Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സാധാരണകുടുംബം രണ്ടുമാസത്തിൽ 40 കിലോ ലിറ്റർവരെ വെള്ളം ഉപയോഗിക്കും; നിലവിൽ ഇവർക്കുള്ള നിരക്ക് 176 രൂപ; പുതിയ ബില്ലിൽ ഇ 576 രൂപ വരെയായി ഉയരും; വെള്ളക്കരത്തിലെ ഇരുട്ടടിക്ക് വിജ്ഞാപനമായി; ബജറ്റിലെ ഇന്ധന സെസ് ബഹളങ്ങൾക്കിടെ വെള്ളക്കരം കൂട്ടിയപ്പോൾ

ഒരു സാധാരണകുടുംബം രണ്ടുമാസത്തിൽ 40 കിലോ ലിറ്റർവരെ വെള്ളം ഉപയോഗിക്കും; നിലവിൽ ഇവർക്കുള്ള നിരക്ക് 176 രൂപ; പുതിയ ബില്ലിൽ ഇ 576 രൂപ വരെയായി ഉയരും; വെള്ളക്കരത്തിലെ ഇരുട്ടടിക്ക് വിജ്ഞാപനമായി; ബജറ്റിലെ ഇന്ധന സെസ് ബഹളങ്ങൾക്കിടെ വെള്ളക്കരം കൂട്ടിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനസെസും നിരക്കുവർധനയും ഏർപ്പെടുത്തിയ ബഹളങ്ങൾക്കിടെ കുടിവെള്ളക്കരം കൂടി. ഇനി വെള്ളം ഉപയോഗിക്കുമ്പോൾ മലയാളി കൂടുതൽ ശ്രദ്ധിക്കണം. ശനിയാഴ്ചമുതൽ വർധന പ്രാബല്യത്തിൽവരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്. പെട്രോൾ സെസ് വിവാദത്തിനിടെ വിജ്ഞാപനം ഇറക്കിയത് തന്നെ ഈ വില കൂടൽ ചർച്ചകളിലും ശ്രദ്ധയിലേക്കും വരാതിരിക്കാനാണ്. കുടിവെള്ളക്കരം കൂട്ടാൻ ജനുവരിയിൽ എൽ.ഡി.എഫ്. അനുമതി നൽകിയിരുന്നു.

ജല അഥോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപമുതൽ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതൽ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതൽ പുതിയനിരക്കിൽ നൽകണം. ഇതിനുമുമ്പ് 2016-ൽ നിരക്കുകൂട്ടിയിരുന്നു. രണ്ടുവർഷംമുമ്പ് വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

ഒരു സാധാരണകുടുംബം രണ്ടുമാസത്തിൽ 40 കിലോ ലിറ്റർവരെ വെള്ളം ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വെള്ളം ഉപയോഗിക്കുന്നവരുടെ നിരക്കു മാത്രം 176 രൂപയാണ്. ഇത് പുതിയബില്ലിൽ 576 രൂപവരെയായി ഉയരും. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപയാണ് ജല അഥോറിറ്റി ചെലവാക്കുന്നതെന്നാണ് നിരക്ക് കൂട്ടാനായി പറയുന്ന വാദം. 1982 ജൂലൈയിൽ 20 പൈസയായിരുന്നു പ്രതിമാസ വാട്ടർ ചാർജ്. എത്ര ഉപയോഗിച്ചാലും ഈ തുക നൽകിയാൽ മതിയായിരുന്നു. 1991 ഒക്ടോബറിലാണ് സ്ലാബ് സംവിധാനം ഏർപ്പെടുത്തിയത്. 2014 ൽ സ്ലാബുകളുടെ എണ്ണം കൂട്ടി. അതാണ് വീണ്ടും പരിഷ്‌കരിക്കുന്നത്.

പ്രതിമാസം 5,000 ലീറ്റർ വരെ വെള്ളം ഉപയോഗത്തിനു കുറഞ്ഞ നിരക്ക് 22.05 രൂപയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ ഇത് 72.05 രൂപയായി ഉയരും. കണക്ഷൻ എടുത്തെങ്കിൽ, വെള്ളം ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5,000 ലീറ്ററിനു മുകളിൽ ഓരോ 5,000 ലീറ്ററിനും പ്രത്യേക സ്ലാബുകളിലാണു നിരക്ക്. 30,000 ലീറ്ററിനു മുകളിലായാൽ 10,000 ലീറ്ററിനു വീതമാണ് പ്രത്യേക സ്ലാബുകൾ. 50,000 ലീറ്റർ കടന്നാൽ പിന്നീടുള്ള ഓരോ 1000 ലീറ്ററിനും 44.10 രൂപ വീതം എന്ന പ്രത്യേക നിരക്കാണ്. 15,000 ലീറ്ററിന് 43.30 രൂപയ്ക്ക് പകരം കൊടുക്കേണ്ടത് 443.30 രൂപ എന്ന നിരക്കിലേക്ക് കാര്യങ്ങൾ ഉയരും. 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അഥോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്.

35.95 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണു കേരളത്തിൽ. ഈ മാസം ആദ്യം വരെയുള്ള കണക്കുപ്രകാരം ജല അഥോറിറ്റിക്ക് 2391 കോടി രൂപയുടെ കുടിശികയാണുള്ളത്. നിരക്കു വർധനയിലൂടെ പ്രതിവർഷം കിട്ടുക ശരാശരി 300-350 കോടി രൂപയും. പൊതുടാപ്പുകളുടെ നിരക്കും വർധിക്കും. 2021 മുതൽ എല്ലാ വർഷവും കേന്ദ്ര സർക്കാരിന്റെ അധികവായ്പ വ്യവസ്ഥപ്രകാരം അടിസ്ഥാന താരിഫിൽ 5% വർധന വരുത്തിയിരുന്നു. അടുത്തവർഷം വരെ ഇതു തുടരേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനം ഇപ്പോൾ നിരക്കു കൂട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരമുള്ള വർധന ഇക്കൊല്ലം ഉണ്ടാകില്ലെന്നു ജല അഥോറിറ്റി അറിയിച്ചു.

ലിറ്ററിന് ഒരു പൈസ നിരക്കിൽ വെള്ളക്കരം വർധന നടപ്പാകുന്നതോടെ ജല അഥോറിറ്റിക്ക് പ്രതിമാസം ലഭിക്കുക 30 കോടിയുടെ അധിക വരുമാനമാണ്. എന്നാൽ, പ്രതിമാസം 41.5 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ച് 30 കോടിയുടെ വരുമാനം ചെറിയ ആശ്വാസമാകുമെന്നല്ലാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ. മാസം 30 കോടി രൂപയാണ് കെ.എസ്.ഇ.ബിക്ക് അഥോറിറ്റി നൽകുന്നത്.

ജല ജീവൻ മിഷൻ പദ്ധതി വഴിയുള്ള കണക്ഷനുകൾ വർധിക്കുന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചു കിട്ടിയ സാഹചര്യത്തിൽ എത്രയും വേഗം വെള്ളക്കരം വർധന പ്രാബല്യത്തിൽ വരുത്താനുള്ള മുന്നൊരുക്കം ജല അഥോറിറ്റി തുടങ്ങിക്കഴിഞ്ഞു. മാർച്ചിലെ ബിൽ മുതൽ വർധിപ്പിച്ച നിരക്ക് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. 2014ൽ നിരക്ക് വർധിപ്പിച്ചപ്പോൾ 10,000 മുതൽ 50,000 വരെ ഉപഭോഗമുള്ള വിവിധ സ്ലാബുകളിൽ ഓരോ യൂനിറ്റിനും അഞ്ചു മുതൽ 14 രൂപ വരെയാണ് വർധിപ്പിച്ചിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP