Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202301Wednesday

ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ സിമി; നിരോധനത്തോടെ എൻ.ഡി.എഫ് ആയി തീവ്ര നിലപാടുമായി മുന്നോട്ട്; മുസ്ലിം സമൂഹത്തിൽ എതിർപ്പ് തുടങ്ങിയതോടെ പോപ്പുലർ ഫ്രണ്ടായി രൂപാന്തരം; വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരിൽ നിന്ന് 'പിഎഫ്‌ഐ' അപ്രത്യക്ഷം; പിഎഫ്‌ഐക്ക് നിരോധനം വരുമ്പോൾ ഇനിയെന്ത്?

ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ സിമി; നിരോധനത്തോടെ എൻ.ഡി.എഫ് ആയി തീവ്ര നിലപാടുമായി മുന്നോട്ട്; മുസ്ലിം സമൂഹത്തിൽ എതിർപ്പ് തുടങ്ങിയതോടെ പോപ്പുലർ ഫ്രണ്ടായി രൂപാന്തരം; വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരിൽ നിന്ന് 'പിഎഫ്‌ഐ' അപ്രത്യക്ഷം; പിഎഫ്‌ഐക്ക് നിരോധനം വരുമ്പോൾ ഇനിയെന്ത്?

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചു മുൻകാലങ്ങളിലേക്കാൾ കൂടുതൽ സീറ്റുകളിലേക്ക് എത്തി രാഷ്ട്രീയ പാർട്ടിയാണ് എസ്.ഡി.പി.ഐ. ഇപ്പോൾ കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപം. മുസ്ലിം സമൂഹത്തിൽ പ്രത്യേകിച്ചും ചോരത്തിളപ്പുള്ള യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനം അതിവേഗം വർധിച്ചുകൊണ്ടിരുന്ന സമയത്താണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിരോധനവും എത്തുന്നത്. കാലങ്ങളായി പലരൂപത്തിൽ കേരളത്തിൽ പ്രവർത്തിച്ചു വന്ന തീവ്ര മുസ്ലിം സംഘടനകളുടെ പരിഷ്‌ക്കരിച്ച രൂപമായിരുന്നു പോപ്പുലർ ഫ്രണ്ട്. ഇപ്പോഴത്തെ നിരോധനത്തോടെ പോപ്പുലർ ഫ്രണ്ടിന് എന്താണ് സംഭവിക്കുക? ഈ ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

മതത്തെ കൂട്ടുപിടിച്ച് തീവ്രനിലപാടുകാരെ ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന ഐഡിയോളജിയെ നിരോധനം കൊണ്ട് എളുപ്പം നേരിടാൻ കഴിയില്ലെന്നാണ് പൊതുവിൽ രാഷ്ട്രീയ നേതാക്കൾ പറയുന്നത്. നിരോധിച്ചാലും മറ്റു പേരുകളിലേക്ക് ഇവരുടെ പ്രചരണം മാറുമെന്നാണ് വിലയിരുത്തൽ. മൂന്ന് തവണ നിരോധനം നേരിട്ട ആർഎസ്എസിനെ ഉദാഹരിച്ചു കൊണ്ട് നിരോധനം എങ്ങുമാകില്ലെന്നാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം പറയുന്ന കാര്യം. അതേസമയം ഈരാറ്റുപേട്ട പോലുള്ള സ്ഥലങ്ങളിൽ വലിയൊരു വിഭാഗം അണികളുണ്ട്. ഇവർ ഇനി ഏത് ആശയത്തിലേക്ക് പോകും? പോപ്പുലർ ഫ്രണ്ടിന് നിരോധനം ഉണ്ടെങ്കിലും എസ്ഡിപിഐ നിരോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐയെ നിരോധിക്കാത്ത പക്ഷം പിഎഫ്‌ഐ അനുഭാവികൾക്ക് ആ പ്രസ്ഥാനത്തിൽ തുടരാം. എന്നാൽ, അധികം താമസിയാതെ എസ്ഡിപിഐക്കും നിരോധനം വന്നേക്കുമെന്നാണ് സൂചനകളും.

എസ്ഡിപിഐക്ക് തുണയായത് നിയമത്തിന്റെ നൂലാമാലകൾ

രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നതിലുള്ള നിയമപരമായ നൂലാമാലകളാണ് എസ്ഡിപിഐയ്ക്ക് തുണയായത് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പു കമ്മീഷന്റേത് അടക്കം അനുമതി ഇക്കാര്യത്തിൽ വേണമെന്നാണ് സൂചനകൾ. ഇപ്പോൾ അറസ്റ്റിലായ ദേശീയ ജനറൽ സെക്രട്ടറി നാസറുദ്ദീൻ എളമരം അടക്കമുള്ള നേതാക്കളൊക്കെ മുൻപ് എസ്ഡിപിഐയുടെയും ഭാരവാഹികളായിരുന്നു. ഏറെക്കുറെ പോപ്പുലർ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐ എന്നു പറയാം. പോപ്പുലർ ഫ്രണ്ടിന്റെ ആശയം രാഷ്ട്രീയമായി നിലനിർത്താൻ എസ്ഡിപിഐയ്ക്ക് പറ്റും എന്ന് മാത്രമല്ല ആർഎസ്എസ് അടക്കമുള്ള എതിരാളികളുമായുള്ള സംഘർഷവും അവർ തുടർന്നേക്കും എന്ന ആശങ്കയും നിലനിൽക്കുന്നു.

മുസ്ലിം പിന്നോക്ക ഐക്യമെന്ന മുഖം മൂടിയാണ് എസ്ഡിപിഐ സ്വീകാര്യത നൽകിയത്. അതു തുടർന്നു കൊണ്ട് തങ്ങൾക്ക് വർഗ്ഗീയ നിലപാടില്ലെന്ന് ബോധ്യപ്പെടുത്താനാകും ഇനി അവരുടെ ശ്രമം. മുൻപ് പല കേസുകളിലും പ്രതി സ്ഥാനത്ത് വന്നപ്പോൾ മെച്ചപ്പെട്ട അഭിഭാഷകരെ അണി നിരത്തി കേസുകളിൽ നിന് രക്ഷപ്പെടാൻ പോപ്പുലർ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ നിരോധനത്തിനെതിരെയും നിയമപരമായ നടപടികൾ ശക്തമാക്കാൻ തന്നെയാണ് നീക്കം. കേരളത്തിലെ ഇരുമുന്നണികളെയും മാറി മാറി സഹായിച്ചിരുന്നവരാണ് എസ്ഡിപിഐക്കാർ.

പല കേസുകളിലും മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ നിയമയുദ്ധം നടത്താനുള്ള ആൾബലവും സാമ്പത്തിക ശക്തിയും നിരോധിക്കപ്പെട്ട പിഎഫ്‌ഐക്കുണ്ടായിരുന്നു. എന്നാൽ, കേന്ദ്രം പിടിമുറുക്കിയോടെ അതിനെ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ട്രിബ്യൂണൽ മുമ്പാകെ നിരോധനക്കേസ് പരിഗണനയ്ക്ക് വരുമ്പോൾ മികച്ച അഭിഭാഷകരെ തന്നെ ഹാജരാക്കാനാണ് നീക്കം. കേരളത്തിൽ രണ്ട് ലക്ഷത്തോളം പേർ പിഎഫ്‌ഐയിലും അതിന്റെ പോഷകസംഘടനകളിലും അംഗങ്ങളാണ്. ഇവർക്കായി മറ്റൊരു പൊതുവേദി ഉണ്ടാക്കാനും പേരു മാറ്റി പുതിയ സംഘടനയുണ്ടാക്കാനും ശ്രമം നടന്നേക്കും. അതിന്റെ സൂചനകളുമുണ്ട്.

കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള 'പിഎഫ്‌ഐ പ്രസ് റിലീസ്' എന്ന ഗ്രൂപ്പിന്റെ പേരാണ് 'പ്രസ് റിലീസ്' എന്ന് ചുരുക്കിയത്. ഈ പേരുമാറ്റമാകും ഭാവിയിലും സംഭവിക്കുക എന്ന സൂചനകളാണ് പുറത്തുവരുന്നത്.

സിമിയിൽ തുടങ്ങി പിഎഫ്‌ഐ വരെ

ഇന്നത്തെ പി.എഫ്.ഐയുടെ ചരിത്രം പരിശോധിക്കുമ്പോൾ നിരോധനത്തെ അതിജീവിച്ച ചരിത്രമാണ് അവർക്കെന്ന് തന്നെ പറയേണ്ടി വരും. ഇന്ന് കേന്ദ്രം നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പഴയ സിമിയുടെ പുതിയ അവതാരമായിരുന്നു. നിരോധനത്തെ അതിജീവിക്കാൻ പേര് മാറ്റി ഓരോ കാലത്തും പുതിയ പുതിയ സംഘടനകളാവുന്നു.

1977 ഏപ്രിൽ 25-ന് അലിഗഢ് മുസ്ലിം സർവകലാശാലയിൽ ഒത്തുകൂടിയ വിദ്യാർത്ഥികളാണ് സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ്) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ഇതാണ് പി.എഫ്.ഐയുടെ ആദ്യകാല രൂപം. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതും ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്നതുമായിരുന്നു സിമിയുടെ പ്രഖ്യാപിതലക്ഷ്യങ്ങൾ. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് ഇത് നിരോധനത്തിന്റെ വക്കോളമെത്തിയെങ്കിലും നിരോധിക്കപ്പെട്ടത് 2001-ലും 2008-ലുമായിരുന്നു. സംഘടനയ്ക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു നിരോധനം.

2008 ജൂലായ് 25-ന് നടന്ന ബെംഗളൂരു സ്‌ഫോടന പരമ്പരയും 2008 ജൂലായ് 26-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് 'സിമി'യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതോടെ സംഘടനയുടെ അപകടം രാജ്യം തിരിച്ചറിഞ്ഞു വൈകാതെ സിനിമിക്ക് നിരോധനം വരികയുമുണ്ടായി.

സിമിയുടെ നിരോധനത്തിന് ശേഷം പിന്നീട് ഉയർന്നുവന്ന സംഘടനയാണ് എൻഡിഎഫ് അഥവാ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട്. 1987 -കാലത്ത് കേരളത്തിലെ നാദാപുരം കലാപവുമായി ബന്ധപ്പെട്ടാണ് എൻ.ഡി.എഫിന്റെ ആദ്യ കാല കൂട്ടായ്മ രൂപപ്പെടുന്നത്. പിന്നീട് ഈ കൂട്ടായ്മ മദനിയുടെ നിരോധിക്കപ്പെട്ട സംഘടനായ ഐ.എസ്.എസ് (ഇസ്സാമിക് സേവാ സംഘ്)പ്രവർത്തകരെ കൂടെ കൂടെക്കൂട്ടി 1993 കോഴിക്കോടുവെച്ച് എൻ.ഡി.എഫിന് എന്ന ഔദ്യോഗിക സംഘടനയായി.

വർഗീയതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ എൻ.ഡി.എഫ് സജീവമായതോടെ മുസ്ലിം സംഘടനകളിൽ നിന്നടക്കം വലിയ എതിർപ്പുണ്ടായി. ലീഗ് അടക്കമുള്ളവർ സംഘടനയെ ഒറ്റപ്പെടുത്തി. സമൂഹത്തിൽ നിന്ന് എതിർപ്പ് ശക്തമായതോടെയാണ് എൻ.ഡി.എഫ് പേര്മാറ്റി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ എന്നീ സംഘടനകൾ ഒരുമിച്ചതോടെ പോപ്പുലർ ഫ്രണ്ടിന് ദേശീയ സ്വഭാവവും കൈവന്നു. തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ മാത്രമായിരുന്നു സ്വാധീനമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഉത്തരേന്ത്യയിലടക്കം സജീവ സാന്നിധ്യമുള്ള സംഘടനയായി മാറിയെന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രത്യേക.

ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയെല്ലാം സംഘടനയുടെ ഭാഗമാണ്. വിദ്യാർത്ഥികൾക്കിടയിലും സ്ത്രീകൾക്കിടയിലുമെല്ലാം പ്രത്യേകം പ്രത്യേകം ഉപ സംഘടനകളുമുണ്ട്.

2007-ൽ ഔദ്യോഗികമായി രൂപീകരിക്കപ്പെടുകയും 2009-ൽ ദേശീയ സംഘടനയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത പി.എഫ്.ഐ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന പേരിൽ രാഷ്ട്രീയ സംഘടനയും രൂപവത്കരിച്ചു. കണ്ണൂർ നാറാത്ത് നടന്ന പൊലീസ് റെയ്ഡിൽ വൻ ആയുധ ശേഖരവും ലഘുലേഖകളുമെല്ലാം പോപ്പുലർ ഫ്രണ്ടിന്റേതായി കണ്ടെത്തിയതുമുതൽ തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു.

2010-ലെ വിവാദ ചോദ്യപേപ്പർ കേസിൽ നബി നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ.ടി.ജെ ജോസഫന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്തിതോടെയാണ് സംഘടനയുടെ തീവ്രവാദ സ്വഭാവം പരസ്യമായത്. താലിബാൻ മോഡൽ എന്നാണ് ഇത് വിശേഷിക്കപ്പെട്ടത്. കേസിൽ പി.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം ഉൾപ്പെടെ അറസ്റ്റിലായിരുന്നു. തുടർന്ന് ഹാദിയ കേസിലും സി.എ.എ വിരുദ്ധ സമരത്തിലുമടക്കം പി.എഫ്.ഐ യുടെ വർഗീയ സ്വഭാവം വെളിപ്പെട്ടു. സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളമടക്കം കേന്ദ്രത്തെ സമീപിച്ചുവെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവർ ഇക്കാര്യം നിഷേധിച്ചു.

അമിത്ഷായുടെ സർജ്ജിക്കൽ സ്‌ട്രൈക്കിനെ അതിജീവിക്കുമോ?

അടുത്തകാലത്തായി കേരളത്തിലും കർണാടകത്തിലും നടത്തിയ കൊലപാതകങ്ങളാണ് പിഎഫ്‌ഐയുടെ നിരോധനത്തിലേക്ക് എത്തിയത്. കേന്ദ്രം ബിജെപി ഭരിക്കുന്ന കാലത്തോളം പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സുഗമാകില്ല. മറ്റു പേരുകളിലേക്ക് മാറിയാലും പിടിവീഴാൻ സാധ്യത കൂടുതലാണ്. പാലക്കാട്, ആലപ്പുഴ കൊലപാതക പരമ്പരയിലും പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കേരളത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. പ്രമുഖ നേതാക്കളെയടക്കം പ്രത്യേകം സ്‌കെച്ചിട്ടുള്ള കൊലപാതകത്തിന് സംഘടന ശ്രമിക്കുന്നുവെന്ന് കേരള പൊലീസ് അടക്കം വ്യക്തമാക്കിയിരുന്നു. ഒടുവിൽ എൻ.ഐ.എയും ഇക്കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്ന അപ്രതീക്ഷിത റെയ്ഡാണ് ഇപ്പോൾ സംഘടനയുടെ നിരോധനത്തിലേക്ക് വഴിവെച്ചത്. ഹർത്താൽ ദിനത്തിലെ അക്രമ പരമ്പരകളും കേരളത്തിൽ നടന്ന കൊലപാതകവുമെല്ലാം നിരോധനത്തിന് കാരണമായി. പക്ഷെ, പല കാലത്തും നിരോധനത്തിന് ശേഷം കൂടുതൽ ശക്തിയാർജിച്ച് തിരിച്ചുവന്ന ഇത്തരം സഘടനകൾ ഇനിയെന്ത് പേരിലാണ് രംഗത്തുവരികയെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. പ്പം ചില സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചതും നിർണായകമായി. നിരോധിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

അന്വേഷണത്തിൽ ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ടുകൾ ശേഖരിക്കുന്നത് പിഎഫ്‌ഐ അംഗങ്ങൾ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്‌ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവിൽ പറയുന്നു.

യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്. പോപ്പുലർ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവിൽ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനവും നീങ്ങുകയാണ്. പിഎഫ്‌ഐ പ്രവർത്തകരേയും നേതാക്കളേയും കരുതൽ തടങ്കലിൽ തുടരും. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥിതിഗതികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP