Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചായകുടിച്ചപ്പോൾ ഗ്യാസ് കയറി ഛർദ്ദിയും തലകറക്കവും; തട്ടാരമ്പലത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ആൻജിയോ ഗ്രാം ചെയ്യണമെന്ന് ഡോക്ടർ; ആൻജിയോ ഗ്രാമിനിടെ ഉപകരണം ഒടിഞ്ഞ് ഹൃദയത്തിൽ തറച്ചതോടെ പരുമല ഹോസ്പിറ്റലിലേക്ക് മാറ്റി; ശസ്ത്രക്രിയയിൽ ഉപകരണം മാറ്റിയെങ്കിലും ആഴ്ചകൾക്കുള്ളിൽ കുഴഞ്ഞ് വീണ് മരണവും; മാവേലിക്കര വി എസ്.എം ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കൾ; പണം നൽകി ഒത്തു തീർപ്പിനായി കാർഡിയോളജിസ്റ്റ് ശ്രീനിവാസും

ചായകുടിച്ചപ്പോൾ ഗ്യാസ് കയറി ഛർദ്ദിയും തലകറക്കവും; തട്ടാരമ്പലത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ ആൻജിയോ ഗ്രാം ചെയ്യണമെന്ന് ഡോക്ടർ; ആൻജിയോ ഗ്രാമിനിടെ ഉപകരണം ഒടിഞ്ഞ് ഹൃദയത്തിൽ തറച്ചതോടെ പരുമല ഹോസ്പിറ്റലിലേക്ക് മാറ്റി; ശസ്ത്രക്രിയയിൽ ഉപകരണം മാറ്റിയെങ്കിലും ആഴ്ചകൾക്കുള്ളിൽ കുഴഞ്ഞ് വീണ് മരണവും; മാവേലിക്കര വി എസ്.എം ഹോസ്പിറ്റലിനെതിരെ പരാതിയുമായി ബന്ധുക്കൾ; പണം നൽകി ഒത്തു തീർപ്പിനായി കാർഡിയോളജിസ്റ്റ് ശ്രീനിവാസും

ആർ പീയൂഷ്

ആലപ്പുഴ: ഛർദ്ദിയും തലകറക്കവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഒടിഞ്ഞ് ഹൃദയവാൽവിൽ തറഞ്ഞു കയറി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഹരിപ്പാട് ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ജൂൺ മൂന്നിന് രാത്രിയോടെയാണ് ബിന്ദുവിനെ ഛർദ്ദിയും തലകറക്കവുമായി മാവേലിക്കര തട്ടാരമ്പലത്തെ വി എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചായകുടിച്ചു കഴിഞ്ഞ് വായുവിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും പിന്നീട് ഛർദ്ദിക്കുകയും ചെയ്തതോടെയാണ് ഇവിടെ എത്തിച്ചത്. പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം അടുത്ത ദിവസം കാർഡിയോളജി ഡോക്ടറെ കൂടി കാണണമെന്ന് അത്യാഹിത വിഭാഗത്തിൽ നിന്നും അറിയിച്ചു. ഇതിനെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ ശ്രീനിവാസ് ബിന്ദുവിനെ പരിശോധിക്കുകയും എക്കോ ടെസ്റ്റ് നടത്തുകയും ചെയ്തു. തുടർന്ന് ഹൃദയത്തിന്റെ ഒരു ഭാഗത്തിന് അനക്കമില്ലെന്നും ബ്ലോക്ക് ഉള്ളതു കൊണ്ടാണ് അനക്കമില്ലാത്തതെന്നും ബന്ധുക്കളോട് പറഞ്ഞു. അതിനാൽ എത്രയും വേഗം തന്നെ ആൻജിയോഗ്രാം നടത്തി ബ്ലോക്ക് കണ്ടെത്തി ആൻജിയോ പ്ലാസ്റ്റി ചെയ്യണമെന്നും പറഞ്ഞു.

അന്ന് രാവിലെ 11.30 ന് തന്നെ ആൻജിയോഗ്രാം ചെയ്യാനായി ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ ഡോക്ടർ ശ്രീനിവാസ് പുറത്തിറങ്ങി ബന്ധുക്കളോട് ബിന്ദുവിന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത് മൂന്ന് ബ്ലോക്ക് ഉണ്ടെന്നും ഇടതുഭാഗം പരിശോധിക്കുന്നതിനിടയിൽ കത്തീറ്ററിന്റെ ഒരു ഭാഗം ഒടിഞ്ഞു വാൽവിനുള്ളിൽ അകപ്പെട്ടെന്നും അറിയിച്ചു. അതിനാൽ എത്രയും വേഗം അടുത്തുള്ള പരുമല ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചു. മറ്റെവിടെയെങ്കിലും കൊണ്ടു പോകണമോ എന്ന് ചോദിച്ചപ്പോൾ ദൂരേക്ക് കൊണ്ടു പോയാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ വേഗം തന്നെ പരുമല ആശുപത്രിയിലെത്തിക്കുകയും അവിടെ നടത്തിയ ശസ്ത്രക്രിയയിൽ രണ്ടിഞ്ചോളം നീളമുള്ള കത്തീറ്ററിന്റെ ഭാഗം പുറത്തെടുക്കുകയും ചെയ്തു.

പിന്നീട് വി എസ്.എം ആശുപത്രിയിൽ നടത്തിയ ആൻജിയോ ഗ്രാമിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൂർണ്ണമല്ലാത്തതിനാൽ പരുമല ആശുപത്രിയിൽ തന്നെ വീണ്ടും ആൻജിയോഗ്രാം നടത്തി. ബിന്ദുവിന്റെ ഹൃദയത്തിൽ ഒരിടത്ത് മാത്രം ചെറിയൊരു ബ്ലോക്ക് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 10 വർഷം വരെ ഒരു കുഴപ്പവും വരുത്താത്ത ബ്ലോക്ക് മരുന്ന് കഴിച്ചുമാറ്റാവുന്നതേയുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയക്ക് ശേഷം ബിന്ദു വീട്ടിലെത്തിയെങ്കിലും ഏറെ അവശയായിരുന്നു. ശസ്ത്രക്രിയ നടത്തിയതിനാൽ ഹൃദയത്തിന് ചുറ്റും ഫ്ളൂയിഡ് കെട്ടിക്കിടക്കുന്നതിനാൽ പരുമലയിലെ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് 30 ന് രാത്രിയിൽ കുഴഞ്ഞു വീണ് ബിന്ദു മരണപ്പെടുന്നത്.

വി എസ്.എം ആശുപത്രിയിൽ പോകുന്നതുവരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന ബിന്ദുവിന് ആൻജിയോഗ്രാം ചെയ്തതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത് എന്ന് മരുമകൾ ശ്രീദേവി മറുനാടൻ മലയാളിയോട് പറഞ്ഞു. തെറ്റു പറ്റിയതാണെന്നും ആദ്യമായാണ് ഇത്തരം പിഴവ് സംഭവിക്കുന്നതെന്നും ഡോക്ടർ തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ മരണവാർത്തയറിഞ്ഞ് മൂന്നോളം പേർ ഇതേ ഡോക്ടറുടെ അനാസ്ഥ മൂലം മരണം സംഭവിച്ച ബന്ധുക്കളുടെ വിവരങ്ങൾ പറയുകയുണ്ടായി. ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ശ്രീദേവി പറഞ്ഞു.

ശസ്ത്രക്രിയയിൽ യന്ത്രഭാഗം തറഞ്ഞു കയറിയതിന്റെ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് ബന്ധുക്കളുടെ കയ്യിലുണ്ട്. ചികിത്സാപിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. അന്വേഷണത്തിന് ആലപ്പുഴ എസ്‌പി പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം ഒടിയുന്നത് അസാധാരണമായി സംഭിവിക്കാറുള്ള കാര്യമാണെന്നും ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ബിന്ദുവിന്റെ ഭർത്താവ് അജിത്റാം മസ്‌ക്കറ്റിൽ നിന്നും എത്തിയത്. ബിന്ദുവിന്റെ രോഗവിവരം അറിഞ്ഞാണ് അജിത് റാം എത്തിയത്. ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന അജിത് റാം മൂന്ന് ദിവസം കൂടി ഇവിടെ കിടക്കേണ്ടതുണ്ട്. ബിന്ദുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തുകയാണ് വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് കൈമാറും. മക്കൾ: ആദർശ് റാം, ദർശന റാം, മരുമക്കൾ: ശ്രീദേവി (അസി.എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്). അതേ സമയം ഇതേ ആശുപത്രിക്കെതിരെ നിരവദി പരാതികൾ ഉയർന്നു വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP