Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഷ്ണുനാഥ് ജയിച്ചാൽ മീശ വടിക്കും എന്ന് പറഞ്ഞു വീമ്പിളക്കി; ജയിച്ചപ്പോൾ കെഎസ് യുക്കാർ ബ്ലേഡുകൾ അയച്ചു കൊടുത്തത് മാത്രം മിച്ചം; സുധീരനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തപ്പോഴും സംഭവിച്ചത് വിപരീതമായി; വേണുഗോപാലിനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തപ്പോൾ രണ്ടാമതും ആലപ്പുഴ നിന്ന് വിജയിച്ചു കയറി; ആരിഫ് തോറ്റാൽ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി പറയുമ്പോൾ ചങ്കിടിച്ച് എൽഡിഎഫ്

വിഷ്ണുനാഥ് ജയിച്ചാൽ മീശ വടിക്കും എന്ന് പറഞ്ഞു വീമ്പിളക്കി; ജയിച്ചപ്പോൾ കെഎസ് യുക്കാർ ബ്ലേഡുകൾ അയച്ചു കൊടുത്തത് മാത്രം മിച്ചം; സുധീരനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തപ്പോഴും സംഭവിച്ചത് വിപരീതമായി; വേണുഗോപാലിനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തപ്പോൾ രണ്ടാമതും ആലപ്പുഴ നിന്ന് വിജയിച്ചു കയറി; ആരിഫ് തോറ്റാൽ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി പറയുമ്പോൾ ചങ്കിടിച്ച് എൽഡിഎഫ്

എം മനോജ് കുമാർ

തിരുവനന്തപുരം: ആലപ്പുഴയിൽ ആർക്ക് ചങ്കിടിച്ചില്ലെങ്കിലും സിപിഎം ലോക്‌സഭാ സ്ഥാനാർത്ഥി ആരിഫിന് ചങ്കിടിക്കാൻ തുടങ്ങിയെന്നാണ് ആലപ്പുഴയിൽ നിന്ന് വരുന്ന വാർത്തകൾ. ആലപ്പുഴയിൽ എം.എ.ആരിഫ് ജയിച്ചുകഴിഞ്ഞെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകളാണ് ആരിഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തലമൊട്ടയടിച്ച് കാശിക്കു പോകും എന്നാണ് നടേശ ഗുരു പറഞ്ഞിരിക്കുന്നത്.

നടേശ ഗുരു ആരെ പിന്തുണച്ചാലും ആ സ്ഥാനാർത്ഥി തോൽക്കും എന്നാണ് അഭിജ്ഞ മതം. ഇന്നേവരെ ആ ധാരണ തിരുത്തപ്പെട്ടിട്ടുമില്ല. എസ്എൻഡിപിക്ക് അഭിമാനകരമായ ഒരു ഭൂതകാലവും ആദർശനിഷ്ഠമായ നേതൃത്വവും ഉണ്ടായിരുന്നു. നടേശ ഗുരു ജനറൽസെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ അക്കാലം നാടുനീങ്ങി എന്നാണ് കാലം തെളിയിച്ചത്. അതിനു തെളിവാണ് നടേശ ഗുരു ആരെ പിന്തുണച്ചാലും ആ സ്ഥാനാർത്ഥി തോൽക്കും എന്ന് വേരൂന്നികഴിഞ്ഞ ധാരണകൾ പറയുന്നത്.

ആലപ്പുഴയിൽ നിലവിൽ കടുത്ത മത്സരത്തിന് അരങ്ങൊരുങ്ങുകയുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ആരിഫിനു പിന്തുണയുമായി വെള്ളാപ്പള്ളി രംഗത്ത് വരുന്നത്. ആശങ്ക വർദ്ധിപ്പിക്കാൻ വേറെ കാരണവും വേണ്ട. വെള്ളാപ്പള്ളി പിന്തുണ പ്രഖ്യാപിച്ചാൽ ആ സ്ഥാനാർത്ഥിയുടെ കാര്യം എന്താവുമെന്ന് ആലപ്പുഴയിൽ തന്നെ കോൺഗ്രസ് നേതാവ് എ.ഷുക്കൂറിനു അറിയാം. വെള്ളാപ്പള്ളി തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാൻ ഒരുങ്ങിക്കൊള്ളൂവെന്നാണ് ഷുക്കൂർ പ്രതികരിച്ചിരിക്കുന്നത്.

ചെങ്ങന്നൂരിൽ കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വന്നപ്പോൾ വിഷ്ണുനാഥ് ജയിച്ചാൽ താൻ മീശ വടിക്കും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. വിഷ്ണുനാഥ് ചെങ്ങന്നൂരിൽ നിന്നും നല്ല ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മീശ വടിക്കാനുള്ള ബ്ലേഡ് കെ എസ് യു പ്രവർത്തകർ കണിച്ചുകുളങ്ങരയ്ക്കു അയച്ചു കൊടുത്തു. അയച്ചു കൊടുത്ത ആ ബ്ലേഡുകളുടെ ബ്ലേഡിന്റെ അവസ്ഥ എന്തായി എന്നതിൽ പിന്നീട് ഒരു വിവരവും വെളിയിൽ വന്നില്ല. വെള്ളാപ്പള്ളി മീശ വടിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യവും വരുന്നില്ല.

വെള്ളാപ്പള്ളിയുടെ ഇതേ പ്രസ്താവനാ ശരങ്ങൾ വി എം.സുധീരന് എതിരായിരുന്നു. ആലപ്പുഴയിൽ വി എം.സുധീരനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തു. സുധീരൻ ലോക്‌സഭയിലേക്കു നല്ല ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വെള്ളാ;പള്ളിയുടെ ഇതേ തലോടൽ കെ.സി.വേണുഗോപാലിന്റെയും നേർക്ക് വന്നു. വേണുഗോപാലിനെ പരാജയപ്പെടുത്തണം എന്നായി നടേശ ഗുരുവിന്റെ ആഹ്വാനം. സരിത പ്രശ്‌നം കത്തിനിൽക്കുന്ന സമയത്ത് വെള്ളാപ്പള്ളിയുടെ ഈ ആഹ്വാനം കൂടി വന്നതോടെ താൻ ജയിക്കുമോ എന്ന കാര്യത്തിൽ വേണുഗോപാലിന് തന്നെ സംശയം വന്നിരുന്നു. ഒന്നിൽ കൂടുതൽ തവണ ആലപ്പുഴക്കാർ ആരെയും ലോക്‌സഭയിലേക്ക് അടുപ്പിച്ച് അയക്കുന്ന പതിവുമില്ല. വെള്ളാപ്പള്ളിയുടെ ആഹ്വാനം 'കുറി'ക്ക് കൊണ്ടു. മണ്ഡലത്തിലെ ചരിത്രം തിരുത്തി കെ.സി.വേണുഗോപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ വെള്ളാപ്പള്ളിയുടെ ആഹ്വാനം ആലപ്പുഴയിൽ ആരിഫിനെ ജയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വെള്ളാപ്പള്ളിയുടെ ഈ ചരിത്രം അറിയുന്നതുകൊണ്ട് തന്നെയാണ് ആരിഫിനു ആലപ്പുഴയിൽ ചങ്കിടിക്കുന്നത്.

മുതലാളി എന്നാണ് വെള്ളാപ്പള്ളിയെ അനുയായികൾ വിളിക്കുന്നത്. ദർബാറിൽ മുതലാളി ഇരിക്കും; പരിവാരങ്ങൾ നിൽക്കും. കക്ഷത്ത് ശ്രീനാരായണീയരുടെ വോട്ടുണ്ടെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ച് സമ്മർദവും ഉപജാപവും ആയുധമാക്കിയാണ് നടേശഗുരു വലിയ മുതലാളിയായി മാറിയത് എന്ന് ആരോപണം വന്നു. സർക്കാർ വക ഭൂമി ഗുരുവിന്റെ പേരിൽ പതിച്ചുവാങ്ങാനും മൈക്രോഫിനാൻസ് എന്ന പേരിൽ പാവങ്ങൾക്കുമേൽ കൊള്ളപ്പലിശ ചാർത്താനുമുള്ള ലൈസൻസാക്കി മാറ്റുകയാണ് യോഗഭാരവാഹിത്വം എന്നും ആക്ഷേപങ്ങൾ വന്നു. ഇതെല്ലാം ആസ്വദിച്ച് ആഘോഷിക്കുമ്പോഴാണ് രാഷ്ട്രീയമോഹം മനസ്സിൽ നാമ്പിട്ടത്. അങ്ങിനെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് വന്നത്.

സംഘപരിവാറിനെ കേരളത്തിൽ അധികാരത്തിലേറ്റാനാണ് ബിഡിജെഎസുമായി വെള്ളാപ്പള്ളി ഇറങ്ങിയത്. വെള്ളാപ്പള്ളിയുടെ ചെയ്തികൾ ബിഡിജെഎസിനും ബിജെപിക്കും മുന്നിലുമുണ്ട്. നായാടി മുതൽ നമ്പൂതിരി വരെയുള്ള സമുദായങ്ങൾ ഉൾക്കൊള്ളുന്നു എന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ട ബിഡിജെഎസ് എന്ന പാർട്ടിയിൽ നിന്ന് ആദ്യം പടിയിറങ്ങിയത് വെള്ളാപ്പള്ളി തന്നെയായിരുന്നു. ഇപ്പോൾ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് ബിഡിജെസിനെ ഇല്ലാതാക്കാനും മകൻ തുഷാർ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിആകാതിരിക്കാനും വെള്ളാപ്പള്ളി കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. മഞ്ഞക്കൊടിയും കാവിക്കൊടിയും ചേരില്ല എന്ന് കണ്ടുപിടിച്ചു കഴിഞ്ഞതും വെള്ളാപ്പള്ളി തന്നെയാണ്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല വെള്ളാപ്പള്ളിയുടെ ഈ കൈക്രിയകൾ. മുൻപ് വെള്ളാപ്പള്ളി പ്രസിദ്ധനായി മാറിയത് ഗുരുസൂക്തങ്ങൾക്ക് പ്രതിവചനം നല്കിക്കൊണ്ടായിരുന്നു. ശ്രീനാരായണഗുരു ജാതി ചോദിക്കരുതെന്ന് പറഞ്ഞപ്പോൾ താൻ ജാതി ചോദിക്കുമെന്ന് നടേശഗുരു തിരുത്തി. ജാതി ചോദിക്കുന്നതും പറയുന്നതും അഭിമാനമാക്കി മാറ്റി. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി നിൽക്കുമ്പോഴാണ് നടേശഗുരുവിന്റെ ഈ ഓതിരം മറയൽ. . എസ്എൻഡിപിയേയും ശ്രീനാരായണ ഗുരുവിനെയും കക്ഷത്ത് വെച്ച് സമ്മർദ്ദതന്ത്രം പയറ്റിയാണ് വെള്ളാപ്പള്ളി നടേശൻ നടേശ ഗുരു ആയി മാറിയതെന്നാണ് മറ്റൊരാരോപണം. വീൺവാക്കുകൾക്കൊണ്ട് വിശ്വാസ്യത സ്വയം നഷ്ടമായ അവസ്ഥയിലാണ് വെള്ളാപ്പള്ളിയിപ്പോൾ. വാക്കിന് വിലയില്ലാതാകുമ്പോൾ ആളിന്റെ വിലയും നഷ്ടപ്പെടും. നിലവിലിതാണ് വെള്ളാപ്പള്ളിയുടെ അവസ്ഥ. മൈക്രോ ഫിനാൻസ് കേസുകൾ മുന്നിലുള്ളതിനാൽ വെള്ളാപ്പള്ളി ഇപ്പോൾ മുറുകെ പിടിച്ചിരിക്കുന്നത് സിപിഎമ്മിനെയാണ്. വെള്ളാപ്പള്ളിയുടെ അവസ്ഥ സിപിഎം തിരിച്ചറിയുന്നുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP