Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടുവരെ പഠനം; പൂണെ എൻഡിഎയിലെ പഠന ശേഷം മെഡിസിനും എൻജിനീയറിംഗിനും പ്രവേശനം കിട്ടി; പക്ഷേ ഈ ഏറ്റുമാനൂരുകാരൻ ചേർന്നത് വ്യാമ സേനയിൽ; ഫ്രാൻസിലെ ഒൻപത് മാസത്തെ അതിരഹസ്യമായ പരിശീലനം പൂർത്തിയാക്കി റഫാലുമായി ഇന്ത്യയിലേക്ക്; അംബാലയിൽ പറന്നിറങ്ങി ആദ്യം വിളിച്ചത് അച്ഛനെ; അഭിമാന ചിറകിൽ വിക്രമൻനായരും കുടുംബവും; വിങ് കമാൻഡർ വിവേക് വിക്രം ലാൻഡ് ചെയ്തത് മലയാളി പെരുമയുമായി

പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടുവരെ പഠനം; പൂണെ എൻഡിഎയിലെ പഠന ശേഷം മെഡിസിനും എൻജിനീയറിംഗിനും പ്രവേശനം കിട്ടി; പക്ഷേ ഈ ഏറ്റുമാനൂരുകാരൻ ചേർന്നത് വ്യാമ സേനയിൽ; ഫ്രാൻസിലെ ഒൻപത് മാസത്തെ അതിരഹസ്യമായ പരിശീലനം പൂർത്തിയാക്കി റഫാലുമായി ഇന്ത്യയിലേക്ക്; അംബാലയിൽ പറന്നിറങ്ങി ആദ്യം വിളിച്ചത് അച്ഛനെ; അഭിമാന ചിറകിൽ വിക്രമൻനായരും കുടുംബവും; വിങ് കമാൻഡർ വിവേക് വിക്രം ലാൻഡ് ചെയ്തത് മലയാളി പെരുമയുമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ പറന്നിറങ്ങുമ്പോൾ അതിന് മലയാളി തിളക്കവും. ഫ്രാൻസിൽ നിന്നു റഫാൽ യുദ്ധവിമാനവുമായി ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ പറന്നിറങ്ങിയവരിൽ മലയാളിയും ഉണ്ടായിരുന്നു. വിങ് കമാൻഡർ വിവേക് വിക്രം. ഏറ്റുമാനൂരിന്റെ അഭിമാനം.

റഫാലുമായി പറന്നിറങ്ങിയ വിവേക് ആദ്യം വിളിച്ചത് പിതാവിനെയാണ്. ഏറ്റുമാനൂർ ഇരട്ടാനയിൽ (ശിവജ്യോതി) വീട്ടിൽ അച്ഛൻ വിക്രമൻനായർ മകനെ ഓർത്ത് അഭിമാനത്തിലും. വിവേകിന്റെ ഭാര്യ ഡോ.ദിവ്യ മക്കളായ വിഹാനും സൂര്യാസിനുമൊപ്പം രാജസ്ഥാനിലാണ്. ഏറ്റുമാനൂർ നഗരസഭയ്ക്ക് പിൻവശം എസ്എഫ്എസ് റോഡിലാണ് വിവേകിന്റെ വീട്. അമ്മ കൃഷ്ണകുമാരി പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റായിരുന്നു. മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറാണ് അച്ഛൻ വിക്രമൻ നായർ.

പുതുപ്പള്ളി കേന്ദ്രീയ വിദ്യാലയത്തിലാണു വിവേക് പ്ലസ് ടു വരെ പഠിച്ചത്. പുനെ എൻഡിഎയിൽ പഠിച്ചിറങ്ങി, 2005ൽ വ്യോമസേനയിൽ ചേർന്നു. മെഡിസിനും എൻജിനീയറിങ്ങിനും പ്രവേശനം കിട്ടിയതാണ്. സൈന്യത്തിൽ ചേരാനായിരുന്നു തീരുമാനം. മിഗ് 27 വിമാനങ്ങളുടെ അവസാന പറക്കലിനും വിവേക് ഉണ്ടായിരുന്നു. യുദ്ധ വിമാനങ്ങളോടുള്ള പ്രണയം തന്നെയാണ് വിവേകിനെ റഫാലിന്റെ നിയന്ത്രണവും നൽകുന്നത്.

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക യുദ്ധവിമാനം റഫാൽ പറത്താൻ ആദ്യം പരി ശീലനം നേടിയവരിൽ വിവേക് വിക്രം എത്തിയത് നിശ്ചയദാർഢ്യവുമായുള്ള യാത്രയുടെ ഫലമാണ്. ഇന്ത്യയിലെത്തിയ റഫാലിലെ ആറു പേരടങ്ങുന്ന വൈമാനിക സംഘത്തിലെ ഏക മലയാളിയാണ് വിവേക്. കഴിഞ്ഞ ഒൻപത് മാസമായി വിവേകും സഹവൈമാനികരും ഫ്രാൻസിൽ പരിശീലനത്തിലായിരുന്നു.

റഫാൽ യുദ്ധവിമാനങ്ങളുമായി രാജ്യത്തിന്റെ അഭിമാനമായ പൈലറ്റുമാർ ഇന്ത്യയിലെത്തുവെന്ന് മാധ്യമ വാർത്തകളും എയർ ഫോഴ്സ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രവും പുറത്തുവന്നതോടെയാണ് വിവേകിനെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിലും വിവേകിനെ കുറിച്ചള്ള വിവരങ്ങൾ വൈറലായി. എന്നാൽ കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയില്ല. വിമാനം ഇന്ത്യയിൽ എത്തിയതിന് ശേഷമാണ് ഏറ്റുമാനൂരിലെ കുടുംബം സന്തോഷം പങ്കുവച്ച് പരസ്യമായി എത്തിയത്.

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകർന്നാണ് അഞ്ച് റഫേൽ പോർവിമാനം ഫ്രാൻസിൽനിന്ന് പറന്നെത്തിയത്. അംബാല വ്യോമതാവളത്തിൽ ബുധനാഴ്ച പകൽ 3.10ന് വാട്ടർ സല്യൂട്ട് നൽകി രാജ്യം പോർവിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്വാഗതമോതി. 7000 കിലോമീറ്റർ പറന്നെത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമാതിർത്തിമുതൽ രണ്ടു സുഖോയ് വിമാനം അകമ്പടി സേവിച്ചു. പടിഞ്ഞാറൻ അറേബ്യൻ സമുദ്രത്തിൽ നിലയുറപ്പിച്ച പടക്കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി റഫേൽ വിമാനങ്ങൾ ആശയവിനിമയം നടത്തി.

വ്യോമസേനയുടെ 17ാം ഗോൾഡൻ ആരോ സ്‌ക്വാഡ്രണിലേക്ക് സ്വാതന്ത്ര്യദിനത്തിനുശേഷം ഇവ അണിചേരും. 17ാം സ്‌ക്വാഡ്രൺ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പൈലറ്റുമാരാണ് ദൗത്യം പൂർത്തിയാക്കിയത്. ദസ്സാൾട്ട് കമ്പനിയിൽനിന്ന് 59,000 കോടി രൂപ ചെലവിൽ വാങ്ങുന്ന 36 വിമാനത്തിൽ ആദ്യബാച്ചാണ് എത്തിയത്. യുപിഎ കാലത്ത് 126 റഫേൽ വിമാനം വാങ്ങാനായിരുന്നു പദ്ധതി.

ഫ്രാൻസിൽനിന്ന് നേരിട്ട് വിമാനം വാങ്ങുമെന്ന പ്രഖ്യാപനത്തോടെ മോദി സർക്കാർ കരാർ മാറ്റി. 36 വിമാനമാക്കി ഇടപാട് ചുരുക്കിയത് വിവാദമായി. രാജ്യത്തിന്റെ ദീർഘകാല പോർവിമാന സംഭരണപദ്ധതിയുടെ ഭാഗമായ ഇടപാട് സുപ്രീംകോടതിയുടെ അനുകൂല വിധി നേടിയാണ് നടപ്പായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP