Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുമോടാ.... എന്ന് ആക്രോശിച്ച് മർദിച്ചത് 30ലധികം പേർ; പ്രളയബാധിത പ്രദേശത്തെ അനധികൃത ക്വാറി പ്രവർത്തനത്തെ എതിർത്തതിന് യുവാവിനെ മർദിച്ച് അവശനാക്കി ടിപ്പർ ജെസിബി അസോസിയേഷൻ ഭാരവാഹികൾ; മർദനമേറ്റത് പുത്തുമലയിലെ അനധികൃത മണ്ണ് കടത്തൽ സംഘത്തിനെതിരെ പ്രതികരിച്ച അജീഷ് എന്ന യുവാവിന്; കൺസ്ട്രഷൻ കമ്പനി മാനേജരായ അജീഷിനെ ഓഫീസിൽ കയറി മർദിച്ച് അവശനാക്കി; ഓഫീസിലിരുന്ന 50,000 രൂപ കവർന്നെന്നും പരാതി; മർദനമേറ്റ യുവാവ് ആശുപത്രിയിൽ

എം മനോജ് കുമാർ

വയനാട്: പുത്തുമലയിലെ അനധികൃത മണ്ണ് ക്വാറികൾക്കെതിരെ പ്രതികരിച്ചതിന് യുവാവിന് ജെ.സി.ബി, ടിപ്പർ അസോസിയേഷൻ ഭാരവാഹികളുടെ മർദനം.മേപ്പാടിയിലെ കൺസഷൻ കമ്പനി മാനേജരായ കോട്ടനാട് കനകത്ത് വീട്ടിൽ അജേഷ് കെ.കെയ്ക്കാണ് മർദനം നേരിടേണ്ടി വന്നത്. പ്രളയബാധിത പ്രദേശമായ പുത്തുമല, മേപ്പാടി എന്നിവടങ്ങളിലെ അനധികൃത ഘനനത്തേയും മണ്ണു കടത്തിലിനേയും യുവാവ് പരസ്യമായി എതിർത്തിരുന്നു. പിന്നാലെ ഇത്തരം അനധികൃത ക്വാറി സംഘങ്ങൾക്കെതിരെ നാട്ടുകാരും പ്രതികരിച്ച് രംഗത്തെത്തിയതോടെ ജിയോളജി വകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ജിയോളജി വകുപ്പ് ഖനനം നടത്താനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് 2,40000 രൂപയോളം ഫൈനിട്ടിരുന്നു. ഇതിന് പിന്നിൽ അജീഷ് എന്ന് ആരോപിച്ചായിരുന്നു വൈകിട്ട് മൂന്നോടെ മുപ്പത് പേരടങ്ങുന്ന സംഘം എത്തി ക്രൂരമായി മർദിച്ചത്. പിന്നിൽ ജെ.സി.ബി, ലോറി അസോസിയേഷൻ പ്രവർത്തകരാണെന്ന് അജീഷ് മറുനാടനോട് പ്രതികരിച്ചു. നീ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുമോടാ ...എന്ന് ചോദിച്ചായിരുന്നു മർദനം. മർദിച്ച് അവശനാക്കിയ ശേഷം ഓഫീസിലിരുന്ന 50,000 രൂപയും സംഘം കവർന്നെന്നും ഇയാൾ പറയുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അജേഷ് കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

പ്രളയത്തിന്റെ തീ അടങ്ങും മുൻപാണ് വീണ്ടും ഈ ദുരന്തബാധിത പ്രദേശങ്ങളിൽ മണ്ണ് മാഫിയകളുടെ പ്രവർത്തനം സജീവമായത്.മരങ്ങൾ മുറിച്ച് മാറ്റിയതിനെ തുടർന്ന് മണ്ണിനടിയിൽ നടന്ന പൈപ്പിങ് പ്രതിഭാസമാണ് പുത്തുമല ദുരന്തം എന്നാണ് ജിയോളജി വകുപ്പിന്റെ പിന്നീടുള്ള പഠനം പറഞ്ഞത്. ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് താഴേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടൺ മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്.

ഇതാണ് നിരവധി ജീവനുകളെടുത്ത പുത്തുമല ദുരന്തത്തിനു കാരണമായത്. ഒരു ജനതയെ മൊത്തത്തിൽ ഇല്ലാതാക്കിയ ഈ പുത്തുമലയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ മണ്ണ് മാഫിയയുടെ തേർവാഴ്ചയാണ് നടക്കുന്നത്. എതിർത്താൽ ഗുണ്ടാ സംഘങ്ങളായി എത്തി മർദനവും. പുത്തുമലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് നിർബാധം മണ്ണിടിക്കലും തുടരുന്നത്.

ദുരന്തത്തിൽ മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയത്. ഇതേ പുത്തുമലയോട് ചേർന്ന ചെമ്പോത്തറയാണ് കുന്നിടിക്കലും മണ്ണ് കടത്തലും തുടരുന്നത്. കുന്നിടിക്കൽ പതിവായപ്പോൾ പൊറുതിമുട്ടി നാട്ടുകാർ രാത്രി വയനാട് എസ്‌പിയെ വിളിച്ചു പറഞ്ഞപ്പോൾ എസ്‌പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് രാത്രിക്ക് രാത്രി തന്നെ കുന്നിടിക്കൽ സ്ഥലത്ത് നിന്നും മൂന്നു ടിപ്പറും ഒരു ജെസിബിയും പിടിച്ചെടുത്തു. എസ്‌പിയുടെ ഇടപെടൽ ഉള്ളതിനാൽ തത്ക്കാലം ഒന്നും ചെയ്യാനില്ലാത്തതിനാൽ ഈ ടിപ്പറുകളും ജെസിബിയുമെല്ലാം മേപ്പാടി സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

ഈ ലോറികളും ജെസിബിയും ഇതുവരെ വിട്ടു നൽകിയിട്ടില്ലെന്ന് മേപ്പാടി പൊലീസ് മറുനാടനോട് വ്യക്തമാക്കി. മൂന്നാല് ദിവസം മുൻപാണ് നാട്ടുകാരുടെ പരാതി വന്നപ്പോൾ അർദ്ധരാത്രി എസ്‌പിയുടെ ഇടപെടൽ വന്നത്. രാത്രി കാലത്ത് മണ്ണ് കൊണ്ടുപോകാൻ വയനാട്ടിൽ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല. പകൽ മണ്ണ് കൊണ്ടുപോകാനാണ് പാസ് നൽകുന്നത്. അതുകൊണ്ട് തന്നെ രാത്രികാല മണ്ണ് കടത്ത് അനധികൃതമാണ്. ടൺ കണക്കിന് മണ്ണാണ് മേപ്പാടിയിൽ നിന്നും രാത്രികാലങ്ങളിൽ കടത്തുന്നത്.ഈ വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർ്ട്ട് ചെയ്തിരുന്നു.

കേരളത്തിലെ ഉരുൾപ്പൊട്ടൽ മേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്ന പുത്തുമല ഉൾപ്പെടുന്ന മേപ്പാടിയിലാണ് മണ്ണിടിക്കൽ നിർബാധം തുടരുന്നത്. മണ്ണുമായി കുതിക്കുന്ന ടിപ്പറുകളുടെയും ജെസിബികളുടെയും തേർവാഴ്ചയാണ് രാത്രിയിൽ നടക്കുന്നത്.നാട്ടുകാർ വിളിച്ച് പറഞ്ഞാണ് കുന്നിടിക്കൽ അറിഞ്ഞു പൊലീസ് എത്തുന്നത്. ജെസിബിയും ടിപ്പറുകളും സ്റ്റേഷനിൽ പിടിച്ചിട്ടാലും നൈസായി ഇവർ ഇറങ്ങിപ്പോകുന്നതും ജനങ്ങളുടെ കൺമുന്നിൽ നിന്നാണ്. എവിടെ നിന്നൊക്കെയുള്ള ശക്തമായ ഇടപെടൽ ഈ കാര്യത്തിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മണ്ണ് മാഫിയയും അധികാര കേന്ദ്രങ്ങളും കൈകോർക്കുമ്പോൾ എന്ത് രക്ഷ എന്ന അവസ്ഥയിലാണ് നാട്ടുകാർ. പുത്തുമല ദുരന്തത്തിന്റെ ഭീതിത ദൃശ്യങ്ങൾ മറയാതെ നാട്ടുകാരുടെ കൺമുന്നിൽ നിൽക്കുമ്പോൾ ഇനി എന്ത് രക്ഷ എന്ന ആശങ്കയിലാണ് മേപ്പാടിക്കാർ.

ടിപ്പറുകൾ രാത്രികാലങ്ങളിൽ വന്നു മേപ്പാടി ചെമ്പോത്തറയിൽ നിന്ന് കുന്നിടിച്ച് മണ്ണു കൊണ്ടുപോവുകയാണ്. നാട്ടുകാരുടെ പരാതി വന്നപ്പോൾ പൊലീസ് ഇടപെടൽ വന്നപ്പോൾ ടിപ്പറുകൾ സ്റ്റെഷനിലെത്തി. പിന്നാലെ ഉന്നതതല വിളികളുമെത്തി. ടിപ്പറുകൾ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോവുകയും ചെയ്തു. സിപിഎമ്മിന്റെ പാർട്ടി ഗ്രാമമാണ് മേപ്പാടിയിലെ ചെമ്പോത്തറ. പുത്തുമലയിലെ ആളുകൾക്ക് വീട് വെയ്ക്കാൻ എന്ന രീതിയിലാണ് മണ്ണ് കൊണ്ടുപോകുന്നത്. പക്ഷെ ചില ടിപ്പറുകളിലെ മണ്ണ് നീങ്ങുന്നത് ചെമ്പോത്തറയിലെ സ്വകാര്യ ഇഷ്ടികക്കളത്തിലേക്കാണെന്നും അറിയാൻ കഴിഞ്ഞു.

പുത്തുമലയുടെ പേര് പറഞ്ഞാണ് ഈ മണ്ണ് കടത്ത്. വയല് കുഴിച്ചിട്ടാണ് ഈ ഇഷ്ടികക്കളമുണ്ടാക്കുന്നത്. ഈ ഇഷ്ടികക്കളത്തിനു ലൈസൻസ് ലഭിച്ചിട്ടില്ലെന്നും സംസാരമുണ്ട്. മണ്ണ് കൊണ്ട് വന്നു ഇഷ്ടികക്കളത്തിൽ നിറച്ചു മണ്ണ് കുഴിക്കുന്ന പ്രക്രിയ തുടരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കലങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുള്ളതായും അറിയാൻ കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP