Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേപ്പാടിയിലെ വിംസ് ആശുപത്രി ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ആക്കിമാറ്റാൻ പദ്ധതി; കളമൊരുങ്ങുന്നത് വലിയ അഴിമതിക്ക്; ആശുപത്രിയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റണമെന്ന് ആവശ്യം; നഷ്ടത്തിലായ ആശുപത്രി സർക്കാറിന് വിട്ടുനൽകുന്നത് വിലപറഞ്ഞുറപ്പിച്ച്; 250 കോടി മാത്രം ഇളവ് നൽകുമെന്നും ആസാദ് മൂപ്പൻ; വിംസിനെ രക്ഷിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് എന്ന വയനാട്ടുകാരുടെ സ്വപ്നം ഉപേക്ഷിച്ചതെന്നും ആക്ഷേപം

മേപ്പാടിയിലെ വിംസ് ആശുപത്രി ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ആക്കിമാറ്റാൻ പദ്ധതി; കളമൊരുങ്ങുന്നത് വലിയ അഴിമതിക്ക്; ആശുപത്രിയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റണമെന്ന് ആവശ്യം; നഷ്ടത്തിലായ ആശുപത്രി സർക്കാറിന് വിട്ടുനൽകുന്നത് വിലപറഞ്ഞുറപ്പിച്ച്; 250 കോടി മാത്രം ഇളവ് നൽകുമെന്നും ആസാദ് മൂപ്പൻ; വിംസിനെ രക്ഷിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് എന്ന വയനാട്ടുകാരുടെ സ്വപ്നം ഉപേക്ഷിച്ചതെന്നും ആക്ഷേപം

ജാസിം മൊയ്തീൻ

കൽപറ്റ: വയനാട്ടിലെ ജനങ്ങളുട പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് സ്വന്തമായൊരു സർക്കാർ മെഡിക്കൽ കോളേജ് എന്നത്. എന്നാൽ രണ്ടിടങ്ങളിലായി പലസമയത്ത് സ്ഥലമേറ്റെടുത്ത് പദ്ധതി തയ്യാറാക്കിയിരുന്ന വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്നം സർക്കാർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. പകരം നിലവിൽ മേപ്പാടിയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മെഡിക്കൽ കോളേജ് ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടന്നുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ആസ്റ്റർ ഗ്രൂപ്പ് മേധാവി ഡോ. ആസാദ് മൂപ്പനും കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ വയനാട്ടിലെ മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി.

സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മേഖലയിലേക്ക് മാറ്റുന്നതിന് പിന്നിൽ വലിയ സാമ്പത്തിക അഴിമതി നടക്കുന്നുവെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. 250 കോടി രൂപയുടെ ഇളവു മാത്രമായിരിക്കും ആശുപത്രി വിട്ടുനൽകുമ്പോൽ സർക്കാറിന് അനുവദിക്കുക എന്ന് ആസാദ് മൂപ്പൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുകയും ജീവനക്കാരുടെ ജോലി സംബന്ധിച്ചുമുള്ള ചർച്ചകൾ നടക്കാനിരിക്കുന്നതെയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ആസാദ് മൂപ്പനുമായി ഇക്കാര്യത്തിൽ സർക്കാർതലത്തിൽ ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യം, ഏറ്റെടുക്കാനുള്ള സാമ്പത്തികച്ചെലവ് തുടങ്ങിയ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ വിശ്വനാഥന്റെ നേതൃത്വത്തിലാണ് സമിതി. ഡോ. സജീഷ്, ഡോ. കെ.ജി. കൃഷ്ണകുമാർ (തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ. അൻസാർ (കൊല്ലം മെഡിക്കൽ കോളേജ്), മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ, കെ. ശ്രീകണ്ഠൻ നായർ, സി.ജെ. അനില, ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ബാബു എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.

അതേ സമയം സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മേഖലയിലാക്കാനുള്ള ആലോചനയിൽ ഇതിനോടകം തന്നെ വലിയ അഴിമതിയാരോപണങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ സർക്കാർ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ നിശ്ചയിച്ച വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിൽ സർക്കാർ മെഡിക്കൽകോളേജ് യാഥാർത്ഥ്യമായാൽ വയനാട്ടിൽ 20 കിലോമീറ്ററിനുള്ളിൽ രണ്ടു മെഡിക്കൽ കോളേജുകളുണ്ടാവും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജായ ഡി.എം. വിംസ് ആണ് നിലവിൽ ജില്ലയിലുള്ള ഏക മെഡിക്കൽ കോളേജ്. ഇവിടെനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമാണ് സർക്കാർ ഏറ്റെടുക്കാനുദ്ദേശിച്ചിരുന്ന ഭൂമിയിലേക്കുള്ളത്. ഇത് രണ്ടിടത്തും പ്രയാസങ്ങളുണ്ടാക്കുമെന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോൾ ആശുപത്രി സർക്കാറിന് വിൽക്കാനായി ആസ്റ്റർ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം.

മെഡിക്കൽ കോളേജിന് വേണ്ടി വൈത്തിരിയിൽ സ്ഥലം ഏറ്റെടുക്കുകയും കിഫ്ബി വഴി സാമ്പത്തിക സഹായം നല്കിയെന്നുമൊക്കെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതുമാണ്. എന്നാൽ പൊടുന്നനെ ഈ നീക്കങ്ങളൊക്കെ ഉപേക്ഷിച്ചു സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനാണ് ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. കോഴിക്കോട് രൂപതയുടെ കീഴിലുള്ള വൈത്തിരിയിലെ ചേലോട് എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്ത ശേഷം അവിടെ മെഡിക്കൽ കോളേജ് പണിയുമെന്നായിരുന്നു കൽപ്പറ്റ എംഎ‍ൽഎ സി.കെ.ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വയനാട്ടിൽ എത്തി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.

സംസ്ഥാന സർക്കാർ മെഡിക്കൽ കോളജിനായി വൈത്തിരിയിൽ ഭൂമി ഏറ്റെടുത്തതായി വിജ്ഞാപനം പുറപ്പെടുവിക്കുകയും കിഫ്ബി വഴി 625 കോടി അനുവദിച്ചതായും അന്ന് പ്രഖ്യാപിച്ചു. ഡിസംബറിൽ നിർമ്മാണം തുടങ്ങി 2021 ൽ ആദ്യബാച്ചിനു പ്രവേശനം നൽകുമെന്ന മന്ത്രിയുടെ പ്രസ്താവന വൻ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാലിപ്പോൾ സ്വകാര്യ മെഡിക്കൽ കോളേജ് വൻ വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഈ ഇടപാടിലൂടെ കോടികൾ കമ്മീഷൻ തട്ടാൻ വേണ്ടിയാണ് മടക്കി മലയിലെ നിർമ്മാണം അട്ടിമറിക്കപ്പെട്ടതെന്ന ആരോപണവും ഇപ്പോൾ ശക്തമായിരിക്കുകയാണ്.

കൽപറ്റയിൽ സൗജന്യമായി ലഭിച്ച അൻപതേക്കർ ഭൂമി ഉപേക്ഷിക്കാൻ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന ആക്ഷേപം നേരത്തെ തന്നെ വ്യാപകമായി ഉയർന്നിരുന്നു. റോഡ് നിർമ്മാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി നാല് കോടിയിലധികം കൽപറ്റ മടക്കി മലയിൽ ചെലവഴിച്ചതിനു ശേഷമാണു പദ്ധതി ഉപേക്ഷിച്ചത്. മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം മടക്കി മലയിലെ ദേശീയ പാതയോരത്തെ സ്ഥലം തന്നെയാണെന്ന് പഠനം നടത്തിയ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ സർക്കാർ പുതി സ്ഥലം കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങാനായിരുന്നെങ്കിൽ തിടുക്കപ്പെട്ട് ചേലോട് എസ്റ്റേറ്റിൽ ഭൂമി വാങ്ങാൻ നടത്തിയ ശ്രമങ്ങൾ എന്തിനു വേണ്ടിയായിരുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കൽപ്പറ്റയിൽ വെറുതെ കിട്ടിയ ഭൂമി വേണ്ടെന്നു വെപ്പിച്ചു പുതിയ ഭൂമി കണ്ടെത്തി അതിനു സർക്കാർ അംഗീകാരവും പിന്നീട് കിഫ്ബിയുടെ സാമ്പത്തിക സഹായവുംവാങ്ങി അത് ഔദ്യോഗിക വിജ്ഞാപനമാക്കിയ ശേഷം ഇപ്പോൾ സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങൽ ആശയം മുന്നോട്ടു വെച്ചതിൽ വൻ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ് ഭീമമായ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ കോടതികളിൽ വിദ്യാർത്ഥികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ടുള്ള കേസുകളുമുണ്ട് .നീലഗിരിയിൽ പുതിയ മെഡിക്കൽ കോളേജ് നിർമ്മാണവുമായി തമിഴ്‌നാട് സർക്കാരും രംഗത്തുണ്ട്. ഇത്തരം പ്രതികൂല ഘടകങ്ങളെ മുന്നിൽ കണ്ടാണ് ആശുപത്രി സർക്കാറിന് വിൽക്കാൻ ആസ്റ്റർ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് മെഡിക്കൽ കോളേജുകളുടെ പ്രസക്തിയെ കുറിച്ച് ആസാദ് മൂപ്പൻ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിൽപ്പനക്കുള്ള കളമൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫിലെ മുസ്ലിം ലീഗ് ഉൾപ്പെടയുള്ള ഘടക കക്ഷികളുമായി ഉറ്റ ബന്ധമുള്ള ആസാദ് മൂപ്പന്റെ മെഡിക്കൽ കോളേജ് വിൽപ്പനക്ക് യു.ഡി.എഫിൽ നിന്നും വലിയ എതിർപ്പ് സർക്കാറും പ്രതീക്ഷിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP