Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു

86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു

എം മാധവദാസ്

ബംഗലൂരു: ഇന്ത്യയുടെ ഐടി ഹബ്ബ് ആയും പൊതുവെ ശാന്തിയും സമാധാനവുമുള്ള നഗരവുമായി അറിയപ്പെടുന്ന ബംഗലൂരുവിൽ ആവർത്തിക്കുന്ന കലാപങ്ങളിൽ ആശങ്കയോടെ അധികൃതർ. ഈ കോവിഡ് കാലത്തും മതത്തിന്റെ പേരിലുണ്ടായ കലാപം അധികൃതരെ ശരിക്കും നടുക്കിയിരിക്കയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ എട്ട് കലാപങ്ങൾക്കാണ് ബെംഗളുരു നഗരം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഏറ്റവും ഒടുവിലായി ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൻ പാഷ ഉൾപ്പെടെ 206പേരാണ് അറസ്റ്റിലായത്.ഇത് ശേഷം രണ്ടാം തവണയാണ് പ്രവാചക നിന്ദയാരോപിച്ചുള്ള കലാപത്തിന് ബെംഗളുരു നഗരം സാക്ഷ്യം വഹിക്കുന്നത്. മുന്നൂറിൽ അധികം വാഹനങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കുമാണ് കലാപകാരികൾ തീയിട്ടത്. മൂന്നു പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അക്രമ സംഭവത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്നാണ് സർക്കാരിന്റെ ആരോപണം. മന്ത്രി സിടി രവിതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്

Stories you may Like

86ലാണ് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ആദ്യ കലാപം ഉണ്ടായത്. കന്നഡ ദിനപത്രമായ ഡെക്കാൺ ഹെറാൾഡിൽ മലയാളിയായ പികെഎൻ നമ്പൂതിരിയുടെ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. മാനസിക രോഗിയായ ബാലൻ ആത്മഹത്യ ചെയ്യുന്നതാണ് കഥ. മുഹമ്മദ് എന്നായിരുന്നു കഥയുടെ പേര്. മുഹമ്മദ് നബിയുമായി കഥയ്ക്ക് ബന്ധമൊന്നുമില്ല. എന്നാൽ ചില മതനേതാക്കൾ അതൊരു അവസരമായി കണ്ടു. കഥയ്ക്കെതിരെ നടന്ന പ്രതിഷേധം കലാപമായി മാറി. കലാപകാരികൾ ഡെക്കാൺ ഹെറാൾഡിന്റെ ബെംഗളുരു ഓഫീസ് അക്രമിച്ച് തീയിട്ടു. കലാപം നിയന്ത്രിക്കുന്നതിന് പൊലീസ് വെടിയുതിർത്തു. 16 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 50 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണീരായി കാവേരി

കാവേരി നദീജല തർക്കമാണ് ബംഗലൂരുവിനെ എപ്പോഴും സംഘർഷ ഭരിതമാക്കിയിരുന്നത്. 1991ലാണ് ആദ്യമായി സംഘർഷം ഉണ്ടാകുന്നത്. 1991 ഡിസംബർ ഒന്നിന് കേന്ദ്രം നിയോഗിച്ച സമിതി കാവേരി നദിയിൽ നിന്നും 205 ടിഎംസി ജലം തമിഴ്‌നാടുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഉത്തരവിനെതിരെ ഡിസംബർ 12ന് വൻ പ്രതിഷേധം ഉയർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ, തമിഴ് ഭാഷാ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന തീയേറ്ററുകൾ, പത്രസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ അക്രമിക്കപ്പെട്ടു. 48 മണിക്കൂറിനിടെ അരലക്ഷത്തോളം തമിഴ്‌നാട്ടുകാരാണ് കർണ്ണാടകയിൽ നിന്നും പലായനം ചെയ്തത്. കലാപത്തിനിടയിൽ 20 പേർ കൊല്ലപ്പെട്ടു.

നാല് വർഷം മുമ്പ് ബെംഗളുരുവിലുണ്ടായത് ഇതേ വിഷയത്തിലുള്ള രണ്ടാം കലാപമായിരുന്നു. കാവേരി നദിയിൽ നിന്നും 15,000 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് നൽകണമെന്ന് 2016 സെപ്റ്റംബർ 20ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നായിരുന്നു ഇത്. 35 ബസുകളാണ് കലാപകാരികൾ അഗ്നിക്കിരയാക്കിയത്. തമിഴ്‌നാട്ടുകാരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. അവരുടെ കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ചു. കർണ്ണാടകയുടെ പതാകയുമായി കലാപകാരികൾ തെരുവ് കീഴടക്കി. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 20 പൊലീസുകാർക്ക് പരിക്കേറ്റു.

.

സദ്ദാമിന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും കലാപം

കേന്ദ്ര മന്ത്രിയായിരുന്ന ജാഫർ ഷെരീഫ് 2007ൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാർട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവിൽ കൂറ്റൻ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധശിക്ഷക്ക് വിധേയമാക്കിയ അമേരിക്കയ്ക്കെതിരെയായിരുന്നു റാലി. ജനുവരി 19ന് റാലി നടത്താനായിരുന്നു ഷെരീഫിന്റെ തീരുമാനം. അതിനു രണ്ട് ദിവസം മുമ്പാണ് ആർഎസ്എസ് എംഎസ് ഗോൾവാൾക്കറുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. ഷെരീഫിന്റെ അനുയായികൾ ആർഎസ്എസ് പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ നശിപ്പിച്ചതോടെ സംഘപരിവാർ തിരിച്ചടിച്ചു. ഇത് കലാപത്തിനു വഴിവെച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ വീടുകൾക്കെതിരെയും കടകൾക്കെതിരെയും ആർഎസ്എസ് അക്രമം അഴിച്ചുവിട്ടു. കലാപത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു.

കന്നഡ നടനും സാംസ്‌കാരിക നായകനുമായ രാജ്കുമാർ 2006 ഏപ്രിൽ 12ന് മരണപ്പെട്ടു. ദുഃഖിതരായ രാജ്കുമാറിന്റെ ആരാധകർ നിരത്തിലിറങ്ങി. പെട്ടെന്നുതന്നെ അതൊരു കലാപമായി മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അക്രമിക്കപ്പെട്ടു. ആയിരത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കി. പെട്രോൾ പമ്പുകൾക്കും സിനിമാ തിയ്യേറ്ററുകൾക്കും തീയിട്ടു. കലാപത്തിൽ എട്ട് ആളുകളും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ഉർദു വാർത്തയിൽ ജീവൻ നഷ്ടമായത് 25പേർക്ക്

1994 ഗാന്ധി ജയന്തി ദിനത്തിൽ ഡിഡി കന്നഡ ചാനലിൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഉർദു വാർത്ത സംപ്രേഷണം ചെയ്തു. കന്നഡ ന്യൂസ് സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. അതുവരെ കന്നഡ ഭാഷയിലുള്ള പരിപാടികൾ മാത്രമായിരുന്നു ചാനൽ സംപ്രേഷണം ചെയ്തിരുന്നത്. വീരപ്പ മൊയ്ലി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സമയമായിരുന്നു അത്. മുസ്ലിം പ്രീണനത്തിനു വേണ്ടിയാണ് ഉർദുവാർത്ത സംപ്രേഷണം ചെയ്തത് എന്ന് ആരോപിക്കപ്പെട്ടു. തുടർന്നുള്ള പ്രതിഷേധം സാമുദായിക കലാപമായി മാറുകയായിരുന്നു. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ് പ്രധാനമായും അക്രമിക്കപ്പെട്ടത്. കലാപത്തിൽ 25 പേർ കൊല്ലപ്പെട്ടു.

2012 ആഗസ്റ്റിൽ കലാപ സമാനമായ അന്തരീഷം നഗരത്തിൽ ഉണ്ടായിരുന്നു. അസമില കൊക്രാജറിൽ ഉണ്ടായ വംശീയ സംഘർഷം ബെംഗളുരുവിൽ ആശങ്ക സൃഷ്ടിച്ചു. കുടിയേറ്റക്കാരെ അക്രമിക്കുമെന്ന ആശങ്ക പടർന്നതോടെ ആയിരക്കണക്കിനു പേർ നഗരം വിട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള 10,000 ടിക്കറ്റുകളാണ് ഒറ്റ രാത്രികൊണ്ട് വിറ്റഴിക്കപ്പെട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് യാതൊരു വിധത്തിലുമുള്ള അക്രമമവും നേരിടേണ്ടിവരില്ലെന്ന് അന്ന് കർണ്ണാടക ഭരിച്ചിരുന്ന ബിജെപി സർക്കാർ തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

എസ്ഡിപിഐയെ നിരോധിക്കുന്നു

എസ്ഡിപിഐയെ കർണാടകത്തിൽ നിരോധിക്കും. മന്ത്രി കെ.എസ്.ഈശ്വരപ്പയാണ് ഇക്കാര്യം വാർത്താ ഏജൻസിയെ അറിയിച്ചത്. രണ്ടുകാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കും. സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. രണ്ടാമതായി എസ്ഡിപിഐയെ നിരോധിക്കും. ഇക്കാര്യങ്ങൾ ഓഗസ്റ്റ് 20 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. എസ്ഡിപിഐ ഒരു വിവരംകെട്ട സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപകാരികൾക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യദ്ദ്യൂരപ്പയും വ്യക്തമാക്കി.

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബെംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കർണാടക സർക്കാർ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. സംഘർഷം നടന്ന പ്രദേശത്ത് പൊലീസ് പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്. സംഭവത്തിൽ അറുപത് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി.പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ കോൺഗ്രസ് പ്രവർത്തകനുമുണ്ടെന്ന് കണ്ടെത്തി. മുൻ കോൺഗ്രസ് മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ് ഇയാളെന്നും കണ്ടത്തിയിട്ടുണ്ട്.കലാപം ആസൂത്രിതമാണ്.ഇതുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണെന്ന് ബെംഗളൂരു ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കലാപത്തെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP