Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്കു വേണം എന്നും പറഞ്ഞ വിനായകൻ അവർക്ക് വിശുദ്ധൻ; അന്ന് വിധു വിൻസന്റിനോട് വിശദീകരണം ചോദിച്ചത് ദിലീപിനെ വെച്ച് സിനിമയെടുത്ത ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിന്റെ പേരിൽ; ഇപ്പോൾ റിമ സിനിമയെടുക്കുന്നത് ആരോപണ വിധേയനായ വിനായകന്റെ നേതൃത്വത്തിൽ; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ

കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്കു വേണം എന്നും പറഞ്ഞ വിനായകൻ അവർക്ക് വിശുദ്ധൻ; അന്ന് വിധു വിൻസന്റിനോട് വിശദീകരണം ചോദിച്ചത് ദിലീപിനെ വെച്ച് സിനിമയെടുത്ത ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിന്റെ പേരിൽ; ഇപ്പോൾ റിമ സിനിമയെടുക്കുന്നത് ആരോപണ വിധേയനായ വിനായകന്റെ നേതൃത്വത്തിൽ; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ

കെ വി നിരഞ്ജൻ

കോഴിക്കോട്: നടൻ വിനായകൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കാനൊരുങ്ങുകയാണ് നടി റിമ കല്ലിങ്കലും ആഷിഖ് അബുവും. ഈ സാഹചര്യത്തിൽ റിമ ഉൾപ്പെടുന്ന മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് സംവിധായിക വിധു വിൻസെന്റിനോട് കാണിച്ച വിവേചനം ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ . ആരോപണ വിധേയനായ നടൻ ദിലീപിനെ നായകനാക്കി സിനിമയൊരുക്കിയ ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിനെത്തുടർന്നാണ് റിമയും ഡബ്ല്യു സി സിയും വിധു വിൻസെന്റിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇതേ റിമയാണ് ഇപ്പോൾ മറ്റൊരു സംഭവത്തിൽ ആരോപണ വിധേയനായ വിനായകന്റെ സിനിമ ഒരുക്കുന്നത്.

വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ മൃദുലാദേവി എന്ന ആക്്റ്റീവിസ്റ്റിനെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ അപഹസിച്ചത്. പരിപാടിക്ക് വിളിച്ച തന്നോട് 'കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്കു വേണം' എന്നും വിനായകൻ പറഞ്ഞതായാണ് യുവതിയുടെ പരാതി. വിനായകനെതിരായി പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ തന്നെ എത്തിയിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരാളെന്ന നിലയിലും താൻ ഇതിൽ പൂർണമായും യുവതിക്കൊപ്പമാണ് എന്നായിരുന്നു റിമയുടെ പ്രസ്താവന. ദലിതനും സ്ത്രീയും എന്ന നിലയിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളുമായി പൊരുതുന്ന ഒരാളാണ് യുവതി. അതിന്റെ ആഴം നമ്മൾ വിചാരിക്കുന്നതിലും അധികമാണ്. ഡബ്യു സി സിയിൽ ഒരു അംഗമെന്ന നിലയിൽ ഒരു സ്ത്രീയെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയെയും സംഘടന ശക്തമായി അപലപിക്കുകയും അവളുടെ അഭിമാനത്തെ ഹനിക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നു പറഞ്ഞ റിമ തന്നെയാണ് യുവതി ഇപ്പോഴും പരാതിയുമായി മുന്നോട്ട് പോകുന്നതിനിടെ വിനായകന്റെ സിനിമ പ്രഖ്യാപിച്ചത്.

ഇക്കാര്യത്തിൽ സംഘടനയിലെ മറ്റ് അംഗങ്ങളും മൗനത്തിലാണ്. എന്നാൽ വിധുവിന്റെ സ്റ്റാൻഡ് അപ്പ് എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയായി ബി ഉണ്ണിക്കൃഷ്ണൻ വന്നപോൾ റിമയും സംഘടനയിലെ മറ്റ് അംഗങ്ങളും അവർക്കെതിരെ രംഗത്തു വന്നിരുന്നു. ഡബ്ല്യു സി സിക്ക് ഇരട്ടത്താപ്പും വരേണ്യചിന്തയുമെന്ന് സംവിധായിക വിധു വിൻസന്റ് തന്നെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഫെഫ്ക ജനറൽ സെക്രട്ടറികൂടിയായ ബി ഉണ്ണിക്കൃഷ്ണൻ 'സ്റ്റാൻഡ് അപ്പി'ന്റെ നിർമ്മാതാക്കളിൽ ഒരാളായത് ഡബ്ല്യുസിസിയിലെ ചില അംഗങ്ങൾ വിവാദമാക്കുകയും അതിന്റെ പേരിൽ വിവേചനം കാണിച്ചെന്നുമായിരുന്നു വിധു പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്തയാൾ എന്ന നിലയിലായിരുന്നു ഉണ്ണിക്കൃഷ്ണനോടുള്ള സംഘടനയുടെ എതിർപ്പ്. സിനിമാരംഗത്തെ തൊഴിലാളി സംഘടനയുടെ നേതാവ് എന്ന നിലയിലാണ് വിധു അദ്ദേഹത്തിന്റെ സഹായം തേടിയത്. ഉണ്ണിക്കൃഷ്ണൻ ഏതെങ്കിലും കേസിലെ പ്രതിയല്ല. ദിലീപുമായി ബന്ധമുള്ളവരും പരസ്യപിന്തുണ നൽകിയവർക്കുമൊപ്പം ഡബ്ല്യുസിസിയിലെ മറ്റു പലരും സിനിമയിൽ സഹകരിക്കുമ്പോഴാണ് വിധുവിനെ മാത്രം സംഘടന ആക്രമിച്ചത്.

സംഘടനാ പ്രതിനിധിയായ പാർവ്വതി നായികയായ ഉയരേയിൽ സിദ്ദിഖ് ഉൾപ്പെടെ അഭിനയിച്ചിരുന്നു. എന്നാൽ സംഘടനയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ആക്രമിക്കപ്പെട്ട സുഹൃത്തിന്റെ കാര്യത്തിൽമാത്രം നിലപാട് ഉറക്കെ പറയുകയും നിർമ്മാതാവിനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തിൽ 'ഇതുവരെ മതി ഇടപെടലുകൾ'എന്നു തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെക്കുറിച്ച് പറയുന്ന സംഘടനയ്ക്ക് ചേർന്നതല്ലെന്നായിരുന്നു വിധു നേരത്തെ പറഞ്ഞത്.

വിനായകന്റെ ചിത്രത്തിന് പിന്തുണയുമായി പരാതിക്കാരി

ഇതേ സമയം വിനായകൻ സംവിധായകനാവുന്ന സിനിമയ്ക്ക് പിന്തുണയുമായി അദ്ദേഹത്തിനെതിരെ കേസു കൊടുത്ത മൃദുലാദേവിയും രംഗത്തെത്തിയിട്ടുണ്ട്.

'നടൻ വിനായകൻ സംവിധായകൻ ആകുന്ന വാർത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദലിത് പ്രാതിനിധ്യങ്ങൾ സമസ്ത മേഖലയിലും എത്തണം എന്നുള്ളത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ഇതിനെയും ദലിത് ജനതയുടെ പ്രാതിനിധ്യം ആയി തന്നെ കാണുന്നു.ഞാൻ വാദിയും വിനായകൻ എതിർ കക്ഷിയുമായുള്ള വെർബൽ സെക്ഷ്വൽ ഹറാസ്മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാർ ഈ ഘട്ടത്തിൽ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. എനിക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ എനിക്കൊപ്പം നിൽക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. നടനുമായി റിമയെന്നല്ല ആരും അഭിനയിക്കുന്നതിനോ, കലാപരമായ പ്രോജക്ടുകൾ ചെയ്യുന്നതിനോ ഞാൻ എതിരല്ല എന്ന് റിമയോട് അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു . പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങൾക്കെതിരെ എക്കാലവും ഞാൻ ഉണ്ടാകും എന്നും അദ്ദേഹം നടത്തിയ വെർബൽ റേപ്പിനെതിരെ ശക്തമായി മുന്നോട്ടു പോകും എന്നുമാണ് എന്റെ പഴയ എഫ് ബി പോസ്റ്റിൽ ഞാൻ വ്യക്തമാക്കിയിരുന്നത്. ഞാനിന്നും അതേ നിലപാടിൽ തന്നെയാണ്.
ഇപ്പോൾ വിനായകൻ സംവിധായകൻ ആകുന്നതിനെതിരെ സംസാരിക്കുന്നവർ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്ത്യൻ സിനിമയിൽ, ലോകസിനിമയിൽ, മലയാള സിനിമയിൽ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴിൽ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടൻ വിനായകൻ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാൽ എന്റെ വിഷയം പറഞ്ഞു നടൻ സംവിധായകൻ ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങൾ എന്നിലെ അംബേദ്കർ ചിന്താധാരയ്ക്കു യോജിക്കാൻ ആവുന്നതല്ല. ആഷിഖ് അബു ഇന്ത്യയിൽ അപരവത്കരണം അനുഭവിക്കുന്ന മുസ്ലിം സമൂഹത്തിൽ നിന്നുള്ള വ്യക്തി ആണ്.ഇന്ത്യയിൽ ദലിതുകളുമതെ. വിനായകനും ആഷിക് അബുവും ഒന്നിക്കുന്നത് ദലിത് /മുസ്ലിം സഹോദര്യമായിക്കൂടി ഞാൻ കണക്കാക്കുന്നു.

കോടതിയിലേക്ക് പോയ എന്റെ കേസിൽ റിമ എനിക്ക് അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. മുന്നോട്ടും അങ്ങനെ തന്നെ ആവും എന്നുറപ്പുണ്ട്. എനിക്കുള്ള ഉത്തരം ഇന്ത്യൻ നീതിന്യായവ്യവസ്ഥ ആണ് നൽകേണ്ടത്. ഞാൻ അതിനുള്ള തെളിവുകൾ നൽകിയിട്ടുണ്ട്. ആ മറുപടി എനിക്ക് അവിടെ നിന്ന് ലഭിക്കും. മലയാള സിനിമ അതിന്റെ ജോലി ചെയ്യട്ടെ. എന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ അനുവദിച്ചാൽ ചിത്രം പുറത്തിറങ്ങുമ്പോൾ കാണുകയും ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കുകയും ഇഷ്ടപ്പെട്ടാൽ ചേർത്തു പിടിക്കുകയും ചെയ്യും. ദലിത് പുരുഷൻ ദലിത് സ്ത്രീകൾക്കെതിരെ ആക്രമണം നടത്തിയാൽ, ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചാൽ സഹോദരൻ എന്ന് കരുതി ക്ഷമിക്കണം എന്ന തെറ്റായ സന്ദേശം സമൂഹത്തിനു നൽകാതെ അവരെ തിരുത്തി സ്ത്രീ വിരുദ്ധത ഒഴിവാക്കി മുഖ്യധാരയിൽ സജീവമാക്കുക എന്നുള്ളതാണ് യഥാർത്ഥ ദലിത് സ്നേഹം എന്ന് ഞാൻ വിശ്വസിക്കുന്നു. ഉറച്ച നിലപാടുകളോടെ, മറ്റൊരു സ്ത്രീയേയും കേവലം ശരീരമാണെന്ന് കണക്കാക്കി അപമാനിക്കാതെ വിനായകൻ സിനിമയിൽ നിലകൊള്ളണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കെതിരെ വിനായകൻ നടത്തിയ വെർബൽ അബ്യൂസ് ഇപ്പോഴും ഏറ്റവും അറപ്പോടെ ഞാൻ ഓർക്കുവാനിഷ്ട്ടപ്പെടാത്ത വേദനയുടെ കാലമാണ്, ഉറങ്ങാതെ കരഞ്ഞ കാലമാണ്. ഒരു ദലിത് സ്ത്രീയെന്ന കരുത്തിൽ കേസ് മുന്നോട്ട് തന്നെ കൊണ്ട് പോകും '.- മൃദുലാ ദേവി പോസ്റ്റിൽ വ്യക്തമാക്കി.

വിമർശിക്കുമ്പോൾ പോലും 'എൻ മാന്യ കൂട്ട് സ്നേഹിതാ' എന്നുര ചെയ്ത പൊയ്കയിൽ അപ്പച്ചന്റെ വചനങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് കേസുമായി മുന്നോട്ട് പോകുമ്പോഴും, റിമയുടെയും വിനായകന്റെയും,ആഷിക് അബുവിന്റെയും സംരംഭത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഈ ന്യായീകരണങ്ങൾ വരുമ്പോഴും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുകയാണ്. കുറ്റം ചെയ്തവർക്കും ആരോപിതർക്കും സിനിമ ചെയ്യാമെങ്കിൽ ബി ഉണ്ണികൃഷ്ണന് ദിലീപിനെ വെച്ച് സിനിമ ചെയ്തു കൂടേ. സിദ്ദിഖിനൊപ്പം പാർവ്വതിക്ക് അഭിനയിക്കാമെങ്കിൽ ഉണ്ണികൃഷ്ണന് വിധുവിന്റെ സിനിമ നിർമ്മിച്ചു കൂടേ. ഉണ്ണിക്കൃഷ്ണൻ സിനിമ നിർമ്മിച്ചതിന്റെ പേരിൽ വിധു വിശദീകരണം നൽകണമെന്ന് പറഞ്ഞ റിമ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടേ. ചോദ്യങ്ങൾ ചോദിക്കുന്നവരെയെല്ലാം സംഘ പരിവാറുകാരാക്കി മുന്നോട്ട് പോകാനാണോ ഡബ്ല്യു സി സി യുടെയും തീരുമാനം എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP