Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നത് പി ശശി; കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നു; കേരളത്തിൽ നടക്കുന്നത് പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന ഭരണം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നത് പി ശശി; കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നു; കേരളത്തിൽ നടക്കുന്നത് പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന ഭരണം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഈ വിഷയത്തിൽ രംഗത്തുവന്നത്. കേസിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ഉന്നമിട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പിൽ പി ശശിയുടെ ഇടപെടലാണ് ഈ നിലപാടിന് പിന്നിലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ആരോപിച്ചു.

തെളിവുകളെല്ലാം മരവിപ്പിച്ച് കേസന്വേഷണത്തിന് ചുമതല വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് പി ശശിയുടെ തന്ത്രമാണെന്നും നുസൂർ ആരോപിച്ചു.പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന് തെളിയിക്കുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത്. കേസിൽ ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രോസിക്യൂട്ടർമാർ വിഷമത്തോടെ പിന്മാറിയത് ഈ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ഒരുപാട് പ്രത്യേകതകളുള്ള കേസാണിത്. അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ കോടതിയിൽ നിന്നും ചോർന്നിട്ടുണ്ട്.

ഇതിലൂടെ കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രേസിക്യൂട്ടർമാർ പിന്മാറിയതിനുള്ള കാരണവും വ്യക്തമല്ല. എന്തുകൊണ്ട് പുതിയ പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും നുസൂർ ചോദിച്ചു.അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്ന് ആർക്കും ഉറപ്പ് നൽകാനാകില്ല. കേരളത്തിൽ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നുസൂർ പറഞ്ഞു. ഭരണവും ഭരണ സംവിധാനങ്ങളും ഇടപെടുന്ന കേസുകളിൽ കോടതിയുടെ വിശ്വാസ്യത നഷ്ടമായാൽ പ്രതിവിധി എന്താണെന്നും അദ്ദേഹം ചോദിച്ചു. പ്രതികൾ ഇവരെ കോടികൾ കൊടുത്ത് വിലക്ക് വാങ്ങിയതാണെന്നും നുസൂർ കൂട്ടിചേർത്തു.

കേസിൽ ഇനിയും സമയം ചോദിക്കാൻ നിൽക്കാതെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കന്നാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കോടതിയിൽ നിന്നും നിരന്തരം വിമർശനങ്ങൾ കേൾക്കേണ്ടി കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം അവസാനിപ്പിക്കുന്നത്. കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന വിധത്തിലുള്ള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ, അഡ്വ. രാമൻ പിള്ളയെ പിണക്കേണ്ടെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നിലെന്നും സൂചനകളുണ്ട്.

നേരത്തെ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം അഭിഭാഷക സമൂഹത്തിന്റെയും എതിർപ്പിന് ഇടയാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം എത്തുന്നത്. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദൃശ്യങ്ങൾ വീട്ടിലെത്തിച്ച ശേഷം അവ നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ശരത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി മൊബൈലും പാസ്‌പോർട്ടുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP