Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഫീഖ് പറയാൻ മടിക്കുന്ന സത്യങ്ങൾ അരങ്ങിലെത്തിച്ച ധീരനായ സംവിധായകൻ; റാബിയ എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും ഭീഷണിയുമായി ഒന്നിച്ചെത്തി; ചേകന്നൂർ മൗലിവിയുടെ ജീവിതം പറഞ്ഞ മനുഷ്യദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം വിവാദമായപ്പോഴും കുലുങ്ങിയില്ല; മോഹനൻ വൈദ്യന്മാരെയും വടക്കൻചേരിമാരെയുമെല്ലാം തുറന്നുകാട്ടി; 'കിത്താബ്' നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയെ അറിയാം

റഫീഖ് പറയാൻ മടിക്കുന്ന സത്യങ്ങൾ അരങ്ങിലെത്തിച്ച ധീരനായ സംവിധായകൻ; റാബിയ എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും ഭീഷണിയുമായി ഒന്നിച്ചെത്തി; ചേകന്നൂർ മൗലിവിയുടെ ജീവിതം പറഞ്ഞ മനുഷ്യദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം വിവാദമായപ്പോഴും കുലുങ്ങിയില്ല; മോഹനൻ വൈദ്യന്മാരെയും വടക്കൻചേരിമാരെയുമെല്ലാം തുറന്നുകാട്ടി; 'കിത്താബ്' നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയെ അറിയാം

കെ വി നിരഞ്ജൻ

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവൽ ഉണ്ടാക്കിയ സംഘർഷങ്ങൾക്ക് തുല്യമായ അവസ്ഥയാണ് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകവും ഉണ്ടാക്കിയത്. മീശയ്ക്കെതിരെ സംഘപരിവാർ സംഘടനകൾ ആക്രോശവുമായി രംഗത്തെത്തിയപ്പോൾ കിത്താബിനെതിരെ മുസ്ലിം വർഗ്ഗീയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായി മതതീവ്രവാദ സംഘടനകൾ ഉറഞ്ഞു തുള്ളുമ്പോഴും നാടകത്തിന്റെ സംവിധായകനായ റഫീഖ് മംഗലശ്ശേരി ഭയപ്പെടുന്നില്ല. ഇതിന് മുമ്പ് നിരവധി തവണ വർഗ്ഗീയ സംഘടനകളുടെ ഭീഷണികളെ നേരിട്ട കലാകാരനാണ് റഫീഖ് മംഗലശ്ശേരി.

വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ്. സ്ത്രീകൾ തങ്ങൾക്ക് ബാങ്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് നാടകത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. എന്നാൽ ഇതിന് എത്രയോ മുമ്പ് തന്റെ ബദറുദ്ദീൻ നാടകം എഴുതുമ്പോൾ എന്ന നാടകത്തിലൂടെ ഇതേ ചോദ്യം ഈ കലാകാരൻ തന്നെ ഉയർത്തിയിട്ടുണ്ട്. പള്ളീനോട് ചേർത്തുണ്ടാക്കിയ ഒര് കുടുസ്സ് മുറീലല്ലേ സ്ത്രീകള് നിസ്‌ക്കരിക്കുന്നത്. ആ മുറീക്ക് പോവാൻ വേണ്ടി പള്ളീന്റെ ബേക്കിലൂടെ വേറെ ഒര് വഴിയും. സത്യത്തില് സ്ത്രീകളെ പള്ളീക്കേറ്റി പള്ളീക്കേറ്റീന്ന് വീമ്പ് പറയുന്നത് ഒരു തരം തട്ടിപ്പല്ലേ. അല്ലെങ്കി എന്തോണ്ട് സ്ത്രീകള് പള്ളീന്ന് ബാങ്ക് കൊടുക്കണില്യ. എന്തോണ്ട് ഇഖാമത്തുകൊടുക്കണില്യ. എന്തോണ്ട് നിസ്‌ക്കാരത്തിന് നേതൃത്വം നൽകുന്നില്ല. ഏതെങ്കിലും പള്ളിക്കമ്മറ്റീല് ഇന്നേ വരെ സ്ത്രീകളെ എട്ത്തിട്ടുണ്ടോ എന്ന് ഈ നാടകത്തിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്.

ഉണ്ണി ആർ എഴുതിയ ബാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് റഫീഖ് മംഗലശ്ശേരി കിത്താബിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ നാടകത്തിൽ വേഷമിട്ട റിയ പർവിനാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കയ്യടികളോടെ നാടകപ്രേമികൾ വരവേറ്റ ഈ നാടകത്തിനെതിരെയാണ് വർഗ്ഗീയ സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് പറയുന്ന പ്രതിഷേധക്കാർ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകനെതിരെ വലിയ ഭീഷണിയും ഉയർത്തുന്നുണ്ട്.

പൊള്ളുന്ന യാഥാർത്ഥ്യങ്ങളായിരുന്നു റഫീഖ് തന്റെ നാടകങ്ങളിലൂടെ എന്നും പുറത്തുകൊണ്ടുവന്നത്. ഇത് പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും മാത്രമല്ല മുസ്ലിം ലീഗിനും വരെ ദഹിച്ചിരുന്നില്ല. കിത്താബിനെതിരെ ഒന്നിച്ച് രംഗത്ത് വന്ന എസ് ഡി പി ഐയും മുസ്ലിം ലീഗും എസ് കെ എസ് എസ് എഫുമെല്ലാം നേരത്തെയും ഈ കലാകാരന്റെ നാടകങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. റഫീഖിന്റെ റാബിയ എന്ന നാടകത്തിനെതിരെയായിരുന്നു നേരത്തെ വർഗ്ഗീയ ശക്തികൾ അലറിക്കൊണ്ടെത്തിയത്.

കൊണ്ടോട്ടി മൊറയൂർ സ്വദേശിനിയായ വി പി റൂബിയയുടെ ജീവിതമാണ് റാബിയ എന്ന നാടകത്തിന് അടിസ്ഥാനം. നൃത്തം പഠിച്ചതിന് മതമൗലികവാദികളിൽ നിന്ന് എതിർപ്പ് നേരിടുന്ന റൂബിയയുടെ ജീവിതത്തിലെ പ്രതിസന്ധികളായിരുന്നു റഫീഖ് അവതരിപ്പിച്ചത്. മലപ്പുറം മൊറയൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന റൂബിയ വിലക്ക് ലംഘിച്ച് നൃത്തരംഗത്തേക്ക് കടന്നുവരുന്ന സംഭവമാണ് നാടകത്തിലൂടെ റഫീഖ് പറഞ്ഞത്. പർദ്ദ അഴിച്ച് മാറ്റിക്കൊണ്ട് ചിലങ്കയുടെ താളത്തിൽ ചുവടുവെക്കുന്ന നായികയുടെ ദൃശ്യം മതമൗലിക വാദികളെ അസ്വസ്ഥപ്പെടുത്തുകയും അവർ സംവിധായകന് നേരെ വാളോങ്ങുകയും ചെയ്തു. കോട്ടക്കൽ രാജാസ് ഹൈസ്‌കളിലെ കലോത്സവത്തിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തു.

സബ് ജില്ലയിലേക്ക് ഈ നാടകം കൊണ്ടുപോകരുതെന്ന ആവശ്യവുമായാണ് മതമൗലിക വാദികൾ സ്‌കൂൾ അധികൃതർക്ക് മുമ്പിലെത്തിയത്. ഭീഷണികൾക്ക് മുമ്പിൽ സ്‌കൂളും പി ടി എയും പതറിയപ്പോൾ റഫീഖിനും പിന്മാറേണ്ടിവന്നു. പെൺകുട്ടികൾ കൂടുതലുള്ള ഈ നാടകവുമായി സ്‌കൂൾ തലത്തിൽ മുമ്പോട്ടുപോയാൽ ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും എന്നതുകൊണ്ടാണ് പിന്മാറാൻ റഫീഖ് തയ്യാറായത്. എന്നാൽ തന്റെ പോരാട്ടം ഈ കലാകാരൻ തുടർന്നു. ഒരു ദലിതൻ നമ്മോട് പറയുന്നത്, അതിരുകൾക്കപ്പുറത്ത് ഒരു സുഹൃത്ത്, ചാലക്കൂട്ടുകളിൽ ഒരു മൈമൂന തുടങ്ങിയ നാടകങ്ങളെല്ലാം കത്തുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. മനുഷ്യ ദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം ചേകന്നൂർ മൗലവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. ഇസ്ലാമിനെതിരെ മാത്രമാണോ താൻ ശബ്ദിക്കുകയുള്ളുവെന്ന് ചോദിക്കുന്നവരോട് ശബരിമല വിഷയത്തിൽ ഉൾപ്പെടെ താൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ റഫീഖ് തലയുയർത്തി കാട്ടിക്കൊടുക്കുന്നു.

ഇത്തവണത്തെ സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മഞ്ചേരി ബോയ്സ് സ്‌കൂളിന് വേണ്ടി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത കാടും നാടും എന്ന നാടകം ഒന്നാം സ്ഥാനവും കോഴിക്കോട് മേമുണ്ട സ്‌കൂളിന് വേണ്ടി ചെയ്ത നാടകം മൂഷിക വിലാസം എന്ന നാടകം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ശാസ്ത്ര ബോധമില്ലാത്ത ഒരു ജനത എത്രമേൽ അപകടകാരികളാണെന്ന് വ്യക്തമാക്കുകയാണ് കാടും നാടും എന്ന നാടകം. നിപാ വൈറസ് ഉയർത്തിയ ഭിതിയും അതിന്റെ പേരിൽ സമൂഹത്തിൽ പടർന്ന് പന്തലിച്ച അന്ധവിശ്വാസങ്ങളെയും അതിലൂടെ മുതലെടുപ്പ് നടത്തിയ മോഹനന്മാരെയും വടക്കഞ്ചേരിമാരെയും തുറന്നു കാട്ടുകയായിരുന്നു ഈ നാടകം. സേഫ് സോണിലിരുന്ന് മുടിവെള്ള കച്ചവടം നടത്തുകയും ഭീതതമായ അന്തരീക്ഷത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്ന മൗലവിമാരെയും കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് നാടകം മുന്നോട്ട് പോകുന്നത്.

ഒരുപാട് ജീവിതപ്രയാസങ്ങൾക്കിടയിലും കലയുടെ ലോകത്ത് സജീവമാണ് റഫീഖ് മംഗലശ്ശേരി. എന്നാൽ ആർക്കു മുമ്പിലും തോറ്റുകൊടുക്കാൻ താൻ ഒരുക്കമല്ലെന്ന് ഈ യുവാവ് പറയുന്നു. ഭീഷണികൾക്ക് മുമ്പിൽ പതറി സ്‌കൂൾ നാടകം പിൻവലിക്കുമോ എന്ന ആശങ്ക മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറൂലിങ്ങൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട കാലമാണിത്. അപ്പോൾ ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾ ഉന്നയിച്ചത് ഇത്ര വലിയ മതനിന്ദയാണോ എന്ന് റഫീഖ് ചോദിക്കുന്നു. അസഹിഷ്ണുത സംഘപരിവാറിന് മാത്രമല്ല എല്ലാവർക്കുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നാടകത്തിനെതിരെയുള്ള കടന്നാക്രണം. മീശയ്ക്കെതിരെ സംഘപരിവാർ പ്രതിഷേധം ഉയർന്നപ്പോൾ നോവലിസ്റ്റിന് പിന്തുണ നൽകിയ സംഘടനകൾ വരെ കിത്താബിനെതിരെയുള്ള പ്രതിഷേധത്തിൽ അണി നിരക്കുന്നുണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും യാഥാസ്ഥിതികരാവുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവങ്ങളെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP