Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാമ്യം ലഭിച്ചത് അഞ്ച് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ സാധ്യമല്ലെന്ന് ബോധ്യമായ പൊലീസ് കണ്ണടച്ചതു കൊണ്ട്; കോടതിയുടെ പഴി കേൾക്കാതെ സമയം നീട്ടിക്കിട്ടിയതിൽ ആശ്വസിച്ച് പൊലീസ്; എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രം വൈകിയേക്കും; അഞ്ചാം ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ പുതിയ വാദങ്ങൾ ഒന്നും ഉയർത്താതിരുന്നത് ബോധപൂർവ്വം

ജാമ്യം ലഭിച്ചത് അഞ്ച് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ സാധ്യമല്ലെന്ന് ബോധ്യമായ പൊലീസ് കണ്ണടച്ചതു കൊണ്ട്; കോടതിയുടെ പഴി കേൾക്കാതെ സമയം നീട്ടിക്കിട്ടിയതിൽ ആശ്വസിച്ച് പൊലീസ്; എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രം വൈകിയേക്കും; അഞ്ചാം ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ പുതിയ വാദങ്ങൾ ഒന്നും ഉയർത്താതിരുന്നത് ബോധപൂർവ്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി കിട്ടിയ ദിവസമായിരുന്നു ഇന്നലെ. നടി പീഡിപ്പിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിച്ചു. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആളും ആരവവുമായി നടൻ വീട്ടിലെത്തി. നടനെ പുറത്തു വിടില്ലെന്നും വിചാരണയിലൂടെ ശിക്ഷ ഉറപ്പാക്കുമെന്നായിരുന്നു പൊലീസ് വീരവാദം പറഞ്ഞത്. അതുകൊണ്ട് തന്നെ ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ പൊലീസിന് അപ്പീൽ പോകാം. ഡിവിഷൻ ബെഞ്ചിലോ സുപ്രീംകോടതിയിലോ ഈ പ്രശ്‌നം ഉന്നയിക്കാം. എന്നാൽ ഇതൊന്നും പൊലീസ് ചെയ്യില്ല. കാരണം പിഴവ് പറ്റിയത് പൊലീസിനാണ്. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയാൽ മാത്രമേ ദിലീപിനെ വിചാരണ തടവുകാരനാക്കാൻ കഴിയൂ. എന്നാൽ നാല് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പൊലീസ് നൽകില്ല. ഈ പിഴവ് തിരിച്ചറിഞ്ഞ് മൗനം പാലിച്ചതു കൊണ്ടാണ് ദിലീപിന് ഡിവിഷൻ ബഞ്ചും ജാമ്യം അനുവദിച്ചത്.

ദിലീപിന്റെ ജാമ്യ ഹർജിയിൽ ശക്തമായ വാദമൊന്നും മൂന്നാം തവണ കോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തിയില്ല. കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. അപ്പോൾ കുറ്റപത്രം ഉടൻ നൽകും, നൽകും എന്ന് പറഞ്ഞ് പലപ്പോഴും കോടതിയെ തെറ്റിധരിപ്പിച്ചതിനെതിരെ രൂക്ഷമായ വിമർശനവും ഉയരും. ഇതിൽ നിന്ന് രക്ഷപ്പെടാൻ കരുതലോടെ പൊലീസ് നീങ്ങി. 90 ദിവസത്തിനുള്ളിൽ തന്നെ ദിലീപിന് ജാമ്യവും അതുകൊണ്ട് കിട്ടി. ഇതോടെ പൊലീസും കോടതിയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങാതെ രക്ഷപ്പെട്ടു. ഇനി കേസിൽ എന്നെങ്കിലും പൊലീസിന് കുറ്റപത്രം നൽകിയാൽ മതിയാകും. വിചാരണ വൈകിയാലും പ്രശ്‌നമൊന്നുമില്ല. നടൻ അകത്തായിരുന്നുവെങ്കിൽ ഇതെല്ലാം അതിവേഗം നടക്കുമായിരുന്നു. കുറ്റപത്രം നൽകിയ ശേഷം വിചാരണയ്ക്ക് പ്രത്യേക കോടതിയെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിക്കുമെന്നും സൂചനയുണ്ട്. ഏതായാലും അതിനെല്ലാം ഇനി കാലങ്ങൾ എടുക്കുമെന്നാണ് സൂചന.

നടിയെ ആക്രമിക്കാൻ ദിലീപ് തനിക്കു ക്വട്ടേഷൻ നൽകിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴി. കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. ഇത് പൊലീസിന് വലിയ തലവേദനയാണ്. ഇതിനൊപ്പം വമ്പൻ സ്രാവ് ഇനിയും ഈ കേസിലുണ്ടെന്ന വെളിപ്പെടുത്തലുമുണ്ട്. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിലീപിന്റെ അറസ്റ്റെന്ന വാദം ഉയർന്നിരുന്നു. എന്നാൽ തെളിവെല്ലാം ഉണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇത് മുമ്പ് കോടതി അംഗീകരിക്കുകയും ചെയ്തു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണു മുൻപു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ ദിലീപിനെ വിചാരണ തടവുകാരനാക്കാൻ ജൂലൈ ഏഴിന് കുറ്റപത്രം നൽകേണ്ടതുണ്ടായിരുന്നു.

അതിനിടെ ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയല്ലെന്ന് ആലുവ റൂറൽ എസ്‌പി എ.വി ജോർജ് പ്രതികരിച്ചു. ജാമ്യം നൽകിയത് കോടതിയുടെ കാര്യമല്ലേ. അതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല. ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും കാലതാമസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിനാണ് 90 ദിവസം തികയുന്നത്. എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ ശനിയാഴ്ച ഏഴാം തീയതി കുറ്റപത്രം സമർപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ദിലീപിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നില്ലെങ്കിൽ കുറ്റപത്രം നൽകി വിചാരണ തടവുകാരനാക്കാനായിരുന്നു പൊലീസിന്റെ നീക്കം. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ദിലീപിന് നിഷേധിക്കപ്പെടും. അതു തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റി ജാമ്യം കിട്ടിയതോടെ ഇനി തിടുക്കപ്പെട്ട് കുറ്റപത്രം നൽകേണ്ടതില്ല. എന്നാൽ കുറ്റപത്രം വൈകുന്നതു ജാമ്യം ലഭിക്കാത്ത മറ്റുപ്രതികൾക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് നിയമോപദേശം തേടും.

ജാമ്യ ഹർജിയിലെ വാദത്തിനിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു ഇത്തവണ ശക്തമായ എതിർപ്പുയരാതിരുന്നതും ദിലീപിനു തുണയായി. കഴിഞ്ഞ തവണ പ്രോസിക്യൂഷൻ വാദിച്ച കാര്യങ്ങൾ തന്നെയാണു ജാമ്യം നിഷേധിക്കാൻ ഇന്നലെയും പൊലീസ് ഉന്നയിച്ചത്. ഇത് ബോധപൂർവമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പുതിയ സാക്ഷികളെയോ പ്രതികളെയോ അന്വേഷണ പുരോഗതിയോ ഇത്തവണ നിരത്താനായില്ല. അതിനുള്ള യാതൊരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കുമെന്ന് കഴിഞ്ഞവട്ടം കോടതിയെ അറിയിച്ചിരുന്നതാണെങ്കിലും അതുണ്ടായില്ല.

കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള സംഘത്തിലെ ആറു പ്രതികൾക്കെതിരെ പൊലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ടു ജയിലിനുള്ളിൽ ഗൂഢാലോചന നടത്തിയ കുറ്റം ദിലീപിനൊപ്പം ആരോപിക്കപ്പെടുന്ന സനൽ (മേസ്തിരി സനൽ), വിഷ്ണു എന്നിവർക്കു ജാമ്യം ലഭിക്കാൻ കുറ്റപത്രം വൈകുന്നതു വഴിയൊരുക്കും. കേസിലെ ശാസ്ത്രീയ തെളിവുകളുടെ ഭാഗമായ സൈബർ ഫൊറൻസിക് റിപ്പോർട്ടുകളാണു പൊലീസിനു ലഭിക്കാനുള്ളത്. ഈ സാഹചര്യത്തിൽ പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം കൂടുതൽ സമയമെടുക്കുമെന്നാണു നിയമകേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഹൈക്കോടതി ഉപാധികളോടെയാണ് നടന് ജാമ്യം അനുവദിച്ചതാണ് നടന്റെ ജയിൽ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലിൽ എത്തിച്ചു. തുടർന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയിൽനിന്ന് പുറത്തിറങ്ങി. ദിലീപിന്റെ സഹോദരൻ അനൂപ്, അഭിഭാഷകർ എന്നിവർ ചേർന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചത്.

അവിടെ നിന്നും റിലീസിങ് ഓർഡർ ആലുവ ജയിലിൽ സഹോദരൻ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാൻ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്‌ലെക്‌സിൽ പാലഭിഷേകം നടത്തിയുമാണ് ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചത്. നടൻ ധർമ്മജൻ, നാദിർഷായുടെ സഹോദരൻ സമദ്, കലാഭവൻ അൻസാർ തുടങ്ങി സിനിമാമേഖലയിൽ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു. ഹൈക്കോടതിയിലും മജിസ്‌ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമർപ്പിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു.

ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP