Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വകാര്യ വ്യക്തിയുടെ രമ്യഹർമ്യം മോടി കൂട്ടാൻ ജലസേചന വകുപ്പിൽ നിന്ന് ചിലവഴിച്ചത് 17 ലക്ഷം രൂപ..! ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ജലസേചന വകുപ്പു മന്ത്രിക്ക് പരാതി നൽകി; നാടിനെ മുടിക്കുന്ന അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് കാസർകോട്ടെ യുവാക്കൾ

സ്വകാര്യ വ്യക്തിയുടെ രമ്യഹർമ്യം മോടി കൂട്ടാൻ ജലസേചന വകുപ്പിൽ നിന്ന് ചിലവഴിച്ചത് 17 ലക്ഷം രൂപ..!  ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പ് ജലസേചന വകുപ്പു മന്ത്രിക്ക് പരാതി നൽകി; നാടിനെ മുടിക്കുന്ന അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് കാസർകോട്ടെ യുവാക്കൾ

രഞ്ജിത് ബാബു

കാസർഗോഡ്: രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും കണ്ടില്ലെന്നു നടിച്ച അഴിമതികൾ കുഴിച്ചുമൂടാൻ, ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രംഗത്തിറങ്ങിയതോടെ അഴിമതികൾ ഓരോന്നായി പുറത്തുവന്നുതുടങ്ങി. ഒമ്പതു കുഴികളടയ്ക്കാൻ കാൽ കോടിയോളം രൂപ അനുമതി നൽകിയ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണ വാർത്ത 'മറുനാടൻ മലയാളി 'യാണ് പുറത്തുകൊണ്ടുവന്നത്. ജില്ലയിലെ മുഖ്യധാരാമാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കണ്ണടച്ചപ്പോൾ ഈ വാർത്ത അധികൃതകേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയെന്ന് ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സിന്റെ സംഘാടകൻ ബുർഹാൻ പറയുന്നു. സംസ്ഥാന ഭരണ സിരാകേന്ദ്രത്തിൽനിന്നും ബഹുദൂരം അകലെ കിടക്കുന്ന ജില്ലയായതിനാൽ പലപ്പോഴും സർക്കാർ വകുപ്പുകളിലെ അഴിമതികൾ പുറത്തുവരാറില്ല. ഭരണ -പ്രതിപക്ഷ- സർക്കാർ മേധാവികളുടെ ഒത്തുകളി ജനങ്ങൾ സഹിക്കുകയായിരുന്നു.

നഗരപാതകളുടെ അറ്റകുറ്റപ്പണിക്ക് കാൽക്കോടി അനുവദിക്കപ്പെട്ടതും ഒമ്പത് തൊഴിലാളികൾ ഒരു രാത്രികൊണ്ട് പണി തീർത്തതും വാർത്തയായതോടെ പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതോടെ സർക്കാർ വകുപ്പുകൾ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതികൾ ഒന്നൊന്നായി പുറത്തു കൊണ്ടു വരാനുള്ള അന്വേഷണത്തിലാണ് ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സിലെ യുവാക്കൾ. അഞ്ചോളം അഴിമതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ അവർ ശേഖരിച്ചു വരികയാണ്.

ജനങ്ങളുടെ ക്ഷേമത്തിനായി ലക്ഷ്യമിടുന്ന സർക്കാർ ഫണ്ട് എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ തെളിവുമായാണ് ഗ്രേറ്റ് ഹിസ്റ്ററി പോരാട്ടം തുടരുന്നത്. അടുത്തതായി ജലസേചന വകുപ്പ് ഒരു സ്വകാര്യ വ്യക്തിയുടെ രമ്യഹർമ്മത്തിന് മോടികൂട്ടാൻ 17 ലക്ഷം രൂപ ചെലവഴിച്ചതിന്റെ വിവരങ്ങളുമായാണ് രംഗത്തുള്ളത്. തളങ്കര പടിഞ്ഞാറിലാണ് ഇത്തരം ഒരു അഴിമതി നടന്നത്. രണ്ടോ മൂന്നോ ലക്ഷം രൂപ ഉപയോഗിച്ച് നിലവിലുള്ള കരിങ്കൽ ഭിത്തി ഉറപ്പിക്കാമെന്നിരിക്കെ ഇവിടെ പുതിയ ഭിത്തി നിർമ്മിക്കുകയാണ് ചെയ്തത്. സ്ഥലത്തെ പ്രമാണിയെ തൃപ്തിപ്പെടുത്താൻ മുനിസിപ്പൽ അധികൃതരും ജലസേചന വകുപ്പും ഒത്തുകളിച്ചാണ് ഇങ്ങനെയൊരു ഭിത്തി നിർമ്മിച്ചത്.

ചെമ്മനാട് മുതൽ പടിഞ്ഞാറി വരെ പലയിടത്തും പുഴഭിത്തി നശിച്ചിട്ടും അവിടെയൊന്നും തിരിഞ്ഞു നോക്കാത്ത ജലസേചന വകുപ്പ് സ്ഥലത്തെ ഉന്നതന്റെ വീടിന് സൗന്ദര്യം കൂട്ടാൻ മനോഹരമായി ഭിത്തി പണിതതെന്ന ആക്ഷേപം ജനങ്ങൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ വിഷയം ഏറ്റെടുക്കാൻ ഗ്രേറ്റ് ഹിസ്റ്ററി രംഗത്തുവന്നു. ജലസേചന വകുപ്പു മന്ത്രി മാത്യു ടി.തോമസിന് അന്വേഷണം ആവശ്യപ്പെട്ട് പരാതി അയച്ചുകഴിഞ്ഞു. കാസർഗോഡ് ജില്ലയിലെ അഴിമതിക്കെതിരെ തുടർച്ചയായി പോരാടാൻ ഈ വാട്സ് ആപ് ഗ്രൂപ്പ് സ്ഥിരമായി ഒരു അഭിഭാഷകനേയും നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത അഴിമതിയാണ് കാസർഗോഡ് ജില്ലയിൽ കാലാകാലങ്ങളായി നടന്നുവരുന്നത്. രാഷ്ട്രീയ സംഘടനകളോ മറ്റ് സാമൂഹ്യ സംഘടനകളോ മുഖ്യധാരാ മാദ്ധ്യമങ്ങളോ ഈ അവസ്ഥക്കെതിരെ രംഗത്തുവരാറുമില്ല. പുതിയ വാട്സാപ്പ് ഗ്രൂപ്പിന്റെ രംഗപ്രവേശം അഴിമതിക്കാരുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കയാണ്. അതുകൊണ്ടുതന്നെ ഗ്രേറ്റ് ഹിസ്റ്ററിയിലെ അംഗങ്ങൾക്ക് ഭീഷണിയും പ്രലോഭനങ്ങളും പതിവാകുകയാണ്. പ്രാദേശിക തലത്തിൽ യുവാക്കളുടെ അഴമതി വിരുദ്ധ ഗ്രൂപ്പുണ്ടാക്കി വീടുകൾ കയറിയിറങ്ങി ബോധവൽക്കരണം നടത്താനും വിപുലമായ പഠന ക്ലാസ് നടത്താനും പദ്ധതിയിട്ടിരിക്കയാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP