Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിജ് ഭൂഷൺ സിങ്ങിന് എതിരായ പ്രായപൂർത്തിയാകാത്ത താരത്തിന്റെ മൊഴിമാറ്റം സമ്മർദ്ദം താങ്ങാൻ കഴിയാതെ; നിരന്തരം ഫോൺ വിളിയും ഭീഷണിയും; കേസ് ഒത്തുതീർപ്പാക്കാൻ തങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് തുറന്നടിച്ച് സാക്ഷി മാലിക്കും, ബജ്‌റംഗ് പൂനിയയും; സിങ്ങിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾക്ക് കേസിൽ നീതി കിട്ടില്ലെന്നും ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷൺ സിങ്ങിന് എതിരായ പ്രായപൂർത്തിയാകാത്ത താരത്തിന്റെ മൊഴിമാറ്റം സമ്മർദ്ദം താങ്ങാൻ കഴിയാതെ; നിരന്തരം ഫോൺ വിളിയും ഭീഷണിയും; കേസ് ഒത്തുതീർപ്പാക്കാൻ തങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് തുറന്നടിച്ച് സാക്ഷി മാലിക്കും, ബജ്‌റംഗ് പൂനിയയും;  സിങ്ങിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾക്ക് കേസിൽ നീതി കിട്ടില്ലെന്നും ഗുസ്തി താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനും, ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരെ ലൈംഗിക പീഡനം ആരോപിച്ച പ്രായപൂർത്തിയാകാത്ത വനിതാ താരം മൊഴി മാറ്റിയത് സമ്മർദ്ദം താങ്ങാൻ കഴിയാതെ. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ, തങ്ങളുടെ മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഒളിമ്പ്യൻ സാക്ഷി മാലിക് എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ബ്രിജ് ഭൂഷൺ സിങ് തന്റെ കൂട്ടാളികളെ ഉപയോഗിച്ച് ഗുസ്തി താരങ്ങളെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ആണെന്ന് സാക്ഷി പറഞ്ഞു. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് കടുത്ത വിഷാദത്തിലാണെന്ന് സാക്ഷിയും, ബജ്‌റംഗ് പൂനിയയും പറഞ്ഞു.

ആരോപണം ഉന്നയിച്ച നാൾ മുതൽ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നത്, അദ്ദേഹത്തിന് അന്വേഷണം അട്ടിമറിക്കാൻ അധികാരവും, സ്വാധീനവും ഉള്ളതുകൊണ്ടാണ്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാതെ ഒരു നിഷ്പക്ഷ അന്വേഷണം സാധ്യമല്ലെന്നും സാക്ഷി പറഞ്ഞു.

ജൂൺ 15 നകം നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ വാഗ്ദാനം നൽകിയിരിക്കുന്നത്. ജൂൺ 15 ന് ശേഷം സമരത്തിന്റെ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മഹാപഞ്ചായത്തിൽ ഇന്നുധാരണയായെന്ന് പൂനിയ അറിയിച്ചു. ബ്രിജ് ഭൂഷൺ ശരണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും പൂനിയ പറഞ്ഞു.

'ഇന്നലെ ബ്രിജ് ഭൂഷൺ റസ്ലിങ് ഫെഡറേഷൻ ഓഫീസിൽ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും പൊലീസ് ഒരു വനിതാ ഗുസ്തി താരത്തെ അവിടേക്ക് കൊണ്ടുപോയി. സിങ് ഓഫീസിൽ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ, ഇല്ലെന്ന് പൊലീസ് നുണ പറഞ്ഞു. അദ്ദേഹം അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവൾ ആകെ ഭയപ്പെട്ടു' , ഈ സംവിധാനം മുഴുവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ രക്ഷിക്കുകയാണെന്നും പൂനിയ ആരോപിച്ചു. ശക്തമായ ഒരു കുറ്റപത്രം ഉണ്ടെങ്കിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാമെന്നും ഗുസ്തി താരങ്ങൾ എൻ ഡി ടിവിയോട് പറഞ്ഞു.

ബ്രിജ്ഭൂഷണെതിരെയുള്ള പരാതി വ്യാജമാണെന്ന മൊഴി മാറ്റം കുടുംബത്തിന് നേരെയുള്ള ഭീഷണികൾ ആവർത്തിക്കുന്നതിനാലാണെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് ഇന്നലെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അടുത്തയാഴ്ചയോടെ പൊലീസിന് അതിന്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പെടെ രാജ്യത്തെ പല മുൻനിര ഗുസ്തിക്കാരും ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ പോരാട്ടം തുടരുകയാണ്.

അതേസമയം, ബ്രിജ് ഭൂഷണെതിരെ രാജ്യാന്തര റഫറി ജഗ്ബീർ സിങ് മൊഴി നൽകി.'ഒരിക്കൽ ബ്രിജ് ഭൂഷൺ വനിതാ ഗുസ്തി താരങ്ങളുടെ സമീപത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്. ഇതോടെ അവർ അസ്വസ്ഥരായി. ഒരു താരം എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹത്തെ തള്ളി മാറ്റിയ ശേഷം അവിടെ നിന്ന് പോയി.',ജഗ്ബീർ സിങ് പറഞ്ഞു. 2007 മുതൽ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീർ സിങ്. വനിതാ ഗുസ്തി താരം ബ്രിജ് ഭൂഷന്റെ അരികിൽ നിൽക്കുകയായിരുന്നു. അതിന് ശേഷമാണ് താരം മുന്നോട്ട് വന്നത്. അവർ അസ്വസ്ഥയായിരുന്നു. ബ്രിജ് ഭൂഷണോട് താരം എങ്ങനെ പ്രതികരിച്ചുവെന്നും ഞാൻ കണ്ടു. ഞാൻ ഫൂക്കേറ്റിലും ലഖ്നൗവിലും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷൺ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്', ജഗ്ബീർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP