Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് ബാരിക്കേഡുകൾ ചാടിക്കടന്ന് ദേശീയപതാകയുമായി ഗുസ്തിതാരങ്ങളുടെ പാർലമെന്റ് മാർച്ച്; സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി; പൊലീസ് മർദിച്ചെന്ന് സാക്ഷി മാലിക്ക്; ഡൽഹിയിൽ സംഘർഷാവസ്ഥ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സമരക്കാർ; പിന്തുണയുമായി കർഷക സംഘടനകൾ

പൊലീസ് ബാരിക്കേഡുകൾ ചാടിക്കടന്ന് ദേശീയപതാകയുമായി ഗുസ്തിതാരങ്ങളുടെ പാർലമെന്റ് മാർച്ച്; സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി; പൊലീസ് മർദിച്ചെന്ന് സാക്ഷി മാലിക്ക്; ഡൽഹിയിൽ സംഘർഷാവസ്ഥ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സമരക്കാർ; പിന്തുണയുമായി കർഷക സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിച്ചു. ജന്തർ മന്തറിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്നാണ് ഗുസ്തി താരങ്ങൾ മുന്നോട്ട് പോയത്. വലിയ പൊലീസ് നിര ഇവരെ തടയാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങൾ ദേശീയ പതാകയുമേന്തി പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.

സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാൻ ശ്രമം നടന്നു. സംഘർഷം ഉടലെടുത്തതോടെ ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

സാക്ഷി മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. വിനയ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. പൊലീസ് മർദിച്ചതായി സാക്ഷി മാലിക്ക് ആരോപിച്ചു. ഇതേതുടർന്ന് ഗുസ്തി താരങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജന്തർമന്തറിൽനിന്ന് പുറത്തേക്ക് കടത്തിവിടാത്ത തരത്തിലായിരുന്നു പൊലീസ്.

ലൈംഗിക അതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാലും ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പൊലീസ് അനുവദിച്ചില്ലെങ്കിൽ പൊലീസ് തടയുന്നിടത്ത് വെച്ച് മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ഡൽഹിയിലെ ഈ മേഖലയിൽ വലിയ സംഘർഷാവസ്ഥ ഉടലെടുത്തതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വിനേഷ് ഫൊഗട്ടും, ബജ്‌റംഗം പൂനിയയും സാക്ഷി മാലിക്കും മുന്നിൽ നിന്നാണ് മാർച്ച് നയിച്ചത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരക്കാർക്ക് പിന്തുണയുമായി കർഷക സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

സമരം മുന്നോട്ട് പോകാതിരിക്കാൻ റോഡിൽ മൂന്നിടത്തായി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ആദ്യത്തെ രണ്ട് ബാരിക്കേഡുകളും മറികടന്ന താരങ്ങൾ മൂന്നാമത്തെ ബാരിക്കേഡിന് അടുത്തേക്ക് എത്തിയപ്പോഴേക്കും സമരക്കാരെ പൊലീസ് വളഞ്ഞു. പിന്നാലെ സാക്ഷി മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സാക്ഷി മാലിക്കിനെ കൈയേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി.

ബ്രിജ് ഭൂഷണന്റെ വസതിക്ക് മുന്നിലും വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതിന്റെ തൊട്ടടുത്താണ് ഈ വീട്. അതിനാലാണ് ഇവിടെ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ഡൽഹി പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷൽ കമ്മീഷണർ സമരക്കാരുമായി സംസാരിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്.

ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ഡൽഹി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.

എന്ത് വില കൊടുത്തും മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. പൊലീസ് നിഷ്‌ക്രിയമാണെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് സമരം. രാവിലെ മുതൽ ഡൽഹി നഗരത്തിൽ കനത്ത പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സമരം മുന്നോട്ട് പോകുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് പ്രതിഷേധം ഉയർത്തുമെന്ന് ഗുസ്തി താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഡൽഹിയിൽ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ആത്മാഭിമാനത്തിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അവർ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. എന്നാൽ, ഇതിനൊപ്പം തന്നെ ജനാധിപത്യത്തെ കൊല്ലുകയാണ് അവർ ചെയ്യുന്നത്. കസ്റ്റഡിയിലെടുത്ത തങ്ങളുടെ അനുയായികളെ ഉടൻ വിട്ടയക്കണമെന്നും പൂനിയ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ ഖാപ്പ് പഞ്ചായത്ത് നടത്താനായി ഡൽഹിയിലേക്ക് മാർച്ച് നടത്തിയ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയെ അമ്പാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഗുസ്തി താരങ്ങൾക്ക് വേണ്ടി നടത്തുന്ന വനിതാ ഖാപ്പ് പഞ്ചായത്തിൽ പങ്കെടുക്കാൻ അമൃത്സറിൽ നിന്നാണ് കർഷക സംഘം യാത്ര തുടങ്ങിയത്.

ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിങ് ചരുണി ഉൾപ്പെടെ നിരവധി കർഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4.45 ഓടെയാണ് സംഭവം. ഇവരുടെ സംഘത്തിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രദേശം പൊലീസ് വളഞ്ഞതിനാൽ ഇവർ ദേശീയപാത 44 ലെ മാൻജി സാഹിബ് ഗുരുദ്വാരയിൽ രാത്രി തങ്ങുകയായിരുന്നു.

തുടർന്ന് പൊലീസ് ഗുരുദ്വാരയുടെ പ്രവേശനകവാടങ്ങളെല്ലാം അടച്ചുപൂട്ടി. സംഘത്തെ പോകാൻ അനുവദിക്കുകയോ പ്രതിഷേധം നേരിടുകയോ ചെയ്യണമെന്ന് സർക്കാറിന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ സമരം നടത്തുന്നത്.

ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽനിന്നുള്ള വനിതകളാണ് ഖാപ് പഞ്ചായത്തിനായി ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചത്. ജന്തർമന്തറിൽനിന്ന് 11.30ന് പാർലമെന്റിലേക്ക് മാർച്ചായി പുറപ്പെടാനായിരുന്നു തീരുമാനം. ഇതോടൊപ്പം ഡൽഹിയുടെ അതിർത്തികളിൽനിന്ന് കർഷകരടക്കമുള്ള സംഘം പാർലമെന്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP