Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിലെറിയും; അത് പവിത്രമാണ്. മെഡലുകൾ ഗംഗയിൽ കളഞ്ഞതിന് ശേഷം ജീവിച്ചിട്ട് കാര്യമില്ല, തുടർന്ന് ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഗുസ്തി താരങ്ങൾ; പ്രധാനമന്ത്രി കരുതൽ കാണിച്ചില്ലെന്നും പരിഭവം; ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ചു താരങ്ങൾ

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകൾ ഗംഗയിലെറിയും; അത് പവിത്രമാണ്. മെഡലുകൾ ഗംഗയിൽ കളഞ്ഞതിന് ശേഷം ജീവിച്ചിട്ട് കാര്യമില്ല, തുടർന്ന് ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഗുസ്തി താരങ്ങൾ; പ്രധാനമന്ത്രി കരുതൽ കാണിച്ചില്ലെന്നും പരിഭവം; ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ചു താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. പീഡന ആരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരെ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറും യുപി സർക്കാറും മടിക്കുന്ന പശ്ചാത്തലത്തിലാണ് ഗുസ്തി താരങ്ങൾ നിലപാട് കടുപ്പിക്കുന്നത്. തങ്ങൾ പൊരുതി നേടിയ മെഡലുകൾ ഗംഗയിലെറിയുമെന്ന് താരങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിലേക്ക് എറിയുമെന്ന് താരങ്ങൾ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുടെ പ്രസ്താവന. രാജ്യത്തിനായി പൊരുതി നേടിയതാണ് മെഡലുകളെന്ന് താരങ്ങൾ പറഞ്ഞു. അത് പവിത്രമാണ്. മെഡലുകൾ ഗംഗയിൽ കളഞ്ഞതിന് ശേഷം ജീവിച്ചിട്ട് കാര്യമില്ല. തുടർന്ന് ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാരം ഇരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളെ പെൺമക്കൾ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം തങ്ങളോട് കരുതൽ കാണിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു. അതേസമയം പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് അദ്ദേഹം ബ്രിജ് ഭൂഷൺ സിങിനെ ക്ഷണിച്ചതായും താരങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്നപോലെയാണ് പൊലീസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും താരങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ,സ്വമേധയാ മുറിവേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ജന്തർമന്തറിലെ സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

അതേസമയം ജന്തർ മന്തറിൽ നിന്ന് പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ പൊലീസ് നേരിട്ട രീതിയെ വിമർശിച്ച് റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്ക രംഗത്തുവന്നിരുന്നു. പൊലീസ് നടപടി അതിക്രൂരമായെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ 20 പൊലീസുദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്ന് സാക്ഷി പറഞ്ഞു. ഞങ്ങൾ പൊതു മുതലൊന്നും നശിപ്പിച്ചിട്ടില്ലെങ്കിലും പൊലീസ് ഞങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നു. അവർ വളരെ ക്രൂരമായാണ് ഞങ്ങളോട് പെരുമാറിയത്. ഒരു സ്ത്രീയെ 20 പൊലീസ് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തത്. നിങ്ങൾക്ക് വിഡിയോയിൽ കാണാം.

ഞങ്ങൾക്ക് വേണ്ടി അംബാലയിലെ ഗുരുദ്വാരയിലും മറ്റു സ്ഥലങ്ങളിലും കാത്തു നിൽക്കുന്ന ഞങ്ങളെ പിന്തുണക്കുന്നവരോടായി പറയാനുള്ളത്, ഈ ദിവസം അടുത്ത ചുവട് എന്തായിരിക്കണമെന്ന് ആലോചിക്കാനായാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഞങ്ങൾ പിന്നോട്ടില്ല. പ്രതിഷേധം തുടരും. ഞങ്ങളുടെ അടുത്ത നടപടി എന്താണെന്ന് നിങ്ങളെ അറിയിക്കാം. ഞങ്ങളെ പിന്തുണക്കുന്നത് തുടരുക. - സാക്ഷി പറഞ്ഞു.

ഞായറാഴ്ച പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കെട്ടിടത്തിന് പുറത്ത് മഹിളാ ഖാപ്പ് പഞ്ചായത്ത് നടത്തുമെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം. അതിനായി ജന്തർ മന്തറിൽ നിന്ന് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് തടയുകയും ഗുസ്തി താരങ്ങളെ അതിക്രൂരമായി നേരിട്ട് കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും കായികതാരങ്ങളുമടക്കം ഗുസ്തി താരങ്ങളെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിക്കുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP