Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ ആരും അറിയാത്ത എത്തിക്‌സ് കമ്മിറ്റിയെക്കുറിച്ച് അവകാശ വാദം; അഴിമതി ആരോപണങ്ങളും ഇമെയിൽ ചോർത്തലും ചെന്നു വീഴുന്നത് യുഡിഎഫ് സർക്കാരിന്റെ മേൽ; പുറത്താകും മുമ്പ് സഹോദരനെയും രാജി വെപ്പിച്ച് മാനം കാത്തു: അഞ്ജു ബോബി ജോർജ്ജിന്റെ രാജിയുടെ പിന്നിൽ പുറത്തു പറയാത്ത കാര്യങ്ങൾ ഏറെ

അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ ആരും അറിയാത്ത എത്തിക്‌സ് കമ്മിറ്റിയെക്കുറിച്ച് അവകാശ വാദം; അഴിമതി ആരോപണങ്ങളും ഇമെയിൽ ചോർത്തലും ചെന്നു വീഴുന്നത് യുഡിഎഫ് സർക്കാരിന്റെ മേൽ; പുറത്താകും മുമ്പ് സഹോദരനെയും രാജി വെപ്പിച്ച് മാനം കാത്തു: അഞ്ജു ബോബി ജോർജ്ജിന്റെ രാജിയുടെ പിന്നിൽ പുറത്തു പറയാത്ത കാര്യങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒഴിവാക്കാനാവാത്ത അനിവാര്യത ആയിരുന്നു സ്പോർട്സ് കൗൺസിൽ അധ്യക്ഷ പദവിയിൽ നിന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ രാജി. മന്ത്രിമാരുമായി ഉടക്കുകയും, പരസ്യമായി മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ രാജി വയ്ക്കുകയാണോ അതോ പുറത്താക്കുകയാണോ എന്നറിയാൻ ആയിരുന്നു കേരളം കാത്തിരുന്നത്. യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രാജിയല്ലാതെ മറ്റൊരു വഴിയും മുമ്പിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു രാജി ഉണ്ടാകുമ്പോൾ അതൊരു വിവാദം ആക്കാം എന്ന കണക്കുകൂട്ടലിൽ തന്നെ ആയിരുന്നു അഞ്ജുവിന്റെ നിയമനം. എന്നാൽ ഭരണം തുടങ്ങി ഒരാഴ്‌ച്ച പിന്നിട്ടപ്പോഴും രാജിയിലേക്കുള്ള കാര്യങ്ങൾ ആരംഭിച്ചതുകൊണ്ട് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള നിലപാടായി ഉയർത്താൻ സാധിക്കുന്നില്ല എന്ന് മാത്രം.

സർക്കാരുകൾ മാറി വരുമ്പോൾ സ്പോർട്സ് കൗൺസിലുകളും മാറി വരിക പതിവാണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ടി പി ദാസൻ ചായ കുടിക്കാൻ പോയ സമയത്ത് മന്ത്രി പോലും അറിയാതെയാണ് പകരക്കാരിയായി പത്മിനി തോമസ് പ്രസിഡന്റ് പദവിയിൽ എത്തിയത്. അന്നൊന്നും ഇല്ലാത്ത വിവാദം അഞ്ജുവിന്റെ രാജിയിൽ ഉണ്ടായത് ഈ വിവാദം കണക്കുകൂട്ടിയുള്ള തിരുവഞ്ചൂരിന്റെ കാഞ്ഞ ബുദ്ധിമൂലം തന്നെ. ഭരണം അവസാനിക്കാൻ ആറു മാസം ബക്കി നിൽക്കവേ പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ പ്രസിഡന്റ് ആക്കിയത് തന്നെ ഇങ്ങനെ ഒരു വിവാദം മുന്നേ കണക്കു കൂട്ടിയായിരുന്നു.

അഞ്ജുവിനെയും മറ്റു മൂന്ന് കായികതാരങ്ങളെയും പേരിനു മാത്രം കമ്മിറ്റിയിൽ എടുത്തു കോൺഗ്രസ് നേതാവായ സിഐഎസ്ഇ പ്രസിഡന്റ് ഇബ്രഹീം കുട്ടി ആയിരുന്നു സ്പോർട്സ് കൗൺസിൽ ഭരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണസമിതിയെ പിരിച്ചുവിട്ടേ മതിയാവൂ എന്നതായിരുന്നു രാഷ്ട്രീയ സാഹചര്യം. എന്നിട്ടും ഇതൊരു വിവാദം ആയത് കായികതാരം എന്ന നിലയിൽ അഞ്ജുവിനുള്ള അംഗീകാരം ആയിരുന്നു. അഴിമതിയുടെ പേരിൽ രാജിവച്ചു ഒഴിയുന്നതിന്റെ നാണക്കേട് കേൾക്കാതിരിക്കാൻ അഞ്ജു അഴിമതിക്കെതിരെ നിലപാട് എടുത്തുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. എന്നാൽ, അഞ്ജുവിന്റെ ആരോപണങ്ങൾ പലതും കൊള്ളുന്നത് യുഡിഎഫ് സർക്കാരിന് നേരെയാണ് എന്നതാണ് സത്യം.

സ്പോർട്സ് കൗൺസിലിൽ അഴിമതിയാണ് എന്ന് അഞ്ജു ആരോപിക്കുമ്പോൾ അഞ്ജുവിന് തൊട്ടുമുമ്പ് നാലരക്കൊല്ലം ഭരിച്ച യുഡിഎഫ് നോമിനിയായ പത്മിനി തോമസിന് തന്നെയാണ് ആദ്യം കൊള്ളുക. പത്മിനിയിൽ മാത്രം ഒതുങ്ങാതിരിക്കാൻ ആണ് പത്ത് വർഷത്തെ അഴിമതി അന്വേഷിക്കണമെന്നും സ്പോർട്സ് ലോട്ടറി അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും അഞ്ജു പറയുന്നത്. സ്പോർട്സ് ലോട്ടറി അടക്കം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെങ്കിൽ എന്തുകൊണ്ട് നാലര കൊല്ലം ഭരിച്ച പത്മിനി തോമസോ, മാറി മാറി വന്ന യുഡിഎഫ് കായിക മന്ത്രിമാരോ അത് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. എന്നു മാത്രമല്ല, തുറന്ന കത്ത് എഴുതുന്നതിന് മുമ്പ് ഇങ്ങനെ ഒരു ആരോപണമോ അന്വേഷണമോ അഞ്ജുവും നടത്തിയിട്ടില്ല. സ്പോർട്സ് കൗൺസിലിലെ അഡ്‌മിനിസ്‌ട്രേറ്റീവ് യോഗ മിനിറ്റ്‌സുകൾ
 പരിശോധിച്ചാൽ വ്യക്തമാകുന്നത് ഇത്തരത്തിലുള്ള ഒരു അഴിമതിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്നാണ്.

അഴിമതി അന്വേഷിക്കാൻ തീരുമാനിച്ചത്കൊണ്ടാണെന്നും അതിന്റെ ഭാഗമായി എതിക്‌സ് കമ്മിറ്റി ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ആണ് വിവാദം ആയതെന്നും ഇപ്പോൾ അഞ്ജു പറയുന്നത്. എന്നാൽ സ്പോർട്സ് കൗൺസിലിന്റെ ഒരു യോഗ മിനിറ്റ്‌സിലും ഇങ്ങനെ ഒരു ശ്രമം നടന്നതായി സൂചനയില്ല. എന്നതു മാത്രമല്ല മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് വിവാദമായപ്പോഴും എത്തിക്‌സ് കമ്മിറ്റിയുടെ വിഷയം അഞ്ജു ഉന്നയിച്ചിരുന്നില്ല. ഒട്ടേറെ അഴിമതികൾ അക്കമിട്ടു നിരത്തി അഞ്ജു പ്രസിദ്ധീകരിച്ച തുറന്ന കത്തിലും ഇക്കാര്യം സൂചിപ്പിച്ചില്ല. രാജി വയ്ക്കുമ്പോൾ രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ വേണ്ടിയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത എത്തിക്‌സ് കമ്മിറ്റിയുടെ കാര്യം ഉന്നയിക്കുന്നതെന്നാണ് സൂചന.

രാജി വച്ചുകൊണ്ടുള്ള ആരോപണങ്ങളും തുറന്ന കത്തിലെ ആരോപണങ്ങളും വാസ്തവത്തിൽ ചെന്നു പതിക്കുന്നത് പ്രധാനമായും യുഡിഎഫ് സർക്കാരിന്റെ മേൽ തന്നെയാണ് എന്ന ഒരു വിചിത്ര വസ്തുത കൂടിയുണ്ട്. യുഡിഎഫ് സർക്കാരിന്റെ നോമിനിയായി പ്രസിഡന്റ് പദവിയിൽ എത്തിയ മുൻ കായികതാരം കൂടിയായ പത്മിനി തോമസിനെ ഉന്നം വച്ചാണ് പ്രധാന ആരോപണങ്ങൾ എല്ലാം ഉയർത്തിയിരിക്കുന്നത്. കേരള സ്‌പോട്‌സ് കൗൺസിൽ അഴിമതി ആയിരുന്നു എന്ന് ആരോപിക്കുമ്പോൾ തീർച്ചയായും കഴിഞ്ഞ അഞ്ചുവർഷത്തെ അഴിമതികളാണ് മുമ്പിൽ വരേണ്ടത്. ഇമെയിൽ ചോർത്തി എന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ്് അഞ്ജു പത്മിനിക്കെതിരെ ഉയർത്തുന്നത്. സർക്കാർ അധികാരത്തിൽ ഏറി ആറു മാസമെങ്കിലും ഭരിച്ച ശേഷം ആയിരുന്നു അഞ്ജുവിന്റെ രാജിയെങ്കിൽ അഴിമതി ആരോപണത്തിന്റെ നിഴൽ സർക്കാരിന് മേൽ വരുമായിരുന്നു. മന്ത്രി പറഞ്ഞ അഴിമതികൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ അഞ്ജുവും പറയുന്നത് എന്നതാണ് രസകരം. അഞ്ജുവിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷണമായാൽ ഏറ്റവും ആദ്യം സമാധാനം പറയേണ്ടിവരുന്നത് പത്മിനി തോമസും യുഡിഎഫ് സർക്കാരും ആയിരിക്കും.

യുഡിഎഫ് സർക്കാരിലേയ്ക്ക് അഴിമതി ആരോപണം കേന്ദ്രീകരിക്കാതിരിക്കാൻ ആണ് സ്‌പോട്‌സ് ലോട്ടറിയുടെ കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു ടി പി ദാസൻ പ്രസിഡന്റ് ആയിരുന്നപ്പോൾ നടത്തിയ സ്പോർട്സ് ലോട്ടറിയിൽ അഴിമതി ഉണ്ടായിരുന്നു എന്ന ആരോപണം സജീവം ആണ്. എന്നാൽ അഞ്ചുകൊല്ലം യുഡിഎഫ് സർക്കാർ ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും. മന്ത്രിയുമായി ഭിന്നത ഉണ്ടായ ശേഷം മാത്രമാണ് സ്‌പോട്‌സ് ലോട്ടറി അഴിമതിയും പൊന്തിവന്നത്. എന്നാൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകാൻ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന ടിപി ദാസന്റെ സാധ്യത അടയ്ക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു എന്നതു സത്യമാണ്.

ഈ വിവാദത്തിൽ അഞ്ജുവിന് ഏറ്റവും വലിയ നാണക്കേടായത് യാതൊരു യോഗ്യതയും ഇല്ലാത്ത സഹോദരനെ ഉന്നത പദവിയിൽ തിരുകി കയറ്റിയതാണ്. കായികതാരമായ സിനിമോൾ പൗലോസിനെ വിവാഹം കഴിക്കുന്നതുവരെ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ലാത്ത സഹോദരൻ അജിത് മാർക്കോസ് സിനിയുടെ പരിശീലകരെ വരെ നിയന്ത്രിക്കാൻ അധികാരമുള്ള ടെക്‌നിക്കൽ സെക്രട്ടറി പദവിയിൽ കയറിയത്. അഞ്ജു അറിഞ്ഞല്ല എന്ന പറയുന്നതെങ്കിലും ഫയലുകൾ വ്യക്തമാക്കുന്നത് അഞ്ജു പ്രസിഡന്റ് ആയ ശേഷമാണ് അപേക്ഷ പരിഗണിക്കുന്നതും, നിയമിക്കപ്പെടുന്നതുമെന്നാണ്. സ്പോർട്സ് കൗൺസിലിലെ എല്ലാ നിയമനങ്ങളും നടത്തുന്നത് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ്. ഇങ്ങനെ ഒരു നിയമനം നടത്തിയതും അഞ്ജു പ്രസിഡന്റ് ആയ അഡ്‌മിനിസ്ര്‌ടേറ്റീവ് കമ്മിറ്റിയാണ്. സഹോദരന് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ഈ നിയമനം അഞ്ജുവിന്റെ അവകാശവാദങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ഒരു ദിവസം മാത്രം ജോലിയിൽ ഇരുന്ന അജിത് സ്‌പോട്‌സ് കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഭാര്യയുമായി വിദേശ പര്യടനത്തിന് പോയിരിക്കുകയാണ്. ശമ്പളത്തോടെയാണ് അജിത്തിന്റെ വിദേശ യാത്ര. പരിശീലകൻ എന്ന നിലയിൽ സഹോദരന്റെ ചെലവ് വഹിക്കുന്നതും സർക്കാരാണ്.

അഞ്ജുവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നിയമിച്ച ഭരണസമിതി പിരിച്ചുവിടപ്പെടും എന്നുറപ്പായിരിക്കവെയാണ് രാജി ഉണ്ടായത്. അതുപൊലെ സഹോദരന്റെ നിയമനം അടക്കമുള്ള അനധികൃത നിയമനങ്ങൾ എല്ലാം റദ്ദാക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. എന്തായാലും കൂടുതൽ വിവാദങ്ങൾക്കു കാത്തുനിൽക്കാതെ അഞ്ജു രാജി വയ്ക്കുകയായിരുന്നു. ഇതോടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമായി. രാഷ്ട്രീയക്കാരെ വേണോ സ്പോർട്സ് താരങ്ങളെ വേണോ ചുമതല ഏൽപ്പിക്കാൻ എന്ന ആലോചന സർക്കാർ വൃത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് കൂട്ടർക്കും വേണ്ടി വൻ തോതിലുള്ള നീക്കങ്ങളും സജീവമാണ്. അഞ്ജുവിനെ മാറ്റിയതിന്റെ വിവാദം ഒഴിവാക്കാൻ പറ്റിയ ഒരു കായികതാരത്തെ തന്നെയാണ് സർക്കാർ കണ്ടെത്താൻ ശ്രമിക്കേണ്ടത്. കായിക മന്ത്രിയുടെ മനസിൽ പി ടി ഉഷയാണ് ഉള്ളത്. എന്നാൽ ഉഷ ഈ ചുമതല ഏറ്റെടുക്കുമോ എന്ന വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP