Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനുജന്റെ കാണാതായ നായയെ തിരക്കി നായ്ക്കളെ കൂട്ടി കാപ്പിത്തോട്ടത്തിലേക്ക്; എന്തോ കണ്ട് ഭയക്കുന്ന പോലെ തന്റെ രണ്ട് നായ്ക്കളും പിൻവലിഞ്ഞപ്പോൾ പന്തികേട് തോന്നി; സഹോദരന്റെ കാണാതായ നായ മുന്നിൽ പകുതി ഭക്ഷിച്ച നിലയിൽ കിടക്കുന്നു, തൊട്ടപ്പുറത്ത് കടുവയും; എന്നേക്കാൾ മുൻപേ ഭയന്ന് നായകൾ പിന്തിരിഞ്ഞോടിയതോടെ പിന്നീട് പ്രാണരക്ഷ മാത്രമായിരുന്നു ലക്ഷ്യം; കടുവയെ മുുഖാമുഖം നേരിട്ട അനുഭവത്തെക്കുറിച്ച ഗിരീഷ് പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ : സഹോദരന്റെ വളർത്തുനായയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനിറങ്ങിയ യുവാവ് കടുവയെ നേരിട്ടത് മുഖാമുഖം. ചീരാൽ പണിക്കർ പടി മണ്ണിൽ എം.എസ്.ഗിരീഷാണ് തന്റെ നായ്ക്കളുമായി സഹോദരന്റെ കാണാതായ നായയെ തിരഞ്ഞ് ഇറങ്ങിയത്. കടുവയെ കണ്ടിട്ടും വളർത്തുനായ്ക്കൾ പിന്തിരിഞ്ഞ് ഓടിയിട്ടും ഗിരീഷ് ഓടിയില്ല. പതറി നിൽക്കുകയായിരുന്നു.

സഹോദരൻ രാജേഷിന്റെ വീടിന് അടുത്ത് തന്നെയണ് ഗിരീഷിന്റേയും വീട്. രണ്ടുനാൾ മുൻപ് കാണാതെ പോയ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ തിരക്കിയാണ് പറമ്പിലേക്ക് ഇറങ്ങിയത്. വീട്ടിൽ നിന്ന് കാപ്പിത്തോട്ടത്തിലേക്ക് നടന്നു നോക്കി. 50 മീറ്റർ നടന്നതല്ലാതെ പിന്നെ നായ്ക്കൾ നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് എന്തോ പന്തികേടുണ്ടെന്ന് മനസിലായതെന്ന് ഗിരീഷ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് നായ്ക്കളുമായി കാപ്പിത്തോട്ടത്തിലേക്ക് ഇറങ്ങിയപ്പോൾ കടുവയെ കണ്ടത്. മുന്നോട്ടു പോകാൻ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ നാലഞ്ചടി കൂടി പോയതല്ലാതെ നായ്ത്കൾ കൂട്ടാക്കിയില്ല.

ഒടുവിൽ കുരയും നിർത്തി. ഭയന്നതു പോലെ ഗിരീഷിന്റെ കാലുകളോട് ചേർന്ന് നിൽക്കുകയാണ് നായ്ക്കൾ രണ്ടും. പിന്നീടുള്ള അനുഭവങ്ങൾ ഗിരീഷ് പറുന്നത് ഇങ്ങനെ:-നായ്ക്കൾ ഭയന്ന് നിന്നപ്പോഴാണ് കുറച്ചു മുൻപിലായി പുല്ലിൽ രക്തം കാണുന്നത്. എനിക്ക് പന്തികേട് തോന്നി.നായ്ക്കൾ മുന്നോട്ടു പോകാതായതോടെ സമീപത്തുള്ള ചെറിയ തിണ്ടിൽ നിന്ന് ഞാൻ താഴേക്ക് ചാടി. കാൽ മണ്ണിൽ അമർന്നതും മുന്നിലെ കാഴ്ച കണ്ട് ഞാൻ ഭയന്നു പോയി. സഹോദരന്റെ കാണാതായ നായ മുക്കാൽ ഭാഗവും ഭക്ഷിക്കപ്പെട്ട നിലയിലും കടുവ തൊട്ടടുത്തും കിടക്കുന്നു. തൊട്ടടുത്തേക്ക് ഞാൻ ചാടിയെത്തിയിട്ടും കടുവയ്ക്ക് ചെറിയ അനക്കം പോലും ഉണ്ടായില്ല. എന്നെത്തെന്നെ നോക്കിക്കൊണ്ടാണ് കടുവ കിടക്കുന്നത്.

തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന നായ്ക്കൾ രണ്ടും മൂളിക്കൊണ്ട് വീട്ടിലേക്കോടുന്നത് കണ്ടു. പിന്നെ ഞാനും നിന്നില്ല, ഓടി. പിന്നീട് വിവരമറിഞ്ഞാണ് എല്ലാവരും എത്തിയത്. ഫൊട്ടോഗ്രഫർ ജിതേഷ് എത്തിയാണ് കടുവയുടെ ചിത്രം പകർത്തിയത്. ആളുകൾ കൂടുതലെത്തിയതോടെ കടുവ പതിയെ നടന്നു.

ഇന്നു രാവിലെ 7 മണിയോടെയാണ് കടുവയെ കണ്ടത്. പണിക്കർ പടി മണ്ണിൽ എം.എസ്.രാജേഷിന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിലെത്തിയാണ് നായയെ കൊന്നു തിന്നത്. മുക്കാൽ ഭാഗവും ഭക്ഷിച്ച നായയുടെ അരികിലായാണ് കടുവയുണ്ടായിരുന്നത്. രാജേഷിന്റെ അനുജൻ ഗിരീഷാണ് കടുവയെ ആദ്യം നേരിൽ കണ്ടത്.

തുടർന്ന് നാട്ടകാരും വനപാലകരും സ്ഥലത്തെത്തി കടുവയെ നിരീക്ഷിച്ചു. കടുവ അപ്പോഴും സ്ഥലത്തു തന്നെയുണ്ടായിരുന്നു. ജനസാന്നിധ്യം വർധിച്ചപ്പോൾ കാപ്പിത്തോട്ടത്തിൽ നിന്ന് കടുവ എഴുന്നേൽക്കുകയും താഴെ വയലിലേക്ക് നടന്നു നീങ്ങുകയും ചെയ്തു. പുല്ലു നിറഞ്ഞ വയലായതിനാൽ കടുവയെ പിന്നീട് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് കടുവ ചീരാൽ സ്‌കൂൾ കുന്നിലും വൈകുന്നേരത്തോടെ വല്ലത്തൂർ ഭാഗത്തും എത്തിയെന്നാണ് വനപാലകർ പറയുന്നത്.

കടുവ ജനവാസ കേന്ദ്രത്തിൽ ഉണ്ടെന്നറിഞ്ഞതോടെ വനംവകുപ്പ് പ്രദേശത്ത് മൈക്കിലൂടെ ജാഗ്രതാ നിർദ്ദേശം നൽകി. ആളുകൾ കൂട്ടത്തോടെ നിൽക്കരുതെന്നും ഇടവഴികളിലൂടെ അശ്രദ്ധമായി നടക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. വൈകുന്നേരമായിട്ടും കടുവയെ കാട്ടിലേക്ക് തുരത്താൻ കഴിഞ്ഞിരുന്നില്ല. കെണി സഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശമില്ലാതെ കൂട് സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. കടുവ വലിയ പ്രശ്‌നക്കാരനായിട്ടില്ലെന്നും വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.കെ.അനിൽകുമാർ പറഞ്ഞു.

എങ്കിലും മുൻകരുതലായി വനംവകുപ്പ് ഒരു കൂട് പ്രദേശത്ത് എത്തിച്ചു. നിർദ്ദേശം ലഭിച്ചാൽ ഉടൻ സ്ഥാപിക്കും. അതേ സമയം കൂടു സ്ഥാപിക്കാത്തതിൽ ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാർ പ്രതിഷേധമറിയിച്ചു.ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ ഒരു പശുവിന്റെ പുറത്ത് മാന്തിയ പാടുണ്ടായിരുന്നു. കടുവയാണോ അതെന്നും പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP