Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ലക്കും ലഗാനുമില്ലാതെ ഓടുന്ന ആനവണ്ടിയെ കരകയറ്റാൻ ഇനി ആരുവരും? പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി എംഡി പദവിയിൽ വരാനിരിക്കുന്നത് അഞ്ചാമൻ; രാജമാണിക്യവും ഹേമചന്ദ്രനും തച്ചങ്കരിയും എംപി ദിനേശും തോറ്റുതുന്നം പാടിയ കോർപറേഷനിൽ ആരുവരുമെന്ന ആകാംക്ഷയിൽ യൂണിയൻകാരും; പരിഗണിക്കുന്ന നാലുപേരിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നറുക്ക് വീഴുമെന്ന് സൂചന

ലക്കും ലഗാനുമില്ലാതെ ഓടുന്ന ആനവണ്ടിയെ കരകയറ്റാൻ ഇനി ആരുവരും? പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി എംഡി പദവിയിൽ വരാനിരിക്കുന്നത് അഞ്ചാമൻ; രാജമാണിക്യവും ഹേമചന്ദ്രനും തച്ചങ്കരിയും എംപി ദിനേശും തോറ്റുതുന്നം പാടിയ കോർപറേഷനിൽ ആരുവരുമെന്ന ആകാംക്ഷയിൽ യൂണിയൻകാരും; പരിഗണിക്കുന്ന നാലുപേരിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നറുക്ക് വീഴുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടത്തിൽ മുങ്ങിയ ആനവണ്ടി കോർപറേഷനെ അതായത് കെഎസ്ആർടിസിയെ രക്ഷിച്ചെടുക്കാൻ തൊപ്പി വച്ചെത്തിയരെല്ലാം തോറ്റുതുന്നം പാടി മടങ്ങുന്ന കാഴ്ചയാണ് മലയാളികൾ കാണുന്നത്. കോവിഡ്കാലത്ത് വണ്ടി ഓടാത്തതിന്റെ നഷ്ടം എങ്ങനെ നികത്തുമെന്ന് ആർക്കുമറിയില്ല. എല്ലാം ഒന്നുപച്ചപിടിച്ചുവരുന്നതിനിടെയാണ് കോവിഡിന്റെ ആക്രമണം. അതോടെ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായി കാര്യങ്ങൾ. രാജമാണിക്യം, ഹേമചന്ദ്രൻ, തച്ചങ്കരി, എന്നിങ്ങനെ കേമന്മാർ വാണ കോർപറേഷനിൽ നിന്ന് ഈ സർക്കാരിന്റ കാലത്തെ നാലാമനും പടിയിറങ്ങുകയാണ്. ഗതാഗത മന്ത്രിയുമായുള്ള ഉടക്കിനെ തുടർന്നാണ് രാജിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാലെന്നാണ് എംഡി എംപി ദിനേശിന്റെ മാന്യമായ മറുപടി. അതുകൊണ്ട് തന്നെ അഞ്ചാമൻ ആരാകുമെന്നാണ് ഇപ്പോൾ തലസ്ഥാനത്തെ സംസാരം. നറുക്ക് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് വീഴുമെന്നാണ് സൂചന.

ഗതാഗത വകുപ്പിന് ആരെ വേണം?

മെക്കാനിക്കൽ എൻജിയർ ബിരുദം ഉള്ളയാളാണ് ബിജു പ്രഭാകർ.ആറര വർഷത്തോളം പ്ലാന്റ് മാനേജറായി ജോലി നോക്കിയ പരിചയം. പല കമ്പനികളെയും താഴെ തട്ടിൽ നിന്ന് ഉയർത്തിക്കൊണ്ടുവന്നതിന്റെ ക്രഡിറ്റ്. പല കമ്പനികളുടെയും കൺസൾട്ടന്റായിരുന്നു. യൂണിയനുകൾക്ക് പ്രിയങ്കരനാണെന്ന മുൻതൂക്കവുമുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ, ബിജു പ്രഭാകറിനോടാണ് ഗതാഗത വകുപ്പിന് കൂടുതൽ താത്പര്യം. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് അധിക ചുമതലയായി എം.ഡി സ്ഥാനം കൊടുക്കാൻ വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രനും താത്പര്യമുണ്ട്. രാജു നാരായണ സ്വാമി ഇപ്പോൾ സർവീസിനു പുറത്താണ്. മുൻ എം.ഡിയെന്ന പരിഗണനയാണ് ഹേമചന്ദ്രനുള്ളത്. അദ്ദേഹം ഇപ്പോൾ വിരമിച്ചിരുന്നു. ടോമിൻ ജെ. തച്ചങ്കരിയെ തിരികെ സി.എം.ഡി സ്ഥാനത്തേക്കു കൊണ്ടു വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

യൂണിയൻകാരെ പിണക്കിയാൽ ആരും വാഴില്ല

പുതുതായി ചാർജെടുക്കുന്ന എംഡിമാരെല്ലാം ശുഭപ്രതീക്ഷയോടെയാണ് കോർപറേഷനിലേക്ക് കാലുകുത്തുന്നത്. എല്ലാ മാസവും കൃത്യമായി ശമ്പളവും പെൻഷനും അടക്കം നൽകി കെഎസ്ആർടിസിയെ നേർവഴിക്ക് നടത്തിയ ടോമിൻ തച്ചങ്കരി ജീവനക്കാരുടെ അദർ ഡ്യൂട്ടി അടക്കമുള്ള തട്ടിപ്പുകൾക്ക് തടയിട്ട് പരിഷ്‌കരണം നടപ്പാക്കിയപ്പോൾ യൂണിയൻകാർ ഇടഞ്ഞു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകളോടെ വന്ന, രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഭരിച്ച തച്ചങ്കരിക്ക് ഒടുവിൽ പാതിവഴിയിൽ പടി ഇറങ്ങേണ്ടി വന്നു. ഒന്നരവർഷം കൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തെ അതിന് യൂണിയൻകാർ സമ്മതിച്ചില്ല. ഇതുമാത്രമല്ല, തച്ചങ്കരി പുറത്തുപോയപ്പോൾ ലഡ്ഡു വിതരണം ചെയ്ത് ആഘോഷവും നടത്തി.

2019 ജൂൺ 30നാണ് ടോമിൻ ജെ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്നും മാറ്റിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായ എംപി ദിനേശിനെ പുതിയ കെ.എസ്.ആർ.ടി.സി എം.ഡിയായി ചുമതലപ്പെടുത്തുകയായിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിൻ ജെ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു അന്ന് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം. കെ.എസ്.ആർ.ടി.സിയിലെ ഡബിൾ ഷിഫ്റ്റ്,ചിൽഡ് ബസ് സർവീസ്, അന്തർ ജില്ലാ സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തുടങ്ങിയ പരിഷ്‌കാരങ്ങൾ വരുത്തിയതും ഇതേ കാലയളവിൽ തന്നെയാണ്. എന്നാൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങളെ യൂണിയൻ ശക്തമായി എതിർക്കുകായായിരുന്നു.

ഡ്യൂട്ടി സമയം യൂണിയൻ കളിച്ച നേതാക്കൾക്കെതിരെ നടപടിയെടുത്തതും ടോമിൻ തച്ചങ്കരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാരിന് കഴിയേണ്ടിയും വന്നു. തൊഴിലാളി യൂണിയനുകളുമായി നല്ല രീതിയിലാണ് പോയതെങ്കിലും ഇപ്പോഴത്തെ മേധാവി ദിനേശിനും കെ എസ് ആർ ടി സിയെ കൈവിടേണ്ടി വരുന്നു.കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയാൻ രാജി സന്നദ്ധത അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു നൽകിയ കത്തിൽ ദിനേശ് ഐ.പി.എസ് വ്യക്തമാക്കിയിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ പുതിയ മേധാവി എത്തുന്നത് വരെ തൽസ്ഥാനത്ത് തുടരണമെന്നാണ് സർക്കാർ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്

ബിജു പ്രഭാകർ വന്നാൽ

കെഎസ്ആർടിസിയെ ലാഭത്തിൽ നടത്തിക്കൊണ്ടുപോകാം എന്ന വിശ്വാസക്കാരനാണ് ബിജു പ്രഭാകർ ഐഎഎസ്. യൂണിയൻകാരെ ഇണക്കി കൊണ്ടുപോകാനുള്ള വൈഭവമുണ്ട്. ഒരുപക്ഷേ നേരത്തെ തന്നെ കോർപറേഷന്റെ തലപ്പത്ത് അദ്ദേഹം എത്തേണ്ടതായിരുന്നു. എന്നാൽ, രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ അതിനുള്ള അവസരം വഴിതുറന്നില്ല. താഴേത്തട്ടിൽ നിന്ന് കമ്പനികളെ പച്ചപിടിപ്പിച്ച പരിചയം തന്നെയാവും അദ്ദേഹത്തിന്റെ മുതൽകൂട്ട്. നിരവധി കമ്പനികളുടെ ഉപദേഷ്ടാവ് ആയിരുന്നിട്ടുള്ള ഉദ്യോഗസ്ഥൻ എന്ന അധികയോഗ്യതയും. പൊതുമരാമത്ത് സെക്രട്ടറി, കൃഷി ഡയറക്ടർ,തിരുവനന്തപുരം കളക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവീസസ് കോർപറഷൻ എംഡി, ലോട്ടറി ഡയറക്ടർ, ഭൂമി കേരളം പ്രോജക്റ്റ് ഡയറക്ടർ, ഐടി@സ്‌കൂൾ പ്രോജക്റ്റ് ഡയറക്ടരായിരിക്കെ വിക്‌റ്റേഴ്‌സ് ചാനൽ സ്ഥാപകൻ, തലസ്ഥാനത്തെ വെള്ളക്കെട്ടൊഴിവാക്കാനുള്ള ഓപ്പറഷൻ അനന്ത ഓപ്പറേഷൻ അങ്ങനെ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ മെരിറ്റുള്ള കരിയർ റെക്കോഡ്.

ലോട്ടറി ഡയറക്ടറായിരിക്കെ വാർഷിക വിറ്റുവരവ് മൂന്നുവർഷം കൊണ്ട് 557 കോടിയിൽ നിന്ന് 2800 കോടിയായി ഉയർത്തി. ഇപ്പോൾ ലോട്ടറി ടേണോവർ 10,000 കോടിയാണ്. 624 കോടിയിൽ നിന്ന് 557 കോടിയായി വരുമാനം കുറഞ്ഞപ്പോഴായിരുന്നു ബിജു പ്രഭാകറിന്റെ നിയമനം. കാരുണ്യ ഫാർമസി ചെയിനിൽ, ആദ്യവർഷം തന്നെ 100 കോടി ടേണോവർ. കേരള പിഎസ്‌സി നടത്തിയ ഡപ്യൂട്ടി കളക്ടർ പരീക്ഷയിൽ മൂന്നാം റാങ്കുകാരനാണ്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിലും മുംബൈയിലെ സ്വകാര്യ കമ്പനികളിലും പ്ലാന്റ് എഞ്ചിനീയറായും, പ്ലാന്റ് മാനേജരായും ആറ് വർഷത്തോളം പ്രവൃത്തി പരിചയം. മെക്കാനിക്കൽ എഞ്ചിനീയറായും മാനേജരായും അനുഭവസമ്പത്തുള്ള ബിജുപ്രഭാകറിന് കെഎസ്ആർടിസിയെ നയിക്കാൻ ശേഷിയുണ്ടെന്നാണ് ഗതാഗത മന്ത്രിയുടെയും വിലയിരുത്തൽ. ഏതായാലും, കോർപറേഷനെ നയിക്കാൻ ആരുവേണമെന്ന് മന്ത്രിസഭയാണ് അന്തിമമായി തീരുമാനിക്കേണ്ടത്.

അടുത്ത എംഡി ആരാകണമെന്ന അന്വേഷണത്തിൽ യൂണിയൻകാരും

അടുത്ത എംഡി ആരാകണമെന്ന കാര്യത്തിൽ അന്വേഷണവും സമ്മർദ്ദവുമായി യുണിയൻ സജീവമായി രംഗത്തുണ്ട്. തന്റെ രാജി കത്തിൽ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് കെ എസ് ആർ ടി സി എംഡി എംപി ദിനേശ് വിശദീകരിക്കുന്നത്. എന്നാൽ രാജിക്ക് പിന്നിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായുള്ള ഭിന്നതയാണ്. കെ എസ് ആർ ടി സിയിലെ വിജിലൻസ് മേധാവിയെ നിയമിക്കുന്നതിൽ മന്ത്രി കൈകടത്തിയതാണ് ദിനേശിനെ രാജിക്ക് പ്രേരിപ്പിച്ചത്. എന്ത് സമ്മർദ്ദം ഉണ്ടായാലും രാജി പിൻവലിക്കില്ലെന്ന നിലപാടിലാണ് ദിനേശ്. ഇതോടെ ദിനേശിന്റെ പിന്തുണയിൽ കെ എസ് ആർ ടി സിയെ ഭരിച്ച ഭരണപക്ഷ യൂണിയനും വെട്ടിലാവുകയാണ്. ണ്ട്.

2019 ഫെബ്രുവരിയിലാണ് കെ എസ് ആർ ടി സിയെ നയിക്കാൻ ദിനേശ് എത്തുന്നത്. ഏപ്രിലിൽ അദ്ദേഹം പൊലീസ് സർവ്വീസിൽ നിന്ന് വിരമിച്ചു. ഇതോടെ ഒരു കൊല്ലം കൂടി കാലാവധി നീട്ടി നൽകി. ഇതിന് ശേഷം 2020ലും സർവ്വീസ് നീട്ടി. 2021വരെ എംഡിയായി തുടരാൻ ദിനേശിന് കഴിയുമായിരുന്നു. ഇതിനിടെയാണ് കെ എസ് ആർ ടി സിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് സ്ഥാനവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത്. ദിനേശ് കെ എസ് ആർ ടി സിയിൽ എത്തിയതോടെ എസ് പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കെ എസ് ആർ ടി സിയിൽ വിജിലൻസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറാക്കി. ആദ്യം ഗോപകുമാറിനായിരുന്നു ചുമതല. അതിന് ശേഷം രവി എന്ന എസ് പിയും എത്തി. ജൂലൈ വരെയാണ് രവിക്ക് ഡെപ്യുട്ടേഷനിൽ കെ എസ് ആർ ടി സിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്. എന്നാൽ മേയിൽ അദ്ദേഹം വിരമിച്ചു. ഇതോടെ വിജിലൻസ് ചുമതല വഹിക്കാൻ കഴിയാത്ത സ്ഥിതി വന്നു.

ഇതോടെ രവിക്ക് കാലാവധി നീട്ടി നൽകണമെന്ന് സർക്കാരിനോട് ദിനേശ് ആവശ്യപ്പെട്ടു. ഇതിന് ഗതാഗത വകുപ്പ് അംഗീകാരം നൽകി. എന്നാൽ ധന വകുപ്പിൽ ഫയൽ ഉടക്കി. ഇതോടെ രവിയുടെ തിരിച്ചു വരവ് അനിശ്ചിതമായി നീളുന്ന സാഹചര്യം വന്നു. ഇതിനിടെ വിജിലൻസിന്റെ ചുമതല കെ എസ് ആർ ടി സിയിലെ വിശ്വസ്തനായ ആർ ചന്ദ്രബാബുവിന് ദിനേശ് നൽകി ഉത്തരവിറക്കി. രവി തിരിച്ചെത്തുമ്പോൾ ചുമതല എളുപ്പത്തിൽ കൈമാറുകയെന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇത് അംഗീകരിക്കാനായില്ല. ദിനേശിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റും ബോർഡ് സെക്രട്ടറിയുമായിരുന്നു ചന്ദ്രബാബു. ദിനേശിന്റെ താൽപ്പര്യത്തിലാണ് ഈ പദവികളിൽ ചന്ദ്രബാബു എത്തിയത്. അതുകൊണ്ട് തന്നെ ചന്ദ്രബാബുവിനെ അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രിയുടെ കർശന നിലപാടും എത്തി. മെക്കാനിക്കൽ എഞ്ചിനിയറായ ചന്ദ്രബാബുവിന് പകരം എക്സിക്യൂട്ടീവ് ഡയറക്ടറായ പിഎം ഷറഫ് മുഹമ്മദിന് വിജിലൻസ് ചുമതലയും നൽകി.

മന്ത്രിയുടെ ഓഫീസിലേക്ക് ദിനേശിനെ വിളിച്ച് ചന്ദ്രബാബുവിന് ചുമതല നൽകിയതിലെ നീരസം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദിനേശ് രാജി കത്ത് നൽകിയത്. തൊട്ടു പിന്നാലെ ചന്ദ്രബാബുവിന് വിജിലൻസ് ചുമതല നൽകിയ ഉത്തരവ് പിൻവലിച്ച് ഷറഫിനെ ഉത്തരവാദിത്തം ഏൽപ്പിക്കുന്ന തീരുമാനവും വന്നു. ഗതാഗത സെക്രട്ടറിക്ക് എക്സിക്യൂട്ടീവ് ഡയറക്ടറായ അനിൽകുമാറിന് വിജിലൻസ് നൽകാനായിരുന്നു തീരുമാനം. ഇതും മന്ത്രിയുടെ ഇടപെടലോടെ നടക്കാതെയായി. വിജിലൻസ് ഓഫീസറുടെ പേരിലാണ് ദിനേശ് കാലാവധി തീരാൻ ഇനിയും മാസങ്ങളുള്ളപ്പോൾ കെ എസ് ആർ ടി സിയിൽ നിന്നും പടിയിറങ്ങുന്നത്. എന്നാൽ കെ എസ് ആർ ടി സിയിലെ സിപിഎം യൂണിയന്റെ പാവയായി തുടരാൻ താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് തീരുമാനമെന്നും സൂചനയുണ്ട്.

സാമ്പത്തികപ്രതിസന്ധി, ഭരണത്തിൽ തൊഴിലാളി സംഘടനകളുടെ കൈകടത്തൽ, കാര്യക്ഷമമല്ലാത്ത മാനേജ്മെന്റ്, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഒട്ടേറെ പോരായ്മകളുള്ള കെ.എസ്.ആർ.ടി.സി.യുടെ സാരഥ്യമേറ്റെടുക്കാൻ മിക്ക ഐ.എ.എസ്. ഉദ്യോഗസ്ഥരും തയ്യാറല്ല. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 2017-ൽ സർക്കാർ അനുമതി നൽകിയിട്ടും ഇതുവരെ പുതിയ ബസുകൾ വാങ്ങിയിട്ടില്ല. സൂപ്പർക്ലാസിലുള്ള 500 ബസുകൾ ഉടൻ പിൻവലിക്കേണ്ടിവരും. രണ്ടുവർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ സ്ഥാനമേറ്റ സർക്കാരിന് ഇനി ഒരുവർഷത്തെ കാലാവധിയാണ് അവശേഷിക്കുന്നത്. അവശേഷിക്കുന്ന കാലയളവിനുള്ളിൽ പ്രതിസന്ധിയിൽനിന്ന് സ്ഥാപനത്തെ കരകയറ്റുക എന്ന വെല്ലുവിളിയാണ് സർക്കാരിനുമുന്നിലുള്ളത്. അതിനുപറ്റിയ ഒരു മേധാവിയെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പുതിയ എം.ഡി.യെ നിയമിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP