Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ലാൽസലാം എന്നും സഖാവ് എന്നുമൊക്കെ എഴുതി പോസ്റ്റിട്ടാൽ യുഎപിഎ പ്രകാരം അറസ്റ്റിലാവും; ലെനിന്റെ പടം അപ്ലോഡ് ചെയ്താലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാലും മാവോയിസ്റ്റുകൾ തന്നെ; അസമിൽ സിഐഎ വിരുദ്ധ സമരത്തിൽ അറസ്റ്റിലായവർക്ക് എതിരെ യുഎപിഎ ചുമത്താനുള്ള എൻഐഎയുടെ കാരണങ്ങൾ വിചിത്രം; കർഷക നേതാവ് അഖിൽ ഗോഗോയിയെയും കൂട്ടരെയും മാവോയിസ്റ്റാക്കി അഴിക്കുള്ളിലാക്കുന്നു; അസമിലെ കർഷക സമരങ്ങളെ മോദി സർക്കാർ അടിച്ചമർത്തുന്നത് ഇങ്ങനെ

ലാൽസലാം എന്നും സഖാവ് എന്നുമൊക്കെ എഴുതി പോസ്റ്റിട്ടാൽ യുഎപിഎ പ്രകാരം അറസ്റ്റിലാവും; ലെനിന്റെ പടം അപ്ലോഡ് ചെയ്താലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാലും മാവോയിസ്റ്റുകൾ തന്നെ; അസമിൽ സിഐഎ വിരുദ്ധ സമരത്തിൽ അറസ്റ്റിലായവർക്ക് എതിരെ യുഎപിഎ ചുമത്താനുള്ള എൻഐഎയുടെ കാരണങ്ങൾ വിചിത്രം; കർഷക നേതാവ് അഖിൽ ഗോഗോയിയെയും കൂട്ടരെയും മാവോയിസ്റ്റാക്കി അഴിക്കുള്ളിലാക്കുന്നു; അസമിലെ കർഷക സമരങ്ങളെ മോദി സർക്കാർ അടിച്ചമർത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ലാൽസലാം', എന്നോ 'സഖാവ്' എന്നോ സോഷ്യൽ മീഡിയയിൽ എഴുതുന്നത് യുഎപിഎ പ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണോ? കേരളത്തിൽനിന്ന് നോക്കുമ്പോൾ നാം അന്തംവിട്ടപോകുന്ന ഭരണകൂട ഭീകരതയുടെ വാർത്തകളാണ് അസമിൽ നിന്ന് പുറത്തുവരുന്നത്. അസമിലെ കർഷക നേതാവും ആക്റ്റീവിസ്റ്റും കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) സ്ഥപകനുമായ അഖിൽ ഗോഗോയിയുടെ സഹായി ബിട്ടു സോനോവാളിനെതിരായ കുറ്റപത്രത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇയാളെ പടികൂടാൻ കാരണമായി പറഞ്ഞിരക്കുന്നത് ചില സുഹൃത്തുക്കളെ 'സഖാവ്' എന്ന് പരാമർശിച്ചതായും 'ലാൽസലാം' പോലുള്ള വാക്കുകൾ ഉപയോഗിച്ചതായുമാണ്.

അതുപോലെ തന്നെ ലെനിന്റെ ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ ഇദ്ദേഹം അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതെല്ലാമാണത്രേ മാവോയിസ്റ്റ് ആണെന്ന് സംശയിക്കാനുള്ള കാരണങ്ങൾ. എൻഐഎയുടെ കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങളുടെ കോപ്പി സഹിതം ഔട്ട്ലുക്ക് പുറത്ത് വിട്ട വാർത്തയെചൊല്ലി സോഷ്യൽ മീഡിയയിലും വൻ വിവാദങ്ങൾ ഉയരുകയാണ്. നിരപരാധികളായ കർഷക സമരക്കാരെ മാവോയിസ്റ്റുകളാക്കി യുപപിഎയിൽ കുടക്കാനുള്ള നീക്കം വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

എൻഐഎ ഈ വർഷം ആദ്യം സോനോവാളിനെയും ഗോഗോയിയുടെ മറ്റ് രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിരുന്നു. മെയ് 29 ന് സമർപ്പിച്ച കുറ്റപത്രത്തിൽ, 'ദ കാപ്പിറ്റലിസ്റ്റ് വിൽ സെൽ അസ് ദ റോപ്പ് വിച്ച് വി ഹാങ്് ദെം' എന്ന ലെനിന്റെ ഒരു ഫോട്ടോ സോനോവൽ അപ്ലോഡ് ചെയ്തതായും പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ അസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) വൻ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചപ്പോഴാണ് ഗോഗോയി അറസ്റ്റിലായത്.ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 120 ബി, 253 എ, 153 ബി, യുഎപിഎയുടെ 18, 39 വകുപ്പുകൾ പ്രകാരം എൻഐഎ കേസുമായി ബന്ധപ്പെട്ട് (13/2019) 2019 ഡിസംബർ 16 മുതൽ ഗോഗോയ് തടങ്കലിലാണ്.

എൻഐഎ സമർപ്പിച്ച 40 പേജുള്ള കുറ്റപത്രത്തിൽ തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങളൊന്നും തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് കൃഷിക്കാരുടെ സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി ചൂണ്ടിക്കാട്ടി.കുറ്റപത്രത്തെ പരാമർശിച്ച് കെഎംഎസ്എസ് പ്രസിഡന്റ് ഭാസ്‌കോ സൈകിയ ഇങ്ങനെ പറയുന്നു.' അന്വേഷണ ഏജൻസി കെഎംഎസ്എസ് നേതാക്കളെ മാവോയിസ്റ്റുകളായി മുദ്രകുത്താൻ ശ്രമിക്കുകയാണ്. വിപണിയിൽ പരസ്യമായി ലഭ്യമാകുന്ന പുസ്തകങ്ങൾ വായിക്കുന്നത് ഒരു മാവോയിസ്റ്റാണെന്നതിന്റെ തെളിവായിരിക്കില്ല'- അദ്ദേഹം പറഞ്ഞു.

അഖിൽ ഗോഗോയ് ഒരു മാവോയിസ്റ്റാണെന്ന് സ്ഥാപിക്കാൻ എൻഐഎ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്ക് വ്യക്തമായ തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. മാവോയിസത്തെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു. 'സോഷ്യലിസത്തിന് ഒരു ആമുഖം', 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' തുടങ്ങിയ പുസ്തകങ്ങൾ എൻഐഎ പിടിച്ചെടുത്തിരുന്നു. ഈ പുസ്തകങ്ങൾ പൊതു മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ്. ഇത് പരിഹാസ്യമാണ്'- സൈകിയ പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തിൽ കെഎംഎസ്എസ് നേതാക്കൾക്ക് പങ്കുണ്ടെന്നും അത് മാവോയിസ്റ്റ് ആക്രമണത്തിന് സമാനമാണെന്നും എൻഐഎ പറയുന്നു. പക്ഷേ ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല. ഇവ വ്യാജ്യമാണ് -സൈകിയ കൂട്ടിച്ചേർത്തു.

ഡിസംബർ 12 ന് ഗുവാഹത്തിയിൽ സിഎഎ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായപ്പോൾ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനുശേഷം, ജാമ്യം അനുവദിച്ചിട്ടും അദ്ദേഹത്തെ വിട്ടയച്ചിട്ടില്ല. പകരം അദ്ദേഹത്തിനെതിരെ പുതിയ കേസുകൾ ചുമത്തുകയാണ്. മോദി സർക്കാറിനെ വിമർശിക്കുന്നതുകൊണ്ടും കർഷകർക്കുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തുന്നതുകൊണ്ടും ഇവരെ മാവോയിസ്റ്റാക്കി ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ഒരാൾ മവോയിസ്റ്റ് ആശയത്തിൽ വിശ്വസിക്കുകയാണെങ്കിലും അക്രമത്തിലൊന്നും പങ്കെടുക്കാത്തിടത്തോളം അയാൾക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയില്ലെന്ന് സുംപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പുസ്തകം വായിച്ചതിന്റെയും മുദ്രാവാക്യം എഴുതിയതിന്റെയും പേരിൽ അസമിൽ ആളുകളെ അറസ്റ്റ് ചെയ്യുന്നത്.

അഖിൽ ഗോഗോയ് എന്ന തീപ്പൊരി

ഇന്ന് മോദി സർക്കാറിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഭീഷണിയായ നേതാവാണ് അഖിൽ ഗൊഗോയി എന്ന തീപ്പൊരി നേതാവ്. കർഷക നേതാവും വിവരാവകാശ പ്രവർത്തകനുമായ അഖിൽ ഗോഗോയ് അസം കേന്ദ്രമായി പ്രവർത്തിക്കുന്ന 'കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) സ്ഥപകനും സെക്രട്ടറിയുമാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ് അഖിൽ ഗോഗോയ് മുഖ്യധാരയിലേക്ക് വരുന്നത്. 2005ലാണ് കെഎംഎസ്എസ് സ്ഥാപിക്കുന്നത്.

പൊതുവിതരണ സംവിധാനത്തിലേയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെയും ക്രമക്കേടുകൾ, ഭൂവകാശം, വിവിധ അഴിമതികൾ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ കെഎംഎസ്എസ് വലിയ പങ്കുവഹിച്ചു. തയ അഖിൽ ഗോഗോയ്ക്ക് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇടയിൽ വലിയ സ്വാധീനമുണ്ടാക്കാനായി. കർഷക പ്രശ്‌നങ്ങളിലും അഴിമതി വിഷയങ്ങളിലുമുള്ള ഇടപെടലുകൾ സർക്കാരുകൾക്ക് പതിവ് തലവേദനയായി.

കെഎംഎസ്എസിന്റെ വർദ്ധിച്ചുവരുന്ന ജനപിന്തുണ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ അലട്ടി. 2010ൽ അഖിൽ ഗോഗോയ് മാവോയിസ്റ്റാണെന്ന് ആരോപിക്കുന്ന അസം സർക്കാരിന്റെ രഹസ്യ രേഖ വാർത്തകളിൽ വന്നിരുന്നു. താൻ മാവോയിസ്റ്റാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ് അഖിൽ ഗോഗോയ് ചെയ്തത്.

'ഞാനൊരു മാർക്‌സിസ്റ്റാണ്, ഞാൻ സാമൂഹിക മാറ്റത്തിൽ വിശ്വസിക്കുന്നു. പക്ഷെ ഞാൻ മാവോയിസ്റ്റല്ല. അവർ ജനകീയ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. ജനങ്ങളെ അണിനിരത്തിക്കൊണ്ട് സമൂലമായ മാറ്റം കൊണ്ടുവരാനാണ് കെഎംഎസ്എസ് ശ്രമിക്കുന്നത്. എന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് കെഎംഎസ്എസിന്റെ വളർച്ചയിൽ വിളറിപൂണ്ട സർക്കാരാണ്,' എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ ഗോഗോയ് പറഞ്ഞു. അസം സർക്കാരിന് കേസ് പകുതിക്ക് അവസാനിപ്പിക്കേണ്ടിവന്നു.

പക ശക്താക്കിയത് സിഎഎ സമരം

വടക്ക് കിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് അസമിൽ ഏറെ ജനപിന്തുണയുള്ള നേതാവാണ് അഖിൽ ഗോഗോയ്. സ്വദേശീയരായ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന നേതാവ് പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നിയമഭേദഗതിയെ തുടർന്ന് സംഘർഷഭരിതമായ അസമിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ അഖിൽ ഗോഗോയുടെ പങ്ക് നിർണായകമായി.സിഎഎ സമരത്തിൽ അറസ്റ്റിലായ അഖിൽ ഗോഗോയി എൻഐഎയുടെ പ്രത്യേക കോടതിയിലെത്തുമ്പോൾ ഏറെ അവശനായി കാണപ്പെട്ടു. 'എന്നെ ഭീകരമായാണ് പീഡിപ്പിച്ചത്. അസമിലെ ജനങ്ങൾ നീതിക്ക് വേണ്ടി പോരാടണം. ഈ മുന്നേറ്റത്തെ തടുക്കാനുള്ള ഗൂഢാലോചനയാണിത്,' ശക്തമായ പൊലീസ് അകമ്പടിയിലുണ്ടായിരുന്ന ഗോഗോയ് കോടതിവളപ്പിലെത്തിയ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.

അഖിൽ ഗോഗോയുടെ അറസ്റ്റിനെ തുടർന്ന് അസമിൽ ശക്തമായ പ്രതികരണമാണ് ഉണ്ടായിരുന്നത്. സിപിഐ, സിപിഎം, ആർസിപിഐ തുടങ്ങിയ ഇടതുപാർട്ടികൾ പ്രതിഷേധമറിയിച്ചു. അഖിൽ ഗോഗോയിയെ വിടണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. അഖിൽ ഗോഗോയിക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ മവോയിസ്റ്റാക്കി ഇദ്ദേഹത്തെ പൂട്ടണമെന്ന കേന്ദ്രത്തിന്റെ വാശിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

'ആർഎസ്എസ്സിനും ബിജെപിക്കും ബംഗ്ലാദേശിൽ നിന്നുമുള്ള ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണം. ഇത് ഭരണഘടനാപരമായ വ്യവസ്ഥകളെ തകിടംമറിക്കുന്നത് മാത്രമല്ല. അസാമീസ് സംസാരിക്കുന്ന ജനവിഭാഗങ്ങളെ ന്യൂനപക്ഷമാക്കി മാറ്റുക കൂടി ചെയ്യുന്ന നയമാണ്.' അഖിൽ ഗോഗോയി പറഞ്ഞു.''ബിജെപി അധികാരത്തിൽ വന്നത് മുതൽ ഈ രാജ്യത്ത് ജനാധിപത്യമില്ല. അസമിൽ ഹിതേശ്വർ സൈകിയും പ്രഫുല്ല കുമാർ മഹന്തയും ഭരിക്കുമ്പോൾ ഉണ്ടായിരുന്നതിലും മോശം സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. സർക്കാർ ഒരുതരത്തിലുള്ള വിമർശനങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും അനുവദിക്കുന്നില്ല. ' -ഗോൾപര ജില്ലാ ജയിലിൽ നിന്നും മോചിതനായ ഉടനെ മാധ്യമങ്ങളെ കണ്ട ഗോഗോയി ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP