Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചങ്കുതകർത്ത് അഭിനയിച്ചിട്ടും മമ്മൂട്ടിക്ക് അവഗണന; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന് അവസാന റൗണ്ടിൽപോലും പരിഗണിക്കാതെ മമ്മൂട്ടിയുടെ പേരൻപ്; മമ്മൂട്ടിയെ ദേശീയ അവാർഡിന് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ജൂറി ചെയർമാൻ; 'ഉറി'യിലെ പ്രകടനത്തിന് വിക്കി കൗശലിനെ മികച്ച നടനുള്ള പുരസ്‌ക്കാരം നൽകിയതിൽ ഞെട്ടി സിനിമാലോകം; നൂറ് ശതമാനം ഉറപ്പായിരുന്നു ദേശീയ പുരസ്‌ക്കാരം മമ്മൂട്ടിക്ക് നഷ്ടമായതിനുപിന്നിൽ രാഷ്ട്രീയ പരിഗണനയോ?

ചങ്കുതകർത്ത് അഭിനയിച്ചിട്ടും മമ്മൂട്ടിക്ക് അവഗണന; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന് അവസാന റൗണ്ടിൽപോലും പരിഗണിക്കാതെ മമ്മൂട്ടിയുടെ പേരൻപ്; മമ്മൂട്ടിയെ ദേശീയ അവാർഡിന് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന്  മറുപടി പറയാതെ ജൂറി ചെയർമാൻ; 'ഉറി'യിലെ പ്രകടനത്തിന് വിക്കി കൗശലിനെ മികച്ച നടനുള്ള പുരസ്‌ക്കാരം നൽകിയതിൽ ഞെട്ടി സിനിമാലോകം; നൂറ് ശതമാനം ഉറപ്പായിരുന്നു ദേശീയ പുരസ്‌ക്കാരം മമ്മൂട്ടിക്ക് നഷ്ടമായതിനുപിന്നിൽ രാഷ്ട്രീയ പരിഗണനയോ?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഉള്ളുലയ്ക്കുന്നത്, അവിസ്മരണീയം എന്നൊക്കെയായിരുന്നു തമിഴ്ചിത്രം 'പേരൻപിലെ' മമ്മൂട്ടിയെ പ്രകടനത്തെ ചലച്ചിത്ര ലോകം ഒരു പോലെ വിലയിരുത്തിയത്. നിരവധി വിദേശ ചലച്ചിത്രമേളകളിൽവരെ പ്രകീർത്തിക്കപ്പെട്ട ഈ ചിത്രം വീണ്ടും ഒരിക്കൽകൂടി, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടന് തമിഴിലൂടെ ദേശീയ പുരസ്‌ക്കാരം നേടിത്തരും എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ചിത്രം പുറത്തിറങ്ങിയശേഷം മമ്മൂട്ടിയെന്ന നടന്റെ അഭിനയ പരാകായപ്രവേശത്തെ പ്രകീർത്തിച്ചുകൊണ്ട് നൂറുകണക്കിന് റിവ്യൂകളാണ് വന്നത്. ശോഭാ ഡേയെപ്പോലുള്ള എഴുത്തുകാർ 'മുഖത്ത് മാരിവിൽ ഭാവങ്ങൾ സെക്കൻഡുകൾകൊണ്ട് വിരിയിക്കാൻ കഴിയുന്ന അപൂർവ പ്രതിഭയെന്നാണ്' ഈ ചിത്രം കണ്ട് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

അതുപോലെ കമൽഹാസനും, രജനീകാന്തും അടക്കമുള്ള പ്രമുഖ നടന്മാരും മമ്മൂട്ടിയുടെ അഭിനത്തെക്കുറിച്ച് പുകഴ്‌ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ തമിഴിലൂടെ ഒരിക്കൽ കൂടി മമ്മൂട്ടിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹത്തെ ആരാധകരും ആസ്വാദകരും. പക്ഷേ ചലച്ചിത്ര പുരസ്‌ക്കാരം അവരെ ഏവരെയും ഞെട്ടിച്ചിരിക്കയാണ്. ദേശീയ അവാർഡ് രണ്ടു നടന്മാർ പങ്കുവെച്ചിട്ടുപോലും അതിൽ മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല 'ഉറി ദ സർജിക്കൽ സ്ട്രൈക്ക്' എന്ന് ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിനെ മികച്ച നടനായി പരിഗണിച്ചത് ചലച്ചിത്രപ്രേമികളെ അമ്പരപ്പിരിക്കയാണ്. കണ്ടിരിക്കാവുന്ന 'വാർ മൂവി' എന്നല്ലാതെ വിക്കി കൗശലിന് ഈ ചിത്രത്തിൽ പ്രത്യേകിച്ച് ഒന്നും അഭിനയിക്കാൻ തന്നെ ഉണ്ടായിരുന്നില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കുവെച്ച ആയുഷ്മാൻ ഖുറാനയുടെ 'അന്ധാധുൻ' എന്ന ചിത്രം അധികം പേർ കണ്ടിട്ടില്ല. പക്ഷേ ഫിലിം ഫെസ്റ്റിവലികളിലേക്കോ മറ്റോ ഈ ചിത്രം തെരഞ്ഞെടുക്കപ്പെടുകയോ, ചലച്ചിത്ര പ്രേക്ഷകരുടെ വ്യാപകമായ ശ്രദ്ധ പടിച്ചു പറ്റുകയോ ചെയ്തിട്ടില്ല.

സാധാരണ അവസാന റൗണ്ടിൽ മികച്ച നടനുള്ള അവാർഡ് നഷ്ടമായവർക്ക് സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം കൊടുക്കാറുണ്ട്. പക്ഷേ ഇവിടെ മമ്മൂട്ടി അവസാന റൗണ്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യംപോലും ജൂറി വെളിപ്പെടുത്തിയില്ല. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്‌കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. അതിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടി തപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.

'എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്‌കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,'- ഇങ്ങനെയായിരുന്നു രാഹുൽ റവൈലിന്റെ പ്രതികരണം.

അതേസമയം, ഇത്തവണത്തെ ചലച്ചിത്ര നിർണ്ണയത്തിൽ കൃത്യമായ രാഷ്ട്രീയ പരിഗണയുണ്ടെന്ന് വ്യാപകമായ അക്ഷേപമുണ്ട്. ഭരണകക്ഷിയെ പിന്തുണക്കുന്ന ചലച്ചിത്രകാരന്മാരെ ചേർത്താണ് ജൂറി ഉണ്ടാക്കിയതെന്ന് ശബ്നം ഹാഷ്മിയെപ്പോലുള്ളവർ നേരെത്തെ പ്രതികരിച്ചിരുന്നു. മോദിയും ജെയ്റ്റിലും ഡോവലുമൊക്കെ കഥപാത്രങ്ങളായി വരുന്ന 'ഉറി ദ സർജിക്കൽ സട്രൈക്കിലെ' നായകൻ ഒരു കാര്യവുമില്ലായെ മികച്ച നടൻ ആയത് ഇങ്ങനെയാണെന്നാണ് ആരോപണം.

ഇതേ രാഷ്ട്രീയ പരിഗണനതന്നെയാണ് മമ്മൂട്ടിക്ക് വിനയായതെന്നും പറയുന്നുണ്ട്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ചലോ ജീതേ ഹെ' എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമ്മിച്ച ചിത്രമാണ് ഇത്. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ 'അതിനെക്കുറിച്ച് അറിയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. 'ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,' എന്നായിരുന്നു ജൂറി ചെയർമാന്റെ പ്രതികരണം.

തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചലച്ചിത്രമായ് പേരൻപ്, റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷാങ്ങ്ഹായി ഫിലിം ഫെസ്റ്റിവൽ എന്നീ മേളകളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇവിടെയൊക്കെ മമ്മൂട്ടിയുടെ അഭിനയവും വ്യാപകമായി പ്രകീർത്തിക്കപ്പെട്ടു. ഐഎഫ്എഫ്‌ഐയിലും ചിത്രത്തിന് വലിയ സ്വീകീരണം ചിത്രതത്തിന് ലഭിച്ചു. എന്നാൽ ഇപ്പോൾ ദേശീയ പുരസ്‌ക്കാരം പ്രഖ്യാപിച്ച ചിത്രങ്ങൾ ഒന്നും തന്നെ ഇന്ത്യക്ക് പുറത്ത് പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല.

പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. എന്നാൽ ക്രൈസ്തവ സഭാധ്യക്ഷനായ ഗീവർഗീസ് മാർ കൂറിലോസ് വരെ ഇതു സംബന്ധിച്ച് കുറിപ്പിറക്കിയത് വൈറലായിരുന്നു. തലമുടി മുതൽ വിരലുകൾ വരെ സൂക്ഷ്മാഭിനയം തീർക്കാൻ കഴിവുള്ള ഇന്ത്യയിലെ ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടിയെന്നും ചിത്രം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂറിലോസ് കുറിപ്പിലൂടെ വ്യക്തമാക്കി.

12 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ മടങ്ങിയെത്തിയ പേരൻപിലെ പ്രശംസ നേടിയ കഥാപാത്രമാണ് അമുതവൻ. ഈ . കഥാപാത്രത്തെ അനശ്വരനാക്കി മമ്മൂട്ടിക്ക് തന്നെ പുരസ്‌ക്കാരം ലഭിക്കുമെന്നാണ് പൊതുവേയുള്ള സിനിമാ പ്രേമികളുടെ പ്രതീക്ഷ. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തന്മാട, വിധേയൻ (1993), ഡോ. ബാബസഹേബ് അംബേദ്കർ (1999) എന്നീ ചിത്രങ്ങൾക്കാണ് ഇതിനു മുൻപ് മമ്മൂട്ടി ദേശീയ പുരസ്‌കാര ജേതാവായത്.

തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സാധനയാണ് ചിത്രത്തിൽ അമുതവന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിക്ക് പുമേ പേരൻപിൽ മമ്മൂട്ടിയുടെ മകളായി അസാധ്യപ്രകടനം കാഴ്ചവെച്ച സാധന, സംവിധായകൻ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ പേരൻപ് നോമിനേഷനിൽ കയറിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാനസിക വൈകല്യമുള്ള ഒരു മകളും അവളുടെ അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരൻപ് പറഞ്ഞത്. തെലുങ്ക് ചിത്രം യാത്രയിലെ പ്രകടനവും ജൂറി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ്ഉണ്ടായിരുന്നു.

തങ്കമീൻകൾ എന്ന സിനിമയിലൂടെയാണ് റാമിന് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചിരുന്നത്.ഇതിന് മുമ്പ് 29 തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരത്തിലേക്ക് നോമിനേഷൻ ലഭിച്ചത്. 16 തവണ അദ്ദേഹം അവസാന റൗണ്ടിൽ എത്തുകയും ചെയ്തു.കുട്ടിസ്രാങ്കിലെ അഭിനയത്തിലൂടെ മമ്മൂട്ടി നാലാം തവണ പുരസ്‌ക്കാരം ലഭിക്കേണ്ടതായിരുന്നു. 'മുന്നറിയിപ്പിലെ' അഭിനയത്തിലൂടെയും മമ്മൂട്ടി ദേശീയ പുരസ്‌ക്കാരത്തിന് അരികെ എത്തിയതാണ്. എന്നാൽ, അദ്ദേഹം അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. ഇത്തവണയും തഴയലിന്റെ ചരിത്രം ആവർത്തികപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP