Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

23 ദിവസത്തിന് ശേഷം ആ മൂന്നര വയസ്സുകാരനും അമ്മയും കണ്ടുമുട്ടി; കാസർകോട് നിന്നും നിതാര വയനാട്ടിലുള്ള മകന്റെ അടുത്തെത്തിയത് ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത്

23 ദിവസത്തിന് ശേഷം ആ മൂന്നര വയസ്സുകാരനും അമ്മയും കണ്ടുമുട്ടി; കാസർകോട് നിന്നും നിതാര വയനാട്ടിലുള്ള മകന്റെ അടുത്തെത്തിയത് ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: 23 ദിവസത്തെ കാത്തിരിപ്പിന് ശേഷം മൂന്നര വയസ്സുകാരൻ റിച്ചുവിന് അമ്മയെ തിരികെ കിട്ടി. ലോക്ക് ഡൗണിൽ മകനിൽ നിന്നും ഒരുപാട് അകലെയായി പോയ ആ അമ്മ ഒരു രാത്രി മുഴുവൻ യാത്ര ചെയ്താണ് കണ്ണൂര് നിന്നും വയനാട്ടിലുള്ള മകന്റെ അടുത്തെത്തിയത്. ഒരുപാട് ദിവസങ്ങൾക്ക് ശേഷം അമ്മയെ തിരികെ കിട്ടിയപ്പോൾ അത് സന്തോഷ നിമിഷമായി മാറി. കാസർകോട്ടെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ നിതാരയാണ് ഒരു രാത്രി മുഴുവൻ യാത്ര ചെയ്ത് കാസർകോട്ടു നിന്നും വയനാട്ടിലുള്ള മകന് അരുകിലെത്തിയത്.

മകന്റെ അരികിലെത്താനായി അനുമതി തേടിയ നിതാരയെ ജില്ലാ ഭരണകൂടം വട്ടം കറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് തുണയാകുക ആയിരുന്നു. കാസർകോട് വിദ്യാനഗർ ഐടിഐ റോഡിൽ വാടക വീട്ടിൽ താമസിക്കുന്ന നിതാര ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിലുള്ള നിതാരയുടെ മാതാപിതാക്കൾക്ക് ഒപ്പമായി പോയ കുഞ്ഞിന് അരികിലേക്ക് പോകാൻ കളക്റ്റ്രേറ്റ് അടക്കം നിരവധി ഓഫിസുകളിൽ കയറി ഇറങ്ങി. 

കാസർകോട് സിവിൽ സ്റ്റേഷനിലെ ഡേ കെയറിൽ കുട്ടിയെ ആക്കിയായിരുന്നു അദ്ധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ടി.വി.സുജിത്തും ജോലിക്കു പോയിരുന്നത്. മാർച്ച് 10 ന് ഡെ കെയർ അടച്ചതോടെ കുട്ടിയെ നോക്കാനാളില്ലാതായി. 21ന് നിതാരയുടെ അച്ഛൻ പി.കെ.ശശി കുട്ടിയെ തങ്ങളുടെ വയനാട് മാനന്തവാടി വിൻസന്റ് ഗിരി പുതിയടത്തു മീത്തലെ വീട്ടിലേക്കു കൊണ്ടു പോയി. അന്ന് വൈകിട്ട് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അമ്മയും കുഞ്ഞും ഒരുപാട് അകലെയായി പോകുക ആയിരുന്നു.

നിതാരയുടെ വേദന വാർത്തയായതോടെ വയനാട് കലക്ടർ ഡോ.അദീല അബ്ദുല്ല കാസർകോട് കലക്ടറേറ്റിൽ ബന്ധപ്പെട്ടെങ്കിലും കുഞ്ഞിന്റെ അടുത്തെത്താനുള്ള വഴി തെളിഞ്ഞില്ല.തുടർന്ന് കോവിഡ് ജില്ലാ സ്‌പെഷൽ ഓഫിസർ അൽകേഷ് കുമാർ ശർമയെ വിളിച്ചു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം ഇടപെട്ട് കലക്ടർക്കും ഐജിക്കും നിർദ്ദേശം നൽകി. കലക്ടറേറ്റിൽ നിന്ന് 11നു രാവിലെ എത്താൻ നിർദ്ദേശം ലഭിച്ചു.

പല തടസ്സങ്ങൾ പറഞ്ഞു നിതാരയെ അവർ വട്ടം കറക്കിയെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ പാസ് അനുവദിച്ചു. അനുവദിച്ച പാസ്സിലെ സമയമാകട്ടെ 11ന് വൈകിട്ട് 6 മുതൽ ഇന്നലെ രാവിലെ 8 വരെ. കാസർകോടു നിന്നു ഏർപ്പാടാക്കിയ താൽക്കാലിക വാഹനത്തിലായിരുന്നു യാത്ര പ്ലാൻ ചെയ്തത്. എന്നാൽ പാസിൽ രേഖപ്പെടുത്തിയ നമ്പറുമായുള്ള വാഹനവുമായി വയനാട്ടിൽ പോയാൽ രണ്ടാഴ്ചത്തെ ക്വാറന്റീനിൽ കഴിഞ്ഞു മാത്രമേ മടങ്ങാൻ സാധിക്കുകയുള്ളുവെന്നു പറഞ്ഞതോടെ വാഹനം ഉടമയ്ക്കു തിരികെ നൽകാൻ വഴിയില്ലെന്നായി.

ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽ വിളിച്ചപ്പോൾ ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയിൽ 3 വാഹനത്തിലായി അനുമതി പാസ്സുമായി പോകാമെന്നായിരുന്നു മറുപടി.

തുടർന്ന് കാസർകോട് അതിർത്തി വരെ നിതാരയെ ഭർത്താവ് എത്തിച്ചു. കണ്ണൂർ അതിർത്തിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ പുലർച്ചെ 4ന് കണ്ണൂർ വയനാട് അതിർത്തിയായ ബോയ്‌സ് ടൗണിലെത്തിച്ചു. ഇവിടെ നിന്ന് നിതാരയുടെ മാതാപിതാക്കളായ പി.കെ.ശശിയും കെ.ജെ.സിസിലിയും എത്തി കൊണ്ടുപോയി. പുലർച്ചെ 5 മണിയോടെ നിതാര മകന് അരികിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP