Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതിപ്പെട്ടപ്പോൾ വിദേശത്തേക്ക് മാറി നിൽക്കുകയൂം അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയുമാണ് അയാൾ ചെയ്തത്; പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാനും ശ്രമമുണ്ടായി; കുറ്റാരോപിതരുടെ സ്ഥിരം പാറ്റേൺ, സത്യം തെളിയിക്കൽ കുറ്റകൃത്യം പോലെ ഭീകരം; വിജയ് ബാബുവിന്റെ ജാമ്യത്തിൽ ഡബ്ല്യുസിസി

പരാതിപ്പെട്ടപ്പോൾ വിദേശത്തേക്ക് മാറി നിൽക്കുകയൂം അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയുമാണ് അയാൾ ചെയ്തത്; പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാനും ശ്രമമുണ്ടായി; കുറ്റാരോപിതരുടെ സ്ഥിരം പാറ്റേൺ, സത്യം തെളിയിക്കൽ കുറ്റകൃത്യം പോലെ ഭീകരം; വിജയ് ബാബുവിന്റെ ജാമ്യത്തിൽ ഡബ്ല്യുസിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി വിമൺ ഇൻ സിനിമാ കലക്ടീവ്. കുറ്റാരോപിതരുടെ സ്ഥിരം പാറ്റേണാണ് കേസിലുണ്ടായതെന്നാണ് ഡബ്ല്യുസിസി ആരോപിക്കുന്നത്. സത്യം തെളിയിക്കൽ കുറ്റകൃത്യം പോലെ ഭീകരമാണെന്ന ചോദ്യവും സംഘടന ഉയർത്തുന്നു.

നടി വിജയ് ബാബുവിനെതിരെ പരാതിപ്പെട്ടപ്പോൾ വിദേശത്തേക്ക് മാറി നിൽക്കുകയൂം അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയുമാണ് അയാൾ ചെയ്തത്. പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാനും ശ്രമമുണ്ടായി. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്ന് ഡബ്ല്യുസിസി പറയുന്നു.

അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിഷയത്തിൽ തങ്ങൾ നടിക്കൊപ്പം ആണെന്ന് സംഘടന അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂട് അനുസരിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പൊലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :

1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ് .

പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP