Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിർഗിസ്ഥാനിലെ സൈന്യാധിപൻ ഇപ്പോൾ കോഴിക്കോടുണ്ടോ? എട്ടാം ക്ലാസുകാരനായ മലയാളി ഷെയ്ഖ് റഫീഖ് മുഹമ്മദിനെ സൈന്യാധിപനാക്കിയ ഖലീജ് ടൈംസ് മാപ്പു പറഞ്ഞ് തലയൂരി; സൈനിക യൂണിഫോമിൽ മലയാള പത്രങ്ങളിലും ചാനലുകളിലും തിളങ്ങിയ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്ന് നടിച്ച് മാധ്യമങ്ങൾ; ആർക്കും ആരേയും പറ്റിക്കാവുന്ന തരത്തിൽ എങ്ങനെയാണ് വാർത്തകൾ ഉണ്ടാകുന്നത്

കിർഗിസ്ഥാനിലെ സൈന്യാധിപൻ ഇപ്പോൾ കോഴിക്കോടുണ്ടോ? എട്ടാം ക്ലാസുകാരനായ മലയാളി ഷെയ്ഖ് റഫീഖ് മുഹമ്മദിനെ സൈന്യാധിപനാക്കിയ ഖലീജ് ടൈംസ് മാപ്പു പറഞ്ഞ് തലയൂരി; സൈനിക യൂണിഫോമിൽ മലയാള പത്രങ്ങളിലും ചാനലുകളിലും തിളങ്ങിയ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്ന് നടിച്ച് മാധ്യമങ്ങൾ; ആർക്കും ആരേയും പറ്റിക്കാവുന്ന തരത്തിൽ എങ്ങനെയാണ് വാർത്തകൾ ഉണ്ടാകുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യക്കും മലയാളികൾക്കും അഭിമാനമായി കോഴിക്കോടുകാരനായ സൗദി വ്യവസായി ഷെയ്ഖ് റഫീഖ് മുഹമ്മദ് കിർഗിസ്ഥാന്റെ മേജർ ജനറലായി. കിർഗിസ്ഥാനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അപൂർവ സൈനികസ്ഥാനമെന്നായിരുന്നു മലയാള മാധ്യമങ്ങളിൽ വാർത്ത വന്നത്. അഞ്ചാം ക്ലാസ് പഠനം പൂർത്തിയാകും മുമ്പ് കോഴിക്കോടു നിന്ന് മുംബൈയ്ക്കു വണ്ടി കയറിയ ഷെയ്ഖ് റഫീഖ് ബിസിനസിന്റെ എല്ലാ കളികളും പഠിച്ചത് മുംബൈയിലാണ്. അവിടെനിന്നു ഗൾഫിലേക്കു ചേക്കേറി. യു.എ.ഇയും ഇറാനും സൗദി അറേബ്യയും കിർഗിസ്ഥാനുമൊക്കെയായിരുന്നു തുടർന്നു തട്ടകങ്ങൾ. ഒടുവിൽ മുഹമ്മദ് കിർഗിസ്ഥാന്റെ മേജർ ജനറലും. എല്ലാവരും ഈ വാർത്ത ആഘോഷിച്ചു. ഖലീജ് ടൈംസിൽ വന്ന വാർത്തയായിരുന്നു ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ഈ വാർത്ത നൽകിയതിൽ ഖജീജ് ടൈംസ് തിരുത്തു കൊടുത്തിരിക്കുന്നു. എന്നാൽ ഇപ്പോഴും മലയാളി വ്യവസായിയുടെ കള്ളത്തരം തുറന്നുകാട്ടാൻ മലയാള പത്രങ്ങൾക്ക് കഴിയുന്നില്ല.

കിർഗിസ്ഥാന്റെ മേജർ ജനറലായി വാർത്ത വന്നപ്പോൾ ഷെയ്ഖ് റഫീഖ് മുഹമ്മദ് എങ്ങും എവിടേയും നിറഞ്ഞു നിന്നു. ഇപ്പോൾ തിരുത്തുവന്നിട്ടും ഈ മലയാളിയെ എങ്ങും കാണാനില്ല. ഏതായാലും പുലിവാല് പിടിച്ചത് ആദ്യം വാർത്ത കൊടുത്ത ഖലീജ് ടൈംസായിരുന്നു. തെറ്റായ വാർത്ത നൽകിയ അറബ് പത്രത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ കിർഗിസ്ഥാൻ സർക്കാർ തയ്യാറായി. ഇതിന്റെ ഭാഗമായി വാർത്തയിലെ സത്യം കത്തിലൂടെ പത്രത്തെ അറിയിക്കുകയും ചെയ്തു.

ഇതോടെ അവർ മാപ്പ് പറഞ്ഞ് കുറിപ്പെഴുതി. മലയാളിക്ക് കിർഗിസ്ഥാൻ മേജർ ജനറലായി നിയമനം നൽകിയെന്നത് തീർത്തും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെടുന്നത് അങ്ങനെയാണ്. ഈ വാർത്ത വന്നപ്പോൾ മലയാളത്തിലെ ചില ചാനലുകൾ ഇദ്ദേഹത്തിന്റെ അഭിമുഖം പോലും സംപ്രേഷണം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയാണ് ഈ വാർത്ത തെറ്റായി പ്രചരിച്ചതെന്നതിൽ സത്യാവസ്ഥ തുറന്ന് പറയേണ്ട അവസ്ഥ പ്രവാസി മലയാളിക്കും ഉണ്ട്.

കിർഗിസ്ഥാന്റെ സൈനിക വേഷം അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പോലും നവ മാധ്യമങ്ങളിൽ നിറച്ചായിരുന്നു അപൂർവ്വ നേട്ടത്തിന്റെ പ്രചരണം. ഔദ്യോഗിക ചടങ്ങിൽ കിർഗിസ്ഥാൻ പ്രതിരോധ മന്ത്രി അലി മിസ്രയാണ് റഫീഖിനെ രാജ്യത്തിന്റെ മേജർ ജനറൽ പദവിയിൽ നിയമിച്ചതെന്നായിരുന്നു വാർത്ത. കിർഗിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് റഫീഖിന്റെ പ്രവർത്തനം വലിയ കരുത്തായി. ഇതോടെ ഉന്നത പദവി നൽകി കിർഗിസ്ഥാൻ അദ്ദേഹത്തെ അംഗീകരിച്ചതെന്നായിരുന്നു പ്രചരണം. ഇതിലെ തട്ടിപ്പാണ് ഖജീജ് ടൈംസിന്റെ വാർത്ത തിരുത്തലിലൂടെ പുറത്തുവരുന്നത്.

കള്ളി പുറത്താക്കിയത് കിർഗിസ്ഥാന്റെ യുഎഇ അംബാസിഡർ

ഗൽഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യുഎഇ അംബാസഡർ അയച്ച കത്താണ് കള്ളി പുറത്തു കൊണ്ടുവന്നത്്. വാർത്ത തെറ്റാണെന്നും തിരുത്തു നല്കണമെന്നുമാണ് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് തിരുത്ത് നൽകിയത്. യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിന്റെ ചെയർമാനായ ഷെയ്ഖ് മുഹമ്മദ് റഫീഖിനെ കിർഗിസ്ഥാൻ സൈന്യത്തിലെ ഉന്നത പദവിയിൽ നിയമിച്ചുവെന്നായിരുന്നു ഖലീജ് ടൈംസിലെ വാർത്ത.

കേരളത്തിൽ മാതൃഭൂമി ഇത് കവർ സ്റ്റോറി ആക്കിയിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും എൻഡി ടിവിയും എല്ലാം മലയാളി വിദേശരാജ്യത്തെ ഉന്നത സൈനിക പദവിയിൽ നിയമിതനായ വാർത്ത പ്രാധാന്യത്തോടെ നല്കുകയുണ്ടായി. കോഴിക്കോട് എരവന്നൂർ സ്വദേശിയായ റഫീഖ് മുൻ കിർഗിസ്ഥാൻ പ്രസിഡന്റായ സലിയേവിച്ച് ബാക്കിയേവിന്റെ മുഖ്യ ഉപദേശകനായിരുന്നുവെന്നും പ്രചരണമുണ്ടായി. കിർഗിസ്ഥാന്റെ യുഎഇ അംബാസിഡർ ചിംഗിസ് എഷിംബക്കേവ് അയച്ച കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇതു സംബന്ധിച്ച പരിശോധന മറുനാടൻ നടത്തിയത്. ഇതോടെയാണ് വലിയ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് ബോധ്യമായത്.

മലയാളി കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതനായി എന്ന വാർത്ത ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. ഈ വാർത്തയുടെ ഉള്ളടക്കം പൂർണമായും സത്യത്തിനു നിരക്കാത്തതും വ്യാജവുമാണെന്ന് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിലെ വിനയ് കാമത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കിർഗിസ് റിപ്പബ്ലിക് ഷെയ്ഖ് റഫീഖ് മുഹമ്മദിന് ഒരുവിധ സൈനിക പദവിയും നല്കിയിട്ടില്ല. വിശ്വായ യോഗ്യമായ കേന്ദ്രങ്ങളിൽനിന്നായിരിക്കില്ല ഖലീജ് ടൈംസ് ലേഖകന് വാർത്ത ലഭിച്ചിരിക്കുകയെന്നും അംബാസിഡർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഖലീജ് ടൈംസിനു സംഭവിച്ചത് മനപ്പൂർവമല്ലാത്ത തെറ്റായിട്ടാണ് കിർഗിസ് എംബസി പരിഗണിക്കുന്നത്.

എന്നാൽ വായനക്കാർക്കു മുന്നിൽ സത്യം പറയാൻ പത്രത്തിനു ബാധ്യതയുണ്ട്. അതുകൊണ്ട് ഷെയ്ഖ് റഫീഖ് മുഹമ്മദിനെ കിർഗിസ്ഥാൻ മേജർ ജനറലായി നിയോഗിച്ചുവെന്ന വാർത്ത വ്യാജമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പുതിയൊരു വാർത്ത നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡിസംബർ 31നു നല്കിയ വാർത്ത പത്രത്തിന്റെ ഇലക്ട്രോണിക് ആർക്കൈവിൽനിന്നു പിൻവലിക്കണമെന്നും കിർഗിസ്ഥാൻ ആവശ്യപ്പെടുന്നതായി അംബാസിഡറുടെ കത്തിൽ വ്യക്തമാക്കുന്നു.

മാതൃഭൂമിക്കു പുറമേ മനോരമയും മാധ്യമവും അടക്കമുള്ള പത്രങ്ങളും ചാനലകളും ഷെയ്ഖ് റഫീഖ് മുഹമ്മദ് സൈനിക വേഷത്തിൽ നിൽക്കുന്ന പടങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഖലീജ് ടൈംസ് വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖലീജ് ടൈംസ് വാർത്ത പിൻവലിച്ചിട്ടും മലായള മാധ്യമങ്ങളാരും തിരുത്തു നൽകിയില്ല. അതുകൊണ്ട് തന്നെ പത്രവും മലയാള ചാനലും കാണുന്ന ശരാശരി മലയാളിക്ക് മുമ്പിൽ ഈ കോഴിക്കോട്ടുകാരൻ ഇപ്പോഴും മേജർ ജനറലായി തുടരുന്നു.

മലയാള പത്രങ്ങൾക്കെതിരേയും നടപടി വന്നേക്കും

ഇത്തരമൊരു വാർത്ത ഖലീജ് ടൈംസിൽ വന്നത് മാത്രമാണ് കിർഗിസ്ഥാൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അത് ഗൾഫ് മാധ്യമം ആയതായിരുന്നു ഇതിന് കാരണം. ചില ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും ആഘോഷമാക്കിയത് മലയാളം പത്രങ്ങളും ചാനലുകളുമാണ്. എന്നാൽ മലയാളത്തിലുള്ള വാർത്തകൾ ആദ്യ ഘട്ടത്തിൽ കിർഗിസ്ഥാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇപ്പോൾ ചില കേന്ദ്രങ്ങൾ കേരളത്തിൽ നടന്ന പ്രചരണങ്ങൾ കിർഗിസ്ഥാന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ വാർത്ത വരുത്തിയത് മലയാളിയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ എന്തോ തട്ടിപ്പിന് വേണ്ടിയാകാം ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്.

അതുകൊണ്ട് തന്നെ ഖലീജ് ടൈംസിന്റെ തിരുത്തിന്റെ വികാരം ഉൾക്കൊണ്ട് മലയാള മാധ്യമങ്ങളും തിരുത്തുമെന്നാണ് കിർഗിസ്ഥാന്റെ പ്രതീക്ഷ. ആവശ്യമെങ്കിൽ മലയാള മാധ്യമങ്ങൾക്കും കത്ത് നൽകും. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്ന അന്വേഷണവും കിർഗിസ്ഥാൻ നടത്തുന്നുണ്ട്.

ഗാമൺ ഗ്രൂപ്പിന്റെ ചെയർമാൻ പ്രചരിപ്പിച്ചത് വമ്പൻ കള്ളം തന്നെ

യുഎഇ-സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിന്റെ ചെയർമാനാണ് വിവാദത്തിലായ ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഷെയ്ഖ് റഫീഖ് രാജ്യത്തിന് നൽകിയ സേവനം വലുതാണെന്നും മറ്റുരാജ്യങ്ങളുമായി കിർഗിസ്താനെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചതെന്നും മേജർ ജനറൽ പദവി ഔദ്യോഗികമായി നൽകിക്കൊണ്ട് കിർഗിസ്ഥാൻ മന്ത്രി മിർസാ അലി പറഞ്ഞതായും വാർത്ത വന്നിരുന്നു. ദൈവത്തിനും പിറന്ന കേരള മണ്ണിനും എന്റെ ഉമ്മയ്ക്കും എന്റെ എല്ലാ സ്റ്റേഹിതർക്കും നന്ദി രേഖപ്പെടുത്തുന്നതായി റഫീഖ് സ്ഥാനലബ്ധിക്ക് ശേഷം പത്രസമ്മേളനത്തിലും അറിയിച്ചു. ഇതെല്ലാം വാർത്തയായി. ഇതെല്ലം എങ്ങനെ സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും ഒരു വ്യക്തതയുമില്ല. കിർഗിസ്ഥാന്റെ ഔദ്യോഗിക അറിയിപ്പ് വന്നതോടെ തട്ടിന്റെ വ്യാപ്തിയും വെളിപ്പെടുന്നു.

അഞ്ചാം ക്ലാസ് പഠനം പൂർത്തിയാകും മുമ്പ് കോഴിക്കോടു നിന്ന് മുംബൈയ്ക്കു വണ്ടി കയറിയ ഷെയ്ഖ് റഫീഖ് ബിസിനസിന്റെ എല്ലാ പാഠങ്ങളും പഠിച്ചത് മുംബൈയിലെ തട്ടകത്തിൽ വച്ചാണ്. അവിടെനിന്നു ഗൾഫിലേക്കു ചേക്കേറി. യു.എ.ഇയും ഇറാനും സൗദി അറേബ്യയും കിർഗിസ്ഥാനുമൊക്കെയായിരുന്നു തുടർന്നു തട്ടകങ്ങൾ. എരവന്നൂരിലെ പരേതനായ അബ്ദുൽഹമീദിന്റെയും ഫാത്തിമയുടെയും മക്കളിൽ മൂന്നാമനാണ് ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഇറാൻ സ്വദേശിയായ ഡോ. ഖാദിയയാണ് ഭാര്യ. റോബിൻ ഏകമകനാണ്.

ഇറാനിൽ സ്റ്റീൽ പ്ലാന്റ് വികസിപ്പിച്ചുകൊണ്ടിരിക്കെ കിർഗിസ്ഥാൻ ഗവർണറായിരുന്ന കുർമാൻബെക് സാലിയേവിച്ച് ബാക്യേവുമായി കണ്ടുമുട്ടിയതാണ് കിർഗിസ്ഥാൻ ബന്ധത്തിനു തുടക്കം. റഫീഖിന്റെ കുടുംബം അന്നു ദുബൈയിലായിരുന്നു. ഇറാൻ സർക്കാരിനു പ്രോജക്ട് വിജയകരമായി കൈമാറിക്കഴിഞ്ഞപ്പോൾ കുർമാൻ ബെകിനെ സന്ദർശിച്ച് റഫീഖ് സമാന പ്രോജക്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൽസരത്തിനു തയ്യാറെടുക്കുകയായിരുന്നു കുർമാൻബെക് അപ്പോൾ. പ്രസിഡന്റായതോടെ അദ്ദേഹം റഫീഖിനു കിർഗിസ്ഥാൻ പൗരത്വം നൽകി. പിന്നീട് തന്റെ ഉപദേശകനായി നിയമിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിൽ വൻ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഒട്ടേറെയുണ്ടെങ്കിലും ഒരു വിദേശരാജ്യത്തിന്റെ സൈനിക പദവി നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയതാണ് ഷെയ്ഖ് റഫീഖിന്റെ നേട്ടം. കിർഗിസ്ഥാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായതിനുശേഷം വിവിധ രാജ്യങ്ങളിൽ നിന്ന് വിദേശനിക്ഷേപം ആ രാജ്യത്തിന് നേടിക്കൊടുക്കുന്നതിലും റഫീഖ് നിർണായക പങ്കുവഹിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിൽ സജീവ പങ്കാളിയായി മാറിയതോടെയാണ് പുതിയ പദവി റഫീഖിനെ തേടിയെത്തിയത്.

നടന്നത് സേവന സന്നദ്ധനായ ആഗോള പൗരനായി മാറ്റാനുള്ള ശ്രമം

മേജർ ജനറൽ വാർത്ത വന്നതോടെ പല തരത്തിലുള്ള വ്യഖ്യാനങ്ങളെത്തി. ജാതി മത പരിഗണനകൾ കൂടാതെ എല്ലാ വിഭാഗക്കാർക്കും അദ്ദേഹം സഹായം നൽകുന്ന പ്രവാസി വ്യവസായി എന്ന തരത്തിൽ വാർത്തകളെത്തി. എതു സംഘടന ആവശ്യപ്പെട്ടാലും സഹായിക്കുന്ന പ്രകൃതമായിരുന്നു. കോഴിക്കോട്ടെ നിരവധി സ്‌കൂളുകൾ മെച്ചപ്പെടുത്തുന്നതിനാണ് അദ്ദേഹം ഏറെയും സഹായം നൽകിയത്. സമാനമായ രീതിയിൽ നാട്ടിൽ നിന്ന് നിരവധി പേർക്ക് തന്റെ സ്ഥാപനത്തിലുൾപ്പെടെ ഗൾഫ് മേഖലയിലും അദ്ദേഹം ജോലി നൽകുകയും ബിസിനസുകൾ തുടങ്ങാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പല സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബുകൾ സ്ഥാപിക്കാൻ റഫീഖ് മുൻകൈയെടുത്തിരുന്നു-ഇങ്ങനെയെല്ലാം മാധ്യമങ്ങളിലൂടെ പ്രചരണമെത്തി.

പല വിശേഷണങ്ങളും ചാർത്തി നൽകി. വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുമായി നല്ല സൗഹൃദം പുലർത്തുന്ന റഫീഖിന്റെ നേതൃത്വത്തിൽ ഗാമൺ ഗ്രൂപ്പ് നടത്തുന്ന ഇഫ്താർ വിരുന്നുകൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പലപ്പോഴും വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുടെ സംഗമമായി ഇത് മാറാറുണ്ട്. ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ എത്തിക്കുന്നതിനും അദ്ദേഹം ശ്രദ്ധകാട്ടിയിട്ടുണ്ട്. ഇന്ത്യ, ആഫ്രിക്ക, തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ കേരളത്തിൽ നിന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുമായിരുന്നു വിശിഷ്ടാതിഥികൾ.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മക്കായി മുസ്ലിം ലീഗ് ആവിഷ്‌കരിച്ച പദ്ധതിയിൽ വില്ലേജ് നിർമ്മാണത്തിനു ഷെയ്ഖ് റഫീഖ് മുഹമ്മദ് 50 സെന്റ് സ്ഥലം നൽകിയിരുന്നു. നിതാഖാത്ത് മൂലം പ്രവാസി മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കാന്തപുരം എത്തിയപ്പോഴും അതിന് ഏർപ്പാടുകൾ ചെയ്യാൻ മുൻ നിരയിൽ റഫീഖ് ഉണ്ടായിരുന്നു. ഇത്തരത്തിൽ കേരളത്തിലെ നേതാക്കളെയും വിദേശരാജ്യങ്ങളിലെ വ്യക്തികളെയും കൂട്ടിയിണക്കുന്ന കണ്ണിയായി നിലകൊള്ളുന്ന വ്യക്തിയാണ് റഫീഖെന്നും വാർത്തയെത്തി.

ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധങ്ങളിലും നിർണായകമായ പങ്കുവഹിക്കുന്നുണ്ട് അദ്ദേഹം. സൗദിയിലെ ഏറ്റവും വലിയ വികസന ഗ്രൂപ്പാണ് ഗാമോൺ. ജസാൻ വ്യാവസായിക മേഖല കേന്ദ്രീകരിച്ച് നടത്തുന്ന വൻവികസപദ്ധതികൾക്കാണ് ഗാമൺ നടത്തുന്നത്. കാനഡ, ആസ്ത്രേലിയ, മലേഷ്യ, ഇന്ത്യ, ചൈന തുടങ്ങി ഇരുപതിലേരെ രാജ്യങ്ങളിലെ വൻകിട കമ്പനികളെ ഉൾപ്പെടുത്തിയുള്ള വികസനങ്ങളാണ് ഗാമൺ ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങൾ വിശദീകരിച്ചു. ഇത്തരത്തിലെ വ്യവസായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ കിർഗ്ഗിസ്ഥാന്റെ പേര് ദുരുപയോഗപ്പെടുത്താൻ ശ്രമം നടന്നതെന്ന വാദവും ഇപ്പോൾ സജീവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP