിച്ചു. ഈ സമയം ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാക്കൾ എവിടെ പോയതാണ് എന്ന കൃത്യമായ വിവരം ആർ.പി.എഫ് നാളെ മൊഴിയെടുത്തു കഴിയുമ്പോൾ മാത്രമേ അറിയാൻകഴിയൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP