Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോജി റോയി എന്നു പേരുള്ള ഒരു പെൺകുട്ടി ഇവിടെ ജീവിച്ചിരുന്നു എന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഒരു പാവപ്പെട്ട കുടുംബത്തിന് അത്താണിയായിരുന്ന ആ പെൺകുട്ടി കിംസ് ആശുപത്രിയുടെ മുകളിൽ നിന്നും ചാടി മരിച്ചപ്പോൾ എവിടെയായിരുന്നു ഇവരെല്ലാം? നെഹ്രു കോളേജും ടോംസ് കോളേജും ലക്ഷ്മി നായരുമൊക്കെ ചർച്ചയാകുമ്പോൾ മാദ്ധ്യമങ്ങൾ മുക്കിയ ഒരു അരുംകൊലയുടെ കഥ ഓർമ്മിപ്പിക്കട്ടെ

റോജി റോയി എന്നു പേരുള്ള ഒരു പെൺകുട്ടി ഇവിടെ ജീവിച്ചിരുന്നു എന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഒരു പാവപ്പെട്ട കുടുംബത്തിന് അത്താണിയായിരുന്ന ആ പെൺകുട്ടി കിംസ് ആശുപത്രിയുടെ മുകളിൽ നിന്നും ചാടി മരിച്ചപ്പോൾ എവിടെയായിരുന്നു ഇവരെല്ലാം? നെഹ്രു കോളേജും ടോംസ് കോളേജും ലക്ഷ്മി നായരുമൊക്കെ ചർച്ചയാകുമ്പോൾ മാദ്ധ്യമങ്ങൾ മുക്കിയ ഒരു അരുംകൊലയുടെ കഥ ഓർമ്മിപ്പിക്കട്ടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോളേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തെ തുടർന്ന് സ്വാശ്രയ കോളേജുകൾക്കെതിരെ ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭം ഇപ്പോഴും അലയടിക്കുകയാണ് കേരളത്തിൽ. ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും വാർത്തയാക്കിയതോടെയാണ് ജിഷ്ണുവിന്റെ മരണം വലിയ ചർച്ചയായി മാറിയത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി. ഒടുവിൽ രക്ഷയില്ലാതെയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പരസ്യം സ്വീകരിച്ചിരുന്ന മുൻനിര മാദ്ധ്യമങ്ങളും സംഭവം ഏറ്റുപിടിച്ചത്.

ഈ വിഷയം ചർച്ചയായതിന് പിന്നാലെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളിലെ കൊള്ളരുതായ്മ്മകൾ വാർത്തയായി. വിദ്യാർത്ഥികൾ പലയിടത്തും തെരുവിൽ ഇറങ്ങി. ടോംസ് കോളേജിനെതിരെയും വിമൽജ്യോതി കോളേജിനെതിരെയും പ്രതിഷേധം ഉയർന്നു പൊങ്ങി. ഇപ്പോൾ തലസ്ഥാനത്തെ ലോ അക്കാദമിക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരമ്പുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കം ലോ അക്കാദമിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് വാർത്തകൾ നൽകുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മലയാളികൾ മറന്നുപോയ ഒരു പേര് ഓർമ്മിപ്പിക്കുകയാണ്. മറ്റാരുമല്ല, തലസ്ഥാനത്തെ പ്രമുഖ കോളേജായ കിംസ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടിമരിച്ച സംഭവമായിരുന്നു അത്. തലസ്ഥാന നഗരത്തിലെ വൻകിട ആശുപത്രിയായ കിംസ് മാനേജ്‌മെന്റ് നടത്തുന്ന കിംസ് നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ മരണമടഞ്ഞ റോജി റോയി എന്ന 19കാരിയായ പെൺകുട്ടിയായിരുന്നു അത്.

'നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി' എന്ന ഒറ്റക്കോളം വാർത്തയിൽ നമ്മുടെ മുൻനിര മാദ്ധ്യമ സ്ഥാപനങ്ങൾ ഒതുങ്ങിയിരുന്നു റോജി റോയിയുടെ മരണ വാർത്ത. പക്ഷേ, റോജി റോയിയുടെ മരണം സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. മറുനാടൻ തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്ന ഒരു വിദ്യാർ്ത്ഥി സംഘടനയും ഈ പ്രശ്‌നം ഉയർത്തി രംഗത്തുവന്നില്ല. കിംസ് ആശുപത്രിയുടെ നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർ ആരോപണ വിധേയരായെങ്കിലും ഇന്നത്തേതു പോലെ പ്രതിഷേധം ഉയർന്നില്ല. ഇപ്പോഴും അവർക്കെതിരെ പ്രതിഷേധിക്കാൻ ആരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.

കിംസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ രണ്ടാം വർഷ ബിഎസ്സി നേഴ്‌സിങ് വിദ്യാർത്ഥി ആയിരുന്ന റോജി റോയ് എന്ന 19കാരി 2014 നവംബർ ആറിന് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞു ചാനലുകൾ എത്തി ഷൂട്ട് ചെയ്‌തെങ്കിലും ഒരു ദൃശ്യം പോലും പുറത്തു വന്നില്ല. പക്ഷേ, സോഷ്യൽ മീഡിയയും ഓൺലൈൻ മാദ്ധ്യമങ്ങളും അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പ്രശ്‌നത്തിൽ ആശുപത്രി അധികൃതരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരും വരെ ശക്തമായി വിഷയം ഉന്നയിക്കാൻ ഒറ്റക്കെട്ടായിത്തന്നെ ശ്രമങ്ങളുണ്ടായി. 

എന്നാൽ ഇപ്പോൾ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ഉണ്ടായതുപോലെ അന്ന് കിംസ് ആശുപത്രിക്കു നേരെ ചെറുവിരലനക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായില്ലെന്നത് എത്രമാത്രമുണ്ട് ഉന്നതങ്ങളിൽ അവരുടെ സ്വാധീനമെന്നതിന് തെളിവായി മാറി. യുഡിഎഫ് ഭരണകാലത്തുണ്ടായ സംഭവത്തിൽ മന്ത്രി വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെയാണ് റോജിയുടെ മരണം സംഭവിച്ചത്. സഹപാഠിയെ റോജി റാഗിങ് നടത്തിയത് പ്രിൻസിപ്പൽ ചോദ്യം ചെയ്‌തെന്നും വിശദീകരണം ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് റോജി പത്തുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചതെന്നും ആയിരുന്നു കോളേജ് അധികൃതരുടെ ഭാഷ്യം.

ആശുപത്രിക്കെതിരെ ആകെ മിണ്ടിയത് വി എസ് മാത്രം

ആശുപത്രിക്കാർ പറഞ്ഞ കഥ തൊണ്ടതൊടാതെ വിഴുങ്ങാൻ സോഷ്യൽ മീഡിയ തയ്യാറായില്ല. നിരന്തരം ആശുപത്രിക്കെതിരെ പ്രതികരണങ്ങൾ വന്നുകൊണ്ടിരുന്നു. പക്ഷേ, ഒറ്റ രാഷ്ട്രീയകക്ഷിയും ഇന്ന് ജിഷ്ണുവിന്റെ കാര്യത്തിൽ ഉണ്ടായതുപോലെ കലാപസ്വരമുയർത്തിയില്ല. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ മാത്രമാണ് റോജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നത്. അങ്ങനെയിരിക്കെയാണ് നീതിലഭിക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തന്നെ സമീപിച്ച മാതാപിതാക്കളെ ആശ്വസിപ്പിച്ച വി എസ് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് വാക്കു നൽകി. പിന്നീട് റോജി റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണെന്നും വി എസ് ആവശ്യപ്പെടുകയായിരുന്നു. മറ്റാരും പ്രശ്‌നത്തിൽ ഇടപെട്ടില്ല.

രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആശുപത്രി അധികൃതർക്ക് കുടപിടിക്കുന്ന സാഹചര്യമാണെന്ന് വ്യക്തമായതോടെ സോഷ്യൽ മീഡിയ കൂടുതൽ സജീവമായി ഉണർന്നു. ഇക്കാര്യം ചർച്ചചെയ്യാനും കൂട്ടായ്മയുണ്ടാക്കാനും ഫേസ്‌ബുക്ക് പേജ് തന്നെ തുടങ്ങി. റോജിയുടെ മരണത്തെ കുറിച്ച് മാതാപിതാക്കളിൽ നിന്ന് ചില ചാനലുകൾ പ്രതികരണമെടുത്തെങ്കിലും അത് സംപ്രേഷണം ചെയ്യാതെ മടിച്ചുനിന്നു. ഇതോടെ ഇക്കാര്യവും സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെടുകയും തുടർന്ന് ചാനലുകൾ വാർത്തകൾ നൽകുകയും ചെയ്തു. തുടർന്ന് കിംസിന് മുന്നിൽ കരിങ്കൊടി പ്രകടനത്തിനും ഫേസ്‌ബുക്ക് ആഹ്വാനമുണ്ടായി.

കരിദിനമാചരിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മ

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എന്നുതന്നെ പറയാവുന്ന രീതിയിൽ ഫേസ്‌ബുക്ക് കരിദിനാചരണവും നടന്നു. ചുംബന സമരത്തിനും സോളാർ വിവാദത്തിനും മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യം റോജിയുടെ മരണവാർത്തയിൽ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് മാദ്ധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ശക്മായ വിമർശനം ഉയർന്നു. ഫേസ്‌ബുക്കിൽ ഇതുവരെ ഉയരാത്ത വിധം രൂക്ഷമായ പ്രതിഷേധമാണ് തുടർന്ന് കണ്ടത്. മലയാള മാദ്ധ്യമങ്ങളുടെ വാർത്താ ലിങ്കുകളുടെ കമന്റ് ബോക്‌സിൽ റോജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകൾ പോസ്റ്റുചെയ്യപ്പെട്ടു.

അനീതിക്ക് എതിരെ പടവാളോങ്ങാൻ , അണിചേരുക ,സ്വാശ്രയ കോർപ്പറേറ്റ് ഭീഷണിക്ക് മുന്നിൽ നിസഹായരായിപ്പോയ മാദ്ധ്യമങ്ങൾ പിന്തള്ളിയ റോജി റോയ് എന്ന പത്തൊമ്പതുകാരിയെ സോഷ്യൽ മീഡിയക്ക് മുന്നിൽ വയ്ക്കുകയാണ്. മിണ്ടാനും കേൾക്കാനും കഴിയാത്ത അച്ഛന്റെയും അമ്മയുടെയും നാവായി മാറാൻ നിങ്ങളെ ക്ഷണിക്കുന്നു എന്ന വിവരണത്തോടെയാണ് നവംബർ 11ന് പ്രത്യേക പേജ് സൃഷ്ടിച്ചാണ് പ്രചരണം നടത്തിയത്. ചുരുങ്ങിയ ദിവസത്തിനകം പതിനായിരങ്ങൾ ഈ കൂട്ടായ്മയിൽ അണിചേർന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേജിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലും അന്വേഷണം ആവശ്യപ്പട്ടുള്ള കമന്റുകൾ വന്നു. ഫേസ്‌ബുക്കിലെ ആയിരക്കണക്കിന് പ്രാഫൈലുകളിൽ റോജിയുടെ ചിത്രം പ്രെഫൈൽ ചിത്രമാക്കിയും പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

റോജിയുടെ മരണത്തെ കുറിച്ച ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. തുടർന്ന് സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും അത് ശരിയായ വഴിയിലല്ല പോയതെന്ന് ആരോപണം ശക്തമായി.

തുടർന്ന് 2015 ഫെബ്രുവരിയിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോജിയുടെ മാതാപിതാക്കളായ റോയ് ജോർജ്, സജിത റോയ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. റോജിയുടെ മരണശേഷവും കിംസിൽ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിരുന്നതായും അതിന് പിന്നിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

ഏറെ പൊരുത്തക്കേടുകളുമായി കിംസിന്റെ വിശദീകരണം

കൊല്ലം നല്ലില പുതിയിൽ റോബിൻ ഭവനിൽ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളായിരുന്നു റോജി റോയി. പതിനാലുകാരനായ റോബിനാണ് സഹോദരൻ. പ്രിയപ്പെട്ട മകൾ വൻകിടക്കാരായ ആശുപത്രി മാനേജ്‌മെന്റിന്റെ മനസ്സാക്ഷിയില്ലായ്മയ്ക്ക് ഇരയായി വിട്ടു പിരിഞ്ഞപ്പോൾ ഒന്നുറക്കെ കരയാൻ പോലും കഴിയാതെ കണ്ണീർവാർത്തു ഈ ദമ്പതികൾ. ബധിരമൂക ദമ്പതികളായ ഇവർക്ക് മനസിലുള്ള കാര്യങ്ങൾ തുറന്നു പറയണമെങ്കിൽ കൂടി ഇവർക്ക് മറ്റൊരാളുടെ സഹായം വേണം. അങ്ങനെയുള്ള ദമ്പതികൾ രാഷ്ട്രീയക്കാർ എല്ലാവരും കൈയൊഴിഞ്ഞതോടെ നീതികിട്ടാൻ അവസാന പ്രതീക്ഷയെന്ന നിലയിൽ കോടതിയെ സമീപിക്കുകയായിരുന്നു.

റോജി റോയിയെ ആരെങ്കിലും ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പിടിച്ചു തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ വാദം. കേൾവിയും സംസാര ശേഷിയുമില്ലാത്ത അച്ഛന്റേയും അമ്മയുടേയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ തറപ്പിച്ച് പറയുന്നു.റോജിയുടെ സംസ്‌കാരത്തിന് കോളേജിൽ നിന്ന് ആരുമെത്താത്തത് എന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിച്ചിരുന്നു. റോജിയുടെ ദുരന്ത ശേഷം പ്രിൻസിപ്പൾ ലീവെടുത്തു പോയി. റോജിയുടെ ബന്ധുക്കളോട് സംസാരിക്കുന്നതിൽ നിന്ന് സഹപാഠികളേയും വിലക്കിയിരുന്നു. വീഴ്ചയിൽ തന്നെ റോജിക്ക് മരണം സംഭവിച്ചിരുന്നുവെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. എന്തിന് ഇത്ര കാലതാമസം കാണിച്ചുവെന്നാണ് ഉയർന്ന മറ്റൊരു സംശയം. മരണ ശേഷം കൃത്രിമ രേഖയുണ്ടാക്കാനാകാം ഈ കാലതാമസമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ആരോപണം.

റോജിക്കെതിരെ ജൂനിയർ വിദ്യാർത്ഥികൾ എഴുതി നൽകിയ മൂന്നു പരാതികളും ഒരേ കൈയക്ഷരത്തിലുള്ളതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ സി.വി. മനു വിത്സൺ മാതാപിതാക്കളുടെ ഹർജി വിചാരണയ്‌ക്കെടുത്തപ്പോൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചുവോയെന്നും ആരാണ് പരാതികൾ എഴുതിയതെന്ന് കണ്ടെത്തിയോയെന്നും ചോദ്യം ചെയ്തിരുന്നുവോയെന്നും കോടതി ആരാഞ്ഞിരുന്നു. തുടർന്ന് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. അലുമിനിയം ബീഡിംഗുള്ള മൂവിങ് ഗ്ലാസിൽകൂടി റോജി റോയി ചാടി എന്ന കഥ തന്നെ അവിശ്വസനീയമാണെന്ന് ആക്ഷൻ കൗൺസിലിന്റെ ഭാഗമായ സ്വാമി ഹിമവത് മഹേശ്വര ഭദ്രാനന്ദ ആരോപിച്ചിരുന്നു. . റോജിയുടെ മരണസമയത്തു മാത്രം സിസി ക്യാമറകൾ പ്രവർത്തന രഹിതമായതും റോജിയുടെ പഴയ ചെരുപ്പിനു പകരം മറ്റൊരു ചെരുപ്പ് സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

റോജി റോയിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിംസ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം റാഗിങ് തടയാനുള്ള ഒരു സമിതി പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്ന പരാതി ലഭിച്ചു എന്നു പറഞ്ഞാണ് കോളേജ് പ്രിൻസിപ്പൽ റോജിയെ ആശുപത്രിയിലേക്ക് വിളിക്കുന്നത്. ഇതു തന്നെ തെറ്റായ കീഴ്‌വഴക്കമായിരുന്നു. ക്യാമ്പസിനുള്ളിൽ പരാതി പരിഹരിക്കുന്നതിനു പകരം വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് പ്രിൻസിപ്പൽ വിളിച്ചു വരുത്തി. നിസാരമായ പരാതി ആയിരുന്നിട്ടും ബധിരരും മൂകരുമായ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്ന് പറഞ്ഞു റോജിക്ക് മാനസ്സിക സമർദ്ദമുണ്ടാക്കുകയായിരുന്നു. റോജിയെ കൂടാതെ മറ്റൊരു വിദ്യാർത്ഥിനിക്കെതിരെയും ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഒരു അന്വേഷണവും നടപടിയും ഉണ്ടായതുമില്ല.

ഹൈക്കോടതിയിൽ വാദം പൂർത്തിയായി റോജി റോയ് കേസ്

ഇക്കഴിഞ്ഞ ഡിസംബർ 15ന് റോജി റോയി കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പക്ഷേ, ഇടക്കാലത്ത് അന്വേഷണത്തിൽ സംഭവിച്ച മാറ്റങ്ങളൊന്നും പുറംലോകം അറിഞ്ഞില്ല. ആശുപത്രി അധികൃതർ പറയുന്നത് മാത്രം കേൾക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. അന്വഷണ ഉദ്യോഗസ്ഥനായ കെ ഇ ബൈജു കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രശ്‌നത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ സമർപ്പിച്ച അന്വഷണ റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്.

ജൂനിയർ കുട്ടിയുമായുള്ള പ്രശ്‌നം കുട്ടികളുടെ സാന്നിധ്യത്തിൽ ഹോസ്റ്റലിൽ സോറി പറഞ്ഞു അവസാനിപ്പിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെ കുട്ടികളോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കാതെ 11 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് റോജിയെ വിളിച്ചു വരുത്തി അകാരണമായി ശാസിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നടപടിയെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ, അത്തരത്തിൽ അ്‌ന്വേഷണം പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ഇടപെടൽ തണുത്തു. എല്ലാവരും വിഷയം മറന്നു.

പിന്നാലെ അന്വഷണ ഉദ്യോഗസ്ഥനായ ബൈജു സ്ഥലം മാറ്റപ്പെട്ടു. ഹർട് ആൻഡ് ഹോമിസൈഡ് വിംഗിലെ ഡിവൈഎസ്എസ്‌പി ഷഫീക് അടുത്തഘട്ടം അന്വേഷണം ആരംഭിച്ചു, അദ്ദേഹവും മാറ്റപ്പെട്ടു. തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വഷിക്കുന്നതിൽ വിദഗ്ധനായ എക്കണോമിക് ആൻഡ് ഒഫെൻസ് വിങ് ഡിവൈഎസ് പി സുരേഷ്‌കുമാർ അന്വേഷണം ഏറ്റെടുത്തു. സാമ്പത്തിക കുറ്റകൃത്യവും റോജിയുടെ മരണവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിച്ചില്ല, ആരും അറിഞ്ഞതുമില്ല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെറുതെ ജീവനൊടുക്കുന്ന ആളുകളുടെ പട്ടികയിൽ റോജിയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. മരണത്തിൽ സംശയമുണ്ടെന്ന് റോജിയുടെ വല്യച്ഛൻ ഫിലിപ്പിന്റെ പരാതിയിലെ കഴമ്പും ചോദ്യം ചെയ്യപ്പെട്ടു. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് റോജി റോയിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. മനു വിൽസൺ ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ജിഷ്ണുവിന്റെ അവസ്ഥ ഇനിയൊരു വിദ്യാർത്ഥിക്കും ഉണ്ടാകരുതെന്ന മുദ്രാവാക്യമുയർത്തി ഇപ്പോൾ കേരളക്കരയിലെ വിദ്യാർത്ഥി സമൂഹം സമരത്തിലാണ്. ഇപ്പോൾ തന്നെ പാമ്പാടി കോളേജിലെ സംഭവത്തിന്റെ ഗതിയെന്തെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സൂചനകൾ പുറത്തുവരുന്നുണ്ട്. കുറച്ചുകാലം കഴിഞ്ഞ് ഈ സമകാലീന കലാപമെല്ലാം മറവിയിലാകുമ്പോൾ വെറുമൊരു ആത്മഹത്യ മാത്രമായി ഒരു ഹോമിസൈഡ് വിംഗിലെ 'വിദഗ്ധൻ' അന്വേഷിച്ച് ജിഷ്ണുവിന്റെ പേര് റോജി റോയിയുടെ പേരിന് താഴെ എഴുതിച്ചേർക്കുമോ? ഇക്കഴിഞ്ഞ നവംബർ ആറിന് രണ്ടാം ഓർമ്മദിനത്തിൽ നിത്യശാന്തി നേർന്ന് അവളുടെ പപ്പയും മമ്മയും സഹോദരൻ റോയിയും കുടുംബാംഗങ്ങളും നൽകിയ രണ്ടുകോളം പത്രപ്പരസ്യത്തിലും ആക്ഷൻ കൗൺസിൽ നൽകിയ സ്മരണാഞ്ജലി കുറിപ്പിലും മാത്രമായി റോജിയുടെ സ്മരണകൾ ഒതുങ്ങിനിൽക്കുന്നു. ഇപ്പോഴും നീതിക്കായി പ്രതീക്ഷയർപ്പിച്ച് ഒന്നു മിണ്ടാൻപോലും ആകാതെ കാത്തിരിക്കുകയാണ് ആ മാതാപിതാക്കളും. ഈ അവസ്ഥ ഉണ്ടാവരുത് ജിഷ്ണുവിനും അവന്റെ കുടുംബത്തിനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP