Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തിന് ഹാൾ ബുക്ക് ചെയ്തപ്പോൾ അടച്ചത് ജിഎസ്ടി അടക്കം മുഴുവൻ തുകയും; കോവിഡ് വ്യാപനഭീതിയിൽ കല്യാണം ക്യാൻസൽ ചെയ്തപ്പോൾ തിരിച്ചുകിട്ടിയത് ജിഎസ്ടി ഒഴിച്ചുള്ള തുക; ചോദിക്കാൻ ധൈര്യപ്പെടുന്നവരോട് സർക്കാരിലേക്ക് അടച്ചുവെന്ന തൊടുന്യായം; തുക സർക്കാരിലേക്ക് അടയ്ക്കാതെ ഇടപാടുകാരെ കബളിപ്പിച്ച് പല ഹാൾ ഉടമകളും; പൂഴ്‌ത്തിവയ്ക്കുന്നത് മുഴുവൻ തുകയും മടക്കിനൽകണമെന്നുള്ള സർക്കാർ ഉത്തരവ്; കോവിഡ് കാലത്തെ മറ്റൊരു കൊള്ളയടി ഇങ്ങനെ

വിവാഹത്തിന് ഹാൾ  ബുക്ക് ചെയ്തപ്പോൾ അടച്ചത് ജിഎസ്ടി അടക്കം മുഴുവൻ തുകയും; കോവിഡ് വ്യാപനഭീതിയിൽ കല്യാണം ക്യാൻസൽ ചെയ്തപ്പോൾ തിരിച്ചുകിട്ടിയത് ജിഎസ്ടി ഒഴിച്ചുള്ള തുക; ചോദിക്കാൻ ധൈര്യപ്പെടുന്നവരോട് സർക്കാരിലേക്ക് അടച്ചുവെന്ന തൊടുന്യായം; തുക സർക്കാരിലേക്ക് അടയ്ക്കാതെ ഇടപാടുകാരെ കബളിപ്പിച്ച് പല ഹാൾ ഉടമകളും; പൂഴ്‌ത്തിവയ്ക്കുന്നത്  മുഴുവൻ തുകയും മടക്കിനൽകണമെന്നുള്ള സർക്കാർ ഉത്തരവ്; കോവിഡ് കാലത്തെ മറ്റൊരു കൊള്ളയടി ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: വിവാഹ മണ്ഡപങ്ങൾ ബുക്ക് ചെയ്തവർ അത് റദ്ദ് ചെയ്യുമ്പോൾ ജിഎസ്ടി തുക തിരികെ കൊടുക്കുന്നില്ലെന്ന് പരാതി. പല വിവാഹ മണ്ഡപ ഉടമകളും ജിഎസ്ടി തുക ഒഴിവാക്കിയുള്ള തുകയാണ് കാൻസൽ ചെയ്യുമ്പോൾ മടക്കി നൽകുന്നത്. കോവിഡ് കാരണം വിവാഹങ്ങൾ റദ്ദ് ചെയ്യപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്. ഈ അവസ്ഥയിൽ തന്നെയാണ് ജിഎസ്ടി തുകയിലുള്ള വെട്ടിപ്പും നടക്കുന്നത്. ജിഎസ്ടി തുക ബുക്ക് ചെയ്തവർക്ക് തിരികെ നല്കാതിരിക്കുമ്പോൾ അത് സർക്കാരിലേക്കും പോകുന്നില്ല. ജിഎസ്ടി തുക സർക്കാരിലേക്ക് അടച്ചു എന്നാണ് പല ഹാൾ ഉടമകളും ഹാൾ ബുക്ക് ചെയ്തവർക്ക് നൽകിയ മറുപടി. സർക്കാരിലേക്ക് അടച്ചു എന്ന് പറഞ്ഞിട്ട് ഈ തുക സ്വന്തമാക്കുകയാണ് പലരും ചെയ്യുന്നത്. ഹാൾ റദ്ദ് ചെയ്താൽ ജിഎസ്ടി ഉൾപ്പെടെ തിരികെ നൽകാനാണ് സർക്കാർ ഉത്തരവ്. ഇത് മറച്ചുവച്ചാണ് ഈ കൊള്ളയടി.

കോവിഡ് കാരണം വിവാഹം മുടങ്ങുമ്പോൾ ജിഎസ്ടി സർക്കാരിലേക്ക് അടച്ചു പോയെങ്കിൽ അതും തിരികെ വാങ്ങാൻ അവസരമുണ്ട്. അത് ഹാൾ ഉടമകൾ പലരും വാങ്ങുന്നുമുണ്ട് എന്നാണ് അറിവ്. എന്തായാലും സർക്കാരിലെക്ക് അടച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ഈ ഇനത്തിലെ ജിഎസ്ടി ഒഴിവാക്കിയുള്ള തുകയാണ് പലരും തിരികെ നൽകുന്നത്. വൻ തുകയാണ് വിവാഹ മണ്ഡപങ്ങൾ ബുക്ക് ചെയ്തവർക്ക് ഈ രീതിയിൽ നഷ്ടമാകുന്നത്. ഉപഭോക്തൃ ചൂഷണമാണ് ജിഎസ്ടി വെട്ടിപ്പിന്റെ പേരിൽ നടക്കുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവാഹപാർട്ടികൾക്ക് പലരും ജിഎസ്ടി തുക തിരികെ ലഭിക്കുമോ എന്ന് പോലും അറിയില്ല. ഈ അജ്ഞതയും ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്.

വിവാഹ മണ്ഡപങ്ങൾ നൽകുന്നത് ഒരു സർവീസ് ആയതിനാൽ 18 ശതമാനമാണ് ജിഎസ്ടി. ഒന്നും രണ്ടും ലക്ഷം രൂപയാണ് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം വേണ്ടി വരുന്ന വിവാഹ ചടങ്ങുകൾക്ക് പല ഹാൾ ഉടമകളും ഈടാക്കുന്നത്. രണ്ടു ലക്ഷം രൂപ വാങ്ങിയാൽ 36000 രൂപയാണ് ജിഎസ്ടി ഇനത്തിൽ അടയ്ക്കുന്നത്. ഇങ്ങനെ രണ്ടു ലക്ഷം മടക്കി നൽകുമ്പോൾ ഹാൾ ഉടമകൾ പലപ്പോഴും ജിഎസ്ടിയായ 36000 കഴിച്ചുള്ള തുകയാണ് തിരികെ നൽകുന്നത്. ഈ തുക തിരികെ ചോദിച്ചാൽ അത് ജിഎസ്ടിയായി അടച്ചു എന്ന് പറയും. ഫലത്തിൽ ഹാൾ ബുക്ക് ചെയ്തവർക്ക് ജിഎസ്ടി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇതോടെയാണ് പലരും പരാതിയുമായി രംഗത്ത് വന്നത്. കോവിഡ് കാരണം ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഇതിന്റെ മറപിടിച്ച് മിക്കവരും റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മുഴുവൻ തുകയും തിരികെ നൽകാവുന്നതേയുള്ളൂ. ഇതിനു നിയമ തടസവുമില്ല. അടച്ച് ആറുമാസം കഴിഞ്ഞാലും തുക തിരികെ വാങ്ങാൻ ജിഎസ്ടിയിൽ തന്നെ വകുപ്പുമുണ്ട്. ഇതിനുള്ള ഒരു ഫോം വേറെ തന്നെ വകുപ്പ് ഇറക്കിയിട്ടുണ്ട്. പക്ഷെ ജിഎസ്ടി തുക സർക്കാരിലേക്കും പോകുകയോ ഹാൾ ബുക്ക് ചെയ്തവർക്ക് തിരികെ ലഭിക്കുകയോ ചെയ്യുന്നില്ല. പകരം ഉടമകളുടെ കീശയിലെക്ക് തന്നെ പോവുകയാണ് എന്ന ആക്ഷേപമാണ് ഉള്ളത്.

ജിഎസ്ടി തുക സർക്കാരിലേക്ക് അടച്ചോ ഈ തുക തിരികെ ലഭിക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾക്കും ഹാൾ ഉടമകൾ മറുപടി നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂണ് പോലെയാണ് പല വിവാഹ മണ്ഡപങ്ങളും ഉയർന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കണ്ടുപിടിക്കാൻ ഇന്റലിജൻസ് വിംഗിനു പരിമിതികളുണ്ട്. ഇവരിൽ പലരും ജിഎസ്ടി റജിസ്‌ട്രേഷൻ നടത്തിയിട്ടില്ലെന്നും സൂചനകളുണ്ട്. വിവാഹ മണ്ഡപങ്ങളിൽ 40 ശതമാനവും രജിസ്‌ട്രേഷൻ എടുത്തും 60 ശതമാനം രജിസ്‌ട്രേഷൻ എടുക്കാതെയുമാണ് ഈ കളി കളിക്കുന്നത്. സർവീസ് ആയതുകൊണ്ട് ഇരുപത് ലക്ഷത്തിന്റെ പരിധിയൊന്നും വിവാഹ മണ്ഡപങ്ങൾക്കില്ല. രജിസ്‌ട്രേഷൻ എടുത്താലും എടുത്തില്ലെങ്കിലും ഒരേ കളികളാണ് ഇവർ നടത്താറ്. ടാക്‌സ് വെട്ടിപ്പിന്റെ ഈ കളി തന്നെയാണ് വിവാഹമണ്ഡപങ്ങൾ ബുക്ക് ചെയ്തവർക്ക് നേരെയും ഹാൾ ഉടമകൾ പയറ്റുന്നത്. വിവാഹം കഴിഞ്ഞാൽ വിവാഹപ്പാർട്ടികൾ അത് വഴി പോകും. ടാക്‌സ് കൊടുത്തോ ഇല്ലേ ഒന്നും ഇവർ അന്വേഷിക്കില്ല. ഇതും ഹാൾ ഉടമകൾ ഒരു സുവർണാവസരമായി എടുക്കും.

അഥവാ നടത്തിയാൽ തന്നെ ജിഎസ്ടി തുകയിൽ വെട്ടിപ്പും നടത്തുന്നുണ്ട്. സെയിൽസ് ടാക് ഇന്റലിജൻസ് വിഭാഗം റെയ്ഡ് എന്ന പേരിൽ വിവാഹ മണ്ഡപങ്ങൾ ലാക്കാക്കി നടത്തുന്ന ഓപ്പറേഷൻസുകളിലാണ് പലപ്പോഴും ഈ വെട്ടിപ്പ് വെളിയിൽ വരാറുള്ളത്. പിടിച്ചാൽ വൻ തുകയാണ് ജിഎസ്ടി വിഭാഗം പിഴ ഉൾപ്പെടെ ഈടാക്കാറുള്ളത്. പെനാൽറ്റിയും ടാക്‌സും ഉൾപ്പെടെയുള്ള പിഴയാണ് ഈടാക്കുന്നത്. ഇങ്ങനെ പിഴ നൽകിയാലും ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള നീക്കങ്ങളാണ് ഹാൾ ഉടമകൾ നടത്താറുള്ളത്. റിസോർട്ട് ഉടമകളും ഈ രീതിയിൽ ജിഎസ്ടി തട്ടിപ്പ് നടത്തുന്നതായി മുൻപേ തന്നെ ആക്ഷേപമുണ്ട്.

എന്നാൽ പല വൻകിട വിവാഹമണ്ഡപങ്ങളും മറുനാടനോട് ഈ കാര്യം നിഷേധിച്ചു. ബുക്ക് ചെയ്തവർക്ക് ജിഎസ് ടി തുക നഷ്ടമാകില്ല തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ് പറയുന്നു. മാസങ്ങൾ മുൻപ് തന്നെയുള്ള ബുക്കിങ് ആണ് ഞങ്ങൾക്ക് വന്നിരിക്കുന്നത്. അതാത് മാസം തന്നെ ജിഎസ്ടിയും അടച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഞങ്ങൾ ഹാൾ ബുക്കിങ് പണം അവർക്ക് തന്നെ തിരികെ നൽകുന്നുണ്ട്. ജിഎസ്ടി ഒഴിച്ചുള്ള തുകയാണ് നൽകിയിരിക്കുന്നത്. പക്ഷെ സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി തുക തിരികെ നൽകാൻ. അത് ലഭിക്കുന്ന മുറയ്ക്ക് തുക തിരികെ നൽകും-ശ്രീമൂലം ക്ലബ് സെക്രട്ടറി ബാലൻ മാധവൻ മറുനാടനോട് പറഞ്ഞു.

ഇതേ മറുപടി തന്നെയാണ് ട്രിവാൻഡ്രം ക്ലബ് അധികൃതരും പറയുന്നത്. ഹാൾ ബുക്ക് ചെയ്തവർക്ക് ജിഎസ്ടി തുക കൂടി തിരികെ നൽകണം. അതാണ് സർക്കാർ ഉത്തരവ്- ട്രിവാൻഡ്രം ക്ലബ് സെക്രട്ടറി സന്തോഷ് മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ ഈ മാർച്ച് വരെയുള്ള ബുക്കിങ് കഴിഞ്ഞ വർഷം തന്നെ ആയിട്ടുണ്ട്. അപ്പോൾ ആ ജിഎസ്ടിക്ക് ഉള്ള റീ ഫണ്ട് സെപ്റ്റംബറിനുള്ളിൽ അപേക്ഷിച്ചാൽ മതി. അത് സർക്കാർ പറഞ്ഞിട്ടുണ്ട്. മൂന്നു കേസുകൾ മാത്രമേ ജിഎസ്ടി തിരികെ നൽകാൻ കഴിയാത്ത കേസായിട്ടു ഉള്ളൂ. ഞങ്ങൾ പക്ഷെ പെയ്‌മെന്റ് തിരികെ നൽകുമ്പോൾ ജിഎസ്ടി ഉൾപ്പെടെയുള്ള പണം തന്നെയാണ് നൽകുന്നത്. അതിനു ശേഷം സർക്കാരിലേക്ക് അപേക്ഷ നൽകും-സന്തോഷ് പറയുന്നു.

അതേസമയം ജിഎസ്ടിയിൽ കഴിയാവുന്നത്ര ഇളവുകൾ ജിഎസ്ടി കൗൺസിൽ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനും സെപ്റ്റംബർ 30 നും ഇടയിൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഇളവ് അനുവദിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം. ജൂലൈ 2017 നും ജനുവരി 2020 കാലയളവിൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ജൂലൈ ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ റിട്ടേൺ സമർപ്പിക്കാനാണ് അവസരം നൽകിയത്. പരമാവധി 500 രൂപ മാത്രമേ ലേറ്റ് ഫീയായി ഈടാക്കുകയുള്ളൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടക്കാർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസ നടപടി. ഇതിന് പുറമേ അഞ്ചുകോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് തുടർന്നുള്ള മാസങ്ങളിലും ഇളവ് അനുവദിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിട്ടേൺ സമർപ്പിക്കാത്തവരുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബർ 30 ന് മുൻപ് റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ പലിശ ഒൻപത് ശതമാനം മാത്രമായിരിക്കും. നിലവിൽ 18 ശതമാനമാണ് പലിശ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാരെ സഹായിക്കാൻ പലിശ പകുതിയായി വെട്ടിക്കുറച്ചതായി ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP