Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗൽവാൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ നിന്ന് ഇരുസേനകളും പിന്മാറിയത് ഒന്നരക്കിലോ മീറ്ററോളം; മുഖാമുഖം നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട പിന്മാറ്റമെന്ന് സേന; മൂന്ന് കിലോമാറ്റർ പിന്നിലായി സജ്ജമാക്കി ടാങ്കുകളും യുദ്ധവിമാന സന്നാഹങ്ങളും ഒരുക്കാൻ ഇന്ത്യൻ സേന; ഗാൽവാൻ നദിയിൽ മഞ്ഞ് ഉരുകിയതും പ്രതികൂല കാലാവസ്ഥയും പിന്മാറ്റ കാരണം; ലഡാക്ക് ഗ്രാമങ്ങളിൽ ചൈനിസ് കടന്നുകയറ്റമുള്ളതായി ആരോപണവും

മറുനാടൻ ഡെസ്‌ക്‌

ലേ: ലഡാക്കിൽ നിന്നും ഇരു സൈന്യവും പിന്മാറുന്നു.ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളുടെ ഭാഗമായിട്ടാണ് അതിർത്തിയിൽ നിന്നുള്ള സേനകളുടെ പിന്മാറ്റം. ഗൽവാൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ നിന്ന് ഇരുസേനകളും ഒന്നര കിലോമീറ്റർ വീതം പിന്നോട്ട് നീങ്ങി. നിയന്ത്രണ രേഖയിൽ (എൽഎസി) മുഖാമുഖം നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട പിന്മാറ്റമാണിതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇരുസേനകൾക്കുമിടയിൽ 3 കിലോമീറ്റർ അകലം ഉറപ്പാക്കിയിട്ടുണ്ട്.ഏതാനും കിലോമീറ്റർ പിന്നിലായി സജ്ജമാക്കിയ ടാങ്കുകൾ, യുദ്ധവിമാനങ്ങൾ അടക്കമുള്ളവ അടുത്ത ഘട്ടത്തിൽ നീക്കും. ചൈനയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതിർത്തിയിലുടനീളം ഇന്ത്യൻ സേന അതീവ ജാഗ്രത തുടരുകയാണ്. ജൂൺ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സ് (പിപി 15), ഗോഗ്ര ഹൈറ്റ്‌സ് (പിപി 17 എ) എന്നിവിടങ്ങളിൽ നിന്നാണു സേനകൾ പിന്നോട്ടു നീങ്ങിയത്.

ജൂൺ 30നു നടന്ന ഉന്നത സേനാതല ചർച്ചയിലെ ധാരണപ്രകാരം ചൈനയാണ് ആദ്യം പിന്മാറിയതെന്നും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ അക്കാര്യം ഉറപ്പാക്കിയ ശേഷം ഇന്ത്യൻ സേനയും ആനുപാതികമായി പിന്നോട്ടു നീങ്ങിയെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇതേസമയം, സംഘർഷം മൂർധന്യാവസ്ഥയിലുള്ള പാംഗോങ്, ഡെപ്‌സാങ് എന്നിവിടങ്ങളിൽ നിന്നു പിന്മാറാൻ ചൈന ഇനിയും തയാറായിട്ടില്ല

അതിർത്തിയിൽ ഇന്ത്യ, ചൈന സേനകളുടെ ആദ്യഘട്ട പിന്മാറ്റത്തിനു വഴിയൊരുക്കിയത് അവിടത്തെ കാലാവസ്ഥയും. വേനൽക്കാലത്ത് മഞ്ഞുരുകിയതു മൂലം ഗൽവാൻ നദി കരകവിഞ്ഞൊഴുകുകയാണെന്നും പിന്മാറ്റത്തിന് അതും കാരണമായെന്നും സേനാ വൃത്തങ്ങൾ പ്രതികരിക്കുന്നത്. ഗൽവാൻ ഉൾപ്പെടെ 3 സംഘർഷമേഖലകളിൽ നിന്നാണ് ആദ്യഘട്ട പിന്മാറ്റം. എന്നാൽ സംഘർഷം മൂർധന്യാവസ്ഥയിലുള്ള പാംഗോങ്, ഡെപ്‌സാങ് എന്നിവിടങ്ങളിൽ നിന്നു പിന്മാറാൻ ചൈന തയാറായിട്ടില്ല. പാംഗോങ് തടാകത്തോടു ചേർന്ന് ഇന്ത്യൻ ഭാഗത്തേക്ക് 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

നാലിനും എട്ടിനുമിടയിലുള്ള മലനിരകളിൽ സജ്ജമാക്കിയ സേനാ സന്നാഹങ്ങളിൽ നേരിയ കുറവ് മാത്രമാണു ചൈന വരുത്തിയിരിക്കുന്നത്. ശക്തമായ പ്രതിരോധക്കോട്ടയൊരുക്കി നാലാം മലനിരയിൽ നിൽക്കുന്ന ഇന്ത്യൻ സേന രണ്ടിലേക്കു പിന്മാറണമെന്നാണു ചൈനയുടെ ആവശ്യം.
ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡി (ഡിബിഒ) ലക്ഷ്യമിട്ട് ഡെപ്‌സാങ്ങിൽ കടന്നുകയറിയ ചൈന, അവിടെ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിലും കടുംപിടിത്തം തുടരുകയാണ്. കോങ്കാ ലാ, പട്രോൾ പോയിന്റ് 18 എന്നിവിടങ്ങളിലും ചൈനീസ് സേനയുടെ സാന്നിധ്യമുണ്ട്. പാംഗോങ് അടക്കമുള്ള മേഖലകളിലെ പിന്മാറ്റം ഉറപ്പാക്കാൻ ഉന്നത സേനാതലത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും ഇതിനു മാസങ്ങളെടുത്തേക്കാമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ലഡാക്കിലെ ഗ്രാമങ്ങൾ കയ്യേറിയും ചൈനയുടെ നീക്കം

കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറുന്നത് അതിർത്തിയിലെ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയും അവരുടെ ഭൂമി കയ്യേറാൻ ശ്രമിച്ചും. വർഷങ്ങളായി ഇത്തരം കടന്നുകയറ്റങ്ങൾ ചൈന നടത്തുന്നുണ്ടെന്നും സ്വന്തം പതാക സ്ഥാപിച്ച് അധികാരം പിടിച്ചെടുക്കാനാണു പലയിടത്തും അവർ ശ്രമിക്കുന്നതെന്നും അതിർത്തിയോടു തൊട്ടുചേർന്നുള്ള ന്യോമ ഗ്രാമത്തിലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗൺസിൽ അധ്യക്ഷയും ഡെംചോക് മുൻ ഗ്രാമമുഖ്യയുമായ യുർഗെയ്ൻ ചൊദോൻ.

2019 ജൂലൈ ആറിന്, ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ ജന്മദിനം ആഘോഷിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന ഡെംചോക്കിനു സമീപം ഇന്ത്യൻ ഭാഗത്തേക്ക് 6 കിലോമീറ്ററോളം അതിക്രമിച്ചു കയറിയ ചൈനീസ് സംഘം അവിടെ അവരുടെ പതാക സ്ഥാപിച്ചു. ദലൈ ലാമയുടെ ജന്മദിനത്തിൽ ഇന്ത്യയുടെയും ടിബറ്റിന്റെയും ബുദ്ധമതത്തിന്റെയും പതാകകൾ ഉയർത്തുന്നത് ഗ്രാമവാസികളുടെ ആചാരമാണെങ്കിലും ചൈനീസ് സംഘം അതിന് അനുവദിച്ചില്ല. ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി മടക്കിയയച്ച ശേഷമാണു ചൈനീസ് പതാക ഉയർത്തിയത്.

2019 മേയിൽ ഇന്ത്യ ദേശീയ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോടു ചേർന്നുള്ള ഫുക്ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമ്മാണം നടത്തിയെന്നും യുർഗെയ്ൻ പറഞ്ഞു. നൂറ്റൻപതോളം ലോറികളും ജെസിബികളുമെത്തിച്ചു നടത്തിയ നിർമ്മാണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ യുർഗെയ്ൻ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP