Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ല

മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കനത്ത മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇത് സംബന്ധിച്ച തമിഴ്‌നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയിൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദ്ദേശവും തമിഴ്‌നാട് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. രണ്ടു കൺട്രോൾ റൂമുകൾ തുറന്നു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാർ തുറന്നാലുള്ള വെള്ളം നിലവിൽ ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.

140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. നിലവിൽ കുമളി, അടിമാലി ഉൾപ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധനവില്ല. നിലവിൽ ഒരു ഷട്ടർ മാത്രമാണ് ഇടുക്കിയിൽ തുറന്നുവെച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തിൽ പലയിടങ്ങളിലും കെ.കെ.ആർ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സിന്റെ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു.

വരും മണിക്കൂറുകളിലും ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബർ 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. കോട്ടയം വണ്ടൻപതാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമൺപാറയിൽ വെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റിൽ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകൾ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.

ഉച്ചക്ക് മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈൽ എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയർന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാർക്കയം റോഡിലെ കടകളിൽ നിന്നും സാധനങ്ങൾ മാറ്റി തുടങ്ങി.

വണ്ടൻപതാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവിൽ മുണ്ടക്കയം ക്രോസ്സ്വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളിൽ നിന്നും വെള്ളം ഉയർന്നതിനാൽ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. 26-ാം മൈൽ ജംഗ്ഷനിലും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെ പാർക്കിങ് സ്ലോട്ടിലും തോട്ടിൽ നിന്നുമുള്ള ജലം ഉയർന്നതിനെ തുടർന്ന് വെള്ളം കയറി.

ഈമാസം 24 വരെ കനത്ത മഴ പ്രവചിച്ചിരുന്നതിനാൽ ഉരുൾപോട്ടൽ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. കൂട്ടിക്കൽ, പൂഞ്ഞാറിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ എന്നിവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴയെ തുടർന്ന് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടിരുന്നില്ല. ഇനിയൊരു ദുരന്തത്തിൽ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയം. സീതത്തോട്, കോട്ടമൺ പാറയിലും ആങ്ങമൂഴി, തേവർമല വനമേഖലയിലും റാന്നി, കുറമ്പന്മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീവും ഉരുൾ പൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമൺ പാറയിൽ വെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി. ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്ത കാറാണ് ഒഴുക്കിൽപെട്ടത്. ഇയാളുടെ പുരയിടത്തിലെ കാലിത്തൊഴുത്തും റബർപുരയും വെള്ളപ്പാച്ചിലിൽ തകർന്നു. ആങ്ങമൂഴി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.

ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളിൽ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ലേറേഞ്ചിൽ പ്രത്യേകിച്ച് തൊടുപുഴയിൽ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തിൽ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു.

യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഒക്ടോബർ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
ഒക്ടോബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ഒക്ടോബർ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP