Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരണ്മയയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നതെന്നും ബാലഭാസ്‌ക്കറിന്റെ ആത്മസുഹൃത്ത് ജോയ് തമലം; ദുരൂഹതകൾ എണ്ണിപ്പറഞ്ഞുള്ള മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത് അപകട മരണത്തിലെ കള്ളക്കളികൾ; കള്ളസാക്ഷി പറഞ്ഞ ബസ് ഡ്രൈവറുടെ കോൺസുലേറ്റ് ബന്ധവും ദുബായ് ജോലിയും പുറത്തു വന്നതോടെ വയലിനിസ്റ്റിന്റെ ഘാതകരെ തേടി സുഹൃത്തുക്കളും

ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടുതടങ്കലിലോ? ബ്ലാക്ക് മെയിലിങ് നേരിടുന്നോ? ഹിരണ്മയയിൽ സിസി ടിവി സ്ഥാപിച്ചത് പ്രകാശ് തമ്പിക്കും വിഷ്ണുവിനും നിരീക്ഷിക്കാനോ? ഭയം കൊണ്ടാണോ ലക്ഷ്മി മൗനം തുടരുന്നതെന്നും ബാലഭാസ്‌ക്കറിന്റെ ആത്മസുഹൃത്ത് ജോയ് തമലം; ദുരൂഹതകൾ എണ്ണിപ്പറഞ്ഞുള്ള മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കുന്നത് അപകട മരണത്തിലെ കള്ളക്കളികൾ; കള്ളസാക്ഷി പറഞ്ഞ ബസ് ഡ്രൈവറുടെ കോൺസുലേറ്റ് ബന്ധവും ദുബായ് ജോലിയും പുറത്തു വന്നതോടെ വയലിനിസ്റ്റിന്റെ ഘാതകരെ തേടി സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ ദുരുഹമരണം സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ അദ്ദേഹത്തിന്റെ ആത്മ്സുഹൃത്തു തന്നെ പോസ്റ്റു ചെയ്ത ഫെയ്സ് ബുക്ക് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കയാണ്. കേസ് സി ബി ഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകൻ കൂടിയായ ബാലഭാസ്‌ക്കറിന്റെ ആത്മമിത്രം കൂടിയായ ജോയ് തമലം പ്രിയ ചങ്ങാതിയുടെ മരണത്തിലെ ദുരൂഹതകൾ എണ്ണിയെണ്ണി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് വിവാദങ്ങൾ കെട്ടടങ്ങാതെ നില്ക്കുമ്പോഴും പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടും ബാലഭാസ്‌ക്കരിന്റെ ഭാര്യ ലക്ഷി തുടരുന്ന മൗനമാണ് ജോയ് തമലത്തെ കൂടുതൽ ദുഃഖിപ്പിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ ഭാര്യ വീട്ടു തടങ്കലിലാണോ എന്ന സംശയവും ജോയ് ഉന്നയിക്കുന്നു. കൂടാതെ ലക്ഷ്മിയുടെ മൗനം ബ്ലാക്ക് മെയിലിങ് ഭയന്നാണോ ? ലക്ഷ്മി ഇപ്പോൾ താമസിക്കുന്ന ബാലഭാസ്‌ക്കർ പണിത വീടായ ഹിരണ്മയയിൽ സി സി ടി വി സ്ഥാപിച്ചതിലും ജോയ് ദുരൂഹത കാണുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ലക്ഷ്മിയെ നിരീക്ഷിക്കാനാണോ സി സി ടിവി സ്ഥാപിച്ചതെന്നും ജോയ് ചോദിക്കുന്നു. കൂടാതെ ബാലഭാസ്‌ക്കറിന്റെ മൊബൈലും പേഴ്സും ബെൻസ് കാറും പ്രകാശ് തമ്പി ഉപയോഗിച്ചതിനെയും കൂടുതൽ സംശയത്തോടെ തന്നെയാണ് ഉറ്റ ചങ്ങാതി കാണുന്നത്. മൊബൈലിലെ രേഖകൾ പ്രകാശ് തമ്പി നശിപ്പിച്ചിരിക്കാം. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ അക്കമിട്ടു നിരത്തുന്ന ജോയിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ക്രൈംബ്രാഞ്ച് കാണാതെ പോയ കാര്യങ്ങളിലേക്കും എത്താത്ത തെളിവുകളിലേക്കും വിരൽ ചൂണ്ടുന്നു. 94-2000 കാലഘട്ടത്തിൽ ജോയ് എഴുതി ബാലഭാസ്‌ക്കർ- സംഗീതം നിർവ്വഹിച്ച് പുറത്തിറക്കിയ സംഗീത ആൽബങ്ങൾ ഹിറ്റായിരുന്നു. ഇതാണ് ഇവരുടെ ബന്ധം ദൃഢമാവുന്നതിന് വഴി വെച്ചത്. കൂടാതെ ബാലഭാസ്‌ക്കറിന്റെ പ്രണയത്തിനും പിന്നീട് നടന്ന വിവാഹത്തിലും ഒക്കെ തന്നെ മുൻപിൽ ഉണ്ടായിരുന്ന സുഹൃത്തായിരുന്നു ജോയ് തമലം. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ ജോയ് തമലം ആദ്യമാണ് ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

ഫെയ്സ് ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ:

ബാലഭാസ്‌കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും..

മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്നായിരുന്നു. ബാലഭാസ്‌ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു പകൽ പുലർന്നു തുടങ്ങുമ്പോൾ ഉണ്ടായ അപകടം ആ താരത്തിന്റെ അസ്തമയത്തിനു വഴിതെളിച്ചു. 2018 സെപ്റ്റംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു. ഒക്ടോബർ 2ന് ബാലഭാസ്‌കറും യാത്രയായി. തന്റെ നാല്പതാം വയസിൽ. ഇരുവരും മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്, കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടമുതൽ തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലം വരെയുള്ള യാത്രയ്ക്കിടയിൽ എന്താണ് സംഭവിച്ചത്. ഇങ്ങനെ ഒരു പാതിരായാത്ര ഉണർത്തുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ സിബിഐ വന്നിരിക്കയാണ് ഇപ്പോൾ.

ലോക്കൽ പൊലീസിന്റെ കൈകഴുകൽ

തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും നിരത്തുന്നത്. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേർപ്പാടാക്കിയ അർജുൻ എന്നിവരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. എന്നാൽ, പ്രതിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ച് ഒരു താൽപര്യവും കാട്ടിയില്ല. മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആ അന്വേഷണ റിപ്പോർട്ടിന്റെ ചുവടു പിടിച്ചാകും സിബിഐയും അന്വേഷണം തുടങ്ങുക. അതേസമയം ബാലഭാസ്‌കറിന്റെ പിതാവോ ബന്ധുക്കളോ നൽകിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന വസ്തുതയും സിബിഐ പരിശോധിക്കും.

ക്രൈം ബ്രാഞ്ചിന്റെ ഉരുണ്ടുകളി

ലളിതമായ ശൈലി കൊണ്ട് സംഗീതത്തിൽ വിസ്മയം തീർത്ത ഈ പ്രതിഭയുടെ മരണം സങ്കീർണമായ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അപകടവിവരം എന്തുകൊണ്ട് ബാലഭാസ്‌കറിന്റെ പിതാവിനെ അറിയിക്കാൻ വൈകി? പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിലും പിതാവിന്റെ അഭിപ്രായം തേടിയില്ല. വാഹനം ഓടിച്ചിരുന്ന അർജുൻ സംശയ നിഴലിലുള്ള പാലക്കാട് ചെർപ്പുളശേരി പൂന്തോട്ടം ആയുർവേദ റിസോർട്ട് ഉടമയുടെ ബന്ധുവാണ്. ഇയാളെ ഡ്രൈവറായി നിയോഗിച്ചതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമോ ആസൂത്രണമോ നടന്നിരിക്കാമെന്നും ബന്ധുക്കൾ സംശയിക്കുന്നു.

മുമ്പ് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർക്ക് അപകടവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും ക്രൈം ബ്രാഞ്ച് സംഘം മൗനം പാലിച്ചു. ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ, പേഴ്സ്, ബെൻസ് കാർ എന്നിവ പ്രകാശ് തമ്പി എന്തിനാണ് ഉപയോഗിച്ചത്. മൊബൈൽ രേഖകൾ ഇയാൾ നശിപ്പിച്ചിരുന്നോ എന്നിങ്ങനെയുള്ള തികച്ചും ന്യായമായ സംശയങ്ങളെ പോലും ക്രൈം ബ്രാഞ്ച് അവഗണിക്കുകയാണ് ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.

ലക്ഷ്മിയുടെ മൗനത്തിന് പിന്നിൽ ഭയമോ?

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ ബ്ലാക് മെയിലിംഗോ നേരിടുന്നുണ്ടോ? ഹിരണ്മയ എന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ച് പ്രകാശ് തമ്പിയും വിഷ്ണുവും ലക്ഷ്മിയെ നിരീക്ഷണത്തിലാക്കിയത് എന്തിനായിരുന്നു. ആ വിട്ടിൽ എന്തെങ്കിലും ഇവർ ഒളിപ്പിച്ചിരുന്നോ എന്നീ കാര്യങ്ങളിലും ക്രൈം ബ്രാഞ്ച് അകലം പാലിച്ചു. കൂടാതെ ലക്ഷ്മിയുടെ അഗാധമായ മൗനത്തിനു മുന്നിലും അന്വേഷണസംഘം മുട്ടുകുത്തി.

അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിൽ സഹായിച്ചിരുന്നു. അതുകൊണ്ട് തന്നെ കലാഭവൻ സോബി ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ പറയുന്ന പോലെ അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടിരുന്നോ ഇല്ലയോ എന്ന് ലക്ഷ്മിക്ക് വെളിപ്പെടുത്താൻ കഴിയും. മാധ്യമങ്ങളോട് വേണമെന്നില്ല, അന്വേഷണ സംഘത്തോടെങ്കിലും ലക്ഷ്മി സംഭവിച്ച കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. സിബിഐ അന്വേഷിക്കുന്നത് വാഹനാപകടത്തിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും ബാലഭാസ്‌കറിന്റെ മരണശേഷം നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണെന്ന് എഫ് ഐ ആർ വ്യക്തമാക്കുന്നു.ഇക്കാര്യങ്ങളിലെ അന്വേഷണം എല്ലാ ദുരൂഹതകളും മാറ്റുമോ എന്ന് അറിയാൻ കാത്തിരിക്കാം (തുടരും ).

ഫെയ്സ് ബുക്കിൽ ഇനിയും കുറിപ്പുകൾ ഉണ്ടാകും എന്ന സൂചന നല്കിയാണ് ജോയ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേ സമയം ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ സി.അജി യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിന്റെ കീഴിൽ ഡ്രൈവറായതും ദുരൂഹതകൾക്കു വഴിതുറന്നിരിക്കയാണ് . സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നുവെന്നായിരുന്നു അജിയുടെ വാദം.

. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ അജി ഓടിച്ചിരുന്ന ബസ്് ബാലഭാസ്‌ക്കർ അപകടത്തിൽപ്പെടുമ്പോൾ അവിടെ എത്തിയിട്ടില്ല എന്ന് തെളിയാക്കാൻ കഴിയുന്ന കെ എസ് ആർ ടി സി തന്നെ നല്കിയ വിവരാവകാശ രേഖയും ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തൽ. ഈ നിഗമനം ശരിവച്ച് ബാലഭാസ്‌കറെ ആദ്യം ചികിത്സിച്ച മെഡിക്കൽ കോളജിലെ ഡോക്ടർ ആർ.ഫൈസലും രംഗത്തു വന്നിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാർ ഓടിച്ചതെന്നാണ്. ഡ്രൈവറായ അർജുൻ പറയുന്നത് ബാലഭാസ്‌കർ എന്നാണ്. എന്നാൽ അർജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്‌കർ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ടെത്തൽ.
എന്നാൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതികളായ സ്വർണക്കടത്ത് കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും 25 പേർ ഇപ്പോഴും ഒളിവിലാണ് . എട്ടു പേർക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേർ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. കേരളത്തിലേക്ക് 700 കിലോ സ്വർണം കടത്തിയെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വർണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.

ബാലഭാസ്‌കറിന്റെ മരണം സിബിഐ ഏറ്റെടുക്കുമ്പോൾ രണ്ടു കാര്യങ്ങളാണു സംശയിക്കുന്നത്. ഒന്ന് അപകടത്തിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടോ? രണ്ട് സ്വർണക്കടത്തുമായി ഇതിനു ബന്ധമുണ്ടോ? രണ്ടാമത്തെ സംശയത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായതാണ്. ഇപ്പോഴത്തെ കോൺസുലേറ്റ് സ്വർണക്കടത്തുമായി സംഭവത്തെ ബന്ധപ്പെടുത്താവുന്ന തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ സി ബി ഐ യുടെ ഒരോ നീക്കവും നിർണായകമാണ്. 2019 മെയ് 13ന് 25 കിലോ സ്വർണം തിരുവനന്തപുരത്തു പിടികൂടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോൺസുലേറ്റ് സ്വർണക്കടത്തിനു മുൻപ് കേരളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു അത്.

കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേരാണ് അന്ന് അറസ്റ്റിലായത്. ഡിആർഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളും. ആറു മാസത്തിനകം കടത്തിയത് 700 കിലോ സ്വർണം. സംഘത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ. സ്ത്രീകൾ ഉൾപ്പെടെയായിരുന്നു അത്. ഭൂരിഭാഗം പേരെയും പിടികൂടിയെങ്കിലും 25 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പിടികൂടിയവരിൽ എട്ടു പേർക്കെതിരെ കൊഫേപോസ ചുമത്തി. രണ്ടു പേരെ കോടതി ഇടപെട്ട് ഒഴിവാക്കി. രണ്ടു പേർ ജാമ്യത്തിലിറങ്ങി മുങ്ങി. അങ്ങനെ കേസിന് ഒരു വർഷമാകുമ്പോൾ ജയിലിലുള്ളത് രണ്ടു പേർ മാത്രം. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പ്രാഥമിക ഘട്ടത്തിൽ അന്വേഷിച്ചെങ്കിലും ഇല്ലെന്നായിരുന്നു കണ്ടെത്തൽ. അവിടെ നിലച്ചു പോയ അന്വേഷണത്തിൽ നിന്നാണ് സിബിഐ തുടങ്ങുന്നത്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP