Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രണ്ട് മാസങ്ങൾക്ക് മുമ്പ് മന്ത്രി കെ ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തത് തങ്ങളുടെ ഐടി ടീം; മന്ത്രി അയച്ച പേഴ്സണൽ വോയ്സ് ക്ലിപ്പുകളും ചോർത്തിയെന്നും യാസിർ എടപ്പാൾ; മന്ത്രിയുടെ വാട്സാപ്പ് ചോർത്തിയത് നിയമവിരുദ്ധമായ കാര്യമാണെങ്കിലും കുറ്റം തന്നിലേക്ക് വരില്ലെന്നും അവകാശവാദം; ചാനൽ ചർച്ചയിൽ മുസ്ലിം ലീ​ഗ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

രണ്ട് മാസങ്ങൾക്ക് മുമ്പ് മന്ത്രി കെ ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്തത് തങ്ങളുടെ ഐടി ടീം; മന്ത്രി അയച്ച പേഴ്സണൽ വോയ്സ് ക്ലിപ്പുകളും ചോർത്തിയെന്നും യാസിർ എടപ്പാൾ; മന്ത്രിയുടെ വാട്സാപ്പ് ചോർത്തിയത് നിയമവിരുദ്ധമായ കാര്യമാണെങ്കിലും കുറ്റം തന്നിലേക്ക് വരില്ലെന്നും അവകാശവാദം; ചാനൽ ചർച്ചയിൽ മുസ്ലിം ലീ​ഗ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഫോൺ ചോർത്തിയിരുന്നെന്ന ​ഗുരുതര വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് പ്രവർത്തകൻ യാസിർ എടപ്പാൾ രം​ഗത്തെത്തി. മീഡിയാ വണ്ണിന്റെ ചാനൽ ചർച്ചയിലായിരുന്നു യാതൊരു പേടിയുമില്ലാതെ തങ്ങളുടെ ഐടി ടീം മന്ത്രിയുടെ ഫോൺ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ ചോർത്തിയെന്ന് യാസിർ വെളിപ്പെടുത്തിയത്. കെഎംസിസിയെ അപകീർത്തിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പുകൾ താൻ ലീക്ക് ചെയ്തെന്നും യാസിർ ചാനൽചർച്ചയിൽ വെളിപ്പെടുത്തി.

ഒന്ന് രണ്ട് മാസങ്ങൾ മുൻപാണ് തങ്ങളുടെ ഐ.ടി സെൽ ജലീലിന്റെ ഫോൺ ഹാക് ചെയ്‌തെന്നും ഇദ്ദേഹം പറയുന്നു. മറ്റൊരു ചാനലിനോടും പറയാത്ത കാര്യം വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ ഫോൺ ചോർത്തിയ കാര്യം യാസിർ ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയത്. ” അന്ന് നിർഭാഗ്യവശാൽ ഒരു ഫ്‌ളൈറ്റിന്റെ അനുമതി നിഷേധിക്കപ്പെട്ടപ്പോൾ അന്ന് കെ.ടി ജലീൽ അതിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തന്നെ ഒരാൾക്ക് പേഴ്‌സണലായി അയച്ച വോയ്‌സ് ക്ലിപ്പ് എന്നുപറയുന്നത് ഇങ്ങനെയായിരുന്നു, കെ.എം.സി.സിയുടെ ഫ്‌ളൈറ്റ് പൊക്കാൻ എസ്.ടി.യു എന്നു പറയുന്ന മുസ്‌ലിം ലീഗിന്റെ തൊഴിലാളി യൂണിയന്റെ തൊഴിലാളികൾ ആരും അവിടെയുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാണ് അധിക്ഷേപിച്ചത്,” എന്ന് യാസിർ പറഞ്ഞു.

മന്ത്രിയുടെ വാട്‌സ് ആപ്പാണ് സെൽ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും ഇയാൾ പറഞ്ഞു. എന്നാൽ താൻ നേരിട്ടോ യു.എ.ഇ യിൽ നിന്നോ അല്ല ഹാക്കിങ് നടത്തിയതെന്നും അതുകൊണ്ട് തന്നെ അതിന്റെ കുറ്റം തന്നിലേക്ക് വരില്ലെന്നും യാസിർ പറയുന്നുണ്ട്. മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിർ രംഗത്തെത്തിയിരുന്നു. മന്ത്രി തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് വീട്ടിൽ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാൻ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിർ ആരോപിച്ചിരുന്നു.മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാൻ കെ.ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്‌നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകനെതിരെ പൊലീസ് കെസെടുത്തത് രാഷ്ട്രീയ പക തീർക്കാനെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. മന്ത്രിക്കെതിരെ അപവാദ പ്രവചരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിന് പിന്നിലും നാടു കടത്തൽ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമാക്കുകയാണ് സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ മൊഴി.

മന്ത്രി ജലീലിനെതിരെ പോസ്റ്റിട്ടത് എടപ്പാൾ വട്ടംകുളം സ്വദേശി മുണ്ടേങ്കാട്ടിൽ യാസിർ(27) ആയിരുന്നു. ഇതേ യാസിറിനെ യുഎഇയിൽ നിന്ന് നാടുകടത്താനാണ് നിയമവിരുദ്ധമായി ജലീൽ ഇടപെടൽ നടത്തിയതെന്നാണ് സൂചന. ഡിവൈഎഫ്‌ഐ കോലൊളമ്പ് മേഖല കമ്മറ്റി നൽകിയ പരാതിയെ തുടർന്നായിരുന്നു യാസിറിനെതിരായ കേസെടുക്കൽ. യാസിർ എടപ്പാൾ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിലും കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും മന്ത്രി ജലീലിനെതിരെ നിരന്തര വിമർശനങ്ങൾ ഉയർന്നിരുന്നു. ഡിഫിക്കാരുടെ പ്രധാന ശത്രുക്കളിൽ ഒരാളാണ് യാസിർ.

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന് എൻഫോഴ്‌സ്‌മെന്റിനോട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഏറെ ചർച്ചയായിരുന്നു. യാസിർ എടപ്പാൾ എന്നയാളെ ജോലി നഷ്ടപ്പെടുത്തി ഡീപോർട്ട് ചെയ്ത് നാട്ടിലെത്തിക്കാൻ കെ ടി ജലീൽ ശ്രമിച്ചെന്നാണ് മൊഴി. കെ ടി ജലീൽ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും നേരത്തേ മന്ത്രി തന്നെ സമ്മതിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടും താനുമായി കെ ടി ജലീൽ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തുവരുന്നത്.

മകനെതിരായ ജലീലിന്റെ നീക്കം ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു. ജലീലിന്റെ പരാതിയിൽ പൊലീസ് രണ്ടു തവണ വീട്ടിൽ റെയ്ഡ് നടത്തി. പാസ്‌പോർട്ടിന്റെ കോപ്പി ചോദിച്ചായിരുന്നു പരിശോധന നടത്തിയത്. വീട്ടിൽ ഇല്ലാത്തതിനാൽ കോപ്പി പൊലീസിന് കിട്ടിയില്ല. വിദേശത്ത് നിന്ന് മകനെ കൊണ്ടുവരാനാണ് ഇതെന്ന് ഇപ്പോൾ ഉറപ്പായി. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും, താനും ജലീലും ഒന്നിച്ച് മുസ്ലിം ലീഗിൽ പ്രവർത്തിച്ചവരാണെന്നും എം കെ എം അലി പ്രതികരിച്ചു.

മന്ത്രി കെടി ജലീലിനെതിരെ അപവാദ പ്രചരണം നടത്തുകയും, അദ്ദേഹത്തെ തെറിവിളിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു, നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് യാസിറിനെതിരെ കേസെടുക്കാൻ പൊലീസ് കാരണമായി ചേർത്തിരുന്നത്. മന്ത്രി ജലീലിനെ ആട് ജലീൽ എന്ന് വിളിച്ചും പോസ്റ്റുകളുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ആളുകളെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി നിർമ്മിച്ച പോരാളി ഷാജിപോലുള്ള ഫെയസ്ബുക്ക് ഗ്രൂപ്പുകൾക്ക് പകരമായിട്ടാണ് കൊണ്ടോട്ടി അബു എന്ന പേരിൽ യാസിർ പേജ് തുടങ്ങിയത്. പോരാളി ഷാജിയുടെ പല പോസ്റ്റുകൾക്കും മറുപടി നൽകുന്ന രീതിയിലാണ് ഈ പേജിന്റെ പ്രധാന പോസ്റ്റുകൾ. ലക്ഷക്കണക്കിന് ഫോളോവേഴാസാണ് ഈ പേജിനുള്ളത്. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP