Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

രക്തസാക്ഷികളെ സൃഷ്ടിച്ച് സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ഗൂഢാലോചന; മുഖ്യമന്ത്രിയുടെ വിനാശത്തിന് കണ്ണൂരിൽനിന്ന് ഒരാൾ ഓഫിസിൽ ചുമതല ഏറ്റിട്ടുണ്ടെന്ന് വിഡി സതീശൻ; രാഹുലിനെ തൊട്ടവർക്കെതിരെ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; അന്വേഷണത്തിന് മനോജ് എബ്രഹാം; വയനാട്ടിൽ 'വാഴ വച്ചവർക്ക്' പിന്നിൽ ആര്?

രക്തസാക്ഷികളെ സൃഷ്ടിച്ച് സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ഗൂഢാലോചന; മുഖ്യമന്ത്രിയുടെ വിനാശത്തിന് കണ്ണൂരിൽനിന്ന് ഒരാൾ ഓഫിസിൽ ചുമതല ഏറ്റിട്ടുണ്ടെന്ന് വിഡി സതീശൻ; രാഹുലിനെ തൊട്ടവർക്കെതിരെ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; അന്വേഷണത്തിന് മനോജ് എബ്രഹാം; വയനാട്ടിൽ 'വാഴ വച്ചവർക്ക്' പിന്നിൽ ആര്?

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ റാലിയിൽ പങ്കെടുക്കും.

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും രംഗത്ത് വരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. ആക്രമണം നടക്കുമ്പോൾ സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്‌പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കൽപ്പറ്റ ഡിവൈഎസ്‌പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അന്വേഷണത്തിന്റെ ഭാഗമായി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എംപിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. തുടർന്ന് ഓഫീസ് ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ഓഫീസ് ആക്രമണത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴ വച്ച എസ് എഫ് ഐക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രവും തകർത്തു. ഇതാനും വിദ്യാർത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും കോൺഗ്രസ് പ്രതിഷേധത്തിന്റെ വീര്യം കുറയ്ക്കില്ല. അതിനിടെ പ്രതിഷേധ പശ്ചാത്തലത്തിൽ വയനാട്ടിലെ കോൺഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. കേരളത്തിൽ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് എം പി എം കെ രാഘവൻ വയനാട് എത്തിയിട്ടുണ്ട്. ദേശീയ പാതയടക്കം ഉപരോധിച്ച് പാലക്കാട് വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. തിരുവനന്തപുരത്തും പ്രതിഷേധം ഉയരും. അങ്ങനെ കേരളത്തിലാകെ പ്രതിഷേധം അലയൊലിക്കാനാണ് സാധ്യത. അതുകൊണ്ട് പൊലീസും ജാഗ്രതയിലാണ്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ഡൽഹിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് അടിച്ചുതകർത്ത സംഭവത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥി സംഘടന പ്രവർത്തിക്കേണ്ട രീതി ഇതല്ല. ഒരു രാഷ്ട്രീയ നേതാവിന്റെയും എംപിയുടെയും ഓഫിസിൽ അതിക്രമം കാണിച്ചല്ല പ്രതിഷേധിക്കേണ്ടത്; വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് -യെച്ചൂരി പറഞ്ഞു. രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ തിരിച്ചടിക്കാനുള്ള കപ്പാസിറ്റിയും നട്ടെല്ലും കോൺഗ്രസിനുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതികരിച്ചു. എസ്.എഫ്.ഐയുടേത് തെണ്ടിത്തരവും തെമ്മാടിത്തരവും ചന്തയിലെ കുട്ടികൾ പോലും ചെയ്യാത്ത പ്രവൃത്തിയുമാണ്. അണികളെ സിപിഎം നിലക്കുനിർത്തുന്നില്ലെങ്കിൽ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും. അദ്ദേഹം പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐക്കാർ പ്രകടനം നടത്തേണ്ടത് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. പേരാവൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംരക്ഷിത വനമേഖലകളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിധിയിൽ ഒരു കി.മീ. ബഫർ സോൺ നിശ്ചയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്. മുഖ്യമന്ത്രിക്കുനേരെ വിരൽചൂണ്ടുന്ന സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ കേരളത്തിൽ രണ്ടാം കലാപാഹ്വാനമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്നത്.

രക്തസാക്ഷികളെ സൃഷ്ടിച്ച് സ്വർണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുകയാണ്. മുഖ്യമന്ത്രിയുടെ വിനാശത്തിന് കണ്ണൂരിൽനിന്ന് ഒരാൾ അദ്ദേഹത്തിന്റെ ഓഫിസിൽ ചുമതല ഏറ്റിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP