Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്ത് സ്റ്റാറാകാൻ കൃഷി ഓഫീസറുടെ 'വൺമാൻഷോ'; പച്ചക്കറി തൈകൾ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ കൃഷി ഓഫീസിന് മുന്നിൽ ജനം തടിച്ച് കൂടിയത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ; ഒടുവിൽ തൈ വാങ്ങാനെത്തിയ കർഷകരെ പിരിച്ചുവിടാൻ പൊലീസിന്റെ ലാത്തിച്ചാർജ്ജും

കോവിഡ് കാലത്ത് സ്റ്റാറാകാൻ കൃഷി ഓഫീസറുടെ 'വൺമാൻഷോ'; പച്ചക്കറി തൈകൾ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ കൃഷി ഓഫീസിന് മുന്നിൽ ജനം തടിച്ച് കൂടിയത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ; ഒടുവിൽ തൈ വാങ്ങാനെത്തിയ കർഷകരെ പിരിച്ചുവിടാൻ പൊലീസിന്റെ ലാത്തിച്ചാർജ്ജും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കോവി‍ഡ് കാലത്ത് യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ പച്ചക്കറിതൈകൾ വിതരണം ചെയ്ത കൃഷി ഓഫീസർ ഒടുവിൽ പുലിവാല് പിടിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ പൊലീസിന്റെ തല്ല് വാങ്ങിയത് നിരപരാധികളായ കർഷകരും. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കൃഷി ഓഫീസറാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചത്. തൈ വാങ്ങാൻ കിട്ടിയ അറിയിപ്പനുസരിച്ച് കർഷകർ എത്തിയതോടെ കൃഷിഭവന് മുന്നിൽ വലിയ ജനക്കൂട്ടമായി. കർഷകർ തന്നെ ഇക്കാര്യം കൃഷി ഓഫീസറെ ധരിപ്പിച്ചു എങ്കിലും ധിക്കാരത്തോടെ തൈ വിതരണം തുടരുകയായിരുന്നു. ഒടുവിൽ നാട്ടുകാർ തന്നെ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസെത്തി ലാത്തിച്ചാർജ്ജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് പച്ചക്കറി തൈകളുടെ വിതരണത്തിന്റെ പേരിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പ്രദേശത്തെ വാട്സാപ് ​ഗ്രൂപ്പുകൾ വഴി പച്ചക്കറി തൈ വിതരണം ചെയ്യുന്നതായി ജനങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. ഒന്ന് മുതൽ ആറുവരെയുള്ള വാർഡുകളിലെ കർഷകർക്കായിരുന്നു ഇന്ന് തൈ വിതരണം നിശ്ചയിച്ചിരുന്നത്. ഈ വാർഡുകളിലെ ​ഗ്രാമപഞ്ചായത്ത് അം​ഗങ്ങളും കർഷകരോട് വിവരങ്ങൾ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ മുതൽ തന്നെ നിരവധി ആളുകൾ കൃഷി ഭവന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു.

ആൾക്കൂട്ടം കണ്ട് തൈ വിതരണം നിർത്തിവെക്കണമെന്ന് സ്ഥലത്തെ പൊതുപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും കൃഷിഭവനിലെ ജീവനക്കാർ തയ്യാറായില്ല. തുടർന്നാണ് ജനങ്ങൾ തന്നെ പൊലീസിനെ വിവരം അറിയിച്ചത്. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് വന്നയുടൻ തന്നെ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. ഇതോടെ ജനങ്ങൾ ചിതറിയോടി. പ്രായമായവർ അടക്കം നിരവധി പേർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു.

കോവിഡ് ബാധയെ തുടർന്ന് പടിഞ്ഞാറെ കല്ലടയിൽ നിരവധി പേരാണ് കൃഷിയിലേക്ക് തിരിഞ്ഞത്. വർക് ഫ്രം ഹോം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ചതുകൊണ്ട് അഭ്യസ്തവിദ്യരും ഉയർന്ന ജോലിയുള്ളവരുമായ നിരവധി ആളുകൾ കൃഷി ആരംഭിച്ചു എന്ന് ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, തങ്ങൾ പച്ചക്കറി തൈകൾ വാങ്ങാൻ പറഞ്ഞ് വിട്ടവർക്ക് പൊലീസിന്റെ തല്ലാണ് കിട്ടിയതെന്നത് അവരെയും വിഷമത്തിലാക്കി.

പഞ്ചായത്ത് ഭരണസമിതിയേയോ കാർഷിക വികസന സമിതിയേയോ തൈ വിതരണത്തിന് ഉപയോ​ഗിക്കാതെ വാട്സാപ് കൂട്ടായ്മകളെ കൃഷി ഓഫീസർ കൂട്ടുപിടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വാട്സാപ്പ് വഴി സന്ദേശം പ്രചരിച്ചതോടെ തൈകൾ ആവശ്യമുള്ളവരും അല്ലാത്തവരുമായ മുഴുവൻ പേരും കൃഷിഭവനിലേക്ക് എത്തി. അത് ആൾക്കൂട്ടത്തിന് കാരണമായി. മുൻകാലങ്ങളിൽ കാർഷിക വികസന സമിതിയും പഞ്ചായത്ത് അം​ഗങ്ങളും ആയിരുന്നു ഇത്തരം വിത്തുകളും തൈകളും വിതരണം ചെയ്തിരുന്നത്. കർഷകരെ കണ്ടെത്തി ഇവ നൽകാൻ അത്തരം സംവിധാനം പര്യാപ്തവും ആയിരുന്നു, വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളായ കർഷകർ അടങ്ങുന്നതാണ് കാർഷിക വികസന സമിതി. ഇതിലെ അം​ഗങ്ങൾക്ക് ഓരോ പ്രദേശത്തെയും കർഷകരെ കൃത്യമായി അറിയാം. എന്നാൽ, വാട്സാപ് കൂട്ടായ്മകളെ കൂട്ടുപിടിച്ചാണ് കൃഷി ഓഫീസർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്.

സംസ്ഥാന സർക്കാർ പൊലീസിനെ ഏൽപ്പിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ച കൂടിയാണ് ഇന്ന് പടിഞ്ഞാറെ കല്ലട കൃഷിഭവന് മുന്നിൽ കണ്ടത്. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന വിധമാണ് പൊലീസ് കർഷകരോട് പെരുമാറിയത്. വിതരണം നിർത്തിവെക്കാൻ കൃഷിഭവനിലെ ജീവനക്കാരോട് ആവശ്യപ്പെട്ടാൽ തീരുന്ന പ്രശ്നമാണ് നിരപരാധികളെ വേട്ടയാടുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP