Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം മുഴുവൻ തിരുപ്പിറവി ആഘോഷിക്കുമ്പോൾ കേക്ക് മുറിച്ച് ക്രിസ്തുവിന്റെ വരവിൽ സന്തോഷം പങ്കുവെച്ചത് ശിവക്ഷേത്രത്തിൽ; കേരളം ലോകത്തിന് ഇക്കുറി നൽകിയത് മതമൈത്രിയുടെ ഉദാത്ത സന്ദേശം; അതിരുകളെ അപ്രസക്തമാക്കിയ പയ്യാവൂർ ശിവക്ഷേത്രം മതങ്ങളുടെ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞത് ഇങ്ങനെ; വിമർശനവുമായി വന്നവരും കണ്ടംവഴി ഓടി

ലോകം മുഴുവൻ തിരുപ്പിറവി ആഘോഷിക്കുമ്പോൾ കേക്ക് മുറിച്ച് ക്രിസ്തുവിന്റെ വരവിൽ സന്തോഷം പങ്കുവെച്ചത് ശിവക്ഷേത്രത്തിൽ; കേരളം ലോകത്തിന് ഇക്കുറി നൽകിയത് മതമൈത്രിയുടെ ഉദാത്ത സന്ദേശം; അതിരുകളെ അപ്രസക്തമാക്കിയ പയ്യാവൂർ ശിവക്ഷേത്രം മതങ്ങളുടെ വേലിക്കെട്ടുകളെയും തകർത്തെറിഞ്ഞത് ഇങ്ങനെ; വിമർശനവുമായി വന്നവരും കണ്ടംവഴി ഓടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോകമാകെ മതത്തിന്റെ പേരിൽ സംഘടിക്കുകയും മറ്റ് മതങ്ങളെ സംബന്ധിച്ച് വിദ്വേഷം വളർത്തുകയും ചെയ്യുന്ന കാലത്ത് ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവുമായി ഒരു ക്ഷേത്രം. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ശിവക്ഷേത്രത്തിലാണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചത്. സമൂഹത്തിൽ നാനാജാതി മതസ്ഥരും ഒരുമിച്ച് ജീവിക്കുന്നതിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുവാനാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. സംഭവം കേരളത്തിലെ മതേതര സമൂഹം വലിയ പ്രധാന്യത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകൾക്കും ജാതിമത ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കാറുണ്ട് എന്ന് ക്ഷേത്രം ഭാരവാഹികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കേക്ക് മുറിച്ചതിനെ വിമർശിച്ചും പലരും രംഗത്തെത്തുന്നുണ്ട്. സംഘപരിവാർ ചേരിയിലുള്ളവരാണ് ക്ഷേത്രത്തിൽ കേക്ക് മുറിച്ചതിനെ വിമർശിക്കുന്നതിന് മുന്നിൽ നിൽക്കുന്നത്. മതപരിവർത്തനം നടത്തി ഹിന്ദു മതത്തിന് ക്ഷീണമുണ്ടാക്കി എന്നാണ് ക്രിസ്തുവിൽ അവർ കാണുന്ന ന്യൂനത. കേക്കിൽ കോഴിമുട്ട ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കോഴിയെ അറുക്കുന്ന ക്ഷേത്രങ്ങൾ വരെ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന മറുചോദ്യം ചോദിച്ചാണ് ഇവരെ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വാദിക്കുന്നവർ ഉത്തരം മുട്ടിക്കുന്നത്.

പ്രതിഷേധവുമായി ഒരു മലപ്പുറം ജില്ലക്കാരൻ ക്ഷേത്രം അധികാരികളുമായി നടത്തിയ ഫോൺ സംഭാഷണവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇത് മതമൈത്രിയുടെ ഭാഗമായി സംഘടിപ്പിച്ചതാണ് എന്ന ക്ഷേത്രം ഭാരവാഹിയുടെ മറുപടിയിൽ ബൈജു എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ തൃപ്തനാകുന്നില്ല. മതമൈത്രി എന്ന് പറയുമ്പോൾ നമ്മുടെ സമൂഹത്തോട് നിഷ്ഠൂരമായി പെരുമാറുന്നവരാണ് ക്രിസ്ത്യാനികൾ എന്നും മദർ തെരസ ഉൾപ്പെടെ മതപരിവർത്തനം നടത്തുന്നു എന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ഒരു മതത്തിന്റെ ആഘോഷം ക്ഷേത്രത്തിൽ നടത്തുന്നത് നല്ലതാണോ എന്നും ഇയാൾ ചോദിക്കുന്നു. എന്നാൽ, പയ്യാവൂർ ക്ഷേത്രത്തെ കുറിച്ച് താങ്കൾക്ക് അറിയാമോ എന്നും ഇവിയെ എല്ലാവരും പരസ്പര സാഹോദര്യത്തോടെയാണ് ജീവിക്കുന്നത് എന്നുമായിരുന്നു ക്ഷേത്രം ഭാരവാഹിയുടെ മറുപടി.

കുടക്- മലയാളി സാഹോദര്യത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് പയ്യാവൂർ ശിവക്ഷേത്രം. കുംഭസംക്രമം മുതൽ 12 വരെ നീളുന്ന ഊട്ടുത്സവം കുടക്-മലയാളി ബന്ധത്തിന്റെ ചരിത്രം കൂടിയാണ്. കുടകിലെ കടിയത്ത് നാട് എന്നറിയപ്പെടുന്ന ഗ്രാമങ്ങളിൽ നിന്നാണ് ഊട്ടിനുള്ള അരി എത്തുന്നത്. കുടകിൽ ഊട്ടറിയിക്കാൻ തിരുവായുധവുമായി അതിർത്തിവനം താണ്ടി ക്ഷേത്രത്തിലെ കൊമരത്തച്ഛൻ ആദ്യം അങ്ങോട്ടു പോകും. പ്രധാന തറവാടുകളിലും ദേവസ്ഥാനങ്ങളിലും ഊട്ടറിയിച്ചാണ് കൊരത്തച്ഛൻ മടങ്ങുക. ഊട്ടുത്സവം തുടങ്ങുന്നതിന്റെ തലേദിവസം കുടകിലെ മുണ്ടയോടൻ, ബഹൂരിയൻ തറവാടുകളിൽ നിന്നാണ് അരി എത്തുന്നത്. ചെയ്യന്തണയിൽ നിന്ന് പുറപ്പെട്ട് കബ്ബ, ഉടുമ്പ വഴി വനവും മലകളും താണ്ടി കുടകരും അരിക്കെട്ടുകളുമായി കാളകളും എത്തും. ഈ അരി തിരുവത്താളത്തിന് അളന്നാണ് ഊട്ടുത്സവച്ചടങ്ങുകൾ ആരംഭിക്കുന്നത്.

ഉത്സവത്തിന്റെ എട്ടാം ദിവസം കുടകിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് അരി കൊണ്ടുവരുന്നത്. പൊന്നുംപറമ്പിലെ കുടക് സ്ഥാനത്ത് കുടകർക്ക് താമസിക്കാൻ പരമ്പരാഗതരീതിയിൽ ഓലപ്പന്തൽ ക്ഷേത്രം അധികൃതർ നിർമ്മിച്ചുനൽകും. ക്ഷേത്രപരിസരത്തെ വിവിധ വീടുകളിലും കടകർക്ക് ആതിഥ്യം നൽകും. ഉത്സവത്തിന്റെ പത്താംദിവസം വൈകുന്നേരമാണ് കുടകർ കാളകളുമായി മടങ്ങുന്നത്. ഒരു ക്ഷാമകാലത്ത് പയ്യാവൂരിൽ ഊട്ടിന് അരി കിട്ടാതായപ്പോൾ കുടകരോട് അരി എത്തിക്കാൻ കിരാതമൂർത്തി തന്നെ നിർദ്ദേശിച്ചുവെന്നാണ് കുടകരുടെ ഐതിഹ്യം. ഉത്സവത്തിന് എത്തുന്ന കുടകർ തിരുനൃത്തത്തിന് മുന്നിൽ പരമ്പരാഗത വേഷത്തിൽ ഉറഞ്ഞുതുള്ളുകയും വലിയ തിരുവത്താഴത്തിന് അരി അളക്കുമ്പോൾ കൊമരത്തച്ഛനോട് തങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളുമൊക്കെ പറയും. മറുപടി കേട്ട് ഭസ്മവും വാങ്ങി തൃപ്തരായി മടങ്ങുന്ന കാഴ്ചയും ഊട്ടിന്റെ മറക്കാനാവാത്ത രംഗമാണ്.

വില്ലാളിവീരനായ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച ഭൂമിയാണ് പയ്യാവൂരെന്നാണ് ഐതിഹ്യം. കിരാതമൂർത്തിയായാണ് പരമശിവനെ ഇവിടെ ആരാധിക്കുന്നത്. കിരാതമൂർത്തിക്ക് പയ്യാവൂരുൾപ്പെടെ അഞ്ച് സ്ഥാനങ്ങളാണുള്ളത്. വയത്തൂർ, കല്യാട്, മേലൂർ കല്ലായി എന്നിവിടങ്ങളിലാണ് മറ്റു നാല് സ്ഥാനങ്ങൾ. ഈ അഞ്ചു സ്ഥാനങ്ങളിലേക്കും കൊമരത്തച്ചനെ നിശ്ചയിക്കുന്നത് പയ്യാവൂർ ക്ഷേത്രത്തിൽനിന്നാണ്. സ്വയംഭൂവായ കിരാതമൂർത്തിയാണ് പയ്യാവൂരിൽ. ശ്രീകോവിലിന്റെ മുകൾഭാഗം എന്നും തുറന്നുകിടക്കും. മഴയും വെയിലും മഞ്ഞുമെല്ലാം സ്വയംഭൂവിൽ വീഴണമെന്ന നിലയിലാണ് ശ്രീകോവിൽ നിർമ്മാണം. ഉപദേവനായി പടിഞ്ഞാറെ നടയ്ക്ക് സമീപം ശാസ്താവുണ്ട്. ബലിബിംബം പ്രതിഷ്ഠയായുള്ള താഴത്തമ്പലവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP