Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വഴിവിട്ട ബന്ധം മറയ്ക്കാൻ മക്കളേയും അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ പിണറായി സൗമ്യ; കാമുകനൊപ്പം ആഡംബര ജീവിതത്തിനായി കാരണവരെ ഇല്ലായ്മ ചെയ്ത ഷെറിൻ; ഭർതൃമാതാവിനെയും മകളെയും ഇല്ലായ്മ ചെയ്ത ടെക്കി അനുശാന്തി; ഭർത്താവ് ഉൾപ്പെടെ ആറ് പേരെ കൊന്ന് തള്ളിയ സയനൈയ്ഡ് ജോളി; കാമുകന്റെ ഭാര്യയെ സർജിക്കൽ ബ്ലൈഡിന് വെട്ടി നുറുക്കിയ നഴ്സ് സുനിത; തയ്യിലിൽ പിഞ്ചു കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞു കൊന്ന് ശരണ്യ; കേരളത്തെ നടുക്കിയ വനിതാ കുറ്റവാളികളുടെ ലിസ്റ്റ് നീളുമ്പോൾ..

വഴിവിട്ട ബന്ധം മറയ്ക്കാൻ മക്കളേയും അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ പിണറായി സൗമ്യ; കാമുകനൊപ്പം ആഡംബര ജീവിതത്തിനായി കാരണവരെ ഇല്ലായ്മ ചെയ്ത ഷെറിൻ; ഭർതൃമാതാവിനെയും മകളെയും ഇല്ലായ്മ ചെയ്ത ടെക്കി അനുശാന്തി; ഭർത്താവ് ഉൾപ്പെടെ ആറ് പേരെ കൊന്ന് തള്ളിയ സയനൈയ്ഡ് ജോളി; കാമുകന്റെ ഭാര്യയെ സർജിക്കൽ ബ്ലൈഡിന് വെട്ടി നുറുക്കിയ നഴ്സ് സുനിത; തയ്യിലിൽ പിഞ്ചു കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞു കൊന്ന് ശരണ്യ; കേരളത്തെ നടുക്കിയ വനിതാ കുറ്റവാളികളുടെ ലിസ്റ്റ് നീളുമ്പോൾ..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കണ്ണൂർ തയ്യിലിൽ സ്വന്തം കുഞ്ഞിനെ പാറക്കല്ലിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശരണ്യ എന്ന യുവതിക്കെതിരെയാണ് മലയാളികളുടെ രോഷം മുഴുവൻ. അവൾക്ക് കാമുകനൊപ്പം കഴിയണം എങ്കിൽ അങ്ങനെ ചെയ്യാമായിരുന്നില്ലേ.. എന്തിനാണ് ആ പൊന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന ചോദ്യമാണ് മലയാൡൾ ഉന്നയിക്കുന്നത്. അവിഹിത ബന്ധത്തിന് വേണ്ടി മക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. മകനെ കൊന്ന അമ്മയാണെങ്കിലും അതിന്റെ യാതൊരു കൂസലും ഇല്ലാതെയാണ് ഇന്ന് ശരണ്യ തെളിവെടുപ്പിന് എത്തിയതും.

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ശരണ്യ ഒരു വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവിൽ കുഞ്ഞുമായി കടൽത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടൽ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കൽ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി.

ഇയാൾക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടർന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ ഞായറാഴ്ച രാത്രി ശരണ്യ തന്നെ നിർബന്ധിച്ച് വീട്ടിൽ നിർത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തിലാണ് ശരണ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇവരുടെ വസ്ത്രങ്ങളിൽ നിന്ന് കടൽ വെള്ളത്തിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് വഴിത്തിരിവായി മാറുകയായിരുന്നു.

അടുത്തകാലത്തായി കേരളത്തിൽ വനിതാ കുറ്റവാളികളുടെ എണ്ണം കൂടി വരികയാണ്. കോഴിക്കോട് കൂടത്തായിയിൽ ആറ് കൊലപാതകങ്ങൾ നടത്തിയ ജോളി കേരളക്കരയെ ശരിക്കും ഞെട്ടിച്ചു. എന്നാൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവെനന്ന സംഭവം ശരിക്കും കേരളത്തെ ഞെട്ടിക്കുന്നുണ്ട. ജോളി സ്വത്തു തട്ടാൻ വേണ്ടിയും അവിഹിത ബന്ധത്തിനുമായി ആറ് പേരെയാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറുമൊരു മാനസിക വിഭ്രാന്തിക്ക് അപ്പുറത്തേക്ക് കൃത്യമായ പ്ലാനിംഗോടെ കാത്തിരുന്നു നടത്തിയ കൊലപാതകങ്ങളാണ് ഇതെല്ലാമെന്നാണ് വ്യക്തമാകുന്ന കാര്യം. ആറു പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ കേരളം കണ്ട ഏറ്റവും വലിയ വനിതാ കുറ്റവാളിയുടെ നിലയിലേക്കാണ് കൂടത്തായിക്കാരി ജോളി മാറുന്നത്. കാരണവർ വധക്കേസിലെ ഷെറിനും അവിഹിത ബന്ധം തുടരാൻ ഭർതൃമാതാവിനെയും മകളെയും കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ടെക്കി അനുശാന്തിക്കും ശേഷം കേരളം ശ്രദ്ധിക്കുന്ന മറ്റൊരു കുറ്റവാളിയായി ജോളി മാറുകയായിരുന്നു. ജോളിയുടെയും അനുശാന്തിയുടെയും ശ്രേണിയിലേക്കാണ് ശരണ്യയും പടി ചവിട്ടുന്നത്.

ആറ് പേരെ തീർത്ത സയനൈഡ് കൊലയാളി ജോളി

പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളുമായി കൂടത്തായിയിലെ കൊലപാതകങ്ങൾക്ക് സാമ്യതകൾ ഏറെയാണ്. പിണറായിയിൽ സൗമ്യ തന്റെ മക്കളെയും സ്വന്തം അച്ഛനെയും അമ്മയെയുമാണ് പലപ്പോഴായി വിഷം കൊടുത്തുകൊന്നത്. വഴി വിട്ട ബന്ധങ്ങൾ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു സൗമ്യ അരുംകൊലയ്ക്ക് മുതിർന്നത്. കൂടത്തായിയിലും അടുത്ത ബന്ധുവായ ജോളി തന്നെ പ്രതിസ്ഥാനത്തെത്തുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യ ജോളിയാണ് കൊലയ്ക്ക് പിന്നിൽ.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്(57), മകൻ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരൻ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആൽഫൈൻ(2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് ജോളി കൊലപ്പെടുത്തിയത്. ഈ കേസുകളിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

മക്കളെയും മാതാപിതാക്കളെയും തീർത്ത പിണറായി സൗമ്യ

കൂടത്തായി കൊലപാതകത്തിന് സമാനമാണ് പിറണായിയിലെ കൊലപാതകവും. കൂടത്തായിയിൽ സംഭവിച്ചതു പോലെ ഒരു വീട്ടിൽ നാലു മാസത്തിനിടെ മൂന്നു മരണങ്ങൾ സംഭവിച്ചു. എല്ലാവരും മരിച്ചത് ഛർദിയെത്തുടർന്ന്. വീട്ടിൽ അവശേഷിച്ച യുവതിയും ഛർദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിലെ ഗൂഢാലോചന വെളിയിൽ കൊണ്ടുവന്നത്. കേസിൽ അറസ്റ്റിലായി ജയിലിലായ സൗമ്യ വിചാരണ നടക്കുന്നതിനിടെ, ജയിൽവളപ്പിലെ കശുമാവിൽ സാരിത്തുമ്പിൽ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.

2012 സെപ്റ്റംബറിലാണ് പിണറായി പടന്നക്കരയിൽ കുഞ്ഞിക്കണ്ണന്റെ വീട്ടിൽ ആദ്യ മരണം സംഭവിക്കുന്നത്. കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകളായ ഒരു വയസുള്ള കീർത്തന ഛർദിയെത്തുടർന്ന് മരിച്ചു. സംശയമില്ലാത്തതിനാൽ പോസ്റ്റുമോർട്ടം നടത്തിയില്ല. 2018 ജനുവരി 21ന് സൗമ്യയുടെ മൂത്ത മകൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഐശ്വര്യയും ഛർദിയെത്തുടർന്നു മരിച്ചു. പരാതിയില്ലാത്തതിനാൽ ഐശ്വര്യയെയും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയില്ല.

കുഞ്ഞിക്കണ്ണന്റെ ഭാര്യ കമല (68) മാർച്ച് ഏഴിനും കുഞ്ഞിക്കണ്ണൻ(76) ഏപ്രിൽ 13നും ഛർദിയെത്തുടർന്നു മരിച്ചു. ഛർദിയെത്തുടർന്നാണ് എല്ലാ മരണങ്ങളും എന്നു മനസിലായതോടെ നാട്ടുകാരും ആശങ്കാകുലരായി. ഇതോടെ കിണറിലെ വെള്ളത്തിൽ വിഷമുണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. വീട്ടിലെയും പ്രദേശത്തെ കിണറുകളിലെയും വെള്ളം പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണങ്ങൾക്കു പിന്നിൽ അസ്വഭാവികതയുണ്ടെന്ന നിലപാടിലായിരുന്നു അയൽക്കാരും നാട്ടുകാരും.

മരണത്തിൽ സംശയമുണ്ടെന്നു ബന്ധു പരാതി നൽകിയതിനെത്തുടർന്ന് സൗമ്യയുടെ മകൾ ഐശ്വര്യയുടെ (9) മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ഇതിനു ദിവസങ്ങൾക്ക് മുൻപ് സൗമ്യയുടെ അമ്മ കമലമ്മയുടേയും അച്ഛൻ കുഞ്ഞിക്കണ്ണന്റെയും പോസ്റ്റുമോർട്ടവും നടത്തിയിരുന്നു. ശരീരത്തിൽ അലുമിനീയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത് പൊലീസിൽ കൂടുതൽ സംശയം ഉണ്ടാക്കി.

എലിവിഷത്തിൽ ഉപയോഗിക്കുന്ന രാസവസ്തുവായ അലൂമിനിയം ഫോസ്‌ഫേറ്റ് ചെറിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാലും അപകടകരമാണ്. ഏപ്രിൽ 17ന് ഛർദിയെത്തുടർന്ന് സൗമ്യയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. പരിശോധനയിൽ സൗമ്യയ്ക്ക് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നു തെളിഞ്ഞു. സൗമ്യയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ്, ഭർത്താവുമായി അകന്നു കഴിയുന്ന സൗമ്യയ്ക്ക് പല പുരുഷന്മാരുമായും ബന്ധമുണ്ടെന്നു മനസിലാക്കി. സൗമ്യയുടെ മൊബൈലിൽനിന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചു. ആശുപത്രിയിൽ നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലേക്ക് കൊണ്ടു പോയ സൗമ്യ ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചു നിന്നെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ കുറ്റസമ്മതം നടത്തി.

മനസാസ്ത്രപരമായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. ജീവിതപശ്ചാത്തലം മനസിലാക്കി സൗമ്യയുമായി അടുപ്പം സ്ഥാപിച്ച് മനഃശാസ്ത്രപരമായി കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്ന രീതിയാണ് കേസിൽ പൊലീസ് സ്വീകരിച്ചത്. 'ഭർത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ' എന്ന ഡിവൈഎസ്‌പി പി പി സദാനന്ദന്റെ ചോദ്യമാണ് കുറ്റസമ്മതത്തിലേക്ക് സൗമ്യയെ നയിച്ചത്. പ്രേമിച്ച് കല്യാണം കഴിച്ച ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച സൗമ്യ, കൊലയിലേക്ക് നയിച്ച കാരങ്ങളും വിശദീകരിച്ചു. 'ഭർത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾമുതൽ സംശയമായിരുന്നു. ഇളയ മകൾ തന്റേതല്ലെന്ന് ഒരിക്കൽ അയാൾ പറഞ്ഞു. വിഷം കുടിച്ചു മരിക്കാൻ തീരുമാനിച്ചതാണ്. അയാൾ കുടിച്ചില്ല. താൻ കുടിച്ചു. ആശുപത്രിയിലായി.'

'ഭർത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാൻ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താൻ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതൽ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കൽ തന്റെ വീട്ടിലെത്തിയ പുരുഷ സുഹൃത്തിനെ മകൾ കണ്ടു. അവൾ തന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.' സൗമ്യ പറഞ്ഞു.

'മകളെ ഒഴിവാക്കിയാൽ പ്രശ്‌നം തീരുമെന്ന് കരുതി അല്ലേ?' എന്ന ചോദ്യത്തിന് 'അതേ'യെന്ന് സൗമ്യ മറുപടി നൽകി. ഇളയ മകളെയും കൊല്ലുകയായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മറുപടി നൽകി. അച്ഛനേയും അമ്മയേയും മകളേയും എങ്ങനെ വിഷം കൊടുത്തു കൊന്നു എന്ന് വിവരിച്ചു. കുടുംബത്തെ ഇല്ലാതാക്കിയാൽ കാമുകനോടൊപ്പം താമസിക്കാമെന്നായിരുന്നു സൗമ്യ ചിന്തിച്ചത്. ഇളയ കുട്ടിയെ കൊന്നത് സൗമ്യ അല്ലെന്നും അസുഖബാധിതയായാണു കുട്ടി മരിച്ചതെന്നും പൊലീസ് കണ്ടെത്തി. രണ്ടു കേസുകളിൽ കുറ്റപത്രം സമർപിക്കാനിരിക്കേ 2018 ഓഗസ്റ്റ് 24നാണ് കണ്ണൂർ വനിതാ ജയിൽ വളപ്പിലെ കശുമാവിൽ സാരി ഉപയോഗിച്ച് സൗമ്യ തൂങ്ങി മരിക്കുന്നത്.

ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാൻ ആസൂത്രിത കൊലപാതകം നടത്തിയ ഷെറിൻ

കേരളത്തിൽ കൊലപാതക കേസിൽ ഷെറിൻ പ്രതിയായ ഭാസ്‌ക്കര കാരണവർ കേസ് ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു. 2009 നവംബർ ഒൻപതിനാണ് ഭാസ്‌കര കാരണവർ കിടപ്പുമുറിയിൽ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവർ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവിൽ വീട് വച്ചത്. ഇളയ മകൻ ബിനു, മരുമകൾ ഷെറിൻ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കൊലക്കേസിൽ കാരണവറുടെ മരുമകളായ ഷെറിൻ, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയിൽ കാലായിൽ വീട്ടിൽ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിൻ നിലയത്തിൽ ഉണ്ണി എന്ന നിധിൻ, എറണാകുളം ഏലൂർ പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികൾ. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.

ഷെറിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത് . കാരണവരുടെ സ്വത്തുക്കൾ ഷെറിന്റെയും ഭർത്താവിന്റെയും പേരിൽ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടർന്നാണ് കാരണവർ സ്വത്തുക്കൾ നൽകുന്നതിൽനിന്ന് പിന്മാറിയത്. മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടർന്ന് മരുമകൾ ഷെറിൻ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.

അമേരിക്കയിൽ നിന്നെത്തി നാട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തിരുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്.

സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്. ഷെറിൻ പിടിയിലാകുമ്പോൾ മകൾക്ക് നാലു വയസായിരുന്നു. ഇപ്പോഴവൾ ഷെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.

കാമുകനൊപ്പം ജീവിക്കാൻ മകളെയും അമ്മായിയമ്മയെയും കൊന്ന അനുശാന്തി

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നാലു വയസുകാരിയായ മകളെയും അമ്മായിഅമ്മയെയും കാമുകനെ ഉപയോഗിച്ചു മർദ്ദിച്ചു കൊലപ്പെടുത്തിയ ടെക്നോപാർക്ക് ജീവനക്കാരിക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ ലഭിച്ചത്. അനുശാന്തിക്കും നിനോമാത്യുവിനും ഒരുമിച്ച് ജീവിക്കുന്നതിന് അനുശാന്തിയുടെ ഭർത്താവായ ലിജിഷിനെയും, മകൾ സ്വസ്തികയെയും വകവരുത്താൻ പദ്ധതിയിടുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി വീട്ടിലെ എല്ലാ മുറികളുടെയും അടുക്കളയുടെയും അടുക്കളയിലേക്ക് പ്രവേശിക്കുന്ന വാതിലുകളുടെയും ദൃശ്യങ്ങൾ അനുശാന്തി മൊബൈൽ ഫോണിൽ പകർത്തി നിനോമാത്യുവിന് വാട്‌സ് ആപ് വഴി കൈമാറി.

കൊലപാതകത്തിന് ശേഷം വീടിന് പിറകിലുള്ള മതിൽ ചാടി വയലിലൂടെയുള്ള ഊട് വഴിയിലൂടെ ആലംകോട് എത്തുന്നതിനുള്ള വഴിയും രഹസ്യമായി അനുശാന്തി മൊബൈൽ ഫോണിൽ വീഡിയോ ആയും, ഫോട്ടോ ആയും ചിത്രീകരിച്ച് നിനോമാത്യുവിന് കൈമാറി.2014 ഏപ്രിൽ പതിനാറിനായിരുന്നു ഇരട്ടക്കൊല നടന്നത്. ലിജീഷിന്റെ വീട്ടിൽ എത്തിയ നിനോമാത്യു ലിജീഷിന്റെ അമ്മ ഓമനയെയും, മകൾ സ്വസ്തിക എന്നിവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

ടെക്‌നോപാർക്കിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നിനോ മാത്യുവും അനുശാന്തിയും. ബി.ടെക് ബിരുദധാരിയായ നിനോ മാത്യു സിംസൺ കമ്പനയുടെ പ്രോജക്ട് മാനേജരായിരുന്നു. എം.ടെക് കാരിയായ അനുശാന്തി കന്പിനിയിലെ ടീം ലീഡറും. ഇരുവരും എട്ടുവർഷമായി ഇതേ കമ്പനിയിലാണ്. എന്നാൽ എട്ടുമാസത്തിനിടയ്ക്കാണ് അനുവും നിനോയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിനും തുടക്കമായിയിരുന്നു. ഒടുവിൽ ഒരുമിച്ച് താമസിക്കാൻ തീരുമാച്ചതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളിലെത്തിയത്.

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കിയ ഡോക്ടർ ഓമന

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കി നാടിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ച കൊടും കുറ്റവാളിയാണ് ഡോക്ടർ ഓമന. ഇവർ കേരളത്തെ ശരിക്കും ഞെട്ടിച്ച വനിതാ കുറ്റവാളിയാണ്. 1996 ജൂലായ് 11 നാണ് കണ്ണൂർ സ്വദേശിനിയായ ഡോക്ടർ ഓമന കാമുകനെ കൊന്ന് നാടിനെ ഞെട്ടിച്ചത് 2001-ൽ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റർപോൾ തിരയുന്ന പിടികിട്ടാപ്പുള്ളിയാണിവർ.

നാലു വയസുള്ള സ്വന്തം കുഞ്ഞിനെ കാമുകനെ ഉപയോഗിച്ചു കൊന്ന തിരുവാണിയൂരിലെ റാണി

തിരുവാണിയൂരിൽ 2013 ഒക്ടോബറിലായിരുന്നു നാല് വയസ്സുള്ള മകളെ കൊല്ലാൻ റാണി കാമുകന്മാർക്കു കൂട്ടുനിന്നത്. കാമുകന്മാർ മകളെ ക്രൂരമായി മർദിച്ചു കൊന്ന് കുഴിച്ചിട്ടു. റാണി ഒന്നുമറിയാത്തവളെ പോലെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. റാണിയുടെ എൽ.കെ.ജി. വിദ്യാർത്ഥിയായിരുന്ന മകൾ 2013 ഒക്ടോബർ 29-നാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് പിറ്റേന്ന് റാണി ചോറ്റാനിക്കര പൊലീസിലെത്തുകയായിരുന്നു. ഇവരുടെ മൊഴികളിൽ സംശയംതോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോൾ കള്ളി വെളിച്ചത്തായി.

സംഭവം നടക്കുമ്പോൾ റാണിയുടെ ഭർത്താവായ വിനോദ് കഞ്ചാവുകേസിൽ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. അവിഹിത ബന്ധങ്ങൾക്ക് മകൾ തടസ്സമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. സഹോദരൻ എന്ന മട്ടിലാണ് ബേസിൽ അമ്പാടിമലയിലെ വീട്ടിൽ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്. സ്‌കൂൾവിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോൾ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയെ ഇയാൾ കഴുത്തിൽ കൈമുറുക്കി എറിഞ്ഞു. തലയുടെ പിൻവശം ഇടിച്ച് വീണു. തുടർന്ന് ടെറസിന്റെ മുകളിൽ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും എത്തി. ആദ്യം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് യഥാർഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിർദേശിച്ചത്. ബിഗ്‌ഷോപ്പറിൽ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുപോയത്.

കാമുകന്റെ ഭാര്യയെ സർജിക്കൽ ബ്ലൈഡിന് വെട്ടി നുറുക്കിയ നഴ്സ് സുനിത

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാ പ്രേംകുമാറിനൊപ്പം സഹ കുറ്റവാളിയാണ് സുനിത എന്ന കാമുകി. സർജിക്കൽ ബ്ലേഡുകൊണ്ട് വിദ്യയുടെ മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനെ തുടർന്ന് പ്രേകുമാർ പഴയ സഹപാഠി കൂടിയായ കൂട്ടുകാരന്റെ സഹായം തേടിയിരുന്നതായും അന്വേഷണത്തിൽ തെളിയുകയായിരുന്നു. ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പിൽ വിദ്യ (48)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ പ്രതികളായ ഭർത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്തിൽ പ്രേം നിവാസിൽ പ്രേംകുമാർ (40), കാമുകി വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബി (39) എന്നിവരായിരുന്നു പിടിയിലായത്.

പ്രേംകുമാറും സുനിതയും കഴിഞ്ഞ മെയ്‌ മുതൽ രണ്ടു മാസത്തോളം ഈ വില്ലയിൽ വാടകയ്ക്കു താമസിച്ചിരുന്നു. കൊച്ചി ഉദയംപേരൂരിൽ താമസിച്ചിരുന്ന വിദ്യയെ ഇവിടെ എത്തിച്ചു പ്രേംകുമാർ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നും നഴ്‌സ് ആയ സുനിതയാണു മരണം സ്ഥിരീകരിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. മൃതദേഹം കളയാൻ കൂടെ വരാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. പകരം മൃതദേഹം തമിഴ്‌നാട്ടിൽ എവിടെയെങ്കിലും കൊണ്ടുപോയി കളയാനും, ആരും അറിയാൻ പോകുന്നില്ലെന്നും ഇയാൾ ഉപദേശിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 21 ന് പുലർച്ചെ നടത്തിയ കൊലപാതകത്തിനു ശേഷം വിദ്യയുടെ മൃതദേഹം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു കഷണങ്ങളാക്കാൻ പ്രതികൾ ശ്രമിച്ചു. മൃതദേഹം കഷണങ്ങളാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശുചിമുറിയിൽ സൂക്ഷിച്ചു. അന്നു വൈകിട്ടു സുനിതയും പ്രേമും ചേർന്നു മൃതദേഹം കാറിൽ കയറ്റി തിരുനെൽവേലി ഹൈവേക്കു സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണു പൊലീസ് കേസ്. മൃതദേഹം കാറിൽ ഇരുത്തിയാണ് കൊണ്ടുപോയത്. സംശയം തോന്നാതിരിക്കാനും, മറിഞ്ഞു വീഴാതിരിക്കാനുമായി മൃതദേഹത്തിന്റെ തോളിൽ കയ്യിട്ട് ഇരുന്നാണ് കൂട്ടുപ്രതിയും പ്രേംകുമാറിന്റെ കാമുകിയുമായ സുനിത ബേബി സഞ്ചരിച്ചത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ ഉപദേശിച്ച കൂട്ടുകാരനെയും കേസിൽ പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇയാളെ തേടി പൊലീസ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയെങ്കിലും കുടുംബസമേതം പുറത്തുപോയതിനാൽ പിടിയിലായിട്ടില്ല. സെപ്റ്റംബർ 21ന് പുലർച്ചെ രണ്ടിന് തിരുവനന്തപുരത്ത് പ്രേംകുമാർ കാമുകി സുനിതയ്ക്കൊപ്പം താമസിച്ചിരുന്ന വില്ലയിലാണ് വിദ്യ കൊലചെയ്യപ്പെടുന്നത്. വിദ്യയെ പ്രേംകുമാർ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. തുടർന്ന് പ്രംകുമാറും സുനിതയും ചേർന്ന് മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിച്ചു എന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP