Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

18 സ്വർണ മെഡലുകൾ നേടി നിയമ പഠന രംഗത്ത് ഇന്ത്യയുടെ നക്ഷത്രമായി മാറിയ യമുന മേനോൻ ഈ ആഴ്ച മുതൽ കേംബ്രിഡ്ജ് ട്രിനിറ്റിയിലെ വിദ്യാർത്ഥിനി; ഉദയംപേരൂരിൽ നിന്നും കേംബ്രിഡ്ജിലേക്കുള്ള യാത്രയ്ക്ക് പറയാനുള്ളത് ആവേശോജ്ജ്വല കഥകൾ മാത്രം; ഒരു സുപ്രീം കോടതി അഭിഭാഷകന്റെ കഥകൾ കേട്ട് വളർന്ന പെൺകുട്ടി നിയമ രംഗത്ത് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ

18 സ്വർണ മെഡലുകൾ നേടി നിയമ പഠന രംഗത്ത് ഇന്ത്യയുടെ നക്ഷത്രമായി മാറിയ യമുന മേനോൻ ഈ ആഴ്ച മുതൽ കേംബ്രിഡ്ജ് ട്രിനിറ്റിയിലെ വിദ്യാർത്ഥിനി; ഉദയംപേരൂരിൽ നിന്നും കേംബ്രിഡ്ജിലേക്കുള്ള യാത്രയ്ക്ക് പറയാനുള്ളത് ആവേശോജ്ജ്വല കഥകൾ മാത്രം; ഒരു സുപ്രീം കോടതി അഭിഭാഷകന്റെ കഥകൾ കേട്ട് വളർന്ന പെൺകുട്ടി നിയമ രംഗത്ത് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഓരോ വർഷവും എടുത്തു പറയാൻ മിടുക്കരിൽ മിടുക്കരായ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സര്വകലാശകളിൽ എത്തികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ കേംബ്രിഡ്ജിൽ എത്തിയ വടകരക്കാരി നികിത മുതൽ ഏറെ കഷ്ടപ്പാടുകൾ താണ്ടി ആദിവാസി കുടുംബത്തിൽ നിന്നും എത്തിയ കാസർകോട്ടുകാരന് ബിനേഷ് ബാലൻ വരെ യുകെയിൽ എത്തും മുൻപ് തന്നെ തങ്ങളുടെ നേട്ടങ്ങളുടെ പേരിൽ വാർത്ത തലക്കെട്ടുകളിൽ ഇടം കണ്ടെത്തിയ ശേഷമാണു യുകെയുടെ മണ്ണിൽ കാലുതൊട്ടത്.

ഇപ്പോൾ കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥി താരനിരയിലേക്കു മറ്റൊരാൾ കൂടി, തൃപ്പൂണിത്തുറ ഉദയംപേരൂർ തച്ചപ്പള്ളിൽ മോഹൻകുമാറിന്റെയും ഉഷയുടെയും മകൾ യമുന മേനോൻ. ഇന്ത്യൻ നിയമ പഠന രംഗത്ത് റെക്കോർഡ് ഇട്ട പരീക്ഷ വിജയമാണ് ഈ ആഴ്ച മുതൽ യമുനയേയും യുകെ മലയാളിയാക്കി മാറ്റുന്നത്. ഏറെ പ്രഗത്ഭരെ സൃഷ്ടിച്ച കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലാണ് യമുനയുടെ ഉപരിപഠനം.

ബാംഗ്ലൂർ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സ്റ്റിറ്റിയുടെ - എൽ എൻ എസ് യു ഐ - ബിഎ എൽ എൽ ബി ഓണേഴ്സ് പഠനത്തിൽ ഇന്നേവരെ ആരും സ്വന്തമാക്കാത്ത വിധം വിജയമാണ് ഇപ്പോൾ യമുന വാർത്തകളിൽ നിറയ്ക്കുന്നത്. ബ്രിട്ടനും ഓസ്ട്രേലിയയും സിംഗപ്പൂരും ഒക്കെ വാഗ്ദാനങ്ങൾ നിരത്തിയപ്പോൾ ചരിത്രത്തിൽ കേംബ്രിഡ്ജിനുള്ള സ്ഥാനം കണ്ടില്ലെന്നു വയ്ക്കാൻ യമുനയ്ക്കായില്ല.

അങ്ങനെയാണ് പഠന വഴികളിൽ കേംബ്രിഡ്ജ് നൽകിയ വാഗ്ദാനം യമുന സ്വീകരിക്കുന്നത്. ഇതോടെ യുകെ മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടി എത്തുകയായി. നന്നേ ചെറുപ്പം മുതൽ നിയമമാണ് തന്റെ വഴിയെന്നും തിരിച്ചറിഞ്ഞ് അതിനായി നടത്തിയ സ്ഥിരോത്സാഹമാണ് ഇപ്പോൾ യമുനയെ അപൂർവ്വ നേട്ടത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നതും.

ഇന്ത്യൻ നിയമ പഠന രംഗത്ത് ഇതാദ്യമായാണ് ഒരു വിദ്യാർത്ഥിയെ തേടി 18 സ്വർണ മെഡലുകൾ എത്തുന്നതെന്ന് കരുതപ്പെടുന്നു. ഈ അഭിമാന നേട്ടത്തിൽ ലോക് സഭ സ്പീക്കർ മുതൽ ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് വരെയുള്ളവർ അഭിനന്ദനം കൊണ്ട് യമുനയെ അത്ഭുതപ്പെടുത്തുകയാണ്.

കോവിഡ് നിയന്ത്രണം മൂലം ഇത്തവണ ഓൺലൈൻ ആയാണ് ബിരുദ ദാന ചടങ്ങു നടന്നത്. അതുമാത്രമാണ് ഇപ്പോൾ യമുനയുടെ ചെറിയ സങ്കടം. ഒരു ഷെൽഫിൽ ഒന്നും ഒതുങ്ങാതെ വരുന്ന സ്വർണ മെഡലുകൾ നേരിട്ട് സ്വീകരിക്കാൻ കഴിയാത്ത പ്രയാസം. മികച്ച വിദ്യാർത്ഥി മുതൽ ടോപ് സ്‌കോറർ വരെയുള്ള വിവിധ തരം നേട്ടങ്ങളാണ് ഈ സ്വർണ മെഡലുകൾ തച്ചപ്പള്ളിൽ വീട്ടിൽ എത്തുന്നത്. ഓരോ വർഷവും യൂണിവേഴ്‌സിറ്റി നൽകുന്ന 38 മെഡലുകളിൽ പാതിയും ഈ പെൺകുട്ടിയുടെ കൈകളിലേക്കാണ് പറന്നു വീണിരിക്കുന്നത്. കഴിഞ്ഞ 38 വർഷത്തെ ചരിത്രമുള്ള യൂണിവേഴ്സിറ്റിയുടെ ആദ്യ അനുഭവം കൂടിയാണ് ഈ നേട്ടം.

കുടുംബ സുഹൃത്ത് കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ഇ എക്‌സ് ജോസഫ് വീട്ടിൽ വന്നിരുന്നു അച്ഛനോട് പറയുന്ന കോടതി കഥകൾ കേട്ടാണ് നിയമത്തോടെ യമുനയ്ക്ക് അതിയായ അഭിനിവേശം തോന്നുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന് കംപ്യുട്ടർ ജോലികളിൽ സഹായി ആയി കൂടിയതോടെ സുപ്രീം കോടതിയിലെ വാദവും മറുവാദവും എല്ലാം യമുനയുടെ മനസ്സിൽ ഒരായിരം കോടതി മുറികൾ സൃഷ്ടിക്കാൻ കാരണമായി.

ഒരു പത്താം ക്ലാസുകാരിയുടെ മനസ്സിൽ മൊട്ടിട്ട മോഹങ്ങളാണ് ഇപ്പോൾ ഒരു നാടിനാകെ അഭിമാനമായി പൂത്തു വിടർന്നിരിക്കുന്നത്. തുടക്കത്തിൽ തന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ അത്ര തുറന്ന പിന്തുണയല്ല ലഭിച്ചത്. ഡോക്ടറോ എഞ്ചിനീയറോ ആയാൽ കൂടുതൽ നന്നെന്ന ശരാശരി മലയാളി കുടുംബത്തിലെ ചിന്തകൾ തന്നെയാണ് യമുനയേയും തേടി എത്തിയത്.

അഭിഭാഷക ആയാലും പേരെടുക്കാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണമെന്ന മാതാപിതാക്കളുടെ ആശങ്കയാണ് പഠന വഴിയിൽ തന്നെ യമുന ഇല്ലാതാക്കുന്നത്. ഇതിനായി നന്നേ ക്ലേശങ്ങൾ സഹിച്ച ഓർമ്മകളും ഇപ്പോൾ യമുനയ്ക്ക് പങ്കിടാനുണ്ട്. പ്ലസ് ടൂവിന് സയൻസ് എടുത്തു പഠിച്ച പെൺകുട്ടി ദേശീയ നിയമ പ്രവേശ പരീക്ഷയായ ''ക്ലാറ്റ്'' നന്നായി തോൽക്കുന്നു. എന്നാൽ എഞ്ചിനിയറിങ്ങിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.

സ്വാഭാവികമായും വീട്ടിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഒരു വർഷം വീട്ടിൽ ഇരുന്നു വീണ്ടും ''ക്ലാറ്റ്'' പരീക്ഷ എഴുതാൻ തന്നെ ആയിരുന്നു യമുനയുടെ വിട്ടുവീഴ്ച ഇല്ലാത്ത തീരുമാനം. അഞ്ചു വർഷം മുൻപ് ആ പരീക്ഷയിൽ 28-ാം റാങ്ക് നേടിയാണ് യമുന പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. രാജ്യത്ത് ഈ രംഗത്തുള്ള ഒന്നാം നമ്പർ സ്ഥാപനം എന്ന ബഹുമതിയാണ് യമുനയെ ലോ യൂണിവേഴ്സിറ്റിയിൽ എത്തിക്കാൻ കാരണമായതും.

ഒരു പക്ഷെ ആ ആക്കാദമിക് തീരുമാനം തന്നെയാണ് ഇപ്പോൾ യമുനയ്ക്ക് കേംബ്രിഡ്ജിലേക്കുള്ള വഴികാട്ടിയായി മാറിയതും. നിയമ രംഗത്ത് ലോകത്തു തന്നെയുള്ള മാറ്റങ്ങളും അവസരങ്ങളും മനസിലാക്കാൻ ഇന്ത്യയിൽ ഇത്രയും മികച്ച മറ്റൊരു സ്ഥാപനമില്ല. വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ്, എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവ ഒക്കെ ഉറപ്പാക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള സ്ഥാപനം കൂടിയാണ് ലോ യൂണിവേഴ്സിറ്റി.

ഇവിടെ പഠിക്കുമ്പോൾ തന്നെ മുട്ട് കോർട്ട് വഴി യമുന ലണ്ടനിലും സിംഗപ്പൂരിലും എത്തിയിരുന്നു. യൂണിവേഴ്സിറ്റികൾ തമ്മിലുള്ള സൗഹാർദ്ദ സഹകരണമാണ് ഇതിനു വഴി തുറന്നതു. എന്നാൽ തനറെ ഭാവി പഠനം ഇംഗ്ലാണ്ടിൽ തന്നെ ആയിരിക്കും എന്ന് അന്ന് യാതൊരു പ്രതീക്ഷയും ഈ മിടുക്കിയുടെ സ്വപ്നത്തിൽ ഉണ്ടായിരുന്നില്ല. പഠന ഭാഗമായി തന്നെ നേപ്പാൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും യമുന എത്തിയിരുന്നു.

കേസ് നടത്തി പേരെടുക്കുന്നവരേക്കാൾ കീർത്തി കേസ് നടത്തും മുന്നേ ഇപ്പോൾ യമുനയുടെ കൈകളിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഒരുപക്ഷെ വീട്ടുകാരേക്കാൾ മനസറിഞ്ഞു സന്തോഷിക്കുന്നതും യമുനയുടെ നിയമത്തിന്റെ കാവൽക്കാരിയാക്കാൻ കാരണക്കാരനായ സുപ്രീം കോടതി അഭിഭാഷകൻ ജോസഫ് തന്നെ ആയിരിക്കണം. ഇപ്പോൾ യമുനയുടെ മുന്നിൽ എൽഎൽഎം പഠനമാണ് കേംബ്രിഡ്ജിൽ പൂർത്തിയാക്കാനുള്ളത്.

കേംബ്രിഡ്ജിനൊപ്പം ഓക്‌സ്‌ഫോഡും ക്ഷണിച്ചെങ്കിലും ഭാവി രാഷ്ട്രീയ നേതാക്കളെ പോലും സൃഷ്ടിക്കുന്ന ലോകോത്തരമായ ട്രിനിറ്റിയുടെ സാന്നിധ്യമാണ് യമുനയെ കേംബ്രിഡ്ജ് കൂടുതലായി ആകർഷിക്കാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP