Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

ഏഷ്യയിലെ ഷോപ്പിങ് വിസ്മയം തിരുവനന്തപുരത്ത് തുറക്കാൻ മോദി എത്തുമോ? കല്യാൺ മാർഗിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എത്തിയത് മാൾ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ; യൂസഫലി-മോദി സൗഹൃദം വീണ്ടും ചർച്ചകളിൽ

ഏഷ്യയിലെ ഷോപ്പിങ് വിസ്മയം തിരുവനന്തപുരത്ത് തുറക്കാൻ മോദി എത്തുമോ? കല്യാൺ മാർഗിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എത്തിയത് മാൾ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ; യൂസഫലി-മോദി സൗഹൃദം വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗളൂരുവിൽ പുതിയ മാൾ. അതിന് ശേഷം പോയി കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. ഭക്ഷ്യ-സംസ്‌കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി മോദി അറിയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ലുലുമാൾ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് യൂസഫലി എത്തിയതെന്നും സൂചനയുണ്ട്.

ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ഇതി തിരുവനന്തപുരത്തേത് ഏഷ്യയിലെ ഏറ്റവും വലിയ മാളാണ്. ഇതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിക്കാനാണ് യൂസഫലിയുടെ ലക്ഷ്യം. ഇക്കാര്യം മോദിയെ അറിയിച്ചതായാണ് സൂചന.

ജനുവരിയിൽ മാൾ തുറക്കാനാണ് ആലോചന. തിരുവനന്തപുരത്തെ മാളിന്റെ പ്രത്യേകതകൾ മോദിയെ പ്രത്യേകം ബോധ്യപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ വിവിധ ഉത്തേജക പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണർവ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. തിരുവനന്തപുരത്തെ മാൾ ഉദ്ഘാടനത്തിന് മോദി എത്തുമോ എന്ന കാര്യത്തിൽ ദിവസങ്ങൾക്ക് അകം വ്യക്തത വരുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽ മുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണെന്ന് യൂസഫലി പറയുന്നു. ഭക്ഷ്യ സംസ്‌കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉത്തർ പ്രദേശ് സർക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.

കശ്മീർ ഉൽപ്പന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നത്.

ഇക്കാര്യം ഉറപ്പാക്കുന്നത് കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും പ്രധാനമന്ത്രി നേർന്നതായി യൂസഫലി അറിയിച്ചു. ലുലു ഗ്രൂപ്പ് ബംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുറന്നിരുന്നു. ആറുമാസത്തിനുള്ളിൽ രാജ്യത്ത് രണ്ടു മാളുകളുടെ കൂടി നിർമ്മാണം പൂർത്തിയാവുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി പറഞ്ഞു.

രാജ്യത്ത് ലുലുഗ്രൂപ്പിന്റെ പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രാജ്യത്ത് അഞ്ചു ഷോപ്പിങ് മാളുകൾ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ കൊച്ചിയിലും തൃശൂരിലും ബംഗളൂരൂവിലും മാൾ പ്രവർത്തനം ആരംഭിച്ചു. ബംഗളൂരു രാജാജി നഗറിലാണ് ഗ്ലോബൽ മാൾ പ്രവർത്തനം ആരംഭിച്ചത്. എട്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ബംഗളൂരുവിലെ മാൾ. ഇതിന്റെ ഉടമസ്ഥത ലുലു ഗ്രൂപ്പിന് അല്ലെങ്കിലും നടത്തിപ്പും പരിപാലനവും ലുലു ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. കൊച്ചിയിൽ വിപുലമായ നിലയിലാണ് ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. തൃശൂരിൽ ചെറിയ നിലയിലാണ്. ബംഗളൂരുവിൽ മൂന്നാമത്തെ ഹൈപ്പർ മാർക്കറ്റും ഇതോടൊപ്പം പ്രവർത്തനം ആരംഭിച്ചതായും യൂസഫലി പറഞ്ഞു.

ബംഗളൂരുവിൽ രണ്ടുലക്ഷം ചതുരശ്രയടിയിലാണ് ഹൈപ്പർമാർക്കറ്റ്. എന്റർടെയിന്മെന്റ് സോൺ ഉൾപ്പെടെ മറ്റു അത്യാധുനിക സേവനങ്ങളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തും ലക്നൗവിലും മാളുകൾ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. തിരുവനന്തപുരത്തെ മാൾ ഈ വർഷം അവസാനം തന്നെ പ്രവർത്തനം ആരംഭിക്കും. ലക്നൗവിൽ അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ മാളിന്റെ പ്രവർത്തനം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും യൂസഫലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP