Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഓഫീസിലെത്തി ഹാജർ ഒപ്പിട്ട് മിക്ക സർക്കാർ ഉദ്യോഗസ്ഥരും സ്ഥലം വിട്ടു; അത്യാവശ്യ കാര്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ പോലും ഉദ്യോഗസ്ഥരെ കാണാനാവാതെ വലഞ്ഞു; അംഗനവാടികൾ അടക്കം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല; മതിലിനോട് സഹകരിക്കാതിരുന്നവർക്ക് ഭീഷണിയും മർദ്ദനവും; ഗ്രാമങ്ങളിൽ പലയിടങ്ങളിലും മതിൽ പൊട്ടിയപ്പോൾ നഗരങ്ങളിൽ ഒന്നിലേറെ ലെയർ വളർന്നു പന്തലിച്ച മുന്നേറ്റം; വിമർശനവുമായി ശിവഗിരി; വനിതാ മതിൽ ചുരുക്കി പറയുമ്പോൾ

ഓഫീസിലെത്തി ഹാജർ ഒപ്പിട്ട് മിക്ക സർക്കാർ ഉദ്യോഗസ്ഥരും സ്ഥലം വിട്ടു; അത്യാവശ്യ കാര്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ പോലും ഉദ്യോഗസ്ഥരെ കാണാനാവാതെ വലഞ്ഞു; അംഗനവാടികൾ അടക്കം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല; മതിലിനോട് സഹകരിക്കാതിരുന്നവർക്ക് ഭീഷണിയും മർദ്ദനവും; ഗ്രാമങ്ങളിൽ പലയിടങ്ങളിലും മതിൽ പൊട്ടിയപ്പോൾ നഗരങ്ങളിൽ ഒന്നിലേറെ ലെയർ വളർന്നു പന്തലിച്ച മുന്നേറ്റം; വിമർശനവുമായി ശിവഗിരി; വനിതാ മതിൽ ചുരുക്കി പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഫീസ് സമയം ഓണഘോഷം വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി. ഫയലുകളിൽ ഉറങ്ങുന്നത് ജീവനുകളാണെന്ന് ഓർമ്മിപ്പിച്ച പിണറായി വിജയൻ. എന്നാൽ ഓഫീസ് സമയത്ത് വനിതാ മതിലിന് വേണ്ടി സർക്കാർ സംവിധാനമെല്ലാം ഉണർന്നു പ്രവർത്തിച്ചു. അങ്ങനെ ജീവനക്കാരെല്ലാം മതിലന് വേണ്ടി തെരുവിൽ നിലയുറപ്പിച്ചപ്പോൾ വലഞ്ഞത് സർക്കാർ ഓഫീസിലെത്തിയ പാവങ്ങളാണ്. ഫലത്തിൽ കേരളത്തിൽ പൊതു അവധി സാഹചര്യം സൃഷ്ടിച്ചാണ് വനിതാ മതിൽ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് മുതൽ തദ്ദേശസ്ഥാപനങ്ങൾ വരെയുള്ള സർക്കാർ സംവിധാനമാണ് വനിതാമതിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സർക്കാർ ഓഫിസുകൾക്ക് അപ്രഖ്യാപിത അവധി. സ്‌കൂളുകൾക്കും അവധി നൽകാൻ പ്രധാനാധ്യാപകർക്ക് അധികാരം നൽകി. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരും കലക്ടർമാരും മതിലിൽ പങ്കാളികളായി.

Stories you may Like

എല്ലാ ജില്ലകളിലും സർക്കാർ സംവിധാനം മതിലിനു വേണ്ടി പൂർണമായി ഉപയോഗപ്പെടുത്തി. മിക്കവാറും വനിതാ ഉദ്യോഗസ്ഥർ ഇതിന്റെ പേരിൽ ഉച്ചയ്ക്കു ശേഷം അവധിയായിരുന്നു. മതിലിന് ജീവനക്കാരെ കൊണ്ടുപോകാൻ സർക്കാർ വാഹനങ്ങൾ ഉപയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളിലും ജീവനക്കാർ കുറവായിരുന്നു. എൽഡിഎഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർക്കും മതിലിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഈ സർക്കാർ ഓഫീസിൽ എല്ലാം ആരുമില്ലാതെയായി. എല്ലാവരും ഓഫീസിൽ വന്ന് ഒപ്പിട്ട് വനിതാ മതിലിന് വേണ്ടി ഓടി നടന്നു. എന്നിട്ടും ഗ്രാമങ്ങളിൽ വനിതാ മതിൽ പൊളിഞ്ഞു. നഗരങ്ങളിൽ പലയിടത്തും മൂന്ന് ലെയറുകളായി വനിതാ മതിൽ മാറി. പക്ഷേ ഇടമുറിയാത്ത മതിൽ എന്ന സ്വപ്‌നം തകർന്നത് സിപിഎമ്മിനും തിരിച്ചടിയായി. ഇതിനൊപ്പമാണ് മതിലിനെത്തിയവരിൽ ബഹുഭൂരിഭാഗം സ്ത്രീകളും ശബരിമല വിഷയത്തിൽ വേറിട്ടൊരു സമീപനമെടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ആചാരത്തെ അനുകൂലിച്ചാണ് ചാനലുകളിൽ ബൈറ്റ് നൽകിയ സ്ത്രീകൾ നിലപാട് എടുത്തത്. ഇതോടെ ശബരിമലയ്ക്ക് വേണ്ടിയായിരുന്നില്ല സ്ത്രീകൾ എത്തിയതെന്നും വ്യക്തമായി.

തൊഴിലുറപ്പുകാരേയും അംഗനവാടി ജീവനക്കാരുയം മതിലിൽ അണിനിരത്താൻ സർക്കാരിനായി. കലക്ടർ ജനറൽ കൺവീനറായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണു ജില്ലകളിൽ ഒരുക്കങ്ങൾ നടന്നത്. പ്രചാരണ പരിപാടികളുടേത് ഉൾപ്പെടെയുള്ള വാർത്താക്കുറിപ്പുകൾ പിആർഡി വഴിയാണു മാധ്യമങ്ങൾക്കു നൽകിയത്. അങ്കണവാടി അദ്ധ്യാപകർക്കും ഹെൽപ്പർമാർക്കും ആശാ വർക്കർമാർക്കും മതിലിൽ പങ്കെടുക്കാൻ കർശന നിർദ്ദേശം നൽകിയിരുന്നു. മിക്ക ജില്ലകളിലും ഭൂരിപക്ഷം സർക്കാർ സ്‌കൂളുകളിലും ഉച്ചയ്ക്കു ശേഷം ക്ലാസ് ഇല്ലായിരുന്നു. കൊല്ലം ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ കൂടി 'ഇടപെടലി'ന്റെ ഫലമായി ഒട്ടേറെ സ്വകാര്യ ബസുകൾ വനിതകളെ നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കാൻ സർവീസിനായി വിട്ടുകൊടുക്കാൻ ബസ് ഉടമകൾ നിർബന്ധിതരായി. അങ്ങനെ എല്ലാ അർത്ഥത്തിലും ഔദ്യോഗിക മതിലാണ് തീർത്തത്. വനിതാമതിലിനു സംരക്ഷണമൊരുക്കാനും ഗതാഗതം നിയന്ത്രിക്കാനുമായി വൻ പൊലീസ് സന്നാഹം ഉപയോഗിച്ചു.

തിരുവനന്തപുരത്തും മതിൽ മുറിഞ്ഞു

തിരുവനന്തപുരത്ത് പോലും മതിൽ മുറിഞ്ഞത് സിപിഎമ്മിന് തീരാ നാണക്കേടായി. മുഖ്യമന്ത്രി നേരിട്ട് ഏകോപിപ്പിച്ചട്ടും തിരുവനന്തപുരത്ത് പോലും മതിൽ മുറിഞ്ഞതിൽ പാർട്ടിയിലും ചർച്ച നടക്കും. ചിലയിടങ്ങളിൽ ഇരട്ട വരിയായും ചിലയിടത്ത് കണ്ണിമുറിഞ്ഞുമാണ് കഴക്കൂട്ടത്തിനും ചെമ്പകമംഗലത്തിനുമിടയിൽ വനിതാമതിൽ ഉയർന്നത്. മംഗലപുരം ജംക്ഷനും പള്ളിപ്പുറത്തിനുമിടയിലാണ് അരകിലോമീറ്ററോളം ശൂന്യമതിലായത്. ഇതിന് സമാനമായി പലയിടത്തും സംഭവിച്ചു. ഇതോടെ വനിതാ മതിൽ കേരളമാകെ മുറിയാതെ ഉയർന്നുവെന്ന വാദവും പൊളിയുകയാണ് ചെയ്തത്. വെട്ടുറോഡുമുതൽ കണിയാപുരം വരെ ഇരട്ടവരിയിലായിമതിൽ ഉയർന്നു. ഗതാഗതക്കുരുക്കിൽ നിശ്ചയിച്ച സമയത്ത് സ്ഥലത്തെത്താൻ കഴിയാത്തവർ വഴിയിൽ ഇറങ്ങിയതോടെയാണ് ഇരട്ടവരികൾ ഉണ്ടായത്. ഇങ്ങനെ സംഘാടനത്തിലെ പാളിച്ചകൾ പലയിടത്തും മതിലിന് തീരാകളങ്കമായി.

കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ ആദ്യ കണ്ണിയായി മന്ത്രി കെ.കെ. ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി പ്രതിമയ്ക്കു മുന്നിലെ വേദിയിൽ അവസാന കണ്ണികളായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയും മതിലിന്റെ ഭാഗമായി. തിരുവനന്തപുരത്ത് മതിലിനു സാക്ഷ്യം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ എത്തി.

മുഖ്യമന്ത്രി, വി എസ്, കോടിയേരി എന്നിവരുടെ പത്‌നിമാർ മതിലിൽ അണിചേർന്നു. 15 മിനിറ്റ് നേരത്തേക്കാണ് മതിൽ രൂപപ്പെട്ടു നിന്നത്. കാസർകോട്ട് മന്ത്രി കെ.കെ. ശൈലജയും തിരുവനന്തപുരത്ത് ഹരിത കേരള മിഷൻ ഉപാധ്യക്ഷ ടി.എൻ. സീമയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്ത് പൊതുസമ്മേളനം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രസംഗിക്കാതെ കേൾവിക്കാരായി.

വനിതാ മതിലിനെതിരെ ശിവഗിരി

ശിവഗിരി തീർത്ഥാടന ദിവസം നവോത്ഥാന മതിൽ ഉയർത്താൻ തീരുമാനിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും. തീർത്ഥാടനത്തിന്റെ സമാപന ദിവസമായ ഇന്നലത്തെ സമ്മേളനങ്ങളിലെ ശുഷ്‌കമായ സദസ്സിനെ കണ്ടപ്പോഴായിരുന്നു ഈ പ്രതികരണം.

ഗുരുദേവനെ സ്റ്റേജുകളിൽ മഹത്വവൽക്കരിക്കുകയും കാര്യം അടുക്കുമ്പോൾ വിദഗ്ധമായി ഒഴിവാക്കുകയും ചെയ്ത ശേഷം നവോത്ഥാന നായകനെന്നൊക്കെ പറയുകയാണെന്നു സ്വാമി സാന്ദ്രാനന്ദ ചൂണ്ടിക്കാട്ടി. നവോത്ഥാനത്തെക്കുറിച്ചു പറഞ്ഞ ഗുരുവിന്റെ മഹത്തായ സങ്കൽപത്തിൽ ഉടലെടുത്ത തീർത്ഥാടന ദിവസം തന്നെ കൃത്യമായി കണക്കു കൂട്ടി മതിൽ പണിയുന്നു. ആട്ടിയോടിക്കപ്പെട്ടവർക്കു വേണ്ടിയാണു ഗുരു തീർത്ഥാടനം വിഭാവനം ചെയ്തത്. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, ഭൂരിഭാഗം പേരും മതിൽ പണിയാൻ പോയി. മതിലല്ല മറിച്ച്, സമത്വസുന്ദര ലോകമാണു കെട്ടിപ്പടുക്കേണ്ടത്. രാഷ്ട്രീയ താൽപര്യങ്ങൾ ഉപയോഗിച്ചു ജനങ്ങളെ അടിച്ചമർത്തണം, തലപൊക്കരുത് എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

ഗുരുദേവൻ കൽപിച്ച തീർത്ഥാടനത്തിലെ മൂന്നാം ദിവസം ജനങ്ങളെ ശിവഗിരിയിൽ പോകാൻ അനുവദിക്കാതെ തീർത്ഥാടനം ശുഷ്‌കമാക്കിയപ്പോൾ അവരുടെ അന്തരംഗം സന്തോഷിക്കുന്നുവെന്നു സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഇവരുടെ ലക്ഷ്യം മനുഷ്യൻ നന്നാകലല്ല, നന്നാവരുത് എന്നാണ്. ഇവർക്കു ഗുരുദേവൻ മാപ്പു നൽകട്ടെയെന്നു പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മർദ്ദനത്തിനും കുറവില്ല

കൊല്ലം പാരിപ്പള്ളിയിൽ വനിതാ മതിൽ പൊളിഞ്ഞ ദൃശ്യങ്ങൾ പകർത്തിയ ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം. പാരിപ്പള്ളി സ്വദേശിയായ റോയിക്കാണ് മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പൊലീസ് കേസെടുത്തു. പാരിപ്പള്ളിയിൽ പൊളിഞ്ഞ വനിതാ മതിലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അദ്ധ്യാപകനെ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ദൃശ്യങ്ങൾ പകർത്തിയ ഫോണും അക്രമികൾ നശിപ്പിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ റോയി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അതേസമയം, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ റോയിക്കെതിരെയും പരാതി നൽകി.

വനിതാ മതിലിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി ഉയരുന്നു. കൊല്ലം നെടുവത്തൂർ പഞ്ചായത്തിലെ നീലേശ്വരം വാർഡിലെ 21 ഓളം തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് ജി ഇ ഒ ജോലി ചെയ്യാൻ അനുവദിച്ചില്ലന്നാണ് ആക്ഷേപം. തൊഴിലാളികളായ സ്ത്രീകളെ വനിതാ മതിലിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പല തവണ സി പി എം നേതാക്കളും ജനപ്രതിനിധികളും സമീപിച്ചിരുന്നു. എന്നാൽ തൊഴിലാളികൾ വനിതാ മതിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്ഥലത്ത് ബ്ലോക്ക് അധികൃതർ എത്തിയത് .തൊഴിലാളികൾക്ക് മുന്നേ എത്തിയ ബ്ലോക്ക് ജിഎഒ തൊഴിൽ നിഷേധിച്ചതായാണ് തൊഴിലാളികളുടെ ആരോപണം.

വനിതാ മതിലിന് ആളുകളെ കൊണ്ടുപോകാൻ വിട്ടുനൽകാതിരുന്ന ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ഇന്നലെ രാവിലെ മുതലമട ഗോവിന്ദാപുരത്തിനടുത്തു മുവലക പുതൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ലാണു തകർത്തത്. വനിതാ മതിലിന് ആളുകളെ കൊണ്ടുപോകാൻ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവു വാഹനം ആവശ്യപ്പെട്ടിരുന്നെന്നും വിട്ടുനൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും ആരോപിച്ചു ബസ് ഉടമ തൃശൂർ പട്ടിക്കാട് തെക്കുംപാടത്ത് അനിത് കുമാർ പരാതി നൽകി. ബസ് വിട്ടു നൽകില്ലെന്ന് അറിയിച്ചപ്പോൾ ഭീഷണി ഉണ്ടായതായും ഉടമ പറയുന്നു. പൊതുസ്ഥലത്തു സ്വകാര്യസ്വത്തിനു നേരെ ആക്രമണം ഉണ്ടായാൽ കേസെടുക്കാൻ മജിസ്‌ട്രേട്ടിന്റെ അനുമതി ആവശ്യമാണെന്നും ഇതിനായി ഇന്നു റിപ്പോർട്ട് നൽകുമെന്നും കൊല്ലങ്കോട് സിഐ പറഞ്ഞു.

അടച്ചു പൂട്ടിയ അംഗനവാടി

തൃശൂരിൽ കൊടുങ്ങല്ലൂരിന് അടുത്ത് മാടവന എസ്എൻ നഗറിൽ അങ്കണവാടി തുറന്നിട്ടു അദ്ധ്യാപികയും സഹായിയും വനിതാമതിലിനു പോകാനായി. കുഞ്ഞുങ്ങളെ നോക്കാൻ അയൽവാസിയായ സ്ത്രീയെ ചുമതലപ്പെടുത്തി. സംഭവം അറിഞ്ഞു അങ്കണവാടിക്കു മുൻപിൽ നാട്ടുകാർ തടിച്ചുകൂടി. എറിയാട് പഞ്ചായത്ത് 131-ാം നമ്പർ അങ്കണവാടിയിലെ അദ്ധ്യാപികയും സഹായിയും വനിതാമതിലിനു പോയത്.

12 കുഞ്ഞുങ്ങളാണ് അങ്കണവാടിയിൽ എത്തിയിരുന്നത്. അദ്ധ്യാപികയും സഹായിയും ഇല്ലാതായതോടെ രക്ഷിതാക്കളെത്തി കുഞ്ഞുങ്ങളെ വീടുകളിലേക്കു കൊണ്ടുപോയി. ഒടുവിൽ അയൽവാസിയായ സ്ത്രീ അങ്കണവാടിക്കു മുൻപിൽ കാത്തിരുന്നു. മകന്റെ കുഞ്ഞിനെ അങ്കണവാടിയിൽ നിന്നു വിളിക്കാനെത്തിയപ്പോഴാണ് ഇവരെ ചുമതലയേൽപ്പിച്ച് അദ്ധ്യാപികയും സഹായിയും പോയത്. നാട്ടുകാർ ബഹളമുണ്ടാക്കിയതോടെ ഇവർ നിസ്സഹായവസ്ഥയിലായി. പിന്നീട് ഇവരും കുഞ്ഞുമായി മടങ്ങി. രാത്രി വൈകി നാട്ടുകാരിലാരോ ആണ് അങ്കണവാടി അടച്ചത്.

വേറിട്ട വഴിയിൽ ഗൗരിയമ്മ

മുതിർന്ന നേതാവ് കെ.ആർ. ഗൗരിയമ്മ വനിതാ മതിലിൽ കണ്ണിയായില്ല. മന്ത്രി ജി. സുധാകരന്റെ ക്ഷണം സ്വീകരിച്ച് മതിലിൽ പങ്കെടുക്കാമെന്ന് തിങ്കളാഴ്ച അവർ ഉറപ്പു നൽകിയിരുന്നു. ചൊവ്വാഴ്ച ഇതിനായി തയ്യാറെടുക്കുകയും ചെയ്തു. സമയമായപ്പോൾ ശാരീരികാസ്വാസ്ഥ്യം കാരണം പങ്കെടുക്കുന്നില്ലെന്നറിയിക്കുകയായിരുന്നു. ചാത്തനാട്ടുള്ള വീടിന്റെ ഗേറ്റിൽ കസേരയിട്ട് ഇരുന്ന അവർ ഫോണിൽ മന്ത്രി സുധാകരനെ വിളിച്ചാണ് ബുദ്ധിമുട്ട് അറിയിച്ചത്.

കേരളത്തിന്റെ വിപ്‌ളവ വനിത കെ.ആർ. ഗൗരിയമ്മ നൂറ്റിയൊന്നാം വയസ്സിൽ വനിതാ മതിലിൽ കണ്ണിയായിരുന്നുവെങ്കിൽ അത് ചരിത്രമാകുമായിരുന്നു. സിപിഎമ്മിൽനിന്ന് ഗൗരിയമ്മ പുറത്തായതിന്റെ 25-ാം വാർഷിക ദിനമായിരുന്നു ചൊവ്വാഴ്ച. ഒരു കിലോമീറ്റർ അകലെ ശവക്കോട്ടപ്പാലത്തിനടുത്ത് വനിതാ മതിലിൽ ചേരാനായിരുന്നു വീട്ടിൽനിന്നിറങ്ങിയത്. വണ്ടിയിൽ പോകാനായിരുന്നു തീരുമാനം. പക്ഷേ, ക്ഷീണം തളർത്തുന്നു. പുറപ്പെട്ടതല്ലേ, പങ്കെടുത്തില്ലെങ്കിലും ഐക്യപ്പെടണമെന്നുറച്ച് വെയിലിനെ ഗൗനിക്കാതെ ഗൗരിയമ്മ ഇരുന്നു-വൈകിട്ടു 3.15 മുതൽ 4.30 വരെ. നഗരത്തിൽ വനിതകൾ മതിലായി, പ്രതിജ്ഞ ചൊല്ലി, മുദ്രാവാക്യം വിളിച്ചു പിരിയും വരെ ഗൗരിയമ്മ അവിടെ ഇരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP