Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യംവെച്ച് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു; സംഘ്പരിവാറിനെതിരെ രാജ്യത്തെ മതേതര നിലപാടുള്ളവർ ഒന്നിക്കേണ്ട സന്ദർഭത്തിൽ ഇസ്ലാം ഭീതി പരത്തുകയാണ് കോടിയേരി ചെയ്യുന്നത്;രാഷ്ട്രീയ നിലപാടും തത്വങ്ങളും കയ്യൊഴിച്ചാണ് കോടിയേരിയുടെ പെരുമാറ്റം; സിപിഎമ്മിനെതിരെ വെൽഫെയർ പാർട്ടി

ജാസീം മൊയ്ദീൻ

കോഴിക്കോട്: തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിലെ നേട്ടം ലക്ഷ്യംവെച്ചും ഭരണ പരാജയം മറച്ചുപിടിക്കുന്നതിന് വേണ്ടിയും സംഘ്പരിവാറിനെ കവച്ചുവെക്കും വിധത്തിലുള്ള തീവ്രവർഗീയ ധ്രുവീകരണത്തിനാണ് സിപിഎമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കോടിയേരി നടത്തിയ പ്രസ്താവന ബീഹാറിൽ സിപിഎം ഉൾപ്പെടുന്ന മഹാസഖ്യത്തിനെതിരെ ബിജെപി പ്രചാരണായുധമാക്കിയിരിക്കുന്നു. എത്രമാത്രം സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കേരള സിപിഎമ്മിന്റെ നിലപാടെന്ന് ഇത് വ്യക്തമാക്കുന്നു. സംഘ്പരിവാറിനെതിരെ രാജ്യത്തെ മതേതര നിലപാടുള്ളവർ ഒന്നിക്കേണ്ട സന്ദർഭത്തിൽ ഇസ്ലാം ഭീതി പരത്തുകയാണ് കോടിയേരി ചെയ്യുന്നതെന്നും ഹമീദ് വാണിയമ്പലം കോഴിക്കോട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സിപിഎമ്മിന്റെ നിലപാട് സിപിഎമ്മിന്റെ ദേശീയ നിലപാടിന് തന്നെ വിരുദ്ധമാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആ പാർട്ടി സ്വീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് കേരളത്തിലെ സിപിഎം സ്വീകരിക്കുന്നത്. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലപാടും തത്വങ്ങളും കയ്യൊഴിച്ചാണ് കോടിയേരിയുടെ നേതൃത്വത്തിൽ കേരള സിപിഎം സഞ്ചരിക്കുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുകയും തദേശ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുകയും ചെയ്തതിന് ശേഷം ഇപ്പോൾ വെൽഫെയർ പാർട്ടിക്കെതിരെ നുണപ്രചാരണം നടത്തുകയുമാണ് സിപിഎം ചെയ്യുന്നത്. ഇത് തികഞ്ഞ അവസരവാദമല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയ തത്വമായിരുന്നു എങ്കിൽ കേരളത്തിന് പുറത്ത് ഇപ്പോഴും സിപിഎമ്മിന് എങ്ങനെ സഹകരിക്കാൻ കഴിയും. സ്വന്തം അണികളെ തന്നെ വഞ്ചിച്ചുകൊണ്ടാണ് കോടിയേരി ഇപ്പോൾ സംസാരിക്കുന്നത്.

ഭരണത്തിന് മേൽ ഓരോ ദിവസവും വന്നു പതിക്കുന്ന ആരോപണങ്ങൾ ചർച്ചയാകാതിരിക്കാനും താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനും വേണ്ടി അപകടകരമായ നിലപാട് സ്വീകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതൃത്വത്തിൽ മുഴുവൻ മുസ്ലിങ്ങൾ മാത്രമാണ് എന്ന വർഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവന കോടിയേരി നടത്തിയത്. ഇതുവഴി എന്ത് സന്ദേശമാണ് കേരള സിപിഎം രാജ്യത്തിന് നൽകാൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം.മുസ്ലിം ന്യൂനപക്ഷത്തെ അധികാര സ്ഥാനങ്ങളിൽ നിന്നും അകറ്റി നിർത്തണമെന്ന സംഘ്പരിവാർ നിലപാട് കേരളത്തിലെ സിപിഎം ഏറ്റെടുത്തിരിക്കുന്നു എന്ന് ഇതുവഴി വ്യക്തമാകുകയാണ്. മതനിരപേക്ഷ നിലപാട് കയ്യൊഴിഞ്ഞ് സംഘ്പരിവാർ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ദയനീയാവസ്ഥയിലേക്ക് കേരള സിപിഎം അധഃപതിച്ചിരിക്കുന്നു.സംഘ്പരിവാർ സമഗ്രാധിപത്യം ദലിതരെയും മതന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്ത് സവർണ ഹിന്ദുത്വാധികാരം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാനുള്ള വിശാല ജനാധിപത്യ ചേരി രൂപപ്പെടുന്നതിനെ കേരളത്തിലെ സിപിഎം തടയുകയാണ് ചെയ്യുന്നത്. ഇത് സംഘ്പരിവാറിനെ സഹായിക്കലാണ്.

അതോടൊപ്പം, സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് കേരളത്തിലെ സിപിഎം മരുന്നിട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തിലെ പൗരത്വ പ്രക്ഷോഭത്തിൽ തീവ്രവാദികളും ദേശവിരുദ്ധരും നുഴഞ്ഞുകയറി എന്ന പിണറായി വിജയന്റെ പരാമർശം ഉപയോഗിച്ചാണ് ശഹീൻബാഗ് പ്രക്ഷോഭകരെ അടക്കം രാജ്യവിരുദ്ധരായി നരേന്ദ്ര മോദി മുദ്രയടിച്ചത്.കേരളത്തിൽ പല സന്ദർഭങ്ങളിലും സിപിഎം ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ഉപതെരെഞ്ഞെടുപ്പിന് ശേഷം മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും ദേശീയപാത, ഗെയിൽ ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ മുസ്ലിം വർഗീയവാദികളാണെന്ന വിജയരാഘവന്റെ ആക്ഷേപവും എല്ലാം ഇത്തരത്തിലുള്ളതാണ്. സംസ്ഥാന സർക്കാറിനെ എതിർക്കുന്നവർ വർഗീയവാദികളാണെന്ന് ചാപ്പയടിക്കുകയാണ് ഇടതു മുന്നണി കൺവീനർ വിജയരാഘവൻ ഇപ്പോൾ ചെയ്യുന്നത്.

ഇതെല്ലാം വർഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് കേരള സിപിഎം സ്വീകരിച്ച സമീപനത്തിന്റെ ഭാഗമാണ്. കേരള പൊലീസിന്റെ സംഘ്പരിവാർ ദാസ്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുമുണ്ട്.ലൈഫ് മിഷൻ പദ്ധതിയിലെ കമീഷൻ, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ ഉൾപ്പെട്ടത് തുടങ്ങി അനവധി ജനവിരുദ്ധ നടപടികളിലൂടെ സർക്കാർ പ്രതിരോധത്തിലായ സന്ദർഭമാണിത്. മുന്നോക്ക സംവരണം നടപ്പാക്കിയത് 80 ശതമാനത്തോളം വരുന്ന ദലിത്-പിന്നാക്ക സമുദായങ്ങളിൽ സൃഷ്ടിച്ച അതൃപ്തിയും സർക്കാറിന് എതിരാണ്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ വഴി തിരിച്ച് വിട്ട് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സിപിഎം.ഇത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. രണ്ടു ജനാധിപത്യ ചേരികൾ എന്ന കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ ഇല്ലാതാക്കാനും സംഘ്പരിവാറും സിപിഎമ്മും എന്ന ദ്വന്ദ രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്.കേരള രാഷ്ട്രീയം സംഘ്പരിവാറിന് കീഴ്പ്പെടുത്താൻ സഹായകരമായ അപകടകരമായ ഈ നീക്കത്തിൽ നിന്ന് സിപിഎം പിന്മാറി കേരള ജനതയോട് മാപ്പ് പറയണം. സംഘ്പരിവാറിനെതിരെ വിശാല ജനാധിപത്യ ചേരി എന്ന ഉദ്യേശത്തോടെയുള്ള രാഷ്ട്രീയ പോരാട്ടം വെൽഫെയർ പാർട്ടി ശക്തമായി തന്നെ തുടരുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP