Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നീതി നിഷേധത്തിനെതിരെ അണയാത്ത പ്രതിഷേധം! ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിൽ; മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞ് താരങ്ങൾ; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത തീരുമാനം; തടയാൻ നിർദ്ദേശമില്ലെന്ന് പൊലീസ്

നീതി നിഷേധത്തിനെതിരെ അണയാത്ത പ്രതിഷേധം! ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിൽ; മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞ് താരങ്ങൾ; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത തീരുമാനം; തടയാൻ നിർദ്ദേശമില്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച് ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ നിൽക്കുന്നത്.

പ്രതിഷേധസമരം തുടരുന്ന ഗുസ്തിതാരങ്ങൾ രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിൽ നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളെ തടയില്ലെന്ന് ഹരിദ്വാർ പൊലീസ് വ്യക്തമാക്കി. ഹരിദ്വാറിൽ പ്രവേശിക്കുന്നതിനോ മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കുന്നതിനോ ഗുസ്തി താരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളെ തടയണമെന്നുള്ള നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

സ്വർണം, വെള്ളി, ചിതാഭസ്തം തുടങ്ങിയവ ഭക്തർ ഗംഗയിൽ നിമജ്ജനം ചെയ്യാറുണ്ടെന്നും ഗുസ്തി താരങ്ങൾക്ക് അവരുടെ മെഡലുകൾ അത്തരത്തിൽ ഒഴുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവരത് ചെയ്യട്ടെയെന്നും എസ്‌പി പറഞ്ഞു. ഗംഗ ദസറയുടെ സമയത്ത് 15 ലക്ഷത്തോളം തീർത്ഥാടകർ ഗംഗയിൽ പുണ്യസ്നാനത്തിനെത്താറുണ്ടെന്നും ഗുസ്തി താരങ്ങളേയും അതിനായി സ്വാഗതം ചെയ്യുന്നതായും സിങ് പറഞ്ഞു.

ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ പ്രതിഷേധം ഉയർത്തിയ ഗുസ്തി താരങ്ങളെ പൊലീസ് ഇടപെട്ട് തടഞ്ഞതോടെയാണ് കടുത്ത തീരുമാനം മെഡൽ ഗംഗാ നദിയിൽ നിമജ്ജനം ചെയ്യാൻ തീരുമാനം എടുത്തത്. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്.

''ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറിൽവച്ച് ഞങ്ങളുടെ മെഡലുകൾ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും'' എന്നാണ് ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങൾ പറഞ്ഞു.

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എംപി കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും.

ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാർച്ച് നടത്തിയ ഗുസ്തി താരങ്ങളിൽ പലരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകൾ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകർക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.

ലക്ഷക്കണക്കിന് തീർത്ഥാടകർ സമ്മേളിക്കുന്ന ഗംഗാ സപ്തമി ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളിലാണെന്നും ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തുന്ന കാര്യം തങ്ങളെ ആറും അറിയിച്ചിട്ടില്ലെന്നും ഗംഗസ്സഭ പ്രസിഡന്റ് നിതിൻ ഗൗതം പറഞ്ഞു. രാജ്യത്തെ പ്രമുഖതാരങ്ങൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത മെഡലുകൾ ഗംഗയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത് നമ്മുടെ ജനാധിപത്യവ്യവസ്ഥിതിക്ക് അശുഭകരമാണെന്ന് ഹരിദ്വാറിലെ രാധേ ശ്യാം ആശ്രമത്തിലെ സത്പാൽ ബ്രഹ്‌മചാരി അഭിപ്രായപ്പെട്ടു.

ഗുസ്തി താരങ്ങൾ ഒരുതരത്തിലുള്ള നിയമലംഘനത്തിന് മുതിരരുതെന്നും മാധ്യമശ്രദ്ധയാകർഷിക്കുന്ന പരിപാടിയായി തങ്ങളുടെ സമരത്തെ മാറ്റാതെ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും തീർത്ഥ് മര്യാദ രക്ഷാസമിതി കൺവീനർ സജ്ഞയ് ചോപ്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP