Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പശുക്കൾക്ക് കോട്ട് നൽകുന്ന യുപിയിൽ മനുഷ്യന് പുതപ്പില്ല; യോഗി ആദിത്യനാഥിന്റെ യുപിയിൽ തണുത്തു വിറച്ച് മരിച്ചത് നാൽപതോളം പേർ; മറ്റു സംസ്ഥാനങ്ങളിലും മരണം റിപ്പോർട്ട് ചെയ്യുന്നു; ഡൽഹിയിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ശൈത്യം; ഹരിയാനയിൽ കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ ശ്രീനഗറിൽ താപനില മൈനസ് 12വരെയെത്തി; മൂടൽ മഞ്ഞു മൂലം വിമാന സർവീസുകളും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു; ഉത്തരേന്ത്യ തണുത്തുവിറക്കുമ്പോൾ

പശുക്കൾക്ക് കോട്ട് നൽകുന്ന യുപിയിൽ മനുഷ്യന് പുതപ്പില്ല; യോഗി ആദിത്യനാഥിന്റെ യുപിയിൽ തണുത്തു വിറച്ച് മരിച്ചത്  നാൽപതോളം പേർ; മറ്റു സംസ്ഥാനങ്ങളിലും മരണം റിപ്പോർട്ട് ചെയ്യുന്നു; ഡൽഹിയിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ശൈത്യം; ഹരിയാനയിൽ  കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ ശ്രീനഗറിൽ താപനില മൈനസ് 12വരെയെത്തി; മൂടൽ മഞ്ഞു മൂലം വിമാന സർവീസുകളും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു; ഉത്തരേന്ത്യ തണുത്തുവിറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തണുപ്പിനെ പ്രതിരോധിക്കാൻ പുതപ്പില്ലാതെ മനുഷ്യൻ മരിച്ചുവീഴുന്ന നാട്! വികസനത്തിന്റെ എന്തൊല്ലാം സ്ഥിതിവിവര കണക്കുകൾ പറഞ്ഞാലും ഉത്തരേന്ത്യയിലെ അവസ്ഥ അതാണ്. അതിശൈത്യം വന്നതോടെ യുപിയിൽ ഇതുവരെ നാൽപ്പതോളം പേർ മരിച്ചുവെന്നാണ് വിവരം. പ്രാദേശിക പത്രങ്ങൾ നിൽകുന്ന വിവരം അനുസരിച്ച്, കമ്പളിവസ്ത്രങ്ങൾ ഒന്നുമില്ലാതെ റോഡരുകിൽ കിടന്ന് ഉറങ്ങിയവരാണ് മരിച്ചവരിൽ ഏറെയും. നേരം വെളുക്കുമ്പോഴേക്കും പലരും തണുത്ത് മരവിച്ച് കിടക്കുന്നതാണ് കണ്ടത്. പശുക്കൾക്ക് ഗോശാലയും, കോട്ടും, സംരക്ഷണ കേന്ദ്രവും ഒരുക്കുന്ന യോഗി ആദിത്യനാഥിന്റെ യുപിയിലാണ് ഈ സംഭവങ്ങൾ എന്നോർക്കണം.

എന്നാൽ ഡൽഹിയിൽ കെജ്രിവാൾ സർക്കാർ തെരുവിൽ കിടക്കുന്നവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവശേഷിക്കുന്നവർക്ക് പുതപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഡൽഹിയിൽ ഇത്തവണ തണുപ്പിനെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലും ശൈത്യം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇപ്പോൾ പകൽ താപനില 12 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പല പ്രദേശങ്ങളിലും തണുപ്പ് രൂക്ഷമാണ്. ഹരിയാനയിൽ കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പഞ്ചാബ്: 2.8, ചണ്ഡീഗഢ്: 8.8, രാജസ്ഥാൻ: മൈനസ് മൂന്ന്, ജമ്മുകശ്മീരിലെ ശ്രീനഗർ: മൈനസ് 5.6, പഹൽഗാം: മൈനസ് 12 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ താപനില.

ചൊവ്വാഴ്ചമുതൽ ഡൽഹി ഉൾപ്പെടുന്ന മേഖലയിൽ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മഴ പെയ്താൽ തണുപ്പിന്റെ കാഠിന്യമേറും. ശൈത്യം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില ക്രമരഹിതമാകുന്നതും ഗംഗസ്സമതലത്തിൽ രൂപപ്പെടുന്ന കാഠിന്യമേറിയ മൂടൽമഞ്ഞും ഉത്തരേന്ത്യയിലെ ഇപ്പോഴത്തെ അതിശൈത്യത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത് ഇനി കൂടുതൽ രൂക്ഷമായേക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ മേഖലയിൽനിന്നുള്ള ശീതക്കാറ്റിന്റെ (വെസ്റ്റേൺ ഡിസ്റ്റർബൻസ്) തീവ്രതയെയും ആവൃത്തിയെയും മാറ്റിമറിക്കുന്നു. ഇതാണ് വടക്കേ ഇന്ത്യയിലെ രൂക്ഷമായ ശൈത്യത്തിന് ഇടയാക്കുന്നത്. അതേസമയം, മധ്യ-ദക്ഷിണ മേഖലയിൽ അന്തരീക്ഷോഷ്മാവ് കൂടുന്നതിനും ഇത് ഇടയാക്കിയേക്കുമെന്ന് പുണെ ക്ലൈമറ്റ് ചേയ്ഞ്ച് റിസർച്ചിലെ (സിസിസിആർ) മുതിർന്ന ശാസ്ത്രജ്ഞൻ ഭൂപേന്ദർ ബി. സിങ് പറയുന്നു. വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇത്തരം രൂക്ഷഫലങ്ങൾ തീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

നൂറുവർഷത്തിനിടെ ഏറ്റവും കടുത്ത തണുപ്പാണ് ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്നത്. തുടർച്ചയായ 15 ദിവസങ്ങളിൽ ഡൽഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെൽഷ്യസ് വരെ ഡൽഹിയിൽ അന്തരീക്ഷ താപനില കുറഞ്ഞു. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്.

ഡൽഹിയിൽ 2.8 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു. 19.84 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. 1919 ഡിസംബറിൽ 19.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997-ലാണ്. 17.3 ഡിഗ്രി സെൽഷ്യസാണ് അന്നു രേഖപ്പെടുത്തിയത്.

അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മൂടൽ മഞ്ഞു മൂലം വിമാന സർവീസുകളും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. റോഡ് ഗതാഗതവും മൂടൽ മഞ്ഞു മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേയ്ക്ക് താഴ്ന്നത് ഡൽഹിയെ ശ്വാസംമുട്ടിക്കുന്നുമുണ്ട്. തണുപ്പിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചതും കാറ്റിന്റെ വേഗതക്കുറവുമാണ് ഇതിന് കാരണം.

ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങളും വനമേഖലയുടെ വ്യാപക നാശവുമാണ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നത്. ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടി എന്നിവ സ്ഥിതി കൂടുതൽ അപകടത്തിലേയ്ക്ക് എത്തിക്കുന്നു. അന്തരീക്ഷ മലിനീകരണം കൂടുമ്പോൾ മൂടൽമഞ്ഞിന്റെ രൂക്ഷതയും വർധിക്കും. ശീതക്കാറ്റിന്റെ ശക്തി വർധിക്കുമ്പോൾ അന്തരീക്ഷോഷ്മാവും അതിനനുസരിച്ച് താഴും.ഡൽഹി അടക്കമുള്ള നഗരങ്ങളിലെ കടുത്ത ശൈത്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകർ വിലയിരുത്തുന്നത്.

സാധാരണഗതിയിൽ വർഷത്തിൽ അഞ്ച്-ആറ് ദിവസം അതിരൂക്ഷമായ ശൈത്യം അനുഭവപ്പെടുന്നത് പതിവാണ്. എന്നാൽ ഈ വർഷം ഡിസംബർ 13ന് ശേഷം തുടർച്ചയായി അന്തരീക്ഷ താപനില താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് പതിവില്ലാത്തതാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞൻ ഡോ. ജനമണി പറയുന്നു. ഇത് ജനുവരി ആദ്യം വരെ തുടർന്നേക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP