Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്താണ് ഈ ഹൈഡ്രജൻ ബോംബ്? ഇന്ത്യയുടെ ബോംബ് ഏത് ഗണത്തിൽ പെടും? എന്തുകൊണ്ടാണ് ലോകം കുഞ്ഞൻ കൊറിയയെ ഭയപ്പെടുന്നത്?

എന്താണ് ഈ ഹൈഡ്രജൻ ബോംബ്? ഇന്ത്യയുടെ ബോംബ് ഏത് ഗണത്തിൽ പെടും? എന്തുകൊണ്ടാണ് ലോകം കുഞ്ഞൻ കൊറിയയെ ഭയപ്പെടുന്നത്?

ന്യൂഡൽഹി: ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ പറഞ്ഞത് ഇറാൻ, സിറിയ, ഉത്തര കൊറിയ, ഇറാഖ്, ലിബിയ, റഷ്യ എന്നീ രാജ്യങ്ങൾ പിശാചിന്റെ അച്ചുതണ്ട് ആണ് എന്നായിരുന്നു. ലിബിയയെയും ഇറാഖിനെയും അവർ തകർത്തു. സിറിയയെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നു. ഇതുവരെ തൊടാൻ കഴിയാത്ത മൂന്ന് അച്ചുതണ്ടുകൾ ഉത്തര കൊറിയയും ഇറാനും റഷ്യയുമാണ്. റഷ്യയെ ചൊറിയാനുള്ള ധൈര്യം പണ്ടേ അമേരിക്ക ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ഉത്തരകൊറിയയെയും ഇറാനെയും ഉന്നം വച്ച് അവർ നാളുകളായി ശ്രമങ്ങൾ നടത്തുന്നു.

ഈ രാജ്യങ്ങൾ ആവട്ടെ കൂസൽ ഒട്ടും ഇല്ലാതെ തങ്ങളുടെ ഉറച്ച് നിലപാടുമായി മുന്നോട്ടും പോകുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം. ഉത്തര കൊറിയയ്ക്കും ഇറാനും അണുബോംബ് ഉണ്ട് എന്ന് ഭയം അമേരിക്കയ്ക്ക് നേരത്തെ ഉണ്ടായിരുന്നു. അത് സ്ഥീരികരിച്ചതോടെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക അമേരിക്കയ്ക്ക് ഇല്ലാതില്ല. പ്രത്യേകിച്ച് റഷ്യയുടെ ശക്തമായ പിന്തുണ കൂടി ഉള്ളപ്പോൾ.

ഇപ്പോൾ അമേരിക്കയുടെ ഭീഷണിയെ നേരിടാനാണ് തങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതെന്ന് പരസ്യമായി പറയാനുള്ള ധൈര്യവും ഉത്തരകൊറിയ കാണിച്ചു. ഇതു തന്നെയാണ് അമേരിക്കയെ ഭയപ്പെടുത്തുന്നതും. സാധാരണ അണുബോംബിന്റെ 500 മടങ്ങ് ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹൈഡ്രജൻ ബോംബ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏകാധിപത്യരാജ്യമായ ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കൂട്ടത്തിൽ അമേരിക്കയ്ക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അരേിക്ക എത്രയൊക്കെ ഭീഷണിപ്പെടുത്തിയിട്ടും ഉത്തര കൊറിയ ഒന്നും വകവെയ്ക്കാതെ മുന്നോട്ടു പോകുകയായിരുന്നു. ലോകരാജ്യങ്ങൾ മുഴുവൻ ഉപരോധം ഏർപ്പെടുത്തിയിട്ടും അതിനെയെല്ലാം പുല്ലുപോലെ അവർ അതിജീവിച്ചു.

തങ്ങൾ ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചതായി കഴിഞ്ഞ മാസം ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ പ്രഖ്യാപിച്ചപ്പോൾ അത് വെറും വാക്കായാണ് അമേരിക്ക അടക്കമുള്ള ലോകശക്തികൾ കണ്ടത്. പക്ഷേ അത് പരീക്ഷിക്കുക കൂടി ചെയ്തതോടെ ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ഏകാധിപതായിയാ കിം ജോങ്ങ ഉൻനേരത്തെ മിസൈൽപരീക്ഷണങ്ങൾ അടക്കം നടത്തി ലോകത്തിന്റെ ആശങ്കയ്ക്ക് ഇട നൽകിയിരുന്നു. അമേരിക്കയുടെ സാമന്തരാജ്യമായിക്കഴിയുന്ന ദക്ഷിണ കൊറിയയെയാണ് ഹൈഡ്രജൻ ബോബ് പരീക്ഷണം ഭയപ്പെടുത്തുന്നത്. ഉപരോധങ്ങൾക്കിടയിലും ചൈനയാണ് ഉത്തരകൊറിയയുടെ സുഹൃത്തുക്കളുടെ പട്ടികയിൽ ഉള്ളതെന്നതും അമേരിക്കയെ കൂടുതൽ ഭയപ്പെടുത്തുന്നു. ലോക പൊലീസ് ചമയുന്ന അമേരിക്കയ്ത്ത് മുമ്പിൽ അനുരഞ്ജനം അല്ലാതെ മറ്റൊരു പോംവഴിയും ഇപ്പോഴില്ലെന്നതാണ് വാസ്തവം.

എന്താണ് ഹൈഡ്രജൻ ബോംബ്?

നിലവിൽ ഭൂമിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് ഹൈഡ്രജൻ ബോംബ്. സാധാരണ അനുവിസ്‌ഫോടനങ്ങളേക്കാൾ 500 മടങ്ങ് അധികം വരും ഹൈഡ്രജൻ ബോംബിന്റെ ശക്തി. ആദ്യം ചെറിയ അണുസ്‌ഫോടനത്തിൽ നിന്നുണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തിയാണ് ഹൈഡ്രജൻ ആറ്റങ്ങളെ കൂട്ടിചേർക്കുകയും വലിയ പ്രഹര ശേഷിയുള്ള സ്‌ഫോടനം ഉണ്ടാകുകയും ചെയ്യുന്നത്. അണുബോംബിനെക്കാൾ പത്തും നൂറും ആയിരവും മടങ്ങ് ശേഷിയുള്ളതാണ് ഹൈഡ്രജൻ ബോംബുകൾ. അണുബോംബിനെ അപേക്ഷിച്ച് ആണവവികിരണം വളരെ കുറവായിരിക്കും, പക്ഷേ പ്രഹരശേഷി വളരെ വലുതും.

അണുബോംബിനെക്കാൾ വളരെ ചെറുതാണ് ഹൈഡ്രജൻ ബോംബ്. ഏതാനും അടിനീളം മാത്രം വരുന്ന ഹൈഡ്രജൻ ബോംബ് ബാലസ്റ്റിക് മിസൈലുകളിലെ പോർമുനയിൽ ചേർക്കാവുന്നതാണ്. സാധാരണ അണുബോംബിനേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജൻ ബോംബിന്. ഒരു ഹൈഡ്രജൻ ബോംബിൽ നിന്ന് പുറത്തുവരുന്ന ഊർജ്ജം ആറ്റംബോംബിനെക്കാൾ വളരെ അധികമാണ്. ഹൈഡ്രജൻ ആറ്റങ്ങളുടെ അണുസംയോജനമാണ് ഇതിന്റെ ഊർജ്ജം.അണുസ്‌ഫോടനത്തിൽ ഈ ഊർജ്ജത്തിന് വിഘടനം സംഭവിക്കുന്നു. അണുസംയോജത്തിന്റെയും അണുവിഘടനത്തിന്റെയും രാസമാറ്റം രണ്ടുതരത്തിലാണ്. വിഘടനസമയത്ത് ആറ്റം രണ്ടായി പിളരും. അണുബോംബിനെക്കാൾ വളരെ ചെറുതാണ് ഹൈഡ്രജൻ ബോംബ്. ഹൈഡ്രജൻ ആറ്റങ്ങളുടെ അണുസംയോജനമാണ് ഹൈഡ്രജൻ ബോംബിൽ ഉപയോഗിക്കുന്നത്. ഇതുകൊണ്ടാവാം ഹൈഡ്രജൻ ബോംബ് എന്ന് പേര് വരാൻ കാരണം.

ഹൈഡ്രജൻ ബോംബ് പ്രഹരത്തിന്റെ ആദ്യ നിമിഷത്തിൽ 10 കോടി ടൺ ഊർജ്ജമാണ് പുറത്തു വിടുന്നത്. അണുബോംബിന്റെ കാര്യത്തിൽ ഇത് വെറും ഇരുപതിനായിരം ടൺ മാത്രമാണ്. 1100 കിലോഗ്രാം ഹൈഡ്രജൻ കണങ്ങൾ കൊണ്ട് 1.2 മില്ല്യൺ ടൺ പ്രഹരശേഷി ഉണ്ടാക്കാൻ ഹൈഡ്രജൻ ബോംബിന് സാധിക്കും. ഹൈഡ്രജൻ ബോംബിന്റെ വലുപ്പം കുറവായതിനാൽ തന്നെ ഇത് ഉണ്ടാക്കുവാനും സ്ഥാപിക്കുവാനും എളുപ്പമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബാണ് നിഷേപിക്കപ്പെടത്. ഇതുവരെ ആരും ഹൈഡ്രജൻ ബോംബ് യുദ്ധത്തിന് ഉപയോഗിച്ചിട്ടില്ല. ഉത്തരകൊറിയയുടെ നാലാം അണുപരീക്ഷണവും ആദ്യ ഹൈഡ്രജൻ ബോംബ് പരീക്ഷണവുമാണിത്.

1952 ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചത്. പിന്നാലെ സോവിയറ്റ് യൂണിയൻ ഹൈഡ്രജൻ ബോംബുണ്ടാക്കി. സാർബോംബ് എന്ന് അറിയപ്പെടുന്ന എഎൻ602 ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയൻ പരീക്ഷിച്ചത് 1961 ലാണ്. ബ്രിട്ടൻ, ചൈന, ഇസ്രയേൽ, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഹൈഡ്രജൻ ബോംബ് നിർമ്മിക്കുകയോ അതിന്റെ സാങ്കേതിക വിദ്യ കൈവശമോ ഉള്ള രാജ്യങ്ങളാണ്.

ഇന്ത്യയുടെ പക്കലുണ്ടോ ഹൈഡ്രജൻ ബോംബ്?

ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടയത്തിയപ്പോൾ സ്വാഭാവികമായും ഇന്ത്യക്കാർ ചോദിക്കുന്നത് ഈ ചോദ്യമാകും. കൊറിയയുടെ പുതിയ നീക്കത്തെ അപലപിച്ച ഇന്ത്യയുടെ പക്കലും ഹൈഡ്രജൻ ബോംബ് ഉണ്ടെന്നാണ് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. 1998 മേയിൽ പൊഖ്‌റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെ എന്നാണ് ഔദ്യോഗിക നിലപാട്. ആണവശേഷി ആയുധനിർമ്മാണത്തിന് ഉപയോഗിക്കില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈഡ്രജൻ ബോംബ് കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ, എൻഡിഎ ഭരണകാലത്താണ് ഇന്ത്യ പൊഖ്‌റാനിൽ ശക്തി എന്ന ആണവ പരീക്ഷണം നടത്തിയത്. 1998 മെയ്‌ 11നും 13നുമായിരുന്നു ഇന്ത്യ അഞ്ചു പരീക്ഷണങ്ങൾ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. അതായത് ഉത്തരകൊറിയ ഇന്ന് സ്വായക്തമാക്കിയ സാങ്കേതിക വിദ്യാ ഇന്ത്യ വർഷങ്ങൾക്ക് മുമ്പേ പരീക്ഷിച്ചു വിജയിച്ചു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.

എന്നാൽ ഈ പരീക്ഷണത്തിനുശേഷം രാജ്യത്തെ ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ ഇത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. അന്ന് പൊഖ്‌റാനിലെ ആണവ സ്‌ഫോടനത്തിനു നേതൃത്വം നൽകിയ എ.പി.ജെ. അബ്ദുൽ കലാമും ഇക്കാര്യം സ്ഥിരീകരിച്ചു.

എന്നാൽ പിന്നീട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന കെ. സന്താനം പൊഖ്‌റാനിൽ പരീക്ഷിച്ചത് പൂർണമായ ഹൈഡ്രജൻ ബോംബ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തി. ഇത് വിവാദങ്ങൾക്കും വഴിവച്ചിരുന്നു. 45,000 ടൺ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു അന്നത്തെ ബോംബെന്നും അത് വിജയകരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ആണവ ശാസ്ത്രജ്ഞനായ പി.കെ. അയ്യങ്കാരും ഇതേ അഭിപ്രായം പറഞ്ഞു.

എന്നാൽ ഡോ. രാജഗോപാൽ ചിദംബരം നൽകിയ വിശദീകരണം, പൊഖ്‌റാനിൽ കൂടുതൽ ശേഷിയുള്ള ബോംബ് പരീക്ഷിക്കാതിരുന്നത് സമീപത്തെ ജനനിബിഡമായ ഗ്രാമങ്ങൾ കണക്കിലെടുത്താണ് എന്നായിരുന്നു. 200 കിലോടൺ വരെ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമും ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അനിൽ കാകോദ്കറും ഇതു ശരിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP