Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഭാടമായി നടത്തേണ്ട വിവാഹം വെറും അഞ്ച് പേരിലൊതുക്കി; അബ്ദുൽ വാഹിദും നാഫിലയും വിവാഹിതരായത് ഹൃദയംചേർത്ത്‌വെച്ച്; ലോക് ഡൗൺ കാലത്തെ കല്യാണ കാഴ്‌ച്ചകൾ ഇങ്ങനെ

ആർഭാടമായി നടത്തേണ്ട വിവാഹം വെറും അഞ്ച് പേരിലൊതുക്കി; അബ്ദുൽ വാഹിദും നാഫിലയും വിവാഹിതരായത് ഹൃദയംചേർത്ത്‌വെച്ച്; ലോക് ഡൗൺ കാലത്തെ കല്യാണ കാഴ്‌ച്ചകൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ആർഭാടമായി നടത്തേണ്ട വിവാഹം വെറും അഞ്ച് പേരിലൊതുക്കി. അബ്ദുൽ വാഹിദും നാഫിലയും വിവാഹിതരായത് ഹൃദയംചേർത്ത്‌വെച്ച്. ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ക്ഷണിച്ച് നടത്താൻ തീരുമാനിച്ച വിവാഹം കേവലം അഞ്ചുപേരിൽ ഒതുക്കി മാതൃക കാണിച്ച് കുടുംബം. പന്താരങ്ങാടി കരിപറമ്പ് അരീപ്പാറ സ്വദേശി ചെമ്മലപ്പാറ കുഞ്ഞീൻകുട്ടിയുടെ മകൻ അബ്ദുൽ വാഹിദും കൊട്ടപ്പുറം മേത്തൽ വീട്ടിൽ അബ്ദു റസാഖിന്റെ മകൾനാഫിലയും തമ്മിലുള്ള വിവാഹമാണ് അവിചാരിതമായി സംഭവിച്ച കൊവിഡ് 19ന്റ പശ്ചാത്തലത്തിൽ പേരിന് മാത്രം നടത്തിയത്.

കുഞ്ഞീൻകുട്ടിയുടെ ഏറ്റവും ഇളയ മകനായതിനാൽ അബ്ദുൽ വാഹിദിന്റെ വിവാഹം സാമാന്യം നല്ല രീതിയിൽ തന്നെ നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം ചെമ്മാട്ടെ ഓഡിറ്റോറിയത്തിൽ നടത്താനായിരുന്നു തീരുമാനം വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് 19 മൂലം ലോക്ക് ഡൗൺ വന്നതോടെ വിവാഹ പരിപാടി വെട്ടിച്ചുരുക്കുകയായിരുന്നു. വധു വരന്മാരോടൊപ്പം അഞ്ച് പേർ മാത്രമാണ് പോയിരുന്നത്. അതാത് പൊലീസ് സേ്റ്റഷനുകളിൽ വിവരമറിയിച്ച ശേഷമാണ് ചടങ്ങ് തന്നെ നടത്തിയത്.

കോവിഡ് എന്ന മഹാമാരിയുടെ ഭീതിക്കിടെ ഒരാഴ്‌ച്ച് മുമ്പ് മലപ്പുറത്തു നടന്ന മറ്റൊരു വിവാഹത്തിന് സാക്ഷികളായത് നൂറോളംപേരായിരുന്നു. സാക്ഷികളായത് ഓൺലൈനിലൂടെയാണെന്ന് മാത്രം, ഇങ്ങിനെയും വിവാഹം കെങ്കേമമാക്കാമെന്ന് കാണിച്ച് ഫിറോസും മുഫീദയും. കോവിഡ് 19എന്ന മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞയെ മറികടന്ന് നൂറോളം ഉറ്റവരെ ഓൺലൈനിലൂടെ സാക്ഷിയാക്കിയാണ് ഇത്തരത്തിലൊരു വിവാഹം നടന്നത്.

മലപ്പുറം വേങ്ങര -മച്ചിങ്ങൽ അബ്ദുസമദിന്റെ മകൻ മുഹമ്മദ് ഫിറോസിന്റെയും, മലപ്പുറം കോഡൂർ പുല്ലൻകുലവൻ കുഞ്ഞിമുഹമ്മദിന്റെ മകൾ മുഫീദയുടെയും വിവാഹമാണ് നിരോധനാജ്ഞക്കിടയിലും ഇവരുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ആഘോഷമായിതന്നെ നടന്നത്. നൂറോളം ആളുകൾക്ക് ഒരേസമയം വീഡിയോ മീറ്റിങ് സാധ്യമാവുന്ന ഓൺലൈൻ ആപ്ലിക്കേഷനായ സൂമിലൂടെ തന്റെ ബന്ധുക്കളേയും, സൃഹൃത്തുക്കളേയും അയൽവാസികളേയും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ഒരുമിപ്പിച്ചാണ് വീട്ടുകാർ മാത്രമായി പോകുമായിരുന്ന ഒരു ചടങ്ങിനെ അക്കൗണ്ടന്റ് കൂടി ആയ ഫിറോസ് അവിസ്മരണീയമാക്കിയത്.

നിക്കാഹ് നേരത്തെ തന്നെ കഴിഞ്ഞിരുന്നെങ്കിലും സൗദിയിൽ ജോലി ചെയ്യുന്ന ജേഷ്ഠൻ റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനായി ഓഡിറ്റോറിയം ഉൾപ്പെടെ മുൻകൂട്ടി ബുക്കു ചെയ്യുകയും ആളുകളെ ക്ഷണിക്കാനാരംഭിക്കുകയും ചെയ്തെങ്കിലും അതിനിടയിലാണ് നാടിനെ പ്രതിസന്ധിയിലാഴ്‌ത്തി കോവിഡ് ഭീതിയും നിയന്ത്രണങ്ങളും നിലവിൽ വന്നത്. എന്നാൽ വിവാഹത്തിൽ മാറ്റം വരുത്താതെ നിശ്ചയിച്ച ദിവസം തന്നെ വരനും വീട്ടുകാരുമുൾപ്പെടെ ആറംഗ സംഘം വധു ഗൃഹത്തിലെത്തി. അവിടെയും വീട്ടുകാർ മാത്രമുള്ള സത്കാരവും കഴിഞ്ഞ് വധുവിനെയും അണിയിച്ചൊരുക്കി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ജാഗ്രതയോടെ സാമൂഹിക അകലം പാലിക്കുകയും എന്നാൽ ആത്മസൗഹൃദങ്ങളെ ഒരുമിപ്പിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം എന്നതിന്റെ മാതൃകകൂടിയായിരുന്നു ഈ വിവാഹം.

അതേ സമയം മലപ്പുറം താനൂരിൽ വിവാഹം കെങ്കേമമാക്കാനുദ്ദേശിച്ച സുഭീഷിന്റെ വിവാഹം അവസാനം മാറ്റിവെച്ചിരുന്നു. ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് മലപ്പുറം താനൂർ സ്വദേശി സുഭീഷ് പറയുന്നത്. ആഗോള മഹാമാരിയായി മാറിക്കഴിഞ്ഞ ഗോവിഡിനെ മറികടക്കാൻ പലരും വിവാഹച്ചടങ്ങുകൾവരെ മാറ്റിവെക്കുമ്പോൾ മറ്റുചിലർ ആർഭാട വിവാഹംതന്നെ നടത്താൻ ശ്രമിക്കുന്ന കാഴ്‌ച്ചയും ഇതിനോടകം സാക്ഷരകേരളത്തിലുണ്ടായി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് ആർഭാട വിവാഹം നടത്താൻ ശ്രമിച്ച മലപ്പുറം പാങ്ങ് ചെന്തപ്പറമ്പിലെ തിരുത്തിരുത്തിൽ സൈതിനെതിരെയാണ് കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ് നിർദ്ദേശത്തെ മറികടന്ന ആർഭാടമായി നടത്താനൊരുങ്ങിയത്. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടമായി വിവാഹം നടത്തുന്നത് ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. ശനിയാഴ്‌ച്ചയായിരുന്നു വിവാഹം.

അതേ സമയം കോവിഡ് കരുതൽ നടപടികളുടെ ഭാഗമായി പലരും വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷവുമുണ്ട്. മലപ്പുറം താനൂർ പരിയാപുരം സുബീഷുംഅനഘയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചു. ജനങ്ങൾ ഒന്നിച്ചു കൂടുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദ്ദേശം പാലിച്ചാണ് 2020 ഏപ്രിൽ അഞ്ചിന് നടത്താൻ നിശ്ചയിച്ച വിവാഹം മാറ്റി വെച്ചതെന്ന് സുബീഷ് പറഞ്ഞു. പുതിയ വിവാഹ തീയ്യതി പിന്നീട് തീരുമാനിക്കും. 1200പേരെ ക്ഷണിച്ചുകൊണ്ടുള്ള വലിയ വിവാഹ സൽക്കാരമായിരുന്നു സുഭീഷ് ഒരുക്കിയിരുന്നത്. ഇതിനുവേണ്ടി ആളുകളെ 90ശതമാനവും ക്ഷണിച്ചും കഴിഞ്ഞിരുന്നു. ഭക്ഷണം, പന്തൽ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും അഡ്വാൻസ്വരെ കൊടുക്കുകയും ചെയ്തിരുന്നെങ്കിലും അവസാനഘട്ടം ഒഴിവാക്കുകയായിരുന്നു.

ആർഭാടമില്ലാതെ വിവാഹം നടത്തിയാൽ പോലും ബന്ധുക്കൾ ഉൾപ്പെടെ ചുരുങ്ങിയത് 20പേരെങ്കിലും എത്തേണ്ട സാഹചര്യമുണ്ടാകും. ഇതും നിലവിലെ സാഹചര്യത്തിൽ പ്രയാസം സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് സുബീഷ് പറഞ്ഞു. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഈ സന്ദർഭത്തിൽ വിവാഹം നടത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ പറ്റുന്ന സമയമല്ല. ഈ മഹാമാരി വിട്ടൊഴിഞ്ഞ ശേഷം മാത്രമെ ഞങ്ങൾ ഇനി വിവാഹ ദിവസത്തെ കുറിച്ച് ആലോചിക്കൂവെന്നും സുഭീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP