Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും വേണ്ട; ജഡം ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തിൽ ഒരുപിടി ഗംഗയിലൊഴുക്കണം എന്ന ആഗ്രഹം മതപരമായ പ്രാധാന്യത്തോടെയല്ല; അവശേഷിക്കുന്ന അസ്ഥിഭസ്മം ഒരുതരി പോലും അവശേഷിപ്പിക്കാതെ വിതറേണ്ടത് ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ; രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ 55-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഒസ്യത്തിനെ കുറിച്ച് ഓർക്കുമ്പോൾ

മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും വേണ്ട; ജഡം ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തിൽ ഒരുപിടി ഗംഗയിലൊഴുക്കണം എന്ന ആഗ്രഹം മതപരമായ പ്രാധാന്യത്തോടെയല്ല; അവശേഷിക്കുന്ന അസ്ഥിഭസ്മം ഒരുതരി പോലും അവശേഷിപ്പിക്കാതെ വിതറേണ്ടത് ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ; രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ 55-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഒസ്യത്തിനെ കുറിച്ച് ഓർക്കുമ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 55 ാം ചരമവാർഷികദിനമാണിന്ന്. നെഹ്റുവിനെ നെഞ്ചോട് ചേർക്കുന്നവരും വിമർശിക്കുന്നവരും മുമ്പെന്നെത്തേക്കാളേറെ സജീവമായിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ 1954 ൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്മാരക നിധി വിവിധ ഭാഷകളിൽ അദ്ദേഹത്തിന്റെ ഒസ്യത്ത് വിവരം പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിലും നെഹ്റുവിന്റെ കൈയോപ്പോടുകൂടിയ ഒസ്യത്ത് പ്രസിദ്ധീകരിച്ചിരുന്നു.

ജവഹർലാൽ നെഹ്റുവിന്റെ ഒസ്യത്ത്

ഭാരതത്തിലെ ജനതയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ള സ്നേഹവാത്സല്യങ്ങളുടെ എളിയ ഒരംശമെങ്കിലും തിരിച്ച് കൊടുക്കത്തക്കവണ്ണം എന്തെങ്കിലും ചെയ്യാൻ ഞാൻ ശക്തനല്ല. അല്ലെങ്കിലും സ്നേഹബന്ധത്തെ പോലെ അമൂല്യമായ ഒന്ന് തിരിച്ച് കൊടുക്കുക എന്നത് സാധ്യതമല്ല തന്നെ. ഒട്ടു വളരെ പേർ ശ്ലാഖിക്കപ്പെട്ടിട്ടുണ്ട്.: ചിലരൊക്കെ ബഹുമാനിതരുമാണ്: എന്നാൽ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിക്കുന്ന സ്നേഹാതിരേകം എന്നെ വികാരാധീനനാക്കുന്നു. ശേഷമുള്ള എന്റെ ജീവിതകാലത്ത് എന്റെ നാട്ടുകാർക്കും അവരുടെ സ്നേഹത്തിനും ഞാൻ അനർഹരാവരുതെന്ന് ആഗ്രഹിക്കുവാൻ മാത്രമേ എനിക്ക് കഴിയുകയുള്ളൂ. എണ്ണമറ്റ എന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇതിലും കവിഞ്ഞ കടപ്പാടെനിക്കുണ്ട്. മഹത്തായ സംരംഭങ്ങളിൽ ഞങ്ങൾ സഹകാരികളും അവയുടെ അനിവാര്യമായ നേട്ടങ്ങളിലും ഖേദങ്ങളിലും പങ്കാളികളുമായിരുന്നു.

മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും ചെയ്യേണ്ടതില്ലെന്ന് തികഞ്ഞ ആത്മാർത്ഥതയോടെ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരമുള്ള കർമ്മങ്ങളിലൊന്നും എനിക്ക് വിശ്വാസവുമില്ല. ഒരു ചടങ്ങെന്ന നിലയിൽ പോലും അവയ്ക്ക് വിധേയനാവുന്നത് കാപട്യവും ആത്മ വഞ്ചനക്കും പരവഞ്ചനക്കുമുള്ള പരിശ്രമവുമായിരിക്കും. മരണ ശേഷം എന്റെ ജഡം ദഹിപ്പിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിദേശത്താണ് മരണം സംഭവിക്കുന്നതെങ്കിൽ അവിടെ എന്റെ ജഡം സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം അലഹബാദിലേക്ക് കൊണ്ടു വരണം. അതിൽ നിന്നും ഒരു പിടി ഗംഗയിൽ പ്രക്ഷേപിക്കണം. ശേഷിച്ച ഭസ്മം താഴെ പറയും പോലെ വിനിയോഗിക്കണം. അതിന്റെ ലവലേശം പോലും അവശേഷിക്കരുത്, സൂക്ഷിക്കരുത്.

അസ്ഥിഭസ്മത്തിന്റെ ഒരു പിടി അലഹബാദിൽ ഗംഗയിൽ പ്രക്ഷേപിക്കണമെന്ന എന്റെ ആഗ്രഹത്തിന് എന്നെ സംബന്ധിച്ചിടത്തോളം മതപരമായ പ്രാധാന്യമൊന്നുമില്ല. ഈ വിഷയത്തിൽ മതസംബന്ധമായ വികാരങ്ങളൊന്നുമെനിക്കില്ല. അലഹബാദിലൂടെ പ്രവഹിക്കുന്ന ഗംഗയോടും യമുനയോടും ഒരാത്മബന്ധം ബാല്യം മുതലേ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ വളർന്നു വന്നതോടുകൂടി ഈ ബന്ധവും വളർന്നു വന്നു. ഋതു ഭേദാനുസാരം ഈ നദികൾക്ക് വരുന്ന ഭാവപകർച്ചകൾ ഞാൻ വീക്ഷിച്ചിട്ടുണ്ട്. യുഗാന്തരങ്ങളിലൂടെ അവയുമായി ബന്ധപ്പെട്ട് ആ ജല പ്രവാഹങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുള്ള ചരിത്രവും, പുരാണങ്ങളും, പാട്ടുകളും, കഥകളും പലപ്പോഴും എന്റെ ചിന്തക്ക് വിഷയീഭവിച്ചിട്ടുണ്ട്.
ഗംഗ പ്രത്യേകിച്ചും ഭാരത്തിന്റെ നദിയാണ്. ഭാരതീയരുടെ ഓമനയാണ്. ഭാരതത്തിന്റെ വംശപരമായ ഓർമ്മകൾ, പ്രത്യാശകൾ, ഭയാശങ്കകൾ, ജയാപജയങ്ങൾ, വിജയഗാനങ്ങൾ ഇവയെല്ലാം ഗംഗയെ ചുറ്റി പറ്റി കെട്ടുപിണഞ്ഞു കിടക്കുന്നു. യുഗങ്ങളോളം പഴക്കമേറിയ നമ്മുടെ സംസ്‌ക്കാരത്തിന്റേയും പരിഷ്‌ക്കാരത്തിന്റേയും പ്രതീകമാണ്. ഗംഗ.

അനവരതം മാറിക്കൊണ്ടും നിരന്തരം പ്രവഹിച്ചു കൊണ്ടും അതേ ഗംഗയായി നിലനിൽക്കുകയാണവൾ. ഞാൻ ഏറ്റവും സ്നേഹിക്കുന്ന മഞ്ഞു കൊണ്ടു മൂടപ്പെട്ട ഹിമാലയ ശൃംഗങ്ങളേയും അതിന്റെ അഗാധ താഴ്‌വരകളേയും, എന്റെ ജീവിതത്തിന്റേയും, കർമ്മപദ്ധികളേയും ആവിഷ്‌ക്കരിച്ച ഭാരതത്തിന്റെ സമൃദ്ധമായ വിശാല സമതലങ്ങളേയും അവൾ എന്നെ ഓർമ്മിപ്പിക്കുന്നു. പ്രഭാത സൂര്യന്റെ രശ്മികളേറ്റ് പുഞ്ചിരിച്ച് നൃത്തമാടുകയും അന്തി നിഴൽ ചാർത്തുകൾ പതിയുമ്പോൾ ഇരുളാർന്ന് , നിഗൂഢതനിറഞ്ഞ് ശേകമൂകമായി ഭവിക്കുകയും, ശീതകാലത്ത് ലോലയും മന്ദഗമനയും ലാവണ്യവതിയുമായ ഒരു കൊച്ചരുവിയായി തീരുകയും വർഷം വരുമ്പോൾ ഏതാണ്ട് കടലിനോടൊപ്പം വിശാല വക്ഷസ്സാർന്ന് കടലിന്റെ സംഹാര ശക്തി ഉൾക്കൊണ്ട് അലറിക്കുതിച്ചൊഴുകയും ചെയ്യന്ന ഗംഗ വർത്തമാനത്തിലൂടെ ഭാവിയാകുന്ന മഹാസമുദ്രത്തിലേക്ക് ഒഴുകി ചേരുന്ന ഭാരത്തിന്റെ ഭൂതകാലത്തിന്റെ ഒരു പ്രതീകവും സ്മരണയുമത്രേ.

പാരമ്പര്യങ്ങളേയും ആചാരങ്ങളേയും ഒട്ടേറെ ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്.. ജനതയെ ഭിന്നിപ്പിക്കുകയും വീർപ്പു മുട്ടിക്കുകയും, അവരിൽ എണ്ണമറ്റവരെ അമർത്തുകയും ശരീരത്തിന്റേയും ആത്മാവിന്റേയും സ്വാധീന വികസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ചങ്ങല കെട്ടുകളേയും ഭാരതം പൊട്ടിച്ചെറിയണമെന്ന് എനിക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴും ഭൂതകാലത്തോടുള്ള ബന്ധം തീരെ ഉപേക്ഷിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നില്ല. നമ്മുടെ മഹത്തായ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നവനാണ് ഞാൻ.

അതി പ്രാചീനമായ ഭാരതത്തിലെ ചിരിത്രോദയത്തിലേക്ക് ചെന്നെത്തുന്ന ആ അവിച്ഛിന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് എല്ലാവരേയും പോലെ ഞാനും എന്ന ബോധം എനിക്കുണ്ട്. ആ ശൃംഖല ഞാൻ പൊട്ടിക്കുകയില്ല. ഞാൻ അതിനെ വിലമതിക്കുന്നു. അതിൽ നിന്നും പ്രചോദനം തേടുന്നു. എന്റെ ഈ അഭിലാഷത്തിന്റെ പ്രമാണമെന്ന നിലയിലും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തോട് എനിക്കുള്ള അന്തിമാഭിവാദനമെന്ന നിലയിലും എന്റെ ചിതാഭസ്മത്തിന്റെ ഒരു പിടി ഇന്ത്യയുടെ തീരങ്ങളെ പ്രക്ഷാളനം ചെയ്യുന്ന മഹാസമുദ്രത്തിലെത്തിചേരുവാൻ വേണ്ടി, അലഹബാദിൽ ഗംഗയിൽ പ്രക്ഷേപിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു.

എന്റെ ചിതാഭസ്മത്തിൽ ഭൂരിഭാഗവും മറ്റൊരു തരത്തിലാണ് വിനിയോഗിക്കേണ്ടത്. അത് വിമാനത്തിൽ ഉയർത്തിക്കൊണ്ടു പോയി അവിടെ നിന്നും ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ വിതറുകയും അങ്ങിനെ അത് ഇന്ത്യയുടെ മണ്ണിലും പൊടിയിലും ലയിച്ച് തിരിച്ചറിയാനാവാത്ത വിധം ഭാരതത്തിന്റെ ഒരംശമായി തീരുകയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP