Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമശ്ശേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി മന്ത്രവാദ ചികിത്സ; ചികിത്സക്കെത്തുന്നത് കർണ്ണാടകയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി നൂറുകണക്കിന് ആളുകൾ; ചികിത്സ നടത്തുന്നത് നരത്തെ വയനാട്ടിൽ നിന്നും നാട്ടുകാർ ഓടിച്ചുവിട്ട അൻവർസാദത്ത്; ഓട്ടോ ഡ്രൈവറായിരുന്ന ഇയാളെ നേരത്തെ കർണ്ണാടക പൊലീസ് വ്യാജചികിത്സ നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നതായും വിവരം; പരാതി നൽകിയവരെ കൊന്നുകളയുമെന്ന് ഭീഷണി

ജാസിം മൊയ്ദീൻ

കോഴിക്കോട്: താമരശ്ശേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വ്യാജവൈദ്യന്റെ മന്ത്രവാദ ചികിത്സ. താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് ബസാറിനും ഈങ്ങാപ്പുഴക്കും ഇടയിൽ ബ്ലൂസ്റ്റാർ സിമന്റ് ബ്ലോക് നിർമ്മാണ കേന്ദ്രത്തിന് പിറകിലുള്ള വീട് കേന്ദ്രീകരിച്ചാണ് സിദ്ധചികിത്സ നടത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. കർണ്ണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇവിടെ ആളുകളെത്തുന്നുണ്ട്. യാതൊരു വിധത്തിലുള്ള സാമൂഹിക അകലമോ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ ചികിത്സ നടത്തുന്നത്. ചികിത്സക്കായെത്തുന്നവർ പരിസര പ്രദേശങ്ങളിൽ കറങ്ങി നടക്കുന്നത് നാട്ടുകാർക്കും ഭീഷണിയായിട്ടുണ്ട്.

നരത്തെ വയനാട് പടിഞ്ഞാറത്തറയിൽ നിന്നും നാട്ടുകാർ ഓടിച്ചുവിട്ട അൻവർ സാദത്ത് എന്നയാളാണ് ഇവിടെ ചികിത്സ നടത്തുന്നത്. ഇയാൾ വയനാട്ടിൽ നിന്നും പോന്നതിന് ശേഷം അടിവാരത്തും ഇത്തരത്തിൽ വ്യാജചികിത്സ നടത്തിയിരുന്നെങ്കിലും അവിടെ നിന്നും നാട്ടുകാർ ഓടിക്കുകയായിരുന്നു.


അതിന് ശേഷമാണ് ഇപ്പോൾ കുറച്ചുകാലങ്ങളായി പുതുപ്പാടിയിലെ വീട് കേന്ദ്രീകരിച്ച് ചികിത്സ ആരംഭിച്ചിരിക്കുന്നത്. പ്രദേശത്ത് കണ്ടെയ്ന്മെന്റ് സോൺ നിലനിൽക്കെയാണ് ഇപ്പോഴും ഇവിടെ വ്യാജചികിത്സക്കായി നൂറുകണക്കിന് ആളുകളെത്തുന്നത്. ഇയാൾക്കെതിരെ നിരവധിയിടങ്ങളിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. താമരശ്ശേരി പൊലീസ് സ്റ്റേഷൻ, റൂറൽ എസ്‌പി, തഹസിൽദാർ, ജില്ല കളക്ടർ എന്നിവർക്കെല്ലാം ഈ കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ ജനക്കൂട്ടമുണ്ടാക്കി വ്യാജ ചികിത്സ നടത്തുന്ന ഇയാൾക്കെതിരെ ജനങ്ങൾ പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയുണ്ടായില്ല എന്നു മാത്രമല്ല പരാതി നൽകിയവർക്കെതിരെ കൊന്നുകളയുമെന്ന് അൻവർ സാദത്തും അദ്ദേഹത്തിന്റെ ഗുണ്ടകളും ഭീഷണിമുഴക്കിയിരിക്കുകയുമാണ് ഇപ്പോൾ.

വയനാട് പൊഴുതനയിൽ ഓട്ടോ ഡ്രൈവറായിരുന്ന അൻവർസാദത്ത് ഒരു സുപ്രഭാതത്തിലാണ് തൊപ്പിയിട്ട് സിദ്ധനായി രംഗത്തെത്തിയത്. പിന്നീട് പടിഞ്ഞാറത്തറ പാണ്ടംകോട് മന്ത്രവാദവും വ്യാജ ചികിത്സയും ആരംഭിക്കുകയായിരുന്നു. വർഷങ്ങളോളം പടിഞ്ഞാറത്തറയിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന അൻവർ സാദത്തിനെതിരെ നാട്ടുകാർ നിരവധി തവണ പരാതി നൽകുകയും സമരം ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും ആദ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കുകയാണ് ചെയ്തിരുന്നത്.
നാട്ടുകാർ വലിയ പ്രതിഷേധവും സമരങ്ങളും നടത്തിയാണ് പിന്നീട് വയനാട്ടിൽ നിന്നും ചുരമിറക്കിയത്.

സമീപവാസികളായ ആദിവാസികളെ വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്തും ഭയപ്പെടുത്തിയും കൂടെ നിർത്തിയാണ് പടിഞ്ഞാറത്തറയിൽ ചികിത്സ നടത്തിയിരുന്നത്. ചുറ്റുമതിൽ തീർത്ത് സിസി കാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അതിനുള്ളിലാണ് മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിയിരുന്നത്. ഇതരസംസ്ഥാനക്കാരായ നിരവധി ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യുന്നതും പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാർ പരാതിയുമായി അന്ന് രംഗത്ത് വന്നത്.

ഇവിടെ എത്തിയിരുന്ന സന്ദർശകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും കോഴിയുടേയും മറ്റ് അവശിഷ്ടങ്ങളും രാത്രികാലങ്ങളിൽ ഇവിടെ നിന്നുള്ള ശബ്ദ മലിനീകരണങ്ങളും പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇവിടെ എത്തുന്നവരുടെ വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിക്കുന്നതും പതിവായി. ചില പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി ഇവിടെ എത്തുകയും അൻവർ സാദത്തിന്് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെതിരുന്നു. ഇവിടെ എത്തുന്ന ഹിന്ദുമത വിശ്വാസികൾക്ക് ഹിന്ദു ആചാരപ്രകാരവും മുസ്ലിം മത വിശ്വാസികൾക്ക് മുസ്ലിം രീതിയിലുമുള്ള മന്ത്രമവാദകർമങ്ങളാണ് നടത്തിയിരുന്നത്.

ഇത്തരത്തിൽ ഇയാളെകൊണ്ട് പൊറുതി മുട്ടിയ പടിഞ്ഞാറത്തറ പൊഴുത പാണ്ടംകോട് നിവാസികൾ നിരന്തരം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയാണ് ഇയാളെ 2017ൽ വയനാട്ടിൽ നിന്നും ഓടിച്ചത്. ഇതിന്റെ പേരിൽ ലാത്തിച്ചാർജ്ജും പൊലീസ് മർദ്ദനങ്ങളും വരെ നാട്ടുകാർക്ക് ഏൽക്കേണ്ടി വന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പൊലീസ് അൻവർസാദത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി. പിന്നീട് സ്ത്രി പീഡനക്കേസിൽ കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് ഇയാൾ വയനാട്ടിൽ നിന്നും ചുരമിറങ്ങി അടിവാരത്ത് എത്തിയത്.

അടിവാരത്ത് നിന്നും നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങൾ തുടർന്നതോടെയാണ് ഇപ്പോൾ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ഇയാൾ ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു വർഷത്തോളമായി ഇവിടെ വ്യാജചികിത്സ നടക്കുന്നുണ്ട്. ഈ കോവിഡ് കാലത്തും നിരവധിപേരാണ് ഇയാളുടെ അടുത്ത് ചികിത്സക്കെത്തുന്നത്. ഇവിടെയെത്തുന്നവർ യാതൊരുവിധ കോവിഡ് സുരക്ഷമാനദണ്ഡങ്ങളും പാലിക്കുന്നില്ല എന്ന സ്ഥിതി തുടർന്നപ്പോൾ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു, എന്നാൽ പരാതിയിൽ പൊലീസോ മറ്റ് അധികൃതരോ നടപടിയെടുക്കുന്നില്ല എന്ന് മാത്രമല്ല പരാതി നൽകിയവരെ അൻവർ സാദത്തിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP