Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് എതിരെ മോദി സർക്കാർ നിയമനിർമ്മാണം നടത്തുമോ? ഈ ബജറ്റ് സമ്മേളനത്തിൽ സാധ്യതയില്ലെന്ന് വിലയിരുത്തൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഓർഡിനൻസ് പരിഗണിച്ചേക്കുമെന്നും സൂചന; സുപ്രീംകോടതി വിധി വരാൻ കുംഭമാസ പൂജകൾ കഴിയും; വീണ്ടും തീർത്ഥാടനകാലം സംഘർഷത്തിലേക്ക് നീങ്ങുമെന്നും ആശങ്ക

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് എതിരെ മോദി സർക്കാർ നിയമനിർമ്മാണം നടത്തുമോ? ഈ ബജറ്റ് സമ്മേളനത്തിൽ സാധ്യതയില്ലെന്ന് വിലയിരുത്തൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഓർഡിനൻസ് പരിഗണിച്ചേക്കുമെന്നും സൂചന; സുപ്രീംകോടതി വിധി വരാൻ കുംഭമാസ പൂജകൾ കഴിയും; വീണ്ടും തീർത്ഥാടനകാലം സംഘർഷത്തിലേക്ക് നീങ്ങുമെന്നും ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലുള്ള റിവ്യൂ-റിട്ട് ഹർജികൾ ഉൾപ്പെടെ സുപ്രീംകോടതി ഇന്ന് പരിഗണിച്ചെങ്കിലും അതിന്മേൽ വിധി ഉടനെ വരാൻ സാധ്യതയില്ല. ഇന്ന് വാദം നടത്താൻ കഴിയാത്ത കക്ഷികളുടെ അഭിഭാഷകർക്ക് ഏഴുദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് കോടതി. അതിനാൽ അവകൂടി പരിശോധിച്ച ശേഷമേ വിധിയുണ്ടാകൂ. അതിന് പിന്നെയും ദിവസങ്ങൾ എടുത്തേക്കാം. അതിനാൽ കുംഭമാസ പൂജകൾക്ക് നട തുറക്കുംമുമ്പ് വിധി വരില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ വീണ്ടും നടതുറക്കുമ്പോൾ യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷാന്തരീക്ഷം ഉണ്ടാകുമോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്.

മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകൾക്കായി ഇനി ഫെബ്രുവരി 13നാണ് നടതുറക്കുക. തുടർന്ന് അഞ്ചുദിവസത്തോളം ദർശനവും ഉണ്ടാകും. ഈ സമയത്ത് യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചാൽ വീണ്ടും സംഘർഷത്തിന് വഴിമാറുമെന്നാണ് ആശങ്ക. യുവതികളെ കയറ്റുന്നത് സംബന്ധിച്ച് കുംഭമാസ പൂജ തുടങ്ങുന്ന സമയത്ത് തീരുമാനമെടുക്കാമെന്നാണ് ഇതേപറ്റിയുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുപടി നൽകിയത്.

ഇന്ന് ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ നിലപാടുമാറ്റം നടത്തിയതും ഇതിനകം ചർച്ചയായിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കുന്നതിന് തങ്ങളായി മുൻകൈയെടുക്കില്ലെന്നാണ് ഇക്കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡ് നിലപാടെടുത്തത്. പക്ഷേ, ഇന്ന് കോടതിയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് പറഞ്ഞതോടെ ബോർഡിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഏതായാലും ശബരിമല വിഷയത്തിൽ സമരം തുടരുമെന്ന് കർമ്മസമിതിയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കുന്ന സുപ്രീംകോടതി വിധി വരുംവരെ ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്ന ആവശ്യമാണ് എതിർപ്പുയർത്തുന്ന സംഘടനകൾ മുന്നോട്ടുവയ്ക്കുന്നതും. കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രശ്നങ്ങളുണ്ടായാൽ അത് തിരഞ്ഞെടുപ്പിൽ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട് സംസ്ഥാന സർക്കാരിനും.

സ്ഥിതി അനുകൂലമാകുമെന്ന തോന്നലുണ്ടായെങ്കിലും എൻഎസ്എസും മറ്റും കടുത്ത നിലപാടിലേക്ക് നീങ്ങിയത് സിപിഎമ്മിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പമാണ് നവോത്ഥാന മതിൽ ഉയർത്തിയ ആവേശം അടങ്ങുംമുമ്പേ ശബരിമലയിൽ സ്ത്രീപ്രവേശനം പൊലീസ് സഹായത്തോടെ നടന്നത്. ഇതോടെ വനിതാ മതിലിൽ അണിചേർന്ന വെള്ളാപ്പള്ളി ഉൾപ്പെടെ എതിർപ്പുമായി എത്തി. ഇത്തരത്തിൽ എതിർപ്പുകൾ ശക്തമാകുന്നതിന് പിന്നാലെയാണ് വീണ്ടും ഒരു തീർത്ഥാനവേള കുംഭമാസത്തിലും എത്തുന്നത്. അതിന് മുമ്പേ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നേക്കുമെന്നായിരുന്നു പ്രതീക്ഷ.

പക്ഷേ, ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. പകരം ഇന്നാണ് പരിഗണിച്ചത്. കൂടുതൽ കക്ഷികൾ ഉള്ളതിനാൽ ഇന്ന് പ്രധാന ഹർജികൾ വാദംകേട്ട ശേഷം മറ്റുള്ളവരോടെല്ലാം ഏഴുദിവസത്തിനകം വാദങ്ങൾ എഴുതി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനാൽ ഇവ പരിഗണിച്ച് പിന്നീട് അതിൽ വിധി പ്രസ്താവം വരാൻ പിന്നെയും വൈകും. അതിനാൽ കുംഭമാസ പൂജകൾക്ക് നട തുറക്കുമ്പോൾ മണ്ഡലകാലത്തെ സ്ഥിതി തന്നെ തുടരും. ഇതാണ് സർക്കാരിനേയും കുഴക്കുന്നത്.

എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കില്ലെന്നും ശബരിമല കർമ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളും സ്വീകരിക്കുന്നത്. യുവതീ പ്രവേശനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും തടയാൻ സംഘപരിവാർ സംഘടനകളും തുനിഞ്ഞിറങ്ങിയാൽ മണ്ഡലകാലത്ത് ശബരിമലയിൽ ഉണ്ടായ സംഘർഷാവസ്ഥ ആവർത്തിച്ചേക്കും. സുപ്രീം കോടതിയുടെ വിധി വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ആശങ്കയുണ്ടെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമയും പ്രതികരിച്ചിട്ടുണ്ട്.

പാർലമെന്റിൽ നിയമനിർമ്മാണം നടക്കുമോ?

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കെതിരെ ഈ പാർലമെന്റ് സമ്മേളനത്തിൽ നിയമനിർമ്മാണം നടക്കുമോ എന്ന ചോദ്യം കുറച്ചുകാലമായി സജീവമാണ്. ബിജെപിക്ക് വേണമെങ്കിൽ നിയമനിർമ്മാണം കൊണ്ടുവന്നുകൂടേയെന്നും എന്തിനാണ് സംസ്ഥാന സർക്കാരിനെ പഴിചാരി സമരം നടത്തുന്നതെന്നും ചോദ്യം ഉയരുന്നുമുണ്ട്. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ ചേരുന്ന ബജറ്റ് സമ്മേളനം ഈ മാസം 13 വരെയാണ്.

ഒരു ബില്ല് ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ ഇനി സാവകാശമില്ല. നേരത്തേ ബിജെപി ഇക്കാര്യം ആലോചിച്ചിട്ടുമില്ല. മാത്രമല്ല ബില്ല് കൊണ്ടുവരാൻ നിയമോപദേശം തേടുന്നതുൾപ്പടെ നിരവധി നടപടികളെടുക്കണം. ഏഴ് ദിവസം കൊണ്ട് ഒരു ബില്ല് പാർലമെന്റിൽ കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ നിയമനിർമ്മാണത്തിന് സാധ്യതയില്ലെന്ന് നിയമജ്ഞരും വ്യക്തമാക്കുന്നു.

എന്നാൽ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സമ്മേളനം ഇല്ലെന്നത് തടസ്സമല്ല എന്നതിനാൽ അതിന് ബിജെപി സർക്കാർ തുനിയുമോ എന്ന ചർച്ചയാണിപ്പോൾ സജീവം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശബരിമലയിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ഏത് കക്ഷിയാണോ രൂപീകരിക്കുന്നത് ആ സർക്കാരിന് ഈ ഓർഡിനൻസ് എന്തായാലും പരിഗണിക്കേണ്ടി വരികയും ചെയ്യും.

അതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ ശക്തി തെളിയിക്കാൻ ബിജെപി ഈ തന്ത്രം പ്രയോഗിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം വന്നതിന് പിന്നാലെ നിയമത്തിന്റെ കാര്യം ആലോചിക്കാം എന്നാണ് നേരത്തേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP