Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആദ്യം ഉപയോഗിച്ചത് പ്രവാചകൻ; ഇറാനിയൻ വിപ്ലവം മുതൽ മുല്ലപ്പൂ വിപ്ലവം വരെ ഈ രണ്ടു വാക്കുകളിൽ ആവേശഭരിതമായി; ഭീകരർ ഏറ്റെടുത്തത് സെപ്റ്റംബർ 11 ആക്രമണ സമയത്ത്: ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അള്ളാഹു അക്‌ബർ വിളി എങ്ങനെയാണ് ഭീകരതയുടെ പ്രതീകമായി പാശ്ചാത്യ ലോകം കാണുന്നത്?

ആദ്യം ഉപയോഗിച്ചത് പ്രവാചകൻ; ഇറാനിയൻ വിപ്ലവം മുതൽ മുല്ലപ്പൂ വിപ്ലവം വരെ ഈ രണ്ടു വാക്കുകളിൽ ആവേശഭരിതമായി; ഭീകരർ ഏറ്റെടുത്തത് സെപ്റ്റംബർ 11 ആക്രമണ സമയത്ത്: ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അള്ളാഹു അക്‌ബർ വിളി എങ്ങനെയാണ് ഭീകരതയുടെ പ്രതീകമായി പാശ്ചാത്യ ലോകം കാണുന്നത്?

മറുനാടൻ ഡെസ്‌ക്‌

ല്ലാഹു അക്‌ബർ എന്നു കേട്ടാൾ പാശ്ചാത്യ ലോകത്തെ ജനങ്ങൾക്കും ആദ്യം ചിന്ത വരുന്നത് അതൊരു ഭീകരതയുടെ പ്രതീകമാണെന്നാണ്. യൂറോപ്പിലെ ഏതെങ്കിലും തെരുവിൽ നിന്നുകൊണ്ടു ഒരു ഏഷ്യൻ വംശജൻ അല്ലാഹു അക്‌ബർ എന്നു വിളിച്ചാൽ ഭയപ്പെട്ടു ഓടുന്നവരാണ് വെള്ളക്കാരിൽ പലരുമെന്നു ഒട്ടേറെ പരീക്ഷണ വീഡിയോകൾ തെളിയിച്ചിട്ടുണ്ട്.

ഭീകരർ കൊലയ്ക്കും, കൊള്ളിവെയ്‌പ്പിനും ഒക്കെ മുമ്പ് ഈ വാക്കുകൾ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അല്ലാഹു അക്‌ബർ പേടിപ്പിക്കപ്പെടുന്ന പദമായി മാറിയത്. ലോകത്തെ ഏറ്റവും വിശുദ്ധമായ വാക്യങ്ങളിൽ ഒന്നായ അല്ലാഹു അക്‌ബർ വഴി എന്താണ് ഉദ്ദേശിക്കുന്നതെന്നും എങ്ങനെയാണ് പരിവർത്തനം ചെയ്യപ്പെട്ടതെന്നും നോക്കാം.

Stories you may Like

അള്ളാഹു അക്‌ബർ എന്ന വാക്യത്തിന്റെ അർത്ഥമെന്ത്?

'അള്ളാഹു മഹാനാകുന്നു' എന്ന് വാക്യാർത്ഥം പറയാവുന്ന അറബിക് വാക്യമാണ് അള്ളാഹു അക്‌ബർ. ദൈവം മഹാനാണ് എന്നും അർത്ഥം പറയാം. മുസ്ലിങ്ങളും അറബി സംസാരിക്കുന്ന ഓർത്തഡോക്‌സ് ക്രിസ്ത്യാനികളും ഈ വാക്കുകൾ വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നു. ഏതു മനോവികാരത്തിന്റെ ഭാഗമായാലും അവസ്ഥയുടെ ഭാഗമായാലും, മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം മതപരമായി ഈ പ്രയോഗം യഥാർത്ഥമോ ഭാവനാത്മകമോ ആയ സത്തയെക്കാളുമുപരിയായി ദൈവം എല്ലാത്തിലും മഹത്തരമാണെന്ന് വ്യക്തമാക്കാനാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ ഇസ്ലാമിൽ സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് അള്ളാഹു അക്‌ബർ. അപ്രകാരം മക്കയിലെ കഅബയെ നോക്കിനിന്നുള്ള ആചാരങ്ങളിൽ ഉച്ചരിക്കപ്പെടുന്ന വാക്കുകളായും ഇത് മാറുന്നു.

പള്ളിമിനാരങ്ങളിൽ നിന്ന് ഉയരുന്ന പ്രാർത്ഥനാ ധ്വനിയായി അള്ളാഹു അക്‌ബർ വിളി ഉയരുമ്പോൾ മുസ്ലിംലോകമാകെ ഈ വാക്കുകളിൽ പ്രാർത്ഥനാ നിർഭരമാകുന്നു. ഇസ്ലാമിക വിശ്വാസപ്രകാരം ഒരു പ്രാസംഗികന്റെ വാക്കുകളെ അഭിനന്ദിക്കാനും സദസ്യർ അള്ളാഹു അക്‌ബർ വിളി മുഴക്കുന്നു.

എപ്പോഴെല്ലാമാണ് അള്ളാഹു അക്‌ബർ വാക്യം ഉപയോഗിക്കപ്പെടുന്നത്?

ദൈവത്തിന്റെ വിശാലതയും ശക്തിയും സ്വന്തം മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് ദിനേന ഈ വാക്കുകൾ മുസ്‌ളീം വിശ്വാസികൾ ഉരുവിടുന്നു. ലോകമെമ്പാടുമുള്ള 1.6 ബില്യൺ ഇസ്‌ളാം വിശ്വാസികൾ അനുയോജ്യമായ ഓരോ സന്ദർഭത്തിലും ഉച്ചരിക്കുന്ന ഈ വാക്കുകൾക്ക് വലിയ അർത്ഥവ്യാപ്തിയാണ് കൽപിക്കപ്പെടുന്നത്. എന്തെങ്കിലും വിഷമമുണ്ടാകുമ്പോൾ, പെട്ടെന്നുണ്ടാകുന്ന സന്തോഷം പ്രകടിപ്പിക്കുമ്പോൾ, മരണവും ജനനവും സംഭവിക്കുമ്പോൾ, ഈദ് പോലുള്ള ഇസ്ലാമിക് ആഘോഷങ്ങൾ നടക്കുമ്പോൾ എന്നിങ്ങനെ നിരവധി സന്ദർഭങ്ങളിൽ അള്ളാഹുവിനെ പ്രകീർത്തിച്ച് ഈ വാക്കുകൾ ഉച്ചരിക്കപ്പെടുന്നു.അറബ് ഫുട്ബോൾ കമന്റേറ്റർമാർ കളിയുടെ ആവേശം ഉച്ചസ്ഥായിയിലെത്തുമ്പോൾ അത്ഭുതകരമായ മുന്നേറ്റങ്ങളെ ധ്വനിപ്പിക്കാനും അള്ളാഹു അക്‌ബർ വിളി മുഴക്കുന്നു. 

2015ൽ ബംഗ്ലാദേശിൽ സവർ ബിൽഡിങ് തകർന്നുവീണതിനെ തുടർന്ന് അടിയിൽ അകപ്പെട്ടുപോയ രേഷ്മാബീഗമെന്ന പതിനേഴുകാരിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന 17 ദിവസങ്ങൾക്കുശേഷമാണ് മോചിപ്പിച്ചത്. ഇവരെ കണ്ടെത്തി പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകരും കണ്ടുനിന്നവരുമെല്ലാം ആ അത്ഭുതത്തെ വാഴ്‌ത്തിയത് അള്ളാഹു അക്‌ബർ വിളികളോടെയായിരുന്നു. ഇറാഖിന്റെ പതാകയിൽ മധ്യത്തിൽ ആലേഖനം ചെയ്ത നിലയിൽ ഈ വാക്കുകൾ കാണാം. ഇറാന്റെ പതാകയിൽ വെളുത്ത അക്ഷരത്തിൽ 11 തവണയാണ് ഈ പ്രയോഗം. അഫ്ഗാൻ പതാകയിലും അപ്രകാരം തന്നെ.

എന്തുകൊണ്ട് ഈ പ്രയോഗം ഭീകരർ ഉപയോഗിക്കുന്നു?

സമാധാനത്തിന്റെ കാഹളമെന്ന് പറയാവുന്ന ഈ ആത്മീയ പ്രയോഗത്തെ എന്തുകൊണ്ടാണ് ഭീകരർ ഉപയോഗിക്കുന്നത്. ഒരു ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് അവസാനത്തെ കാഹളമെന്ന നിലയിൽ ഇത് ഭീകരർ പ്രയോഗിക്കുന്നു.

അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11ന്റെ ഭീകരാക്രമണത്തിൽ വിമാന ഹൈജാക്കിങ് സംഘത്തലവനായിരുന്ന മൊഹമ്മദ് അത്തയുടെ ലഗേജിൽ കണ്ടെത്തിയ നാലുപേജ് കുറിപ്പുകളിൽ ആക്രമണത്തിന്റെ ആഹ്വാനവുമായി ബന്ധപ്പെട്ട് ഈ വാക്കുകൾ ഉപയോഗിച്ചിരുന്നു. 'അള്ളാഹു അക്‌ബർ എന്ന് ഉറക്കെ വിളിക്കൂ. കാരണം അതിലൂടെ അവിശ്വാസികളുടെ ഹൃദയങ്ങളിൽ ഭയം നിറയ്ക്കാൻ കഴിയും' - ഇതായിരുന്നു കുറിപ്പിലെ ആഹ്വാനം.

ലണ്ടനിൽ ബ്രിട്ടീഷ് സൈനികനായ ഡ്രമ്മർ ലീ റിഗ്‌ബിയെ 2013ൽ കൊലചെയ്ത കുറ്റത്തിന് പിടിയിലായ മൈക്കേൽ അദിബോലാജോവും അദിബോവെയ്‌ലും അവരുടെ ശിക്ഷ പ്രഖ്യാപന വേളയിൽ അള്ളാഹു അക്‌ബർ എന്നു വിളിച്ചതായും പാരിസിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവർ പലരും ഈ വിളി മുഴക്കിയിരുന്നതായും നിരവധി റിപ്പോർട്ടുകളുണ്ട്. ജൂൺ 12ന് ഓർലാൻഡോയിൽ വെടിവയ്പു നടത്തിയ ഭീകരൻ ഇടയ്ക്കിടെ ഈ വാക്കുകൾ ഉപയോഗിച്ചിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റ് വധശിക്ഷ നടപ്പാക്കിയ ഒരു വീഡിയോയിൽ നാലുവയസ്സുകാരനായ ഒരു കൊച്ചു ബാലൻ വായുവിൽ മുഷ്ടിചുരുട്ടിയിടിച്ച് അള്ളാഹു അക്‌ബർ വിളി മുഴക്കിയിരുന്നു. ഇത്തരത്തിൽ ഭീകരതയുമായി ബന്ധപ്പെട്ട് ഈ വാക്കുകൾ ഉയർന്നുകേൾക്കുന്നത് വ്യാപകമായിരിക്കുകയാണ്.

മാഞ്ചസ്റ്ററിൽ നടന്ന ഭീകരവിരുദ്ധ അഭ്യാസവുമായി ബന്ധപ്പെട്ട് ഒരു നടൻ ഈ വാക്കുകൾ ഉദ്ധരിച്ചത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിൽ മാഞ്ചസ്റ്റർ പൊലീസിന് പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വ്യാജ ചാവേറിനെ സൃഷ്ടിച്ചായിരുന്നു ഭീകരതയ്‌ക്കെതിരെ സന്ദേശം നൽകാനും ജനങ്ങളെ ജാഗരൂകരാക്കാനും പൊലീസ് ഇത്തരമൊരു പ്രകടനം നടത്തിയത്. അത് പക്ഷേ, ജനങ്ങളെ ഭയപ്പെടുത്തുന്ന തലത്തിലേക്ക് മാറുകയായിരുന്നു.

അള്ളാഹു അക്‌ബർ പ്രയോഗം സിനിമയിലും സംഗീതത്തിലും

ഡിജെ ഇൻഅപ്രോപ്രിയേറ്റിന്റേതായി പുറത്തിറങ്ങിയ 'അള്ളാഹു അക്‌ബർ' എന്ന ഗാനം 2015ൽ സ്‌പോട്ടിഫൈയുടെ വൈറൽ ചാർട്ടിൽ നമ്പർ വൺ ആയി മാറി. ആക്ഷേപഹാസ്യപരമായ ഈ ഡാൻസ് ട്രാക്ക് പാരിസ് ആക്രമണത്തിൽ അള്ളാഹു അക്‌ബർ എന്ന വാക്ക് പ്രയോഗിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളം ഓൺലൈൻ സ്ട്രീമിങ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് നിലകൊണ്ടു. ആക്ഷേപഹാസ്യപരമായിരുന്ന പാട്ട് കൗതുകത്തിനും വിശ്വാസത്തിനുമെല്ലാം വഴിമാറിയിരുന്ന സാഹചര്യമായിരുന്നു ഇത്.

മൊയ്തു പടിയത്തിന്റെ നോവലിനെ ആസ്പദമാക്കി കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഉമ്മയെന്ന 1960ലെ സിനിമയിലും പാക്കിസ്ഥാനി ഉർദു റൊമാന്റിക് മൂവി 'മിഷൻ അള്ളാഹു അക്‌ബർ' എന്ന സിനിമയുടെ പേരിൽത്തന്നെയും അള്ളാഹു അക്‌ബർ എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

അള്ളാഹു അക്‌ബർ എന്ന പ്രയോഗം വന്നത് എവിടെനിന്ന്?

ബാദിർ യുദ്ധവേളയിൽ പ്രവാചകൻ മുഹമ്മദ് ആണ് ആദ്യമായി ഈ വാക്കുകൾ ഉപയോഗിച്ചതെന്നാണ് വിശ്വാസം. ദൈവം ശത്രുവിനേക്കാൾ മഹാനാണ് എന്ന അർത്ഥത്തിലായിരുന്നു പ്രയോഗം. ഇറാനിലെ വിപഌവ വേളയിൽ 1979ൽ പ്രക്ഷോഭകർ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കയറി പ്രതിഷേധ സൂചകമായി അള്ളാഹു അക്‌ബർ എന്ന് ആർത്തുവിളിച്ചിരുന്നു.

അറബ് വസന്തമെന്ന അറേബ്യൻ രാജ്യങ്ങളിലെ പ്രതിഷേധങ്ങളിലും ഈ വാക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. 1956ലെ സോയൂസ് കനാൽ യുദ്ധവേളയിൽ ഈജിപ്ഷ്യൻ ആർമിയുടെ മാർച്ചിങ് സോംഗിൽ ഈ വാക്കുകൾ കടന്നുവന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരായ നീക്കങ്ങളിൽ ഈജിപ്റ്റിലും സിറിയയിലും ഈ ഗാനം പ്രശസ്തവുമായി. 1977 മുതൽ 2011വരെ ലിബിയൻ അറബ് റിപ്പബ്‌ളിക്കിന്റെ ദേശീയ ഗാനമായിരുന്നു അള്ളാഹു അക്‌ബർ. അറബ് ലോകത്തെ ഒരുമിപ്പിക്കുന്നതിന് ഈ ഗാനം സഹായിക്കുമെന്ന മുഅമ്മർ ഗദ്ദാഫിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

അവലംബം: ദി ടെലിഗ്രാഫ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP