Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ കൊറോണ ബാധ നിയന്ത്രണാതീതം; വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിൽ; രോഗികളെ പരിശോധിക്കാനായി നിയോഗിച്ചത് 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘം; ഡോക്ടറെ കാണാൻ കുറഞ്ഞത് ഒരാൾ കാത്തു നിൽക്കേണ്ടി വരുന്നത് അഞ്ച് മണിക്കൂറോളം; മറ്റിടങ്ങളിലേക്കുള്ള രോഗബാധ തടയാൻ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നതും തടഞ്ഞ് ചൈനീസ് ഭരണകൂടം; പുറത്തേക്ക് പോകാൻ വാഹനങ്ങളുമായി ഇറങ്ങിയവരെ ബാരിക്കേഡ് വെച്ച് തടയുന്നു; 110 ലക്ഷം ജനങ്ങൾ വസിക്കുന്ന പ്രേതനഗരമായി വുഹാൻ

ചൈനയിൽ കൊറോണ ബാധ നിയന്ത്രണാതീതം; വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിൽ; രോഗികളെ പരിശോധിക്കാനായി നിയോഗിച്ചത് 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘം; ഡോക്ടറെ കാണാൻ കുറഞ്ഞത് ഒരാൾ കാത്തു നിൽക്കേണ്ടി വരുന്നത് അഞ്ച് മണിക്കൂറോളം; മറ്റിടങ്ങളിലേക്കുള്ള രോഗബാധ തടയാൻ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നതും തടഞ്ഞ് ചൈനീസ് ഭരണകൂടം; പുറത്തേക്ക് പോകാൻ വാഹനങ്ങളുമായി ഇറങ്ങിയവരെ ബാരിക്കേഡ് വെച്ച് തടയുന്നു;  110 ലക്ഷം ജനങ്ങൾ വസിക്കുന്ന പ്രേതനഗരമായി വുഹാൻ

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നുന്ന അവസ്ഥയാണുള്ളത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയയെങ്കിലും രോഗത്തിന്റെ വ്യാപ്തി അതിലും ഭയനാകമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 1975 പേർ ചികിൽസയിലാണെങ്കിലും ഇതിന്റെ പതിന്മാടങ്ങാണ് യഥാർത്ഥ സ്ഥിതിയെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥിതി ആശങ്കാജനകമാണെന്ന് അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പ്രസിഡന്റ് ഷി ചിൻ പിങ് വ്യക്തമാക്കിയത്. രോഗം തടയാൻ തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ വ്യാഴാഴ്ചമുതൽ ഗതാഗതം നരോധിച്ചിരിക്കുകയാണ്. ഒരുകോടിയിലധികം പേർ ഇവിടെ കുടുങ്ങിക്കടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വൈറസ് ബാധയേറ്റവരെ ചികിൽസിക്കാനായി കൂടുതൽ ആശുപത്രികളും തുറന്നു. അതിനിടെ ഹോങ്കോങിലും അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ശരിക്കുമൊരു പ്രേതനഗരത്തിന്റെ അവസ്ഥിലാണ് വുഹാന്റെ അവസ്ഥ.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണ് ഇന്നലെ രോഗികളെ പരിശോധിക്കിനായി ഇവിടെ നിയോഗിച്ചത്. ഇന്നലെ ആശുപത്രികളിലും മറ്റും നീണ്ട ക്യൂവാണ് ഉണ്ടായത്. വുഹാൻ സിറ്റിയിൽ നിന്നും പുറത്തേക്ക് കടക്കാൻ കാറുകളുടെയും മറ്റും നീണ്ട നിര കാണാമായിരുന്നു. മാസ്‌കുകൾ അണിഞ്ഞആണ് ജനം പുറത്തേക്ക് ഇറങ്ങുന്നത്.അതേസമയം ഇവിടുത്തെ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നത് ഭരണ കൂടം തടഞ്ഞിരിക്കുകയാണ്.110 ലക്ഷം ജനങ്ങളാണ് വുഹാൻ സിറ്റിയിൽ താമസിക്കുന്നത്. 2000 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 56 പേർ കൊറോണ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.

ഡോക്ടറെ കാണാനായി ഒരു ആശുപത്രിക്ക് മുന്നിൽ കാത്തു നിന്ന ജനങ്ങൾ അക്ഷമരാകുകയും വഴക്കിലേക്ക് നീളുകയും ചെയ്തു. ഒരു ഡോക്ടറെ കാണാൻ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയാണ് ഉള്ളത്. രണ്ട് ദിവസമായി ആശുപത്രികളിൽ ക്യൂ നില്ഡക്കുന്നവർ വരെയുള്ളതായി 30കാരനായ ഒരാൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭർത്താവിനെ ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൊറോണ വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കൊണ്ടോടുകയാണെന്ന് പറയുന്നു. തനിക്ക് ഒരു മാസ്‌ക് പോലും ഇല്ലെന്നും സുരക്ഷാ വസ്ത്രങ്ങളും ഇല്ല. ഒരു റെയിൻ കോട്ടുമിട്ട് മഴയത്ത് ആശുപത്രിയുടെ മുന്നിൽ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണെന്നും സിയോമി എന്ന യുവതി പറയുന്നു.

കിലോമീറ്ററുകൾ അകലെ വരെ റോഡിൽ കാറുകളും മറ്റും ഒന്ന് അനങ്ങാൻ പോലും ആവാത്ത അവസ്ഥയിൽ കിടക്കുന്നത് കാണാം. വുഹാൻ സിറ്റിക്ക് പുറത്തേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ പൊലീസ് ബാരിക്കേഡുകളും ഉപയോഗിച്ച് പുറത്തേക്കുള്ള വഴി തടഞ്ഞിരിക്കുകയാണ്. ആർക്കും സിറ്റി വിട്ട് പുറത്തേക്ക് പോകാനാവില്ലെന്നും പൊലീസ് പറയുന്നുണ്ട്. സാർസ് എബോള പോലുള്ള രോഗങ്ങൾ പൊട്ടി പുറപ്പെട്ട സമയത്ത് ചികിത്സ നടത്തിയ ഡോക്ടർമാരാണ് വെള്ളിയാഴ്ച ഇവിടെ എത്തിയ മെഡിക്കൽ ടീം. അസുഖം ബാധിച്ച രോഗികളെയും പേടിച്ചരണ്ട നാട്ടുകാരും ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാൽ കിടത്തി ചികിത്സയ്ക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് ലണ്ടൻ നഗരത്തോളം വിസ്തൃതിയുള്ള, വാഷിങ്ടൺ ഡിസിയുടെ ഏകദേശം പത്തിരട്ടി വലിപ്പമുള്ള വുഹാനിൽ അധിവസിക്കുന്നത്. ചൈനയിലെഏറ്റവും വലിയ ഏഴാമത്തെ നഗരമാണിത്, ലോകത്തിലെ നാല്പത്തി രണ്ടാമത്തേതും. ചൈനയിൽ സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന ഒരു പ്രധാന വേദി കൂടിയാണ് വുഹാൻ. 2019 -ലെ ബാസ്‌കറ്റ്ബാൾ വേൾഡ് കപ്പ് മത്സരങ്ങൾ അർജന്റീന-നൈജീരിയ മത്സരം അടക്കമുള്ളവ ഇവിടെ വച്ചാണ് നടന്നത്.

ചൈനയുടെ ഏകദേശം മധ്യഭാഗത്തായി വരും വുഹാൻ. ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വുഹാൻ. ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1927 മുതലാണ് ഈ നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വുചാങ്, ഹാൻകൗ, ഹാൻയാങ് എന്നീ ഉപനഗരനാമങ്ങൾ ചേർത്താണ് വുഹാൻ എന്ന പേരുണ്ടാക്കിയത്.

1920 -കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനവും വുഹാൻ ആയിരുന്നു. ഡസൻ കണക്കിന് ഹൈവേകളും റെയിൽ ട്രാക്കുകളും കടന്നു പോകുന്ന വുഹാൻ അതിന്റെ വ്യാപാര പ്രാധാന്യം കാരണം 'ചൈനയിലെ ഷിക്കാഗോ' എന്നാണ് അറിയപ്പെട്ടിരുന്നത്. യാങ്ത്സി നദിയുടെ തീരത്തായിട്ടാണ് ഈ നഗരം കെട്ടിപ്പടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ലണ്ടൻ, ദുബായ്, പാരീസ് തുടങ്ങി ഒട്ടുമിക്ക നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാനങ്ങളുണ്ട്.

ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബവ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാൻ. നിരവധി ഇൻഡസ്ട്രിയൽ സോണുകളുണ്ടിവിടെ. 5 ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 230 കമ്പനികൾക്ക് ഇവിടെ നിക്ഷേപങ്ങളുണ്ട്. 2 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള വുഹാനിൽ ഏകദേശം ഏഴുലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊറോണ വൈറസ് ഉടലെടുത്തത് ഇവിടത്തെ ഒരു ലോക്കൽ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് എങ്കിലും, ഈ നഗരത്തിലെ ജാനബാഹുല്യമാണ് ഈ അസുഖത്തെ ഇത്രകണ്ട് വ്യാപിക്കാൻ ഇടയാക്കിയത്. ഒരു ദിവസം വുഹാനിൽ നിന്ന് വിമാനം കയറി പോയി വരുന്നത് 30,000 ലധികം പേരാണ്. ട്രെയിനുകളും ബസുകളും വഴി വന്നുപോകുന്നവരുടെ എണ്ണം കണ്ടുപിടിക്കുക പ്രയാസമാകും.

കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് അസുഖത്തെത്തുടർന്ന് വുഹാനിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അത് വുഹാൻ നഗരത്തിന്റെ അവധിക്കാലവ്യാപാരത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ചൈനീസ് കലണ്ടർ പ്രകാരം ഒഴിവുകാലം അടുത്തിരിക്കുകയാണ്. വുഹാൻ നഗരത്തിന്റെ വലിപ്പം, അതിൽ താമസമുള്ള ജനങ്ങളുടെ എണ്ണം, ഒപ്പം അവിടത്തെ സാമ്പത്തികഇടപാടുകളുടെ ബാഹുല്യം - ഇത്രയുമാണ് ഈ മാരകവ്യാധി ഇത്രവലിയ തോതിൽ പടർന്നു പിടിക്കാനുള്ള ഒരു കാരണം. ചുരുക്കിപ്പറഞ്ഞാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വുഹാൻ സന്ദർശിച്ച് മടങ്ങിപ്പോയ ആയിരക്കണക്കിന് പേരിൽ പലരും തിരികെ തങ്ങളുടെ നാട്ടിലേക്ക് പോയത് ഈ വൈറസും ബാധിച്ചുകൊണ്ടാണ്. അവർ അത് നാട്ടിലാകെ പകർന്നു നൽകുകയും ചെയ്തു.

ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോൾ ശാപമായിരിക്കുന്നതും. ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ 'ഹബ്' കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു. എന്നാൽ. പുറത്തേക്കുള്ള ഗതാഗതം അമ്പേ തടഞ്ഞിരിക്കയാണ് ചൈനീസ് അധികൃതർ.

ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്‌സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്ഹായ്, ചോങ്ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭൂരിപക്ഷം വിദേശികളുടെയും സുപ്രധാന പ്രവർത്തന കേന്ദ്രവും വുഹാനാണ്. അതിനു സഹായിക്കുന്നതാകട്ടെ വുഹാൻ രാജ്യാന്തര വിമാനത്താവളവും.

എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തനകേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്‌കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്‌നി, ബാങ്കോക്ക്, മോസ്‌കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് അവിടേക്കു ചൈനയിൽ നിന്നെത്തിയവരിൽ നിന്നാണെന്നതാണ് ഇപ്പോൾ ഈ സുപ്രധാന വിമാനത്താവളവും അടച്ചിടുന്നതിലേക്കു ചൈനയെ നയിച്ചത്. വുഹാനിൽ നിന്നുള്ളവർക്ക് തായ്വാൻ പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.

വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. 'ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ...' ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ ലഭിക്കാത്തതിന്റെ പ്രശ്‌നങ്ങളും ചർച്ചയാകുന്നുണ്ട്. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടയ്ക്കുകയാണ്. എന്നാൽ വിദേശ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളതെല്ലാം സർവകലാശാലതലത്തിൽതന്നെ എത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP