Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്; വയനാട്ടിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്; കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുൾ പൊട്ടൽ സാധ്യത അധികമാണ്; മഴ ഓഗസ്റ്റ് 11 വരെ തുടരും'; കേരളത്തിൽ തുടർച്ചയായ മൂന്നാംവർഷവും പേമാരി സാധ്യത പ്രവചിച്ച് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകൻ പ്രദീപ് ജോൺ; വെതർമാന്റെ പോസ്റ്റുകൾ ചർച്ചയാവുമ്പോൾ

കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്; വയനാട്ടിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്; കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുൾ പൊട്ടൽ സാധ്യത അധികമാണ്; മഴ ഓഗസ്റ്റ് 11 വരെ തുടരും'; കേരളത്തിൽ തുടർച്ചയായ മൂന്നാംവർഷവും പേമാരി സാധ്യത പ്രവചിച്ച് സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകൻ പ്രദീപ് ജോൺ; വെതർമാന്റെ പോസ്റ്റുകൾ ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: കേരളത്തിൽ കനത്ത മഴപെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും വയനാട് അടക്കമുള്ളിടങ്ങളിൽ കൂടതൽ ശ്രദ്ധവേണമെന്നും ചൂണ്ടിക്കാട്ടി സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകനും വെതർമാൻ എന്ന് അറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശി പ്രീദീപ് ജോൺ.മഴയുടെ പുതിയ ട്രെന്റുകൾ വ്യക്തമാക്കി ഫേസ്‌ബുക്കിലൂടെയാണ് പ്രദീപ് വിവരങ്ങൾ കുറിച്ചത്. കേരളത്തിൽ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്റെ പേരിൽ വളരെപ്പേർ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോൺ.

പ്രദീപിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പറയുന്നത് ഇങ്ങനെ. 'ഇടുക്കിയിലേക്ക് മേഘ ബാന്റുകൾ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടിൽ ഇപ്പോൾ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ വരുന്ന മേഘങ്ങൾ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവർത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്‌നാട്ടിലെ ഗൂഢല്ലൂർ, പന്തല്ലൂർ പ്രദേശങ്ങൾ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണ്. വയനാട്ടിൽ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മൺസൂൺ മഴയാണ് കേരളത്തിൽ കുറവുണ്ടായിരുന്നത്. ഇത് ഓഗസ്റ്റ് 11വരെ മഴ തുടർന്നാൽ പൊസറ്റീവ് സോണിലെത്തും.'- പ്രദീപ് ചൂണ്ടിക്കാട്ടുന്നു.

വയനാട്ടിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുൾ പൊട്ടൽ സാധ്യത അധികമാണ്- പ്രദീപ് കുറിച്ചു. അതേ സമയം ഇപ്പോൾ തുടരുന്ന മഴ ഓഗസ്റ്റ് 11വരെ തുടരുമോ എന്ന ഒരു ഒരു ഫേസ്‌ബുക്ക് ഉപയോക്താവിന്റെ ചോദ്യത്തിന് 'യെസ്' എന്നാണ് പ്രദീപ് മറുപടി നൽകുന്നത്. കേരളത്തിൽ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാധ്യതകൾ പ്രവചിച്ച കാലവസ്ഥ വിദഗ്ധനാണ് പ്രദീപ് ജോൺ. ഫേസ്‌ബുക്കിൽ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതർമാൻ എന്ന പ്രദീപ് ജോണിന്റെ അക്കൗണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൃത്യമായ വിശകലനങ്ങൾ നടത്തിയശേഷമാണു പ്രവചനങ്ങൾ നടത്തുന്നത്.

മൂന്നാം വർഷവും അതിവർഷം പ്രവചിച്ച്  വെതർമാൻ

കേരളത്തിൽ തുർച്ചയായ മൂന്നാം വർഷവും കനത്ത മഴയുണ്ടാവുമെന്നും അത് കൃത്യമായി മാനേജ് ചെയ്യാൻ ആയില്ലെങ്കിൽ പ്രളയമാകുമെന്നും ആയിരുന്നു വെതർമാന്റെ നേരത്തെയുള്ള പ്രചാരണം. കഴിഞ്ഞ 150 വർഷത്തിനിടെകേരളത്തിൽ ഒരുതവണ മാത്രമാണ് അതിവർഷത്തിൽ ഹാട്രിക്കുണ്ടായത്. അത് 1920 കളിലായിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമോ?തെക്ക്-പടിഞ്ഞാറൻ കാലവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ പെയ്യുന്നത്. 2049 മില്ലിമീറ്റർ മഴ സാധാരണഗതിയിൽ കിട്ടാറുണ്ട്. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ കുറവായിരുന്നു. 2007 സംസ്ഥാനത്തിന് മികച്ച വർഷമായിരുന്നു. 2786 മില്ലിമീറ്റർ മഴ. പിന്നീട് 2013 വരെ കാര്യങ്ങൾ താരമതമ്യേന ശാന്തം. 2562 മി.മി. 18 വർഷത്തിനിടെ രണ്ട് സൂപ്പർ മൺസൂണുകളോടെ മൺസൂൺ മാജിക് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് മഴ കുറയുന്ന പ്രവണതയാണ് കണ്ടത്. 2018 ൽ സ്ഥിതിഗതികൾ മാറി. എന്നാൽ 2007, 2013 നേക്കാൾ കുറഞ്ഞ മഴ-2517 മി.മി. എന്നാൽ 2018 ലും 2019 ലും കുറഞ്ഞ സമയത്ത പെരുമഴ കേരളത്തെ പ്രളയത്തിലാഴ്‌ത്തി. 1961 നും, 1924 നും ശേഷമുള്ള ഏറ്റവും നാശം വിതച്ച പ്രളയം. 1946 ലും 1947 ലും 1959 ലും 1961 ലുമൊക്കെ വലിയപെരുമഴകൾക്ക് കേരളം സാക്ഷ്യം വഹിച്ചിരുന്നു.

വെതർമാൻ കണക്കുകൾ നിരത്തുന്നത് ഇങ്ങനെയാണ്.സംസ്ഥാനത്തെ പ്രളയത്തിൽ ആഴ്‌ത്തിയ മൂന്നു വർഷങ്ങൾ-1924, 1961, 2018. 1920 കളിലെ ഹാട്രിക് പ്രളയം നോക്കുക.

1922-2318 മി.മി
1923-2666 മി.മി
1924-3115 മി.മി

എന്നിങ്ങനെയാണ്് മഴ കിട്ടിയത്. മറ്റൊരു ഹാട്രിക് കൂടിവരുമോ?2300 മി.മി. മഴ പെയ്യുന്ന മറ്റൊരു ഹാട്രിക്കിന് സാധ്യതയുണ്ടോ എന്നാണ് പ്രദീപ് ജോൺ പരിശോധിക്കുന്നത്.

2018-2517 മി.മി
2019-2310 മി.മി
2020 എങ്ങനെയായിരിക്കും?

ലോങ് റേഞ്ച് മോഡലുകളുടെ വിശകലനത്തിൽ കേരളത്തിൽ ഈവർഷവും നല്ല മഴ കിട്ടും. കഴിഞ്ഞ കാല കണക്കുകൾ വച്ച് പരിശോധിക്കുമ്പോൾ, 2300 മി.മി ലേറെ മഴ ഇത്തവണയും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്നാണ് വെതർമാൻ പറയുന്നത്.അതേസമയം, കാലവർഷം സാധാരണമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്.

ശാസ്ത്രീയ നിഗമനങ്ങളിലൂടെ ഏവരെയും അമ്പരിപ്പിക്കുന്നു

കാലാവസ്ഥാ വകുപ്പിനേക്കാൾ പലർക്കും വിശ്വാസം പ്രദീപ് ജോൺ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. തമിഴ്‌നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡെപ്യൂട്ടി മാനേജരാണ് ഇദ്ദേഹം.

എക്കണോമിക്‌സിൽ എംബിഎ നേടിയ പ്രദീപ് 1996ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്. 1996 ജൂണിൽ ചെന്നൈയിൽ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയിൽ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടിൽ തന്നെ കുടുങ്ങിപ്പോയി. 700 മില്ലിമീറ്റർ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തിൽ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകൾ വീടുകളിൽ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാൽക്കണിയിൽ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയേ ആയിരുന്നു. അന്നു മുതൽ മഴയെക്കുറിച്ച് പഠിക്കാൻ ആരംഭിച്ച പ്രദീപ് 2010-ൽ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങൾ ഉൾപ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകൾക്കായി ലേഖനങ്ങൾ തയാറാക്കി. 2012ലാണ് പ്രദീപ് ഫേസ്‌ബുക്കിൽ വെതർമാൻ എന്ന പേജ് ആരംഭിക്കുന്നതും കാലാവസ്ഥാ വിവരങ്ങൾ പങ്കുവച്ചു തുടങ്ങിയതും. ഓരോ കാലവർഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങൾ തേടി ആയിരങ്ങൾ ഒഴുകിയെത്തി തുടങ്ങി.

2010ൽ ലൈല ചുഴലിക്കാറ്റ് ചെന്നെയിൽ ആഞ്ഞടിച്ചപ്പോൾ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങൾ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങൾ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൃത്യമായ വിശകലനങ്ങൾ നടത്തിയശേഷമാണു പ്രവചനങ്ങൾ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികൾ ഒഴിവാക്കി സാധാരണക്കാർക്കു മനസിലാക്കുന്ന തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്. വാർധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിൽ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.

ഇത്തവണയും പ്രദീപിന്റെ മുന്നറിയിപ്പ് ശരിയാകുമോ. വരുന്ന ഒരാഴ്ചക്കുള്ളിൽ നമുക്ക് അത് കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP